UPDATES

അമുസ്ലിങ്ങളെ പ്രവേശിപ്പിക്കാത്ത, ഇസ്ലാമിക നിയമം ബാധകമായ ഗ്രാമം മലപ്പുറത്ത് എവിടെയാണ്?

സംഘപരിവാര്‍ എഴുത്തുകാരനോടാണ് ചോദ്യം

                       

മലപ്പുറത്തെ കുറിച്ച് വിദ്വേഷപരവും തീര്‍ത്തും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിച്ച എഴുത്തുകാരനും യൂട്യൂബര്‍ക്കുമെതിരേ വ്യാപക പ്രതിഷേധം. യൂട്യൂബര്‍ ‘ബിയര്‍ ബൈസെപ്‌സ്’ എന്നറിയപ്പെടുന്ന റണ്‍വീര്‍ അലഹബാദിയയുടെ യൂട്യൂബ് ചാനലിലെ ‘ ദ രണ്‍വീര്‍ ഷോ’യിലാണ് എഴുത്തുകാരനും തീവ്രവലതുപക്ഷാശങ്ങളുടെ പ്രചാരകനുമായ സന്ദീപ് ബാലകൃഷ്ണ യാതൊരു അടിസ്ഥാനവുമില്ലാതെ മലപ്പുറത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പറഞ്ഞത്. ഇന്ത്യ ഫാക്ട്‌സ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും ചീഫ് എഡിറ്ററുമായ സന്ദീപ് ചെയ്തിരിക്കുന്നത്, കാലങ്ങളായി സംഘപരിവാറുകാര്‍ മലപ്പുറത്തെയും മുസ്ലിം സമുദായത്തെയും വര്‍ഗീയമായി ചിത്രീകരിക്കാന്‍ നടത്തിവരുന്ന പ്രൊപ്പഗാണ്ടകളെ സഹായിക്കാന്‍ പുതിയൊരു കഥ കൂടി പറഞ്ഞുകൊടുക്കുകയാണ്. ഇത്തരം കള്ളങ്ങള്‍ ഒരാള്‍ വിളിച്ചു പറയുമ്പോള്‍, അതു കേട്ടുകൊണ്ടിരിക്കുകയല്ലാതെ, അതിന്റെ സത്യാവസ്ഥകളും തെളിവുകളും ചോദിച്ചില്ല എന്നതാണ് റണ്‍വീറിനെതിരേയുള്ള പരാതി.

‘ കേരളത്തില്‍ മലപ്പുറം എന്നൊരു ഒറ്റപ്പെട്ട ഗ്രാമമുണ്ട്. അതിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയൊരു ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്; ഇതൊരു ഇസ്ലാമിക് ഗ്രാമമാണെന്നാണ്. ഇസ്ലാമിക നിയമമാണ് ഇവിടെ ബാധകം. അന്യമതസ്ഥര്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ മണ്ണിലാണ് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്’ : സന്ദീപ് ബാലകൃഷ്ണയുടെ ആരോപണമാണിത്.

പച്ചയായ വര്‍ഗീയത നിറഞ്ഞ, തികച്ചും വ്യാജമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനവുമായി മനുഷ്യര്‍ സന്ദീപിനും രണ്‍വീറിനുമെതിരേ വിരലുകള്‍ ചൂണ്ടി. ഇത്തരമൊരു ആരോപണത്തിനുള്ള തെളിവ് എവിടെയെന്നാണവര്‍ ചോദിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഒരാള്‍ ഇത്തരം നുണകള്‍ പറയുന്നതും, മറ്റൊരാള്‍ അത് തലകുലുക്കി കേട്ടുകൊണ്ടിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

