UPDATES

ആഴ്ച്ച മുഴുവന്‍ 12 മണിക്കൂര്‍ ജോലി, മാസത്തില്‍ രണ്ട് അവധി, ശമ്പളം 18,000;  തുരങ്കത്തില്‍ കുടുങ്ങിയ മനുഷ്യര്‍ ഇന്ത്യയുടെ ദയനീയ യാഥാര്‍ത്ഥ്യം കൂടിയാണ്

തൊഴിലില്ലായ്മയാണ് ഇവരെയെല്ലാം സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറുനാടുകളില്‍ വന്ന് എത്ര അപകടം പിടിച്ച ജോലിയും ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്

                       

മരണത്തിന്റെ ഇരുട്ടില്‍ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചു കയറാനുള്ള ശ്രമത്തിലാണ് കുറെ മനുഷ്യര്‍. അവരെ കൈപിടിച്ചു കയറ്റാന്‍ വേണ്ടിയുള്ള പരിശ്രമത്തിലാണ് വേറെ കുറെ മനുഷ്യര്‍. രക്ഷ തേടുന്നവരും രക്ഷിക്കാന്‍ നോക്കുന്നവരും വിജയിക്കുന്ന നിമിഷത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നത് 41 മനുഷ്യരാണ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികള്‍.

ജാര്‍ഖണ്ഡില്‍ നിന്നും 15 പേര്‍, ഉത്തര്‍പ്രദേശില്‍ നിന്നും എട്ടുപേര്‍, ഒഡീഷയില്‍ നിന്നും ബിഹാറില്‍ നിന്നും അഞ്ചു പേര്‍ വീതം, മൂന്നു പേര്‍ പശ്ചിമ ബംഗാൡ നിന്ന്, ഉത്തരാഖണ്ഡില്‍ നിന്നും അസമില്‍ നിന്നും ഈരണ്ടു പേര്‍, ഹിമാചല്‍ പ്രദേശില്‍ നിന്നും ഒരാള്‍; ഇന്നിങ്ങനെ 41 പേരാണ് ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിപ്പോയത്. ജീവിതോപാധിക്കായാണ് അപകടം നിറഞ്ഞതാണെന്നറിഞ്ഞിട്ടും അവര്‍ ഈ ജോലിയേറ്റെടുത്തത്.

ജീവന്‍ അപകടത്തിലാകുന്ന തൊഴിലിന് അവര്‍ക്ക് കിട്ടിയിരുന്നത് തുച്ഛമായ കൂലിയായിരുന്നു, ആവശ്യത്തിന് വിശ്രമം പോലും കിട്ടാതെ കഠിനമായി കഷ്ടപ്പെടേണ്ടതുമുണ്ടായിരുന്നു.

തുരങ്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് രണ്ടു തരം കൂലിയായിരുന്നു. സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്(വിദഗ്ധ തൊഴിലാളികള്‍), പമ്പ് ഓപ്പറേറ്റര്‍മാര്‍, ഡ്രില്ലേഴ്‌സ് എന്നിവര്‍ക്ക് മാസം 24,000 രൂപയായിരുന്നു ശമ്പളം. അവിദഗ്ധ തൊഴിലാളികള്‍ക്ക്(സാധാരണ പണിക്കാരും സഹായികളും) മാസം 18,000 രൂപയും. ദിവസം 12 മണിക്കൂര്‍ ഇവര്‍ നിര്‍ബന്ധമായും ജോലി ചെയ്യണം. ആഴ്ച്ചയില്‍ ഏഴ് ദിവസവും ജോലി കാണും. മാസത്തില്‍ ആകെ അനുവദിച്ചിരിക്കുന്നത് രണ്ട് അവധിയാണ്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ കുടുംബങ്ങളുമായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് സംസാരിച്ചപ്പോഴാണ് അവരുടെ കൂലിയും ജോലിയും മറ്റ് ജീവിത കഷ്ടപ്പാടുകളുമെല്ലാം അറിയാന്‍ കഴിഞ്ഞത്.

ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ മരണത്തിന്റെ തടവറയിലെന്നപോലെ കിടക്കുന്ന ആ മനുഷ്യരുടെ ജീവിതകഥകള്‍ പറയുന്നുണ്ട്. ഓരോ മനുഷ്യന്റെ കഥയും നമ്മളെ നൊമ്പരപ്പെടുത്തും. ഇവരില്‍ ബഹുഭൂരിപക്ഷവും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള, അദിവാസി-ദളിത് വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരാണ്. തൊഴിലില്ലായ്മയാണ് ഇവരെയെല്ലാം സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറുനാടുകളില്‍ വന്ന് എത്ര അപകടം പിടിച്ച ജോലിയും ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ നിന്നുള്ള ഇവരുടെ ജീവിത കഥകള്‍ ഇന്ത്യയുടെ യഥാര്‍ത്ഥ്യം കൂടിയാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും അടിസ്ഥാന ജനവിഭാഗത്തെ എത്രത്തോളം അരക്ഷിതാവസ്ഥയിലാണ് എത്തിച്ചിരിക്കുന്നതെന്നതിന്റെ യാഥാര്‍ത്ഥ്യം.

മറ്റൊരു വസ്തുത, ഈ മനുഷ്യരോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന അവഗണനയാണ്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ ബന്ധപ്പെടാന്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. പലരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ അപകടത്തില്‍പ്പെട്ട വിവരം അറിയുന്നത്, കൂടെ ജോലി ചെയ്തിരുന്നവര്‍ പറഞ്ഞും, മാധ്യമവാര്‍ത്തകള്‍ വഴിയുമാണ്. കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനും ഭരണകൂട സംവിധാനങ്ങള്‍ തയ്യാറാകാതിരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ ഒറ്റപ്പെട്ടു പോവുകയാണ്. ഇപ്പോള്‍ കുടുങ്ങി കിടക്കുന്നവരെല്ലാം അവരവരുടെ കുടുംബങ്ങളുടെ ഏകാശ്രയമാണ്. അതില്ലാതായാല്‍ ഓരോ കുടുംബങ്ങളും തീരാദുരിതത്തിലേക്കാണ് വീണു പോകുന്നത്.

ഒഡീഷ സ്വദേശി ബിശ്വേശര്‍ നായക് എന്ന 38 കാരന്‍ അവരിലൊരാളാണ്. കഴിഞ്ഞ 22 വര്‍ഷമായി തുരങ്ക നിര്‍മാണ ജോലികളാണ് നായക് ചെയ്യുന്നത്. മയൂര്‍ബഞ്ചിലെ ജോഗിബന്ദ് ഗ്രാമത്തില്‍ ബിശ്വേശറിന്റെ കുടുംബമുണ്ട്. ആറ് വയസ് പ്രായമുള്ള രണ്ട് ഇരട്ട പെണ്‍കുട്ടികളുടെ അച്ഛനാണയാള്‍. നാല് മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ ഗ്രാമത്തിലെ മറ്റ് നാലു പേര്‍ക്കൊപ്പം തുരങ്ക നിര്‍മാണ ജോലിക്കായി ബിശ്വേശറും ഉത്തരാഖണ്ഡിലേക്ക് പോയത്. അപകടമുണ്ടാകുന്ന നവംബര്‍ 12 ന് തലേന്നാണ് ബിശ്വേശറിന്റെ ഭാര്യ സുഗന്ധി ഭര്‍ത്താവിനോട് അവസാനമായി ഫോണില്‍ സംസാരിച്ചത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ ആശ്രയമാണ് ബിശ്വേശര്‍. അപകടത്തിന്റെ ആഘാതത്തിലാണ് കുടുംബം മുഴുവന്‍, എങ്കിലും അവര്‍ പ്രതീക്ഷയിലാണ്; ബിശ്വേശര്‍ തിരിച്ചുവരുമെന്ന് തന്നെയാണവര്‍ വിശ്വസിക്കുന്നത്.

