UPDATES

കങ്കണ നേരിടുന്നത് രാഷ്ട്രീയ പരാജയം കൂടിയാണ്

തേജസിന് നേരിടേണ്ടി വന്നത് ക്രാഷ് ലാന്‍ഡിംഗ്

                       

ഇന്ത്യന്‍ സിനിമയുടെ പര്യായം ബോളിവുഡ് ആയിരുന്ന കാലം വരെ ആ താരസാമ്രാജ്യത്തിലെ കിരീടധാരികളെല്ലാം ബന്ധുജനങ്ങളായിരുന്നു. ഓരോ കുടുംബശ്രേണികളിലെ അതാതുകാലത്തെ നായകി-നായകന്മാരുടെ നിയന്ത്രണത്തിലായിരുന്നു ഹിന്ദി സിനിമ. അവിടെയ്ക്കാണ് ഹിമാചല്‍ പ്രദേശിലെ മാന്‍ഡിയിലെ ചെറു ഗ്രാമമായ ഭംബ്ല(ഇപ്പോള്‍ സൂരജപൂര്‍)യിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും, പറയത്തക്ക അഭിനയ പാരമ്പര്യം ഇല്ലാത്തൊരു ഇരുപതു വയസ്സുകാരി കടന്നുവന്നത്. അവളുടെ പേര് കങ്കണ അമര്‍ദീപ് റണാവത്ത്.

2006 ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ മുതല്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ മുഖമായി കങ്കണ. ഒരു ‘നെപ്പോ ബേബി’ അല്ലാതിരുന്നിട്ടും ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരങ്ങള്‍ക്കിടയില്‍ കങ്കണ ഒറ്റയ്ക്കു തിളങ്ങി നിന്നു. ഒന്നിലധികം ദേശീയ പുരസ്‌കാരങ്ങള്‍ അവളിലെ അഭിനേത്രിയുടെ കഴിവിന്റെ അടയാളങ്ങളായിരുന്നു. സിനിമ വിജയിപ്പിക്കാന്‍ ഒരു നായികയ്ക്കും കഴിയുമെന്ന് നായകകേന്ദ്രീകൃത സിനിമലോകത്തെ മനസിലാക്കിച്ചു. കുടുംബ മഹിമക്കാരുടെ ദാസിയായില്ല, പകരം അവരെ ‘ നാല് പറയാന്‍’ തന്റേടം കാണിച്ചു.

അവിടം വരെ എല്ലാ നല്ല രീതിയിലായിരുന്നു. പിന്നെയാണ് കഥയുടെ ഗതി മാറിയത്.

ഇന്നിപ്പോള്‍ കങ്കണ റണാവത്ത് പരാജയ സിനിമകളുടെ വക്താവായിരിക്കുന്നു. ‘നെപ്പോ കിഡ്’ എന്നു കങ്കണ പരിഹസിച്ചിരുന്ന താരങ്ങളുടെ സിനിമകളുടെ നിലവാരമില്ലായ്മയിലേക്ക് അവരുടെ സിനിമകളും വീണിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ബോക്സ് ഓഫീസില്‍ നിരന്തരമായി അവരുടെ ചിത്രങ്ങള്‍ പരാജയപ്പെടുന്നു. കങ്കണയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറിങ്ങിയ എയര്‍ ഫോഴ്‌സ് പൈലറ്റിന്റെ കഥ പറയുന്ന ‘തേജസ്’ വന്‍ദുരന്തമായിരിക്കുന്നു.