യൂട്യൂബറും മാധ്യമപ്രവര്‍ത്തകനുമായ ആകാശ് ബാനര്‍ജി(ദ ദേശ് ഭക്ത് എന്ന പേരിലാണ് അദ്ദേഹം പ്രശസ്തന്‍) എക്‌സിലൂടെ രണ്‍വീറിവനോട് പറയുന്നതിങ്ങനെയാണ്; അത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന ലൊക്കേഷന്‍ എനിക്ക് അയച്ചു തരാന്‍ നിങ്ങളുടെ ‘ അതിഥി’യോട് പറയാമോ, ഞാന്‍ എന്റെ സ്വന്തം നിലയ്ക്ക് അവിടെ പോയി ബോര്‍ഡ് തകര്‍ക്കാം”. അതിന് കഴിയില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ്, അതേക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കാന്‍ നിങ്ങള്‍ക്കുള്ള വലിയ ആള്‍ബലവും സമ്പത്തും ഉപയോഗിക്കൂ, അതുമല്ലെങ്കില്‍ അഭിമുഖങ്ങള്‍ ചെയ്യാന്‍ നിങ്ങളെക്കാള്‍ മിടുക്കുള്ള വേറയാരെയെങ്കിലും നിയമിക്കു; ആകാശ് ബാനര്‍ജി പരിഹസിക്കുന്നു. ‘ഒരു മലപ്പുറം സ്വദേശിയായ ഞാന്‍ ഇതുവരെ ഇങ്ങനെയൊരു ബോര്‍ഡ് കണ്ടിട്ടില്ലെന്നാണ് സിനി എന്ന എക്‌സ് യൂസര്‍ രണ്‍വീറിനെ മെന്‍ഷന്‍ ചെയ്ത് ചോദിച്ചിരിക്കുന്നത്. ഏതാണ് ആ സ്ഥലമെന്ന് സന്ദീപ് ബാലകൃഷ്ണയോടും ചോദിക്കുന്നുണ്ട്.

പറഞ്ഞുവരുന്നത് ചരിത്രത്തെ കുറിച്ചാണോ, അതോ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു-മുസ്ലിം വിഭജനത്തെക്കുറിച്ചാണോ എന്ന റണ്‍വീറിന്റെ ചോദ്യത്തിന്, സന്ദീപ് ബാലകൃഷ്ണ നല്‍കുന്ന മറുപടി ഇങ്ങനെയാണ്; ‘ഇന്ത്യന്‍ ചരിത്രത്തിലെ അസുഖകരമോ അരോചകമോ ആയ സത്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്നാണ് സ്വാതന്ത്ര്യത്തിന് ഒരു പതിറ്റാണ്ടിനിപ്പുറം ഇവിടെ പ്രചരിപ്പിച്ചൊരു ആഖ്യാനം. കാരണം അത്തരം സത്യങ്ങള്‍ ഒരു സമുദായത്തെ മാത്രം വ്രണപ്പെടുത്തും’. ഹിന്ദുക്കള്‍ എല്ലായിപ്പോഴും പ്രതിരോധത്തിലായിരുന്നുവെന്നും, അവര്‍ അനാവശ്യ പ്രകോപനത്തിന്റെ ഇരകളായിരുന്നുവെന്നും സന്ദീപ് വാദിക്കുന്നുണ്ട്. ‘ടിപ്പു സുല്‍ത്താന്‍; മൈസൂരിന്റെ സ്വേച്ഛാധിപതി’, ‘അധിനിവേശക്കാരും അവിശ്വാസികളും: സിന്ധ് മുതല്‍ ഡല്‍ഹി വരെ: ഇസ്ലാമിക അധിനിവേശങ്ങളുടെ 500 വര്‍ഷത്തെ യാത്ര’ എന്നീ പുസ്തകങ്ങള്‍ സന്ദീപ് ബലാകൃഷ്ണയുടെതാണ്. ദ ധര്‍മ ഡിസ്പാച്ച് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണ ശാലയും സന്ദീപ് നടത്തുന്നുണ്ട്. ‘ മനുസ്മൃതിയെക്കുറിച്ച് മാപ്പ് പറയേണ്ടതില്ല, ‘ ഒരു ബ്രാഹ്‌മണ കുലപതിയുടെ ജീവിതവും ദിനചര്യയും’ തുടങ്ങിയ ലേഖനങ്ങളും സന്ദീപ് എഴുതിയിട്ടുണ്ട്. ബ്രഹ്‌മണ്യത്തെ പുകഴ്ത്തിയും വാഴ്ത്തിയും എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന സന്ദീപ്, ബ്രാഹ്‌മണ്യം എന്ന സങ്കല്‍പ്പത്തെ വിമര്‍ശിക്കുന്നവരെയെല്ലാം തന്റെ ശത്രുക്കളായി കരുതുന്നൊരാളാണ്.

നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് 2024 ല്‍ ‘ ഡിസ്‌റപ്റ്റര്‍ ഓഫ് ദ ഇയര്‍’ വിഭാഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്‌കാരം സമ്മാനിച്ച യൂട്യൂബറാണ് രണ്‍വീര്‍ അലഹബാദിയ.

Share on

മറ്റുവാര്‍ത്തകള്‍