UPDATES

അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ തഴയപ്പെടുന്നത് മതേതരത്വം മാത്രമല്ല, എൽ കെ അദ്വാനി കൂടിയാണ്

ഹിന്ദുത്വയുടെ പതാകവാഹകനെന്ന വിശേഷണം എല്‍ കെ അദ്വാനിയില്‍ നിന്ന് നരേന്ദ്ര മോദി എന്നാക്കി തിരുത്തപ്പെടുന്നു

                       

‘മെക്കയില്‍ മുസ്ലീങ്ങള്‍ക്കും വത്തിക്കാനില്‍ ക്രിസ്ത്യാനികള്‍ക്കും അവരുടേതായ മതത്തിന്റെ അന്തരീക്ഷം ഉണ്ടാകാമെങ്കില്‍ അയോധ്യയില്‍ ഒരു ഹിന്ദു അന്തരീക്ഷം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ്’ രാമജന്മ ഭൂമിയിലൊരു ക്ഷേത്രമെന്ന ആവിശ്യവുമായി ആയിരക്കണക്കിന് ഹിന്ദുക്കളെ തെരുവിലിറക്കിയ എല്‍ കെ അദ്വാനിയുടെ ഈ വാക്കുകള്‍ക്ക് ഒരു ഹിന്ദു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമപ്പുറം ഒരു മതേതര രാജ്യത്തിന്റെ ആണിക്കല്ലിളക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നു. അദ്വാനി ഊതിക്കത്തിച്ച രാമജന്മഭൂമി എന്ന വികാരം 464 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന ബാബ്റി മസ്ജിദ് പള്ളി തകര്‍ത്തു തരിപ്പണമാക്കുന്നതിലേക്കു മാത്രമല്ല വഴി വച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരാഴ്ത്താന്‍ പാകത്തിലുള്ള വളക്കൂറുള്ള മണ്ണാക്കി ഇന്ത്യയെ മാറ്റിയെടുക്കുന്നതിലേക്ക് കൂടിയായിരുന്നു.

”ഹിന്ദു വോട്ട്ബാങ്കുകളല്ല ഞാന്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്, ദേശസ്‌നേഹത്തിന്റെ വോട്ടുബാങ്കുകളാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതെന്ന്” ഉറക്കെ ആവര്‍ത്തിച്ചു പറഞ്ഞ എല്‍ കെ അദ്വാനിയില്‍ നിന്ന് തന്നെയാണ് രാജ്യത്ത് രാഷ്ട്രീയ-മത-വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വിത്തുകള്‍ പാകപെട്ടത്. മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി എന്നീ മുതിര്‍ന്ന നേതാക്കള്‍ക്ക് ഹിന്ദുത്വ വടവൃക്ഷമായി രാജ്യത്ത് വേരാഴ്ത്തുമ്പോഴുള്ള പ്രസക്തിയെന്തെന്ന ചോദ്യം കുറച്ചു നാളുകളായി ഉയര്‍ന്നുവന്നിരുന്നു. ജനുവരി 22-ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഈ നേതാക്കളെ ഒഴിവാക്കി കൊണ്ട് ആ ചോദ്യത്തിന് പാര്‍ട്ടി തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.

ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വലിയ പ്രചാരണങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടത്തിവരുന്നത്. തെരഞ്ഞെടുപ്പ് വേദികളിലെന്ന പോലെ ഇവിടെയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ തഴയപ്പെട്ടത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ബാബ്റി മസ്ജിദ് തകര്‍ക്കുമ്പോള്‍ മുരളി മനോഹര്‍ ജോഷിയുടെ തോളിലമര്‍ന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ’ എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയെയും, പള്ളി പൊളിക്കുന്നതിന്റെ സൂത്രധാരനായിരുന്ന എല്‍ കെ അദ്വാനിയെയും ബിജെപി ആര്‍എസ്എസ് നേതൃത്വങ്ങള്‍ മറന്നു കളഞ്ഞാലും സെക്യുലര്‍ ഇന്ത്യ മറക്കാനിടയില്ല.

ഹിന്ദുത്വയുടെ പതാകവാഹകനെന്ന വിശേഷണം എല്‍ കെ അദ്വാനിയില്‍ നിന്ന് നരേന്ദ്ര മോദി എന്നാക്കി തിരുത്തപ്പെടുന്നു.

