‘ ആ സ്ത്രീ..അത് നിന്റെ അമ്മ തന്നാണോടാ…’
കള്ളത്തരം പറഞ്ഞു ശരണാലയത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന അമ്മയെയോട് നിര്‍മാണത്തിലിരിക്കുന്ന ആരുടെയോ വീട് കാണിച്ച്, ഇത് നമ്മുടെയാണെന്ന് വിശദീകരിക്കുന്ന ഗോപാലകൃഷ്ണനെ കൈയോടെ പിടികൂടിയിട്ട് ബാലകൃഷ്ണന്‍ ചോദിക്കുന്ന ചോദ്യമാണ്…
സിദ്ദിഖ്-ലാല്‍ സിനിമകളിലെ എല്ലാ ഡയലോഗുകളും ചിരിപ്പിക്കുന്നതല്ല, ഹൃദയത്തില്‍ തറച്ചു കയറുന്ന മുള്ളുകളുമതിലുണ്ട്. ആ കൂട്ടുകെട്ട് പിരിയുന്നതുവരെയുള്ള -റാംജി റാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയ്റ്റനാം കോളനി, കാബൂളിവാല- അഞ്ചു സിനിമകള്‍ മുഴുനീള കോമഡി പടങ്ങളായാണ് പ്രേക്ഷകര്‍ ആഘോഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സിദ്ദിഖ്-ലാല്‍ സിനിമകള്‍ പൂര്‍ണമായ തമാശപ്പടങ്ങള്‍ മാത്രമായിരുന്നില്ല.
മലയാളി കണ്ട് കണ്ണു കലങ്ങിയ സിനിമകളില്‍ മേല്‍പ്പറഞ്ഞ ചിത്രങ്ങളുമുണ്ടാകും. സങ്കടങ്ങളില്‍ പോലും ചിരി കണ്ടെത്താനുള്ള വിദ്യ മനുഷ്യനുണ്ടെന്ന് സിദ്ദിഖ്-ലാല്‍മാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് റാംജി റാവുവും കാബൂളിവാലയുമെല്ലാം നമുക്ക് ചിരിപ്പടങ്ങളായി മാറിയത്.
90 കളുടെ പകുതിവരെ മധ്യവര്‍ഗ മലയാളിയുടെ പ്രാരാബ്ദ ജീവിതങ്ങള്‍ സിനിമയില്‍ ആവര്‍ത്തിക്കപ്പെട്ട പ്രമേയമായിരുന്നു. ആ സാഹചര്യം ഭംഗിയായി മുതലെടുത്ത് വിജയിച്ച എഴുത്തുകാരനായിരുന്നു ശ്രീനിവാസന്‍. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ സിനിമകളാണ് ദരിദ്ര നായകന്മാരുടെ ജീവിത സാഹസികതകളായി നമ്മള്‍ കൊണ്ടാടുന്നതെങ്കിലും, ആ മീറ്ററില്‍ ലക്ഷണമൊത്തൊരു മധ്യവര്‍ഗ ജീവിത സിനിമ ഉണ്ടാക്കിയവരാണ് സിദ്ദിഖ്-ലാല്‍മാര്‍. അതായിരുന്നു അവരുടെ ആദ്യ സിനിമയായ റാംജി റാവു സ്പീക്കിംഗ്.