ബേദാകുദാറില്‍ നിന്നും ധീരേന്‍ നായകും കൂടെ മൂന്നുപേരും കഴിഞ്ഞ ജൂലൈയിലാണ് അവരുടെ ഗ്രാമത്തില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് വണ്ടി കയറിയത്. പോകുമ്പോള്‍ ആ 40 കാരന്‍ ഭാര്യയോട് പറഞ്ഞത്, അടുത്ത ജനുവരിയില്‍ മകര സംക്രാന്തിക്ക് വരാമെന്നായിരുന്നു. ആദിവാസി ഭൂരിപക്ഷ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് മകര സംക്രാന്തി. അയാളുടെ ഭാര്യയും മൂന്നുമക്കളും എങ്ങനെയെങ്കിലും തങ്ങളുടെ ആശ്രയമായ മനുഷ്യനെ ജീവനോടെ തിരികെയെത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കാത്തിരിക്കുകയാണ്. 25 കാരന്‍ രാജു നായകും മകര സംക്രാന്തിക്ക് വരാമെന്ന് പറഞ്ഞു പോയതാണ്. ഈ നാട്ടില്‍ ജീവിക്കാന്‍ ഉതകുന്ന കൂലി കിട്ടുന്ന ജോലിയൊന്നും കിട്ടാത്തതുകൊണ്ടാണ് തന്റെ മകന്‍ ഈ അപകടം പിടിച്ച പണിക്കിറങ്ങി പുറപ്പെട്ടതെന്നാണ് രാജുവിന്റെ പിതാവ് മുചിറാം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. മുചിറാമിന് ഓഡീഷ സര്‍ക്കാരിനോട് ഒരഭ്യര്‍ത്ഥനയുണ്ട്; ‘ചെറുപ്പക്കാര്‍ക്ക് ഈ നാട്ടില്‍ തൊഴില്‍ ഉറപ്പാക്കാണം, എങ്കില്‍ ഞങ്ങളുടെ മക്കള്‍ കുടുംബത്തിനൊപ്പം കാണും..’

28 കാരന്‍ ഭഗ്ബാന്‍ ഭത്രയ്ക്ക് അമ്മയെ നേരത്തെ നഷ്ടപ്പെട്ടതാണ്. അച്ഛനാണെങ്കില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളും. ജീവിക്കാന്‍ തൊഴില്‍ തേടി മൂത്ത ചേട്ടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തമിഴ്‌നാട്ടിലേക്കു പോയിരുന്നു. മറ്റു വഴികളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഭഗ്ബാനും ഉത്തരാഖണ്ഡിലേക്ക് പോയത്. തുരങ്ക അപകടം നടന്ന് നാല് ദിവസത്തിനുശേഷമാണ് ആ വിവരം ഭഗ്ബാന്റെ ബന്ധുക്കള്‍ക്ക് അറിയുന്നത്. അതും അയാള്‍ക്കൊപ്പം തൊഴിലിടത്തില്‍ ഉണ്ടായിരുന്ന ആരോ പറഞ്ഞിട്ട്. സഹോദരനും മറ്റൊരു ബന്ധുവിനുമൊപ്പമാണ് 21 കാരന്‍ തപന്‍ മണ്ഡല്‍ തുരങ്ക നിര്‍മാണ ജോലിക്കെത്തിയത്. രാത്രി ഷിഫ്റ്റിലായിരുന്ന തപന്‍ അപകടത്തില്‍ അകപ്പെട്ടു. സഹോദരന്‍ സപനും ബന്ധു അജയും പൈപ്പുകള്‍ ഉപയോഗിച്ച് തപനുമായി സംസാരിക്കാന്‍ ശ്രമിക്കും. ആ ശബ്ദം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കും; തപന്‍ ജീവനോടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍.

