UPDATES

ആശുപത്രിയിലെങ്കിലും സുരക്ഷിതരായിക്കുമെന്ന് ആ മനുഷ്യര്‍ വിശ്വസിച്ചു…

ഇസ്രയേല്‍ നടത്തിയ ‘കൂട്ടക്കുരുതി’യില്‍ ഞെട്ടി ലോകം

                       

ഗാസയില്‍ നടത്തുന്ന മനുഷ്യക്കുരുതയില്‍ ഏറ്റവും ക്രൂരമായതൊന്ന് സംഭവിച്ചിരിക്കുന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒരു ആശുപത്രി തകര്‍ന്ന് 500 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതില്‍ പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്. 2007 മുതല്‍ ഇസ്രയേല്‍ ഗാസ മുനമ്പില്‍ നടത്തി വരുന്ന ആക്രമണങ്ങളില്‍, ഒരൊറ്റ വ്യോമാക്രമണത്തില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ചികിത്സ തേടിയെത്തിയവര്‍ മാത്രമല്ല, തകര്‍ന്ന ഗാസയിലെ അഭയകേന്ദ്രമായ ആ ആശുപത്രിയില്‍ രക്ഷ തേടി എത്തിയവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധത്തിന്റെ 12 ദിവസമാണ് അവരിങ്ങനെയൊരു ആക്രമണം നടത്തി ഗാസയെ ‘ഞെട്ടിച്ചിരിക്കുന്നത്’.

ഗാസയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന അല്‍-അഹ്‌ലി അറബ് ആശുപത്രിയ്ക്ക് നേരെയായിരുന്നു ചൊവ്വാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമാക്രമണം. ലോകം മുഴുവന്‍ ഈ കൂട്ടക്കുരുതിയില്‍ ഇസ്രയേലിനെ പഴിക്കുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ പറയുന്നത്, തങ്ങളല്ല ഇത് ചെയ്തതെന്നാണ്. ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്ന വാദമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. സമാധാനമുണ്ടാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലില്‍ വരാനിരിക്കെയാണ് ഇങ്ങനെയൊരു ആക്രമണം.

ഐക്യരാഷ്ട്ര സഭ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ ചൊല്ലി ഇത്തരം കൂട്ടക്കുരുതികളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനെ ഓര്‍മിപ്പിക്കുന്നത്. ആശുപത്രിയില്‍ വെച്ച് കൊല്ലപ്പെട്ട നൂറുകണക്കിന് ആളുകളുടെ കാര്യം എന്നെ ഭയപ്പെടുത്തുന്നു. എന്നും ഗുട്ടെറസ് പറയുന്നു. സിവിലിയന്മാരോട് അഭയം തേടി മറ്റെങ്ങോട്ടെങ്കിലും പോകാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. ഹമാസ് സാധാരണക്കാരെ മനുഷ്യകവചമാക്കി ഗാസയില്‍ ഒളിച്ചിരിക്കുകയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസിനെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടിയാണ് പലസ്തീന്‍കാരോട് അവരുടെ മണ്ണില്‍ നിന്നും എങ്ങോട്ടെങ്കിലും പോയ്‌ക്കോളാന്‍ ഉത്തരവിട്ടത്. തെക്കന്‍ ഗാസക്ക് സമീപമുള്ള പട്ടണങ്ങളില്‍ ബോംബാക്രമണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അവിടെ നിന്നും രക്ഷപ്പെട്ട് സുരക്ഷിതമെന്ന് തോന്നിച്ചൊരിടത്ത് കഴിഞ്ഞ ജനങ്ങളാണ്, ആശുപത്രിയെന്ന പരിഗണനയില്ലാതെയുള്ള ബോംബാക്രമണത്തിന്റെ ഇരകളായത്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യുഎന്‍ആര്‍ഡബ്ല്യുഎ പറഞ്ഞതുപോലെ, അതിരുകടന്ന ഈ ആക്രമണം, സാധാരണക്കാരന്റെ ജീവിന് യാതൊരു പരിഗണനയും കൊടുക്കാതെയുള്ളത് തന്നെയാണ്.

മാനവരാശിക്ക് അപമാനം എന്ന് അപലപിച്ച ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമാന്‍ ഇസ്രയേല്‍ ആക്രമണത്തെ ‘ കൂട്ടക്കൊല’ എന്നാണ് കുറ്റപ്പെടുത്തിയത്.