മധ്യവര്‍ഗ മലയാളിയുടെ പ്രതിനിധികളായി അവരോധിക്കപ്പെടുന്ന ദാസനെയും വിജയനെയും പോലെ, അതിനു യോജിച്ചവരാണ് മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും. ജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്ന മൂന്നുപേരെയാണ് പ്രേക്ഷകന്‍ പരിചയപ്പെടുന്നത്. എന്നെങ്കിലും രക്ഷപ്പെടും എന്ന പ്രതീക്ഷയില്‍ ജീവിക്കുന്ന വ്യത്യസ്തരായ മൂന്നുപേര്‍. നിസ്സഹായരായ മനുഷ്യരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് തമാശകളായി തോന്നും. മനുഷ്യന്റെ ആ മനോഭാവമാണ് സിദ്ദിഖും ലാലും ചേര്‍ന്ന് ഉപയോഗപ്പെടുത്തിയത്. നിങ്ങളെപ്പോഴെങ്കിലും മാന്നാര്‍ മത്തായിയുടെ അടുക്കളയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കഞ്ഞിക്കും ചമ്മന്തിക്കും അപ്പുറത്തേക്ക് വിഭവ സമൃദ്ദമായ മറ്റൊന്നും അവരുടെ അടുപ്പില്‍ വേവിച്ചെടുക്കുന്നില്ല. ഇല്ലായ്മയുടെ കഥയാണ് റാംജി റാവുവില്‍ പറയുന്നത്. റാണിയെ വീട്ടില്‍പോയി കണ്ടശേഷം ബാലകൃഷ്ണന്‍ മത്തായിച്ചനോട് പറയുന്ന ഡയലോഗുണ്ട്; ‘ അവളുടെ കൈയില്‍ ഒന്നുമില്ല, മത്തായിച്ചാ, ഒന്നുമില്ല. അവളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മളൊക്കെ രാജാക്കന്മാരാ…രാജാക്കന്മാര്‍…’ മറ്റുള്ളവരുടെ ജീവിതം അറിയുന്നതുവരെയാണ് നമുക്ക് നമ്മുടെ പ്രശ്‌നമാണ് ഏറ്റവും വലുതെന്ന് തോന്നുന്നത്. എത്ര രസമായിട്ടാണ്, ലളിതമായിട്ടാണൊരു ജീവിതതത്വം പറയുന്നത്. സ്‌നേഹമുള്ള മനസുണ്ടായിട്ട് കാര്യമില്ല, കൈയില്‍ പണമുണ്ടോ എന്നുള്ള മത്തായിച്ചന്റെ തിരിച്ചുള്ള ചോദ്യം ആ കാലത്ത് മാത്രമല്ല, ഇന്നും പ്രസക്തമാണ്.
‘ ഞാന്‍ വീണ്ടും തിരിച്ചുവരും, അടുത്ത വെള്ളിയാഴ്ച്ച. ഞാനൊറ്റയ്ക്കല്ല, എന്റെ കൂടെ പത്തുപതിനഞ്ച് ആളുമുണ്ടാകും. അവരെക്കൊണ്ട് നിന്നെ തല്ലിക്കാനോ നിന്നോടു കാശ് വാങ്ങിക്കാനോ അല്ല ബാലകൃഷ്ണാ… നീ തരാനുള്ള കാശ് തന്നിട്ടില്ലെങ്കിലും നിന്നെ ഞാനൊന്നും ചെയ്യില്ല. പക്ഷേ, എന്റെ നബീസൂന്റെ കല്യാണം നടന്നിട്ടില്ലെങ്കില്‍ ഞാനിവിടെ കിടന്ന് മയ്യത്താകും, ആ മയ്യത്ത് എടുക്കാനാണ് ഞാനീ ആളുകളെ കൂട്ടിക്കൊണ്ടു വരണത്…’- ഈ ഡയലോഗ് പറഞ്ഞ് കണ്ണും തുടച്ച് ഇറങ്ങിപ്പോകുന്ന ഒരു കൃശഗാത്രനായ മനുഷ്യന്‍ എപ്പോഴും മനസിനെ വേദനിപ്പിക്കുന്നുണ്ട്. വേഷവും രൂപവും സംസാരവും കൊണ്ട് നമ്മളെ ചിരിപ്പിക്കുന്നു. എങ്കിലും എപ്പോള്‍ കണ്ടാലും കരയിപ്പിക്കുന്നൊരു കഥാപാത്രം കൂടിയാണ് ഹംസക്കോയ.
മലയാള സിനിമ കണ്ടതില്‍വച്ച് ഏറ്റവും കുശാഗ്ര ബുദ്ധിക്കാരനായിരിക്കും ഗോപാലകൃഷ്ണന്‍. സ്വന്തം അമ്മയെ വരെ പറ്റിക്കുന്നവന്‍. ഇത്രയും സ്വാര്‍ത്ഥനായ മനുഷ്യനുണ്ടോയെന്നു തോന്നിപ്പോകും. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതുന്ന, രക്ഷപ്പെടാന്‍ ചെറിയൊരു പഴുത് നോക്കി നടക്കുന്ന ഗോപാലകൃഷ്ണന്‍ പച്ചയായൊരു കഥാപാത്രമാണ്. നന്മയില്‍ ചാലിച്ചെടുക്കാതെ സിദ്ദിഖ് രൂപപ്പെടുത്തിയ കഥാപാത്രം. ബാലകൃഷ്ണന്റെയും മത്തായിച്ചന്റെയും മുന്നില്‍ അയാള്‍ കരയുമ്പോള്‍, അതുവരെ കണ്ട ഗോപാലകൃഷ്ണനെ മറന്ന്, നിസ്സഹയനായ ആ ചെറുപ്പക്കാരനൊപ്പം നെഞ്ചുനീറ്റുകയാണ് പ്രേക്ഷകനും. മനുഷ്യരുടെ സ്വഭാവികമായ പ്രകടനങ്ങളാണ് കാബൂളിവാല വരെയുള്ള ഓരോ സിദ്ദിഖ് കഥാപാത്രങ്ങളിലും കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. ചിരിച്ചതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു കരഞ്ഞിട്ടുള്ളതും. മലയാള സിനിമയില്‍ ഏറ്റവും നന്നായി കരയുന്ന നടന്‍ മുകേഷ് ആണെന്ന് തോന്നിപ്പിച്ചത് സിദ്ദിഖിന്റെ രണ്ടു സിനിമകളാണ്; റാംജിറാവുവും ഗോഡ്ഫാദറും.