ജാര്‍ഖണ്ഡില്‍ നിന്നുള്ള മൊത്തം 15 പേര്‍ തുരങ്കത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. തലസ്ഥാനമായ റാഞ്ചിയിലെ ആദിവാസി ഗ്രാമമായ ഖിറബേറയില്‍ നിന്നും ഒമ്പതു പേരാണ് പോയത്. അതില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടു. അവരിലൊരാളായ സുകുറാം ബേദിയയുടെ അമ്മ പാര്‍വതി ദേവി പറയുന്നത്, ആ ജോലിക്കു പോകരുതെന്ന് പറഞ്ഞു തടഞ്ഞിട്ടും, തന്റെ ഉപദേശം കേള്‍ക്കാതെയാണ് സുകുറാം പോയതെന്നാണ്. തന്നോട് പറയാതെയാണ് നവംബര്‍ ഒന്നാം തീയതി സുകുറാം പോയതെന്നാണ് അച്ഛന്‍ ശ്രാവണ്‍ ബേദിയയും പറഞ്ഞത്. രൂക്ഷമായ തൊഴില്‍ ക്ഷാമം നേടിരുന്ന ഈ ആദിവാസി മേഖലയില്‍ നിന്നും ചെറുപ്പക്കാരെല്ലാം പുറംനാടുകളിലേക്ക് ജോലി തേടി പോവുകയാണ്. ഖുന്തി ജില്ലയിലെ ലര്‍ത പഞ്ചായത്തിലുള്ള ചമ്ര ഒറോണ്‍ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നൊരാളാണ്. ഒക്ടോബറിലാണ് വീട്ടില്‍ നിന്നും പോയത്. കുടുംബത്തെ ബന്ധപ്പെടാന്‍ ഒരു മൊബൈല്‍ ഫോണ്‍ പോലും കൈയിലില്ലാത്തൊരു ദരിദ്രനാണയാള്‍.

ശ്രാവസ്തി, ലഖിംപുര്‍, മിര്‍സപുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് യുപിക്കാരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ശ്രാവസ്തിയില്‍ നിന്നും 20 പേരാണ് ജോലി തേടി ഉത്തരാഖണ്ഡിലെത്തിയത്. ഇതില്‍ ആറു പേര്‍ തുരങ്കത്തില്‍ കുടുങ്ങി. എല്ലാവരും താരു എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോതിപുര്‍ കാല എന്ന ഗ്രാമത്തിലാണ് ഇവരുടെ വീടുകള്‍. ഇവിടെയുള്ള ഭൂരിഭാഗം പുരുഷന്മാരും ജോലി തേടി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവരാണ്.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ അപകടത്തില്‍പ്പെട്ട കാര്യം ദിവസങ്ങള്‍ വൈകിയാണ് വീട്ടിലുള്ളവര്‍ അറിഞ്ഞത് തന്നെ. കൂടെ ജോലി ചെയ്യുന്നവര്‍ പറഞ്ഞാണ് അവരൊക്കെ വിവരം അറിഞ്ഞതെന്നാണ് സത്യദേവ് എന്നയാളുടെ ഭാര്യ രാംരതി ദേവി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. സംഭവം അറിഞ്ഞതിനു പിന്നാലെ ബന്ധുക്കളില്‍ പലരും ഉത്തരാഖണ്ഡിലേക്ക് പോയിട്ടുണ്ട്.

