പൊതുജീവിതത്തില്‍ നിന്നുള്ള വെയില്‍സ് രാജകുമാരിയുടെ പൊടുന്നനെയുള്ള വിടവാങ്ങല്‍ എന്തുകൊണ്ട്?
ഗൗണും ഹൈ ഹീല്‍ഡും ധരിച്ച് ഫുട്‌ബോള്‍ മൈതാനത്തും എമ്മ റഡുകാനുവിനൊപ്പം ടെന്നീസ് കോര്‍ട്ടിലും കണ്ട് ലോകം അത്ഭുതം കൂറിയിരുന്ന കാതറിന്‍ മിഡില്‍ടണ്‍(കേറ്റ് മിഡില്‍ടണ്‍). ബ്രിട്ടീഷ് രാജവംശത്തിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി. പൊതുവേദികളില്‍ നിറഞ്ഞു നിന്നിരുന്ന വെയില്‍സ് രാജകുമാരി ഇപ്പോഴെവിടെയാണ്? പൊതുജീവിതത്തില്‍ നിന്നുള്ള കേറ്റിന്റെ പൊടുന്നനെയുള്ള പിന്‍വാങ്ങലിന്റെ കാരണമന്വേഷിക്കുകയാണെല്ലാവരും.
കളിക്കളങ്ങളില്‍ അടക്കം ഓടിച്ചാടി നടന്നിരുന്ന രാജകുമാരി ഇപ്പോള്‍ നല്ല ആരോഗ്യസ്ഥിതിയില്‍ അല്ലെന്നുമാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ള വിവരം. 42 കാരിയായ കാതറിന്‍ ജനുവരി മാസത്തില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. എന്നാല്‍ രാജകുമാരിയുടെ അസുഖം എന്താണെന്നും അവര്‍ക്കു നല്‍കുന്ന ചികിത്സയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങളൊന്നും കൊട്ടാരം പുറത്തുവിട്ടിട്ടില്ല. രാജകുമാരിയുടെ അസുഖം അര്‍ബുദവുമായി ബന്ധപ്പെട്ടതല്ലെന്നുള്ള വിശദീകരണം മാത്രമാണ് കൊട്ടാരം നല്‍കിയിരുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടാഴ്ചയോളം രാജകുമാരി ആശുപത്രിയില്‍ തന്നെ കഴിയുകയും മൂന്നുമാസത്തോളം കൊട്ടാരത്തില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുമെന്നും, ഈസ്റ്റര്‍ കഴിയുന്നതുവരെ പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
കേറ്റ് എവിടെയാണെന്നും രാജകുമാരിയുടെ ആരോഗ്യ പുരോഗതി എങ്ങനെ ഉണ്ടെന്നുമറിയാതെ ഇന്റര്‍നെറ്റില്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. രാജകുമാരിയുടെ അസുഖം സങ്കീര്‍ണ്ണവും ഗുരുതരവുമാണെന്ന നിഗമനത്തിലാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍. മൈനര്‍ ശസ്ത്രക്രിയ ആയിരുന്നുവെങ്കില്‍ ദിവസങ്ങള്‍ക്കകം ആശുപത്രി വിടുമായിരുന്നു. അതുപോലെ വിശ്രമകാല ചികിത്സ വേണ്ടി വരുമായിരുന്നില്ല എന്നമട്ടില്‍ പല അനുമാനങ്ങളും ചര്‍ച്ചകളും തകൃതിയായി നടന്നുവരുന്നു.
‘കേറ്റ് മിഡില്‍ടണ്‍ എവിടെയാണ്?’ എന്നത് ഗൂഗിളില്‍ വരെ ഒരു ബ്രേക്ക് ഔട്ട് സെര്‍ച്ചായി വ്യാപകമായി ഉയര്‍ന്നു വരികയാണ്. അതേ സമയം ചിലര്‍ കേറ്റിനെ പല ആഘോഷപരിപാടികളിലും വച്ച് കണ്ടതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റേണ്‍ മാര്‍ബിള്‍ ആര്‍ച്ച് സിനഗോഗ് സന്ദര്‍ശനത്തിനിടെ പൊതുവേദിയില്‍ വച്ച് വില്യം രാജകുമാരന്‍ തന്റെ പ്രസംഗത്തില്‍ കാതറിനെ പരാമര്‍ശിച്ച് സംസാരിച്ചിരുന്നു. ‘വര്‍ദ്ധിച്ചുവരുന്ന യഹൂദ വിരോധത്തില്‍ ഞാനും കാതറിനും വളരെയധികം ആശങ്കാകുലരാണ്,’ എന്നാണ് വില്യം അന്നത്തെ ചര്‍ച്ചയില്‍ പറഞ്ഞത്.
കാതറിന്റെ പ്രതിച്ഛായയുടെ കേന്ദ്രം തന്നെ ആരോഗ്യമായിരുന്നു. രാജകുടുംബത്തിന്റെ വെബ്സൈറ്റില്‍ ശാരീരത്തിന്റെ ആരോഗ്യം ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തെ പൂര്‍ത്തീകരിക്കുക മാത്രമല്ല മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് നയിക്കാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന വനിത എന്നാണ് കാതറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കാതറിന്റെ പൊതു പരിപാടികളില്‍ ഭൂരിഭാഗവും ആരോഗ്യമായോ കായിക വിനോദ പരിപാടികളുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ഇംഗ്ലീഷ് റഗ്ബിയും ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബും ഉള്‍പ്പെടെ നിരവധി കായിക സംഘടനകളുടെ രക്ഷാധികാരി കൂടിയാണ് കാതറിന്‍. യഥാര്‍ത്ഥത്തില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ വിവരങ്ങളേക്കാള്‍ വളരെ കുറച്ച് മാത്രമാണ് കാതറിന്റെ ആരോഗ്യനിലയെക്കുറിച്ച് കൊട്ടാരത്തിലെ ഉദ്യോഗസ്ഥര്‍ പുറത്ത് വിടുന്നത് എന്ന ആക്ഷേപവും ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
തന്റെ ആരോഗ്യത്തെ കുറിച്ചുള്ള ജനങ്ങളുടെ താല്‍പ്പര്യത്തെയും ആശങ്കയെയും കാതറിന് അറിയാമെന്നും, എങ്കിലും തന്റെ അസുഖവിവരങ്ങള്‍ സ്വകാര്യതയായി മാനിച്ചുകൊണ്ട് സഹകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ശസ്ത്രക്രിയയുടെ വിവരം പരസ്യമാക്കിയ വേളയില്‍ പറഞ്ഞിരുന്നു. 10 വയസുള്ള ജോര്‍ജ് രാജകുമാരന്റെയും എട്ടു വയസുള്ള രാജകുമാരി ഷാര്‍ലറ്റിന്റെയും അഞ്ചു വയസുള്ള ലൂയിസ് രാജകുമാരന്റെയും അമ്മ കൂടിയാണ് കാതറിന്‍ മിഡില്‍ടണ്‍.
കേറ്റ് രാജകുമാരി ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നുവെന്ന കെന്‍സിങ്ടണ്‍ കൊട്ടാരം വെളിപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്ന് അധികം കഴിയും മുമ്പു തന്നെ ശസ്ത്രക്രിയക്കായി ചാള്‍സ് മൂന്നാമന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന വാര്‍ത്ത ബക്കിങ്ഹാം കൊട്ടാരവും പുറത്തുവിട്ടിരുന്നു.