അവരുടെതായി വന്ന പതിന്നോളം സിനിമകളും പരാജയമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. അക്കൂട്ടത്തിലേക്ക് മഹാദുരന്തമെന്നപോലെയാണ് തേജസും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. തന്റെ തുറന്ന കാഴ്ചപ്പാടുകള്‍ കൊണ്ടും, ശക്തമായ നിലപാട് കൊണ്ടും ബോളിവുഡ് സിനിമ വ്യവസായത്തിനപ്പുറത്തേക്ക് വളര്‍ന്ന കങ്കണയെ പോലുള്ള താരങ്ങള്‍ വിരളമായിരിക്കും. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൊടുന്നതെന്തും പരാജയം രുചിക്കുന്ന നിലയിലേക്ക് കങ്കണ പരിവര്‍ത്തനം ചെയ്യപ്പെട്ടതിന് ഇന്ത്യന്‍ ജനാധിപത്യത്തെ ചോദ്യം ചെയുന്ന ഫാസിസത്തിന്റെ വക്താവായി മാറിയതിന്റെ കാരണം കൂടി പറയാനുണ്ടോ?

ഒക്ടോബര്‍ 27 നാണ് തേജസ് റിലീസ് ചെയ്തത്. 60 കോടി മുതല്‍മുടക്കില്‍ ഇറങ്ങിയ സിനിമ ആദ്യ തിങ്കളാഴ്ച വെറും 50 ലക്ഷം രൂപയാണ് നേടിയത്. ചിത്രം 2023 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് തകര്‍ച്ചയാണെന്ന് വിതരണക്കാര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഏരിയല്‍ ആക്ഷന്‍ എന്റര്‍ടെയ്നറായി വലിയ രീതിയിലുള്ള പ്രെമോഷനുകളുമായി എത്തിയ ചിത്രം ആദ്യ വാരത്തില്‍ നേടിയത് 1.25 കോടി രൂപയാണ്. അടുത്ത രണ്ട് ദിവസങ്ങളിലും കളക്ഷനില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും ആകെ നേടിയിരിക്കുന്നത് 4.25 കോടി രൂപയാണ്. ഒറ്റ അക്കത്തിന് മുകളില്‍ നേട്ടം കൊയ്യാന്‍ സിനിമക്കാവില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ കണക്കാക്കുന്നത്. സിനിമയെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പരന്നതോടെ തിയേറ്റുകള്‍ ആളില്ലാത്തതു മൂലം പ്രദര്‍ശനം അവസാനിപ്പിച്ചു.

ധാക്കഡ്, ചന്ദ്രമുഖി 2, മെന്റല്‍ ഹൈ കിയ തുടങ്ങി തന്റെ ഒരുപറ്റം ചിത്രങ്ങള്‍ വലിയ പരാജയമായിരുന്നതിനാല്‍ തേജസിന് വേണ്ടി വിപുലമായ പ്രെമോഷനുകളാണ് സോഷ്യല്‍ മീഡിയയിലടക്കം നടത്തിയത്. താരം തന്നെ നേരിട്ടെത്തിയാണ് പല പ്രെമോഷന്‍ പരിപാടികളും നടത്തിയത്. നമ്മുടെ സായുധ സേനയ്‌ക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളിലേക്കും നിരുത്തരവാദപരമായ പ്രസ്താവനകളിലേക്കും വെളിച്ചം വീശാനും ഇവയെ നിരാകരിക്കാനും സിനിമ ലക്ഷ്യമിടുന്നതായി കങ്കണ പ്രെമോഷനില്‍ പറയുന്നുണ്ട്. സിനിമ പറയുന്ന ഈ രാഷ്ട്രീയത്തിനപ്പുറം ആക്ഷന്‍ രംഗങ്ങളിലടക്കം വലിയ രീതിയിലുള്ള ഹൈപ്പുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ പ്രെമോഷനില്‍ പറഞ്ഞതൊന്നും സിനിമയില്‍ ഉണ്ടായിരുന്നില്ലെന്നാണ് കളക്ഷന്‍ തെളിയിക്കുന്നത്.

