UPDATES

ഓഫ് ബീറ്റ്

സഞ്ജയ് ലീല ബൻസാലി ചിത്രത്തിനിടെ വിഷാദ രോഗം ബാധിച്ചെന്ന് മനീഷ കൊയ്‌രാള

കാൻസർ അതിജീവിതയാണ് നടി

                       

സഞ്ജയ് ലീല ബൻസാലിയുടെ സിനിമ ഷൂട്ടിംഗിനിടെ താൻ വിഷാദത്തിലൂടെ കടന്നു പോയതായി മനീഷ കൊയ്‌രാള. ഈയിടെ റിലീസ് ചെയ്ത ഹീരമാണ്ഡി : ദി ഡയമണ്ട് ബസാറിൽ പ്രധാന കഥാപത്രത്തെ മനീഷ അവതരിപ്പിച്ചിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. താനൊരു കാൻസർ അതിജീവിതയാണെന്നും ആരോഗ്യം അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കണമെന്നും മനീഷ പറയുന്നു. എന്നാൽ ഹീരമാണ്ഡി യുടെ ഷൂട്ടിംഗ് തന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചതായി നടി പറയുന്നു.

“അർബുദം ബാധിച്ച എനിക്ക് ശരീരവും മനസ്സും എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന് അറിയാം. അവർ പരസ്പരം ആശ്രയിക്കുന്നുണ്ട്. ഇപ്പോഴും ഞാൻ വിഷാദാവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, ഞാൻ ഹീരമാണ്ഡി ചെയ്യുമ്പോൾ, അത് എന്നെ വളരെയധികം ആരോഗ്യപരമായി ബാധിച്ചു. എൻ്റെ മാനസികാവസ്ഥ മാറുകയാണെന്ന് എനിക്ക് മനസിലായി തുടങ്ങി. എന്നാൽ ഈ ഘട്ടത്തിലൂടെ തുടർന്ന് പോകാനും അതിനു പുറത്ത് കടന്നാൽ ആരോഗ്യം സംരക്ഷിക്കാമെന്ന ചിന്തയിലുമായിരുന്നു. ”അവർ എൻഡിടിവിയോട് പറഞ്ഞു.

“ജീവിതത്തിൽ എനിക്ക് ഒരുപാട് കടപ്പാടുണ്ട്. ഒരുപാട് നല്ല നിമിഷങ്ങൾ, ശ്രദ്ധേയമായ വേഷങ്ങൾ, മികച്ച സംവിധായകർ, സൗഹൃദങ്ങൾ എന്നിവയെല്ലാം ജീവിതത്തിലൂടെ കടന്നു പോയി. പക്ഷെ കാലം എപ്പോഴും എന്നെ പരീക്ഷിച്ചു കൊണ്ടിരുന്നു. ദൈവത്തോടാണ് ഞാൻ ആദ്യം കടപ്പെട്ടിരിക്കുന്നത്. കാൻസറിനോട് പോരാടിയതിന് ശേഷമുള്ള രണ്ടാം ജീവിതമാണിത്. ജീവിതത്തിലെ ഏറ്റവും താഴ്ന്ന ആഴങ്ങൾ ഞാൻ കാണുകയും തെറ്റായ വഴികളിലൂടെ കടന്നുപോകുകയും ചെയ്തിട്ടുണ്ട്. ജീവിതം അതിൻ്റെ എല്ലാ ഉയർച്ചയും താഴ്ച്ചകളും ഉള്ള ഒരു നല്ല അധ്യാപകനായിരുന്നു, സമയത്തിൻ്റെ മൂല്യം ഞാൻ ഇപ്പോൾ കൂടുതൽ തീവ്രമായി മനസ്സിലാക്കുന്നു,” അവർ തന്റെ കാൻസർ പോരാട്ടത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഒരു നീണ്ട കുറിപ്പ് എഴുതി. മനീഷ കൊയ്‌രാളയ്ക്ക് 2012 ലാണ് കാൻസർ കണ്ടെത്തുന്നത്. 2014 ന്റെ പകുതിയോടെ അവർ സുഖം പ്രാപിച്ചു.

രണ്ട് വ്യത്യസ്ത വികാരങ്ങളിലൂടെ താൻ കടന്നു പോകുന്നതായി മനീഷ വിവരിച്ചു: ഒരു ദിവസം ആവേശകരമാണെങ്കിൽ അടുത്ത ദിവസം പിരിമുറുക്കം നിറഞ്ഞതായിരിക്കാം. അതുമല്ലെങ്കിൽ ശാന്തവും സമാധാനപരവുമായിരിക്കും. താൻ ഇപ്പോൾ തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലാണെന്ന് അവർ പറഞ്ഞു. ”എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടം. വാർദ്ധക്യത്തിലാകുന്ന എൻ്റെ മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കുക, നേപ്പാളിലെ പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന വഴികളിലൂടെ യാത്ര ചെയ്യുക, എൻ്റെ മനോഹരമായ പൂന്തോട്ടം പരിപാലിക്കുക, ഫുർബേബികളെ പരിചരിക്കുക, ആത്മീയതക്ക് വേണ്ടി സമയം ചിലവഴിക്കുക, ഒരുപക്ഷേ ഒരു സിനിമ ചെയ്യുക എന്നിവയാണ് ഇപ്പോഴത്തെ എൻ്റെ ദിനചര്യകൾ. ” താൻ ബഹുമാനിക്കുന്ന ആളുകളുമായി പ്രവർത്തിക്കാൻ മാത്രമാണ് തലപര്യമെന്നും അവർ പറയുന്നു. അതുകൊണ്ട് തന്നെ വളരെ ചുരുക്കം ആളുകളുടെ സിനിമകൾ ചെയ്യാനാണ് താൽപ്പര്യമെന്നും അവർ പറഞ്ഞു. സഞ്ജയ് ലീല ബൻസാലിയുടെ (SLB) കൂടെ പ്രവർത്തിക്കാനുള്ള ഒരു ഓഫർ ലഭിച്ചപ്പോൾ, തൻ്റെ സമാധാനപരമായ ജീവിതം താൽക്കാലികമായി മാറ്റി വക്കുന്നത് ഗുണം ചെയ്യുമെന്ന് തോന്നി.അതുകൊണ്ടാണ് ആരോഗ്യം പോലും പരിഗണിക്കാതെ അഭിനയിച്ചതിനും അവർ പറയുന്നു.

മനീഷയെ കൂടാതെ സോനാക്ഷി സിൻഹ, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, അദിതി റാവു ഹൈദരി, ഷർമിൻ സെഗൽ മേത്ത, ഫരീദ ജലാൽ, ഫർദീൻ ഖാൻ, ജേസൺ ഷാ, ശേഖർ സുമൻ, അധ്യായൻ സുമൻ എന്നിവരും ഹീരമാണ്ഡിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഇത് നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

English summary; Manisha Koirala Says She Battled Depression During Heeramandi Shoot

Share on

മറ്റുവാര്‍ത്തകള്‍