മുന്നയ്ക്ക് ക്യാപ്റ്റന്‍ രാജുവിന്റെ സാഹിബ് കഥാപാത്രം ബ്യൂഗിള്‍ തിരിച്ചു കൊടുക്കുന്ന രംഗങ്ങള്‍, ആരാണ് മുന്നയെന്ന് തിരിച്ചറിയുമ്പോള്‍ സാഹിബിന്റെ പ്രകടനം; മലയാളത്തിലെ ഏറ്റവും മികച്ച സെന്റിമെന്റല്‍ രംഗങ്ങളാണ്. അതും മലയാളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാബൂളിവാലയില്‍. അതിനു പിന്നോട്ട് അവരുടെ ആദ്യ സിനിമ വരെ പ്രേക്ഷകര്‍ കരഞ്ഞുപോകുന്ന, നെഞ്ചില്‍ വിങ്ങലുണ്ടാക്കുന്ന പല രംഗങ്ങളും ഓരോ സിനിമകളിലും കാണാം.
വിയറ്റ്‌നാം കോളനിയിലെ മൂസാ സേട്ടും ഉമ്മയും. ആ ഉമ്മയോളം ഫിലോമിന കരയിപ്പിച്ച മറ്റൊരു കഥാപാത്രവുമില്ല, ആ ഉമ്മയോളം വാത്സല്യം തോന്നിയ മറ്റൊരു ഫിലോമിന കഥാപാത്രവുമില്ല. കൃഷ്ണ സ്വാമി സേട്ടിനെ കാണാന്‍ പള്ളിയില്‍ പോകുന്ന രംഗം, നെടുമുടി വേണുവിന്റെ അസാധ്യ പെര്‍ഫോമന്‍സ്. എപ്പോള്‍ കണ്ടാലും മനസില്‍ വിങ്ങലാണ് ആ രംഗം. അതുപോലെ ആ ഉമ്മയും മകനും.
ചിരിപ്പിക്കാന്‍ മാത്രമല്ല, കരയിപ്പിക്കാനും നന്നായി അറിയാവുന്നവരായിരുന്നു സിദ്ദിഖും ലാലും.