ഇസ്രയേല്‍ ‘ കൂട്ടക്കൊല’ നടത്തി തകര്‍ത്തു കളഞ്ഞ അല്‍-അഹ്‌ലി ആശുപത്രി, സാധാരണക്കാരന്‍ ആശ്രയിച്ചിരുന്ന പ്രധാന ഷെല്‍ട്ടര്‍ കേന്ദ്രമായിരുന്നു എന്നാണ് ഗാസ ആരോഗ്യമന്ത്രാലയം പറയുന്നത്. ” അവിടെ നൂറു കണക്കിന് മനുഷ്യര്‍ ആക്രമണത്തില്‍ പരിക്കേറ്റും മറ്റ് രോഗങ്ങളാലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെയുള്ളവരെ കൂടാതെ, ബലമായി തങ്ങളുടെ വീടുകളില്‍ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരും അഭയകേന്ദ്രമായി ഈ ആശുപത്രിയിലാണ് എത്തിച്ചേര്‍ന്നിരുന്നത്’- ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇസ്രയേല്‍ ഷെല്ലാക്രമണം ഭയന്ന് പതിനായിരങ്ങളാണ് ഗാസയിലെ മിച്ചമുള്ള ആശുപത്രികളെ രക്ഷാകേന്ദ്രങ്ങളാക്കുന്നത്. ആശുപത്രികള്‍ ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് അവിടങ്ങളിലേക്ക് മനുഷ്യര്‍ ഭയന്നാണെങ്കിലും ഓടിക്കയറുന്നത്. ആ വിശ്വാസം കൂടിയാണ് തകര്‍ന്നടിഞ്ഞുപോയത്.

ശത്രുരാജ്യങ്ങേെളാട് യുദ്ധം ചെയ്യുമ്പോഴും അവിടെയുള്ള ആതുരശുശ്രൂഷാലയങ്ങള്‍ ആരും ആക്രമിക്കില്ലായിരുന്നു, ഇവിടെ അതും നടന്നിരിക്കുന്നുവെന്നാണ് ലോകത്തോടായി പലസ്തീന്‍ നാഷണല്‍ ഇന്‍ഷ്യേറ്റീവ്(പിഎന്‍ഐ) പാര്‍ട്ടി നേതാവ് മുസ്തഫ ബര്‍ഗൗട്ടി പറയുന്നത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് ഈ ആക്രമണത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ബര്‍ഗൗട്ടി ചോദിക്കുന്നുണ്ട്.

‘ ഇസ്രയേലിന്റെ ഈ പ്രവര്‍ത്തിയെ അവര്‍ അപലപിക്കുമോ? ‘ ഇസ്രയേല്‍ നടത്തിയ ഈ കൂട്ടക്കൊലയെ അവര്‍ അപലപിക്കുമോ?’ ബര്‍ഗൗട്ടിയുടെ ചോദ്യമാണ്.

അയാള്‍ തുടര്‍ന്നു പറയുന്നുണ്ട്; ‘ തങ്ങള്‍ക്ക് ഇസ്രയേലിനെ തടയാനും അടക്കി നിര്‍ത്താനും കഴിയുമെന്നവര്‍ക്ക് അറിയാം, കാരണം അവരാണ് കയ്യേറ്റക്കാരായ ഇസ്രയേലികളെ ആയുധവും പണവും കൊടുത്ത് പിന്തുണയ്ക്കുന്നത്.’

ഹമാസിനെതിരെയാണ് പോരാടുന്നതെന്നു പറയുമെങ്കിലും ഗാസയിലെ എല്ലാ ജനങ്ങള്‍ക്കുമെതിരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്നും മുസ്തഫ ബര്‍ഗൗട്ടി അല്‍-ജസീറയോട് നടത്തിയ പ്രതികരണത്തില്‍ ആരോപിക്കുന്നുണ്ട്.

ഒക്ടോബര്‍ ഏഴിന് ഹമാസ് തങ്ങളുടെ രാജ്യത്തിനകത്ത് കയറി നടത്തിയ കൂട്ടക്കൊലയ്ക്ക് പ്രതികരമായി ഇസ്രയേല്‍ ഗാസയോട് നടത്തി വരുന്ന യുദ്ധത്തില്‍ ഇതുവരെ 3,000 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിലേറെയുണ്ട് പരിക്കേറ്റവര്‍.

ഒരു ആംഗ്ലിക്കന്‍ ചര്‍ച്ച് നടത്തി വന്നിരുന്ന ആശുപത്രിയായിരുന്നു അല്‍-അഹ്‌ലി അല്‍-അറബ്. ബാപ്റ്റിസം ഹോസ്പിറ്റല്‍ എന്നും ഇതറിയപ്പെടുന്നു. കഴിഞ്ഞ ദിവസം വീണൊരു ഇസ്രയേല്‍ ഷെല്ലില്‍ നാല് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു എന്നതിനപ്പുറം, ഏതെങ്കിലും തരത്തിലുള്ള സുരക്ഷ മുന്നറിയിപ്പ് ആശുപത്രിക്ക് നേരെയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇവിടം സുരക്ഷിതമാണെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ടായിരുന്നു.