എല്‍കെ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും പ്രായവും ആരോഗ്യപരവുമായ കാരണങ്ങളും മൂലമാണ് ഇരുവരയെും പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ വാദം. എന്നാല്‍ ക്ഷേത്ര നിര്‍മാണത്തിന്റെ എല്ലാ തരത്തിലുമുള്ള കീര്‍ത്തിയും നരേന്ദ്ര മോദിയിലേക്ക് മാത്രം ഒതുക്കുന്നതിനാണ് ഈ ശ്രമമെന്ന വിമര്‍ശനവും ശക്തമാണ്. 2024 ലെ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തിന് ആക്കം കൂട്ടാന്‍ നരേന്ദ്ര മോദിയെ സംബന്ധിച്ച് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രധാന പങ്കാളികളിലൊരാള്‍ എന്ന ആഖ്യാനം അത്യന്താപേക്ഷികമാണ് താനും. രാമക്ഷേത്രമെന്ന ഹിന്ദുത്വ ആശയത്തിന് ചുക്കാന്‍ പിടിച്ചതും, വിജയത്തിലെത്തിച്ചതും എല്‍ കെ അദ്വാനി നടത്തിയ രാമരഥയാത്രയും അതെ തുടര്‍ന്നുണ്ടായ ബാബരി മസ്ജിദ് പള്ളി തകര്‍ക്കലുമാണ്. എന്നാല്‍ 1990 സെപ്തംബറില്‍ അദ്വാനിയുടെ രാമരഥയാത്രയുടെ ഗുജറാത്ത് ലെഗിന്റെ സംഘാടകനെന്ന നിലയില്‍ മോദിയുടെ പങ്ക് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രധന പങ്കാളി എന്ന നിലയില്‍ ഇനി ശ്രദ്ധിക്കപ്പെടും.

അദ്വാനി മോദിയെ നേരിട്ട് രാഷ്ട്രീയത്തിലേക്ക് എത്തിച്ചിട്ടില്ലെങ്കിലും, ബിജെപിക്കുള്ളില്‍ മോദിയുടെ രാഷ്ട്രീയ യാത്ര രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആര്‍എസ്എസില്‍ നിന്നും 1987-ല്‍ ബിജെപിയില്‍ എത്തിയ മോദിയുടെ ആദ്യ കാലവളര്‍ച്ചയില്‍ അദ്വാനി ഒരു മെന്റര്‍ റോള്‍ വഹിച്ചിരുന്നു. കാലക്രമേണ പല സന്ദര്‍ഭങ്ങളിലായി അദ്വാനിയുടെ രാഷ്ട്രീയ പ്രഭാവത്തിന് ഇടിവ് സംഭവിച്ചു തുടങ്ങി. 2005 ല്‍ കറാച്ചി സന്ദര്‍ശനത്തിനിടയില്‍ മുഹമ്മദാലി ജിന്നയെ അനുകൂലിച്ചു സംസാരിരുന്നു. ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം രാജ്നാഥ് സിങ്ങിന് നല്‍കേണ്ടി വന്നത് ഇതിന്റെ ബാക്കി പത്രമായിട്ടാണെന്ന് എല്‍കെ അദ്വാനി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ പൂരിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ കട്ടി കണ്ണടക്കുള്ളില്‍ കണ്ണീരൊളിപ്പിക്കാന്‍ പാടുപെടുന്ന അദ്വാനിയെയാണ് അന്ന് സ്ഥാന കൈ മാറ്റ ചടങ്ങില്‍ ഇന്ത്യ കണ്ടത്. ഇതിനു പിന്നാലെ 2004 ലും 2009 ലും തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍; തോല്‍വിയുടെ പഴി അദ്വാനിക്ക് ഏറ്റെടുക്കേണ്ടി വന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മെന്റര്‍ഷിപ്പ് റോള്‍ വഹിച്ചിരുന്ന എല്‍കെ അദ്വാനിയെ തട്ടി മാറ്റി നരേന്ദ്ര മോദി ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അമരത്തിലെത്തുന്നത്.

