UPDATES

എവിടെയാണ് ഗാസ? ആരാണ് അവിടെയുള്ള മനുഷ്യര്‍? എങ്ങനെയാണവിടുത്തെ ജീവതം?

എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന ഒരു തുറന്ന ജയിലിനെക്കുറിച്ച്…

                       

മെഡിറ്ററേനിയന്‍ കടലിലെ ഒരു ചെറുതുണ്ട്; ലോകത്തിന്റെ കണ്ണീര്‍ ചീന്ത് പോലെ…പലസ്തീന്‍ രണ്ട് കഷ്ണങ്ങളായി കണ്ടാല്‍, അതിലെ ചെറിയ കഷ്ണം. ഏകദേശം 23 ലക്ഷം പലസ്തീനികളുടെ ജന്മഭൂമി; ഗാസയെ കുറിച്ചാണ്.

പലസ്തീന്‍ ഭൂപ്രദേശത്തിലെ ചരിത്രപരമായ ഈ മേഖല ഏഷ്യയുടെയും യൂറോപ്പിന്റെയും ഏറ്റവും പ്രധാനപ്പെട്ട തീരമാണ്. ഗാസ എന്നും അധിനിവേശ ശക്തികളുടെ അധികാര ചുവട്ടിലായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കപ്പെട്ട ഗാസ, കാലങ്ങളോളം ബ്രിട്ടീഷ് അധികാരത്തിന്റെ കീഴിലുമായി. പിന്നീട് ഈജിപ്ത്, തങ്ങളുടെ കാല്‍ചുവട്ടിലാക്കി. തുടര്‍ന്നങ്ങോട്ട് ഇസ്രയേല്‍ സൈന്യത്തിന്റെ അധിനിവേശം നേരിട്ടുകൊണ്ടിരിക്കുന്നു.

എവിടെയാണ് ഗാസ?

മെഡിറ്ററേനിയന്‍ കടലിന്റെ പടിഞ്ഞാറന്‍ ഭാഗത്തായാണ് ഗാസ മുനമ്പ്. ഇതിന്റെ വടക്ക്-കിഴക്ക് ഭാഗം ഇസ്രയേലാണ്. തെക്ക് ഈജിപ്തിന്റെ സിനായി പ്രവിശ്യയും. ഭൂമിശാസ്ത്രപരമായി, പലസ്തീന്റെ മറ്റൊരു ഭാഗമായ അധിനിവേശ വെസ്റ്റ് ബാങ്കുമായി ബന്ധമറ്റ് കിടക്കുന്നൊരു തുണ്ടാണ് ഗാസയെന്ന് കാണാം. വെസ്റ്റ്ബാങ്കില്‍ നിന്നും ഗാസയിലേക്കും, തിരിച്ചും പലസ്തീനികള്‍ക്ക് സാധാരണപോലെ യാത്ര ചെയ്യാനൊന്നും സാധിക്കില്ല.

അവിടെയുള്ള മനുഷ്യരെക്കുറിച്ച്

ഗാസയില്‍ ജീവിക്കുന്നവരില്‍ ബഹുഭൂരിഭാഗവും അഭയാര്‍ത്ഥികളോ, 1948-ല്‍ ഇസ്രയേല്‍ രൂപീകരികരണത്തിന്റെ ഭാഗമായി സയണിസ്റ്റ് ശക്തികളാല്‍ പുറന്തള്ളപ്പെട്ട ജനതയുടെ പിന്‍ഗാമികളായിട്ടുള്ളവരോ ആണ്. പലസ്തീനികള്‍, അതിനെ നക്ബ അല്ലെങ്കില്‍ മഹാവിപത്ത് എന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ സ്വന്തം മണ്ണ് ഉപേക്ഷിക്കപ്പെട്ട് ഗാസ മുനമ്പില്‍ എത്തപ്പെട്ടവര്‍, തങ്ങളെ ഗാസക്കാര്‍ എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അങ്ങനെ തങ്ങള്‍ വിളിക്കപ്പെടുകയാണെങ്കില്‍ ഈ മുനമ്പില്‍ തന്നെയുള്ളവരായി തങ്ങള്‍ മാറ്റപ്പെടുമെന്നാണവര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ സ്വന്തം വീടികളിലേക്ക് ഒരിക്കല്‍ മടങ്ങിപ്പോകാനുള്ള അവരുടെ അവകാശം നഷ്ടപ്പെട്ടു പോകുമെന്നു ഭയപ്പെടുന്നു.

ഗാസയില്‍ ഇപ്പോഴുള്ള ജനങ്ങളില്‍ പകുതിയിലേറെപ്പേരുടെയും ജീവിതം അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. ദരിദ്രമായ കോണ്‍ക്രീറ്റ് ചേരികളില്‍ ടെന്റ് കെട്ടി പാര്‍ക്കുന്നൊരു സമൂഹമായി ഇന്നവര്‍ മാറിയിരിക്കുന്നു. ഗാസയിലെ യുവാക്കളിലധികത്തിനും ഈ പ്രദേശത്തിന് പുറത്തേക്ക് കടക്കാന്‍ ഇതുവരെയായിട്ടും കഴിഞ്ഞിട്ടില്ല.