പ്രാദേശിക സമയം രാത്രി 7.30 ഓടെയായിരുന്നു ആക്രമണം. ആ സമയം, ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെയും അഭയാര്‍ത്ഥികളെയും കൊണ്ട് ആശുപത്രി നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍ ഗസ്സാന്‍ അബു സിറ്റ പറയുന്നത്, അവര്‍ ശസ്ത്രക്രിയകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നതെന്നാണ്. ‘വലിയ സ്‌ഫോടനമായിരുന്നു, ഓപ്പറേഷന്‍ തിയേറ്ററിന്റെ മുകള്‍ ഭിത്തി തകര്‍ന്ന് നിലം പതിച്ചു’ നടന്ന ഭീകരതയോര്‍ത്തെടുത്തു ഡോക്ടര്‍ പറയുന്നു. ‘ കൂട്ടക്കൊല’ എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ടല്ല ഡോക്ടര്‍ ഗസ്സാന്‍ അബു സിറ്റയും ഇസ്രയേല്‍ ആക്രമണത്തെ അപലപിക്കുന്നത്.

‘ ഒരാശുപത്രിയ്ക്ക് നേരെ നടത്തിയ അക്രമം ഒരിക്കലും ന്യായീകരിക്കാനാകില്ല. രോഗികളും ആരോഗ്യപ്രവര്‍ത്തകരും മാത്രമല്ല, അഭയം തേടിയെത്തിയ സാധാരണക്കാരുമുണ്ടായിരുന്നു അവിടെ. ആശുപത്രികളെ ഒരിക്കലും ഉന്നം വയ്ക്കരുത്. ഈ രക്തച്ചൊരിച്ചല്‍ നിര്‍ത്തിയേ മതിയാകൂ. ഇനിയും വയ്യാ’; രോഷവും വേദനയും നിറഞ്ഞ വാക്കുകളോടെ ഡോക്ടര്‍ സിറ്റ എല്ലാവരോടുമായി അപേക്ഷിക്കുകയാണ്.

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അല്‍-അഹ്‌ലിയില്‍ നിന്നും പരിക്കേറ്റ 300 പേരെ ഗാസ നഗരത്തിലെ മറ്റൊരു പ്രധാന ആശുപത്രിയായ അല്‍-ഷിഫയിലേക്ക് ആംബുലന്‍സുകളിലും കാറുകളിലുമൊക്കെയായി മാറ്റിയിട്ടുണ്ട്. അല്‍-ഷിഫ മുറിവേറ്റവരെക്കൊണ്ട് മുന്‍പേ തന്നെ നിറഞ്ഞതാണ്. വേദനകൊണ്ട് പുളയുന്ന മനുഷ്യരെ രക്തം ഒഴുകുന്ന വരാന്തകളില്‍ കാണാമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ നടന്നത് ഏറ്റവും ഭീകരമായ സംഭവമാണ്. ആ മനുഷ്യര്‍, അവരെല്ലാവരും സാധാരണക്കാരാണ്. സ്വന്തം വീടുകളുപേക്ഷിച്ച് സുരക്ഷിതമെന്ന് അവര്‍ വിശ്വസിച്ച ഇടമായാണ് ഈ ആശുപത്രിയിലേക്ക് എത്തിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ആശുപത്രികള്‍ സുരക്ഷിത ഇടങ്ങളാണെന്നാണല്ലോ പറയുന്നത്’ മറ്റൊരു ഡോക്ടറായ സിയാദ് ഷെഹദായുടെതാണ് ഈ വാക്കുകള്‍. ജീവന്‍ ഭയന്നാണ് സ്വന്തം വീടുകള്‍ ജനങ്ങള്‍ ഉപേക്ഷിക്കുന്നത്. എന്നിട്ടവര്‍ സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കും മാറുന്നു. ഇവിടെയിപ്പോള്‍ ഒരു ആശുപത്രിയില്‍ വച്ചു തന്നെ ഒറ്റ മിനിട്ടിനുള്ളില്‍ എല്ലാവരും കൊല്ലപ്പെട്ടിരിക്കുന്നു’ ഡോ. ഷെഹദ പലസ്തീനികളുടെ അവസ്ഥ അല്‍-ജസീറയോടു പറയുന്നു.

ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നവരില്‍ മൂന്നില്‍ രണ്ടും കുട്ടികളാണെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. അല്‍-അഹ്‌ലി ആശുപത്രിയിലെ അക്രമണത്തിനു മുമ്പ് വരെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ 2,778 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 9,700 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം കണക്ക് പറയുന്നു.

പലസ്തീന്‍-സ്വീഡിഷ് വംശജനായ ജമീല്‍ അബ്ദുള്ള ഉപരോധിക്കപ്പെട്ട മുനമ്പില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കൊതിച്ചിരിക്കുകയാണ്. അതെന്തുകൊണ്ടാണെന്ന് എ എഫ് പിയോട് അയാള്‍ പങ്കുവയ്ക്കുന്ന വാക്കുകളിലുണ്ട്;

‘ ഇവിടെ തെരുവുകളില്‍ ശവങ്ങളാണ്, മരണത്തിന്റെ മണമാണ് എവിടെയും’

Share on

മറ്റുവാര്‍ത്തകള്‍