മറ്റൊരു പേര് നിര്‍ദേശിക്കാനില്ലാത്തവണ്ണം പാര്‍ട്ടിയിലും ദേശീയ രാഷ്ട്രീയത്തിലും മോദി കാലുറപ്പിച്ചു. ബിജെപിയുടെ വളര്‍ച്ചയിലെ ജനനായകനെ പാര്‍ട്ടി നേതൃത നിരയില്‍ നിന്നു അകറ്റി നിര്‍ത്തുന്നതിന്റെ തുടക്കം കൂടിയായിരുന്നു അത്.”ഭാരതീയ ജനത പാര്‍ട്ടിക്ക് വേണ്ടി ഗുജറാത്തിന്റെ ജനപ്രിയനായ നരേന്ദ്ര മോദിയുടെ പേര് പ്രധനമന്ത്രി പദത്തിലേക്ക് ഞാന്‍ നിര്‍ദേശിക്കുന്നു’. 2013-ലെ ഈ പ്രഖ്യാപനം ബിജെപിയുടെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നുള്ള അദ്വാനിയുടെ പടിയിറക്കം കൂടിയായിരുന്നു.

മോദിയും രാമക്ഷേത്രവും

രാമക്ഷേത്രം നരേന്ദ്ര മോദിയെയും ബിജെപിയെയും സംബന്ധിച്ച് അതിപ്രധാനമായ തുറുപ്പുചീട്ടാണ്. എന്നാല്‍ ആദ്യകാലങ്ങളില്‍ സ്ഥിതി ഇതായിരുന്നില്ല. മോദി തരംഗമുണ്ടായ 2014 ലെയും 2019 ലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍, അന്നത്തെ തര്‍ക്കഭൂമിയായിരുന്ന അയോദ്ധ്യ സന്ദര്‍ശിക്കുന്നത് മോദി ഒഴിവാക്കി. 2014-ല്‍, ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപി പരമാവധി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത്, അദ്ദേഹം അയോധ്യയ്ക്ക് സമീപമുള്ള ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു, പക്ഷേ രാമജന്മഭൂമി സൈറ്റിലേക്ക് പോയിരുന്നില്ല. 2019 ല്‍, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍, അയോധ്യ സൈറ്റ് സന്ദര്‍ശിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു, പ്രത്യേകിച്ച് അയോധ്യയ്ക്ക് സമീപമുള്ള ഗോസൈംഗഞ്ചില്‍ ഒരു പൊതു റാലിക്കിടെ. കൂടാതെ, പ്രധാനമന്ത്രിയായ ആദ്യ കാലത്ത് മോദി അയോധ്യയെക്കുറിച്ചോ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ചോ ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. പ്രധാനമന്ത്രിയായ ആദ്യ ടേമിലും രാമക്ഷേത്ര വിഷയത്തില്‍ മോദി ഊന്നല്‍ നല്‍കിയിരുന്നില്ല. 2019 ന്റെ അവസാനത്തോടെ രാമജന്മ ഭൂമിയില്‍ ക്ഷേത്രം പണികഴിപ്പിക്കുന്നതിനുള്ള അനുമതി നല്‍കി കൊണ്ട് സുപ്രിം കോടതി വിധി വന്നതോടുകൂടി കാര്യങ്ങള്‍ മാറി മറഞ്ഞു.

2020 ഫെബ്രുവരി 5 ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഒരു ട്രസ്റ്റ് സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം രാഷ്ട്രീയപരമായി വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാരണം, ബിജെപിയുടെ പ്രധാന പ്രത്യയശാസ്ത്ര അജണ്ട നിറവേറ്റാന്‍ ലക്ഷ്യമിട്ടുള്ള ഗവണ്‍മെന്റിന്റെ നിയമനിര്‍മ്മാണ സംരംഭങ്ങള്‍ക്ക് അതുവരെ നേതൃത്വം നല്‍കിയിരുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും പൗരത്വ നിയമ ഭേദഗതി പാസാക്കാനും അന്ന് നീക്കങ്ങള്‍ വിപുലമായി നടന്നപ്പോള്‍ അമിത് ഷാ സര്‍ക്കാരിന്റെ മുഖവും ശബ്ദവുമായിരുന്നു.

ഒരു ബിജെപി ഭാരവാഹി പറയുന്നതനുസരിച്ച്, രാമജന്മഭൂമി പ്രസ്ഥാനവുമായി മോദി ഒരിക്കലും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘വിഷയം കോടതിയിലായതിനാല്‍ ദേശീയ രംഗത്തേക്ക് വന്നതിന് ശേഷം അയോധ്യാ പ്രസ്ഥാനവുമായി താദാത്മ്യം പ്രാപിക്കേണ്ടതില്ലെന്നത് അദ്ദേഹത്തിന്റെ ബോധപൂര്‍വമായ തീരുമാനമായിരുന്നു,” നേതാവ് പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