അപകടത്തില്‍ കുടുങ്ങിയ രണ്ട് അസം സ്വദേശികള്‍ സഞ്ജയ് ബസുമതറിയും റാം പ്രസാദ് നര്‍സാറിയുമാണ്. കൊക്രാജര്‍ ജില്ലയിലെ രാംഭല്‍ബില്‍ ഗ്രാമത്തിലുള്ളവരാണ് രണ്ടു പേരും. സഞ്ജയിന്റെ മൂത്ത ചേട്ടന്‍ ജ്യോതിഷും അപകടസ്ഥലത്തെ തൊഴിലാളിയാണെങ്കിലും അയാള്‍ സുരക്ഷിതനാണ്. കുടുംബം നോക്കാന്‍ വേണ്ടിയാണ് തങ്ങള്‍ രണ്ടു പേരും ഈ ജോലി ചെയ്യുന്നതെന്നാണ് ജ്യോതിഷ് പറയുന്നത്. റാം പ്രസാദിന് ഭാര്യയും കൗമാരിക്കാരിയായ ഒരു മകളും മാതാപിതാക്കളുമുണ്ട്. ഇവരുടെയെല്ലാം ഏകാശ്രയം അയാളാണ്.

ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലുള്ള ബഗോട്ട് ഗ്രാമത്തില്‍ ഏകദേശം 200 വീടുകളുണ്ട്. അവിടങ്ങളിലുള്ളവരെല്ലാം തന്നെ വിശാല്‍ എന്ന 20 കാരനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരിലൊരാള്‍ വിശാലാണ്. അപകടം അറിഞ്ഞതിനു പിന്നാലെ വിശാലിന്റെ അച്ഛന്‍ ധരം സിംഗും സഹോദരന്‍ യോഗേഷും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വിശാലിന് അപകടം സംഭവിച്ചതറിഞ്ഞതോടെ ആ ഗ്രാമം അവരുടെ ദീപാവലി ആഘോഷം പോലും ഉപേക്ഷിച്ചു. തുരങ്ക നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അഞ്ചു മാസങ്ങള്‍ക്ക് മുമ്പാണ് വിശാല്‍ ജോലിക്ക് ചേരുന്നത്. അതയാളുടെ ആദ്യത്തെ ജോലിയായിരുന്നു.

പത്തുമാസങ്ങള്‍ക്കു മുമ്പാണ് പശ്ചിമബംഗാളിലെ കുച്ഛ് ബിഹാര്‍ സ്വദേശിയായ സൗഭിക് പഖിറ ഉത്തരാഖണ്ഡിലെ തുരങ്ക നിര്‍മാണ ജോലിക്കായി പോകുന്നത്. ഇന്നിപ്പോള്‍ ആ 24 കാരനുവേണ്ടി ഒരു കുടുംബം മുഴുവന്‍ ആധിയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്തു ദിവസത്തോളമായി മകന്റെ ശബ്ദം കേള്‍ക്കാത്തതിന്റെ സങ്കടത്തിലാണ് അമ്മ ലോഖി പതിര. രണ്ടു ദിവസം തുടര്‍ച്ചയായി ജോലി നോക്കിയതുകൊണ്ട് അന്നേ ദിവസം സൗഭിക്കിന് അവധിയായിരുന്നു, എന്നാല്‍ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ നാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് നൈറ്റ് ഷിഫ്റ്റിന് വീണ്ടും കയറേണ്ടി വന്നതെന്നാണ് അമ്മ കണ്ണീരോടെ പറയുന്നത്.

തുരങ്കത്തില്‍ കുടുങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ബിഹാര്‍ സ്വദേശി സാബ അഹമ്മദ് വീട്ടിലേക്ക് ഫോണ്‍ ചെയ്തത്. പിയര്‍ ഗ്രാമത്തിലെ വീട്ടില്‍ സാബയുടെ ഭാര്യ ഷീബയും മൂന്നു കുഞ്ഞുങ്ങളും കാത്തിരിപ്പുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരാള്‍ പോലും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സാബയുടെ പിതാവായ 70കാരന്‍ മിസ്ബ അഹമ്മദ് ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞത്. മാധ്യമങ്ങളിലൂടെ അറിയുന്ന വിവരം മാത്രമാണുള്ളത്. കുടുംബം പോറ്റാന്‍ ഒരു ജോലി തേടി അഞ്ചു വര്‍ഷം മുമ്പ് ബിഹാര്‍ വിട്ടതാണ് സാബ.

Share on

മറ്റുവാര്‍ത്തകള്‍