UPDATES

വിദേശം

‘ഡയാനയെ പോലെ ദുഖിതയായി’ കേറ്റ്

ആരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായി പറയുന്ന സാറ റോസ് ഹാന്‍ബറി?

                       

കഴിഞ്ഞ കുറച്ചു മാസങ്ങളായി ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തമുഖമാണ് കാതറിന്‍ മിഡില്‍ടണ്‍. ബ്രിട്ടീഷ് രാജവംശത്തിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്നി പൊതുവേദികളില്‍ നിന്നും ഒഴിഞ്ഞു മാറിയിട്ട് നാളുകളായി. 42 കാരിയായ വെയ്ല്‍സ് രാജകുമാരി തന്റെ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തതെന്നു മാത്രമായിരുന്നു ഏറെ നാളത്തെ അന്വേഷണത്തിന് കിട്ടിയ ഉത്തരം. എന്നാല്‍ രാജകുമാരിക്ക് എന്താണ് അസുഖമെന്ന കാര്യം കെന്നിംഗ്സ്റ്റണ്‍ കൊട്ടരത്തില്‍ നിന്നും ഉണ്ടായില്ല. രാജകുമാരി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും, ആശുപത്രിയില്‍ രണ്ടാഴ്ച്ചയും തുടര്‍ന്ന് കൊട്ടാരത്തില്‍ മൂന്നുമാസത്തോളവും ചികിത്സയില്‍ തന്നെ തുടരുകയായിരുന്നുവെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഏറെ ഊര്‍ജ്ജസ്വലയും പൊതുവേദികളില്‍ നിറസാന്നിധ്യവുമായിരുന്ന കേറ്റ്(കാതറിന്‍) പഴയ ഉത്സാഹത്തോടെ തിരിച്ചുവരുന്നതും കാത്തിരിക്കുകയായിരുന്നു ജനങ്ങള്‍.

എന്നാല്‍, കാര്യങ്ങളിപ്പോള്‍ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. വനിതാദിനത്തില്‍ കേറ്റും മൂന്നു മക്കളുമായുള്ള ഒരു ചിത്രം പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് ജനതയെ ആഹ്ലാദിപ്പിച്ച ഫോട്ടോ. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതൊരു വിവാദ ചിത്രമായി മാറി. വില്യം രാജകുമാരന്‍ എടുത്തതെന്ന് കൊട്ടാരം അവകാശപ്പെട്ട ആ ഫോട്ടോ ഒരു ഫോട്ടോഷോപ്പ് ചിത്രമായിരുന്നുവെന്ന് ലോകം വൈകാതെ തിരിച്ചറിഞ്ഞു.

ആ ഫോട്ടോയുടെ പേരിലല്ല, ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുന്നത്. കേറ്റും വില്യവും തമ്മിലുള്ള ദാമ്പത്യബന്ധം തകരുന്നു എന്ന വാര്‍ത്തകളും ചര്‍ച്ചകളുമാണ് നടക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ കടന്നു വന്നിരിക്കുന്ന സാറ റോസ് ഹന്‍ബറിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മാര്‍ഷനെസ് ഓഫ് ചെമ്‌ലി(Marchioness of Cholmond-eley) ആയ സാറയും വില്യമും തമ്മില്‍ അടുപ്പത്തിലാണെന്നും, ഇവരുടെ ബന്ധം കേറ്റിനെ തകര്‍ത്തിരിക്കുകയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. കേറ്റ് ഇപ്പോള്‍ ‘ ഡയാന രാജകുമാരിയെപ്പോലെ ദുഖിതയാണെ’ന്ന തരത്തിലാണ് ചില റിപ്പോര്‍ട്ടുകള്‍.

40 കാരിയായ റോസ് കേറ്റിന്റെയും വില്യത്തിന്റെയും അടുത്ത സുഹൃത്ത് ആയാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. അതേ സുഹൃത്ത് തന്നെ രാജകീയ ദമ്പതിമാര്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നതായി പറയുന്നു.