സിനിമയുടെ പരാജയത്തിന് പിന്നിലെ ചില കാരണങ്ങള്‍ നിര്‍മാതാവും സിനിമ ബിസിനസ് വിദഗ്ധനുമായ ഗിരീഷ് ജോഹര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ”കങ്കണ പ്രമോഷനുകള്‍ക്കായി പല ഇടങ്ങളും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ പ്രെമോഷനുകളില്‍ ആളുകള്‍ വലിയ താല്പര്യം പ്രകടിപ്പിച്ചതായി തോന്നിയില്ല. മാത്രമല്ല, പ്രമോഷനുകളില്‍ നിന്നും ജനങ്ങള്‍ക്കു പുതിയതായി ഒന്നും ലഭിച്ചതുമില്ല. തേജസ് ഒരു സാങ്കല്‍പ്പിക അണ്ടര്‍ഡോഗ് കഥയാണെന്ന് എല്ലാവര്‍ക്കും അറിയാം. വിമാനങ്ങളുണ്ട്, പക്ഷേ മിഷന്‍ ഇംപോസിബിളും ടോപ്പ് ഗണ്ണും കണ്ടവര്‍ക്ക് ആ നിലവാരത്തിലുള്ള സിനിമ തേജസില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സിനിമയില്‍ എന്തിന്റെയോ അഭാവമുണ്ടെന്ന നിഗമനത്തില്‍ പ്രേക്ഷകര്‍ എത്തിയിട്ടുണ്ടാവും. സിനിമയുടെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ള നിഗമനത്തിലെത്തിച്ചേരാനുള്ള ശക്തി പ്രേക്ഷകനുണ്ട്. ഇതൊന്നും കാരണങ്ങളല്ലായിരുന്നുവെങ്കില്‍ കളക്ഷന്‍ റെക്കോര്‍ഡില്‍ നല്ലൊരു തുടക്കം നേടാന്‍ സാധിക്കുമായിരുന്നു. തങ്ങള്‍ കണ്ട സിനിമയില്‍ പ്രേക്ഷകര്‍ക്ക് തൃപ്തി ഉണ്ടാവാത്തതാണ് കാരണം. കഥാപാത്രവത്കരണവും ദുര്‍ബലമായ തിരക്കഥയും പരാജയത്തിനുള്ള നിര്‍ണായക കാരണങ്ങളാണെന്ന് കരുതുന്നു’.

സിനിമയുടെ അതേ പേരില്‍ ഒരു ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റായി എത്തുന്ന കങ്കണ രാജ്യത്തിനായി ഒരു ദൗത്യത്തില്‍ ഏര്‍പ്പെടുന്നതാണ് കഥയുടെ ഇതിവൃത്തം. അഭിനേതാക്കളുടെ രാഷ്ട്രീയവത്കരണം പ്രേക്ഷകര്‍ അംഗീകരിക്കാത്തതിനാല്‍ കങ്കണയുടെ ”രാഷ്ട്രീയ ബന്ധങ്ങള്‍ ഒരുപക്ഷേ തിരിച്ചടിച്ചിരിക്കാം” എന്നണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കങ്കണയുടേതായി അടുത്തിടെയിറങ്ങിയ സിനിമകളത്രയും ബോക്സ് ഓഫീസില്‍ പരാജയമായതിന് പിന്നിലെ ഒരു നിര്‍ണായക കാരണം ഇതായേക്കാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