നായകനില്‍ മാത്രം ശ്രദ്ധകൊടുക്കുന്ന രചയിതാക്കളും സംവിധായകരുമുണ്ട്. വാഴച്ചോട്ടില്‍ നില്‍ക്കുന്ന ചീരകളാണവര്‍ക്ക് മറ്റ് കഥാപാത്രങ്ങള്‍. സിദ്ദിഖ്-ലാല്‍ സിനിമകള്‍ ശ്രദ്ധിച്ചാല്‍, അവരുടെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും അവര്‍ ശ്രദ്ധാലുക്കളായിരുന്നു. ഇന്‍ഹരിഹര്‍ നഗറിലെ മഹാദേവന്റെ അമ്മ പോലും നമ്മുടെ ദൈന്യംദിന ആശയവിനിമയങ്ങളില്‍ വന്നുപോകാറുണ്ട്. ഒരു സിദ്ദിഖ്-ലാല്‍ സിനിമയില്‍ എത്ര കഥാപാത്രങ്ങളുണ്ട്, ഏതൊക്കെയാണ്, ഒരുപരിധിവരെ അവരുടെ പേര് സഹിതം നമുക്ക് പറയാനാകും. നീയെന്താനാടാ തുപ്പിയത്? എന്ന അഞ്ഞൂറാന്റെ ചോദ്യത്തോട്, അത് മുതലാളിയെന്റെ വായില്‍ തുപ്പിയതുകൊണ്ട് എന്നു നിഷ്‌കളങ്കമായി പ്രതികരിക്കുന്ന കഥാപാത്രം പേരുപോലുമില്ലാത്തവനാണ്. എന്നിട്ടും, ഹരീശ്രീ അശോകന്റെ ഒരു മികച്ച കോമഡി കഥാപാത്രമായിട്ടാണത് നമ്മളത് പറയുന്നത്. പപ്പു എത്രയോ കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു, എങ്കിലും എരുമേലി എന്നപോലെ ഒരു പേര് മനസില്‍ കയറിയിട്ടുണ്ടോ? ഫോണില്‍ അച്ഛനാണെന്നറിയുമ്പോള്‍ എഴുന്നേറ്റ് നിന്നു മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുന്ന ബാലരാമനും സിഗറിന്റെ പുക വീശിയകറ്റി കളയുന്ന രാമഭദ്രനുമൊക്കെ ആ കഥാപാത്രങ്ങളുടെ മാത്രമല്ല, മറ്റൊരു കഥാപാത്രത്തിന്റെ കൂടെ സ്വഭാവം പ്രേക്ഷകന്റെ മനസിലേക്ക് പതിപ്പിക്കുകയാണ്.
മാന്നാര്‍ മത്തായി സ്പീക്കിംഗ് മുതല്‍ ബിഗ് ബ്രദര്‍ വരെയുള്ള സിദ്ദിഖ് സിനിമകള്‍ കൊമേഴ്‌സ്യല്‍ കോമഡി ചിത്രങ്ങള്‍ മാത്രമായി പറയേണ്ടി വരും. അവസാനകാലത്തെ അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയപ്പെട്ടു പോകുന്നതിനു കാരണവും കണ്ടു ശീലിച്ചിരുന്ന സിദ്ദിഖ് കഥാപാത്രങ്ങളും കഥാപരിസരങ്ങളും പ്രേക്ഷകന് നഷ്ടമായതുകൊണ്ടാകാം. മാറിയ കാലത്തിനനുസരിച്ച് സിദ്ദിഖും മാറി ചിന്തിച്ചതാകാം, അവിടെ സത്യന്‍ അന്തിക്കാടിനൊക്കെ പറ്റിയതുപോലുള്ള സ്ഥലജലവിഭ്രമം അദ്ദേഹത്തിനും പറ്റിയിട്ടുണ്ട്.
സിദ്ദിഖ്(ലാല്‍) സിനിമകളുടെ സൂത്രവാക്യം എപ്പോഴും സാധാരണ മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളായിരുന്നു. അതിന്റെ കെട്ടഴിക്കാന്‍ അവരുപയോഗിക്കുന്ന മാന്ത്രിക വിദ്യയായിരുന്നു തുടര്‍ച്ചയായി അഞ്ച് സൂപ്പര്‍ ഹിറ്റുകളൊരുക്കാന്‍ സഹായിച്ചത്. തിയേറ്ററില്‍ ഓടിയ കണക്കില്‍ ആ സിനിമകളുടെ റെക്കോര്‍ഡുകള്‍ ഇന്നും മലയാളത്തില്‍ തിരുത്തപ്പെട്ടിട്ടില്ല. ഇന്നത്തെ കോടി ക്ലബ്ബുകാര്‍ പറയുന്നതുപോലുള്ള വ്യാജ കണക്കുകളുമല്ലത്.സിദ്ദിഖ്-ലാല്‍മാരുടെ സിനിമകള്‍പോലെ ആവര്‍ത്തിച്ച് തിയേറ്ററില്‍ പോയി കണ്ട സിനിമകളും കാണില്ല. ചിരിക്കാന്‍ മാത്രമല്ല, സ്‌ക്രീനില്‍ കാണുന്നത് തന്റെ തന്നെ പ്രാരാബ്ദങ്ങളും സ്വപ്‌നങ്ങളും നെട്ടോട്ടങ്ങളുമാണല്ലോ എന്ന പ്രേക്ഷകന്റെ താതാദ്മ്യമങ്ങളായിരുന്നു ആ സിനിമകളുടെ വിജയം. സിദ്ദിഖ് മലയാളം കണ്ട ഏറ്റവും പ്രഗത്ഭനായ ഫിലിം മേക്കറാകുന്നതും അതുകൊണ്ടാണ്.