1984 മാര്‍ച്ച് 15 ന് ജനിച്ച സാറ റോസ് ഹാന്‍ബറി പൊതുരംഗത്ത് പ്രശസ്തയാകുന്ന ഒരു മോഡല്‍ എന്ന നിലയിലായിരുന്നു. ഫാഷന്‍ മോഡലിംഗില്‍ തിളങ്ങിയ സാറ, കുറച്ചു കാലം കണ്‍സര്‍വേറ്റീവ് നേതാവ് മൈക്കിള്‍ ഗോവിനൊപ്പം ഗവേഷകയായും പ്രവര്‍ത്തിച്ചിരുന്നു. തലമുറകളായി രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സാറ റോസ് ഹാന്‍ബറിയുടെ കുടുംബം. 1947 ല്‍ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹ ചടങ്ങില്‍ വധുവിന്റെ തോഴിമാരില്‍ ഒരാളായിരുന്നു സാറയുടെ മുത്തശ്ശി, ലേഡി എലിസബത്ത് ലാംബെര്‍ട്ട് എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴാമത്ത് മാര്‍ക്വെസ് ചെമ്‌ലിയായ ഡേവിഡ് ചെമ്‌ലിയുമായുള്ള വിവാഹത്തോടെയാണ് അവര്‍ മാര്‍ഷ്‌നെസ് ഓഫ് ചെമ്‌ലിയാകുന്നത്. ബ്രിട്ടീഷ് പ്രഭു പദവിയില്‍ ഡ്യൂക്ക് കഴിഞ്ഞാല്‍ തൊട്ടുപിന്നില്‍ വരുന്ന പാരമ്പര്യ പദവിയാണ് മാര്‍ക്വെസ്. എലിസബത്ത് രാജകുമാരിയുടെ കാലത്ത് വെയ്ല്‍സിലെ രാജകുമാരനും രാജകുമാരിയും(വില്യമും കേറ്റും) കേംബ്രിഡ്ജിലെ ഡ്യൂക്ക്, ഡച്ചസ് ആയിരുന്നു. അധികാരശ്രേണിയില്‍ മാര്‍ക്വെസ്-മാര്‍ഷനെസ് ഓഫ് ചെമ്‌ലിയുടെ തൊട്ട് മുകളില്‍ വരുന്നതാണ് ഡ്യൂക്കും ഡച്ചസും. എലിസബത്ത് രാജകുമാരിയുടെ മരണശേഷം വില്യമിന്റെ പിതാവ് ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജാവായി സ്ഥാനാരോഹണം ചെയ്തതോടെയാണ് ഡ്യൂക്ക്-ഡച്ചസ് പദവിയില്‍ നിന്നും വില്യമും കേറ്റും വെയ്ല്‍സ് രാജകുമാരനും-രാജകുമാരിയുമായി ഉയര്‍ത്തപ്പെട്ടത്.

വിവാഹശേഷം സാറ ബ്രിട്ടീഷ് രാജകുടുംബവുമായി കൂടുതല്‍ അടുത്തു. കൊട്ടാരവുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെ അംഗമായതോടെ വില്യം രാജകുമാരനും കേറ്റും റോസിന്റെ അടുത്ത സുഹൃത്തുക്കളായി മാറി. 2009 ല്‍ ആയിരുന്നു റോസും ഡേവിഡും തമ്മിലുള്ള വിവാഹം. കല്യാണത്തിന് ശേഷം ദമ്പതിമാര്‍ ഹ്യൂട്ടണ്‍ ഹാള്‍ എസ്റ്റേറ്റിലേക്ക് അവരുടെ താമസം മാറ്റി. ഹ്യൂട്ടണ്‍ ഹാള്‍, കേറ്റിന്റെയും വില്യമിന്റെയും കൊട്ടാരത്തിന് സമീപത്തായിരുന്നു. അങ്ങനെയവര്‍ അയല്‍ക്കാരുമായി.

വില്യമും സാറയും തമ്മില്‍ ബന്ധത്തിലാണെന്നതിന് സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങളിലും ടിവി ഷോകളിലും ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും ചര്‍ച്ചകളും തകൃതിയായി നടക്കുന്നുണ്ട്. ബ്രിട്ടന്റെ അടുത്ത കിരീടാവകാശിക്ക് പുതിയ ബന്ധം എന്ന നിലയിലാണ് ചര്‍ച്ചകള്‍ പോകുന്നത്. കേറ്റ് മിഡില്‍ടണിന്റെ അസാന്നിധ്യത്തില്‍ രാജ്യം ആകെ തളര്‍ന്നിരിക്കുകയാണ്. കേറ്റിന്റെ അസാന്നിധ്യം അവളുടെ ഭര്‍ത്താവും ഇംഗ്ലണ്ടിലെ ഭാവി രാജാവുമായ വില്യമുമായി ബന്ധമുള്ളതാകാമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷകര്‍ ഊഹിക്കുന്നതെന്നായിരുന്നു അവതാരകന്‍ സ്റ്റീഫന്‍ കോള്‍ബെര്‍ട്ട് തന്റെ ടിവി ഷോയായ ദ ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബെര്‍ട്ടില്‍ പറഞ്ഞത്.

അതേസമയം, തന്റെ പേരില്‍ പടരുന്ന അഭ്യൂഹങ്ങള്‍ എല്ലാം നിഷേധിച്ച് സാറ റോസ് ഹാന്‍ബറി രംഗത്തുവന്നിട്ടുണ്ട്. പൂര്‍ണമായും തെറ്റായത് എന്നാണ് എല്ലാ ആരോപണങ്ങളെയും തള്ളിക്കൊണ്ടവര്‍ പറഞ്ഞതെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് ജനത ആശങ്കയിലാണ്. അവര്‍ ഡയാന രാജകുമാരിയെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. കേറ്റും ഡയാനയെ പോലെ ബ്രിട്ടീഷ് രാജകൊട്ടാരം വിട്ട് ഇറങ്ങുമോയെന്നാണ് അവര്‍ ആകുലപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