സിനിമകളിലെ പ്രകടനത്തെക്കാള്‍ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളുട പേരിലാണ് കങ്കണ ഏറ്റവും കൂടുതല്‍ തവണ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വാരമാണ് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നൗര്‍ ഗിലോണുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കെ രാജ്യം ഇസ്രയേലിനെ പിന്തുണക്കുമെന്ന’ പ്രസ്താവന അവര്‍ നടത്തിയത്. വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കാണ് ഈ പരാമര്‍ശം വഴി വച്ചത്. ഇതിനു മുമ്പും ഹിന്ദുത്വ ആശയങ്ങളെ പിന്തുണച്ചു കൊണ്ടുള്ള കങ്കണയുടെ പല പ്രസ്തനവനകളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കടന്നാക്രമിച്ചപ്പോഴെല്ലാം കങ്കണയ്‌പ്പൊമായിരുന്നു പ്രേക്ഷകര്‍. പക്ഷേ, രോഗ്യകരമായ വിമര്‍ശനങ്ങള്‍ക്കപ്പുറത്തേക്ക് ആ വിമര്‍ശനങ്ങള്‍ വ്യക്തിഗതമായ ആക്രമണങ്ങളായപ്പോള്‍ കങ്കണയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു. സിനിമയുടെ പേരില്‍ മാത്രമല്ല, രാഷ്ട്രീയത്തിന്റെ പേരിലും ആശയങ്ങളുടെ പേരിലും അവര്‍ തന്റെ സഹപ്രവര്‍ത്തകരെ ആക്രമിച്ചു. പുരസ്‌കാരലബ്ധരായ അഭിനേതാക്കളെയും സഹപ്രവര്‍ത്തകരെയും മാത്രമല്ല, മഹാത്മ ഗാന്ധിക്കെതിരെ പോലും രൂക്ഷമായ ആരോപണങ്ങളുടെ ആക്രമണം കങ്കണ തൊടുത്തുവിട്ടു. കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാരത്തിന്റെയും ജിഹ്വയായി അവര്‍ മാറി. കടുത്ത വര്‍ഗീയ പരമാര്‍ശങ്ങളും അടിസ്ഥാനമില്ലാത്ത രാഷ്ട്രീയാരോപണങ്ങളും അവര്‍ തുടര്‍ന്നു. പലതും പരിധികള്‍ ലംഘിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ അകൗണ്ടുകള്‍ നീക്കം ചെയ്യുകവരെയുണ്ടായി. താനൊരു രാജ്യസ്‌നേഹിയാണെന്ന അവകാശവാദത്തിലായിരുന്നു അവരുടെ പല പ്രവര്‍ത്തികളും വാക്കുകളും; അതെല്ലാം ഇന്ത്യയുടെ തനത് സ്വഭാവത്തെ മുറിപ്പെടുത്തുന്നതായിരുന്നു. പദ്മശ്രീയും നാലാം തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കങ്കണയെ തേടിയെത്തിയപ്പോള്‍ അഭിനന്ദനങ്ങളെക്കാള്‍ വിമര്‍ശനങ്ങള്‍ ഉണ്ടായത്, അവരത്രമേല്‍ ഫാസിസ്റ്റ് നയങ്ങളുടെ ആരാധികയായി മാറിയതിനാലായിരുന്നു.

ആഗോളതലത്തില്‍ അറിയപ്പെടുന്ന ബോളിവുഡ് അഭിനേതാക്കള്‍ക്കിടയില്‍ തന്റെതായ അഭിപ്രായങ്ങള്‍ കൊണ്ടും ശക്തമായ നിലപാടുകളുടെ പേരിലും ഒരുകാലത്ത് തലയുയര്‍ത്തി നിന്നിരുന്ന കങ്കണയുടെ രാഷ്ട്രീയ ഇടപെടലുകള്‍ സിനിമ മേഖലയിലെ സഹതാരങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നതിനു വഴി വച്ചതായി ഡെക്കാന്‍ ക്രോണിക്കിള്‍ പറയുന്നു. പലപ്പോഴും, അഭിനേതാക്കള്‍ പരസ്പരം സിനിമകളെ പ്രമോട്ട് ചെയ്യുകയും അല്ലെങ്കില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. ഇന്‍ഡസ്ട്രിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കങ്കണയെ സംബന്ധിച്ച് ഇത്തരം പ്രോത്സാഹനങ്ങള്‍ താരതമ്യേന ലഭിക്കാറില്ല.  സിനിമയുടെ പ്രെമോഷന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ സിനിമ ആളുകള്‍ തിയേറ്ററിലെത്തി കാണണമെന്ന് കങ്കണ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയെ വിമര്‍ശിച്ച് നടനും ഹിന്ദുത്വയുടെ നിരന്തര വിമര്‍ശകനുമായ പ്രകാശ് രാജും ചലച്ചിത്ര സംവിധായകയും നിര്‍മാതാവുമായ ദീപ മേത്തയും രംഗത്തെത്തിയിരുന്നു.’ ഇന്ത്യക്ക് 2014- ല്‍ സ്വാതന്ത്ര്യം കിട്ടിയതല്ലേ ഉള്ളൂ’ എന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. അതവരുടെ തന്നെ വാക്കുകളുടെ തിരിച്ചടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയായി നിന്നുകൊണ്ട്, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തെ മൊത്തം അവഗണിച്ചുകൊണ്ടും അതിനെയെല്ലാം പരിഹസിച്ചുകൊണ്ടുമായിരുന്നു കങ്കണ സംസാരിച്ചിരുന്നത്.