ഗാസയുടെ അധികാരികള്‍

1967-ലെ യുദ്ധത്തിലാണ് ഈജിപ്തിന്റെ കൈയില്‍ നിന്നും ഗാസ ഇസ്രയേല്‍ തങ്ങളുടെ അധീനതയിലാക്കുന്നത്. 2005 വരെ ഇസ്രയേല്‍ സൈന്യമായിരുന്നു അവിടുത്തെ അധികാരി. പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ ഗാസയില്‍ കണ്ണുവയ്ക്കാതിരുന്നതോടെ 2005 ന് ശേഷം ഏകദേശം 8,000 ഇസ്രയേല്‍ കുടിയേറ്റക്കാര്‍ക്ക് തിരിച്ച് പോകേണ്ടി വന്നു. വെസ്റ്റ് ബാങ്കിലായിരുന്നു ഷാരോണിന്റെ കണ്ണ്. ബൈബിള്‍ പ്രകാരം ജൂതരുടെ ഹൃദയഭൂമികയായി പറയുന്ന വെസ്റ്റ്ബാങ്കില്‍ നിയന്ത്രണം ഉറപ്പിക്കാനാണ് ഷാരോണ്‍ ആഗ്രഹിച്ചത്.

ഇസ്ലാമിക് മൂവ്‌മെന്റായ ഹമാസ് 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പലസ്തീന്‍ രാഷ്ട്രീയത്തില്‍ പുതിയ വിള്ളലുകള്‍ വീഴ്ത്തിയായിരുന്നു. ആഗോളതലത്തില്‍ പലസ്തീന്റെ അംഗീകൃത പ്രതിനിധികളായി അംഗീകരിക്കപ്പെട്ട പലസ്തീന്‍ ലിബേറഷന്‍ ഓര്‍ഗനൈസേഷനും(പിഎല്‍ഒ) ഹമാസിനും ഇടയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. ഒരു സ്വതന്ത്ര പലസ്തീന്‍ രൂപീകരിക്കാന്‍ പിഎല്‍ഒ പരാജയപ്പെട്ടു എന്നായിരുന്നു ഹമാസിന് അവരെ എതിര്‍ക്കാനുള്ള കാരണം.

2007 മുതല്‍ ഹമാസ് ആണ് ഗാസയുടെ പൂര്‍ണാധികാരി. ഉരുക്കുമുഷ്ടിയുമായി അവിടെ ഭരണം തുടര്‍ന്നു പോരുകയാണവര്‍. എന്നിരിക്കിലും ഗാസയിലുള്ള അധിനിവേശം ഇസ്രയേല്‍ തുടരുന്നുണ്ട്. ഗാസ ഇപ്പോഴും അധിനിവേശ ഭൂമിയാണെന്ന് ഐക്യരാഷ്ട്ര സഭയും സമ്മതിക്കുന്നു. ഇസ്രയേല്‍-അറബ് യുദ്ധത്തില്‍ ഈജിപ്തിനെ തോല്‍പ്പിച്ചതിനു പിന്നാലെ 1979-ല്‍ ആ രാജ്യവുമായി ഇസ്രയേല്‍ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. അതിന്‍പ്രകാരമാണ്, ഈജ്പിതിന്റെ കൈയിലായിരുന്ന ഗാസയുടെ കര, വായു, കടല്‍ മേഖലകളെ ഇസ്രയേല്‍ തങ്ങളുടെ അധികാരപരിധിയിലാക്കുന്നത്.

ചങ്ങല മുറിയാത്ത ഉപരോധം

ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാല്‍ ഭക്ഷണം, ഇന്ധനം, വെള്ളം, ഇന്റര്‍നെറ്റ് സംവിധാനം, ഊര്‍ജ്ജ സംവിധാനം എന്നിവ ഇസ്രയേല്‍ അനുമതിയോടെയല്ലാതെ ഗാസയില്‍ ലഭിക്കില്ല. മനുഷ്യരുടെ കാര്യവും വ്യത്യസ്തമല്ല. ഗാസയ്ക്ക് തെക്ക് ഭാഗത്താണ് ഇസ്രയേല്‍ നിയന്ത്രണത്തിലല്ലാതെയുള്ളൊരു അതിര്‍ത്തി കവാടമുള്ളത്; റാഫ അതിര്‍ത്തി. ഈജിപ്തുമായി ഗാസ പങ്കിടുന്ന അതിര്‍ത്തിയാണ് റാഫ. എന്നാല്‍, ഇവിടവും ഗാസക്കാര്‍ക്കു മുന്നില്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. ഹമാസുമായി നല്ല ബന്ധത്തിലല്ല ഈജിപ്തുള്ളത്. മാത്രമല്ല, ഇസ്രയേലിന്റെ പിന്തണക്കാരില്‍ മുന്‍പന്തിയിലുള്ള അമേരിക്കയുമായി സഖ്യത്തിലുമാണ് ഈജിപ്ത്. അതുകൊണ്ട് തന്നെ പലസ്തീനികള്‍ക്ക് വേണ്ടി അവരുടെ അതിര്‍ത്തി കവാടം തുറന്നിടാന്‍ ഈജിപ്തിനു മടിയാണ്.

ആവര്‍ത്തിച്ചുള്ള ഹമാസ് റോക്കറ്റ് ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും ചൂണ്ടിക്കാട്ടി ഉപരോധം സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഇക്കാലമത്രയായിട്ടും ഇസ്രയേല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ യുഎന്‍ വിദഗ്ധര്‍ പറയുന്നത്, ഗാസ നേരിട്ട അഞ്ച് യുദ്ധങ്ങളുടെ ഭാഗമായി നടന്നിട്ടുള്ള കനത്ത ബോംബാക്രമണങ്ങളും തുടരുന്ന ഉപരോധവും സാധാരണ പൗരന്മാരെയാണ് കൂട്ടത്തോടെ ശിക്ഷിക്കുന്നതെന്നാണ്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള യുദ്ധക്കുറ്റമാണ് ഗാസയിലെ ജനങ്ങള്‍ക്കു നേരെ ഉണ്ടാകുന്നതെന്ന് ഐക്യരാഷ്ട്ര അപലപിക്കുമ്പോഴും, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നതുപോലെ, ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലില്‍ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

 

Share on

മറ്റുവാര്‍ത്തകള്‍