ഫിലിം പ്രൊഫസര്‍ ഉമാ വംഗല്‍ പറയുന്നതനുസരിച്ചു, ‘കങ്കണ തന്റെ അഭിപ്രായങ്ങള്‍ക്കും വ്യക്തിജീവിതത്തിനും വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് ഒരു സിനിമയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു താരത്തിന്റെ വ്യക്തിഗത ഇമേജ് അവരുടെ സിനിമയുടെ വിജയത്തെ വര്‍ദ്ധിപ്പിക്കും, എന്നാല്‍ അവരുടെ സിനിമകളുടെ വിജയം എല്ലായിപ്പോഴും മികച്ച വ്യക്തിഗത ഇമേജിലേക്ക് വിവര്‍ത്തനം ചെയ്യില്ല”. ചില സിനിമകള്‍ വലിയ രീതിയില്‍ വിജയിച്ചിട്ടും, കങ്കണയുടെ സമീപകാല പ്രകടനങ്ങള്‍ക്ക് അത്ര ശ്രദ്ധ ലഭിച്ചില്ല. രാഷ്ട്രീയത്തിലെ കങ്കണയുടെ ശക്തമായ ഇടപെടല്‍ പ്രേക്ഷകരെ അവരുടെ സിനിമകളില്‍ നിന്ന് അകറ്റാന്‍ കാരണമാകുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രൊഫസര്‍ ഉമാ വംഗലും ഈ ആശയത്തോട് യോജിക്കുന്നു. നിങ്ങള്‍ രാഷ്ട്രീയത്തില്‍ വളരെ സജീവമായിരിക്കുമ്പോള്‍, അത് നിങ്ങളുടെ പ്രാഥമിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് ഉമ പറയുന്നു. കങ്കണയുടെ കാര്യത്തില്‍ അത് അഭിനയമാണ്. ഉദാഹരണത്തിന്, ജയലളിതയെക്കുറിച്ചുള്ള കങ്കണയുടെ ‘തലൈവി’ എന്ന ചിത്രം ജയലളിതയുടെ ആരാധകവൃന്ദത്തിന്റെ ഇടപെടല്‍ മൂലം വിജയകരമായ ചിത്രമായിരുന്നു. എന്നാല്‍ അതിനുശേഷം, കങ്കണയുടെ മറ്റ് സിനിമകള്‍ വേണ്ടത്ര വിജയിച്ചില്ല, ഇത് കങ്കണയുടെ രാഷ്ട്രീയ ഇടപെടലുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഉമ പറയുന്നു.

ഏറ്റവുമൊടുവിലായി, തന്റെ സിനിമയുടെ പരസ്യത്തിനെന്നവണ്ണം അവര്‍ അവകാശപ്പെട്ടിരിക്കുന്നത്, തേജസ് കാണാനെത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിറകണ്ണുകളോടെയാണ് സിനിമ കണ്ടുതീര്‍ത്തതെന്നാണ്. യഥാര്‍ത്ഥത്തില്‍ കണ്ണ് നിറഞ്ഞത് വന്‍ ബഡ്ജറ്റില്‍ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവിനും ടിക്കറ്റ് തുക ചെലവാക്കിയ പ്രേക്ഷകര്‍ക്കുമാണെന്ന് തിരിച്ചടിക്കുകയാണ് സൈബര്‍ ലോകം.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