November 14, 2024 |

സിഖ് മതനേതാക്കളെ വെല്ലുവിളിച്ച് ഡിംപിള്‍-മനീഷ വിവാഹം

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. എന്നാല്‍, രാജ്യത്തിപ്പോഴും സ്വവര്‍ഗ വിവാഹം ‘ തെറ്റായകാര്യ’മായി തന്നെയാണ് പല മതങ്ങളും കാണുന്നത്. പഞ്ചാബില്‍ അടുത്തിടെ നടന്ന എല്‍.ജി.ബി.ടി.ക്യു വിവാഹം വിവാദമായതും അതിനാലാണ്. 27 കാരിയായ ഡിംപിളും 21 കാരിയായ മനീഷയും സെപ്തംബര്‍ 18 ന് പഞ്ചാബിലെ ഭട്ടിന്‍ഡ നഗരത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെയാണ് വിവാഹിതരായത്. ഇന്ത്യയെപ്പോലെ വളരെ യാഥാസ്ഥിതിക ചിന്താഗതികള്‍ പിന്തുടരുന്ന ഒരു രാജ്യത്ത് ഇത് വളരെ അസാധാരണമായൊരു സംഭവമായിരുന്നു. അതിലും അസാധാരണമായ […]

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. എന്നാല്‍, രാജ്യത്തിപ്പോഴും സ്വവര്‍ഗ വിവാഹം ‘ തെറ്റായകാര്യ’മായി തന്നെയാണ് പല മതങ്ങളും കാണുന്നത്. പഞ്ചാബില്‍ അടുത്തിടെ നടന്ന എല്‍.ജി.ബി.ടി.ക്യു വിവാഹം വിവാദമായതും അതിനാലാണ്.

27 കാരിയായ ഡിംപിളും 21 കാരിയായ മനീഷയും സെപ്തംബര്‍ 18 ന് പഞ്ചാബിലെ ഭട്ടിന്‍ഡ നഗരത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെയാണ് വിവാഹിതരായത്. ഇന്ത്യയെപ്പോലെ വളരെ യാഥാസ്ഥിതിക ചിന്താഗതികള്‍ പിന്തുടരുന്ന ഒരു രാജ്യത്ത് ഇത് വളരെ അസാധാരണമായൊരു സംഭവമായിരുന്നു. അതിലും അസാധാരണമായ കാര്യമെന്തെന്നാല്‍, ഇരുവരുടെയും വിവാഹം സിഖ് ഗുരുദ്വാരയില്‍ വരനും വധുവും പരമ്പരാഗതമായ എല്ലാ വിധ ചടങ്ങുകളും അനുഷ്ടിച്ചു കൊണ്ടുള്ളതായിരുന്നു എന്നതാണ്.

കുടുംബത്തിന്റെ ആശിര്‍വാദത്തോടെ നടന്ന വിവാഹം അംഗീകരിക്കാന്‍ സിഖ് മതനേതൃത്വത്തിനായില്ല. ‘സ്വവര്‍ഗ വിവാഹം പ്രകൃതിവിരുദ്ധവും സിഖ് ധാര്‍മ്മികതയ്ക്ക് വിരുദ്ധവുമാണെന്ന്’ എന്നായിരുന്നു പരമോന്നത പുരോഹിതനായ ഗ്യാനി രഗ്ബീര്‍ സിംഗ് ഉള്‍പ്പെടെയുള്ള മത നേതാക്കളുടെ വിമര്‍ശനം.

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ സാന്നിധ്യത്തില്‍ രണ്ട് സ്ത്രീകളുടെ വിവാഹം നടത്തിയത് ധാര്‍മ്മികവും മതപരവുമായ ലംഘനമാണെന്നാരോപിച്ച്, വിവാഹം നടത്തിയ പുരോഹിതന്‍ ഹര്‍ദേവ് സിങ്ങിനെയും മൂന്ന് പേരെയും സസ്പെന്‍ഡ് ചെയ്യാന്‍ ഭട്ടിന്‍ഡ ഗുരുദ്വാര കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹര്‍ദേവ് സിംഗിനെ പുരോഹിത സ്ഥാനത്തുനിന്നും നീക്കം ചെയ്തു. മറ്റുള്ളവരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നത് വരെ വിലക്കുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകളിലൊരാള്‍ തലപ്പാവ് ധരിച്ചിരുന്നതിനാല്‍ വധുവും വരനും സ്ത്രീകളാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പുരോഹിതന്‍ ഹര്‍ദേവ് സിങ് പിന്നീട് സ്വയം ന്യായീകരിക്കാന്‍ പറഞ്ഞത്. ഇതിനു മറുപടിയായി വരനായ ഡിംപിള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഇരുവരുടെയും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ ഗുരുദ്വാരയില്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഇത്തരം ആശയകുഴപ്പങ്ങള്‍ക്ക് യാതൊരു സാധ്യതയില്ലെന്നും ഡിംപിള്‍ വ്യക്തമാക്കികൊണ്ട് ഹര്‍ദേവ് സിങ്ങിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തു.

ഡിംപിള്‍ മന്‍സ ജില്ലയില്‍ നിന്നുള്ള വ്യക്തിയാണ്. മനീഷ ഭട്ടിന്‍ഡക്കാരിയും. രണ്ട് പ്രദേശങ്ങളും എല്‍ജിബിടിക്യു+ അവകാശങ്ങള്‍ വളരെ വിരളമായി ചര്‍ച്ചചെയ്യപ്പെടുന്ന ഉള്‍ പ്രദേശങ്ങളാണ്. ജാട്ട് സിഖ് എന്ന ഉയര്‍ന്ന ജാതിയില്‍ പെടുന്ന ഡിംപിളും ദളിത് ഹിന്ദുവായ മനീഷയും പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഡിന് സമീപമുള്ള സിരാക്പൂരിലെ ഒരു വസ്ത്രനിര്‍മ്മാണശാലയില്‍ വെച്ചാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരുടെയും ആനന്ദ് കരാജിന് (സിഖ് വിവാഹ ചടങ്ങ്) 70 ഓളം ബന്ധുക്കള്‍ പങ്കെടുത്തിരുന്നു. ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളില്‍, ഡിംപിള്‍ പരമ്പരാഗത സിഖ് വരന്റെ വേഷത്തില്‍ പൂമാലകെട്ടിയ മെറൂണ്‍ തലപ്പാവിലും മനീഷ കൈനിറയെ ചുവന്ന വളകളണിഞ്ഞ് മെറൂണില്‍ സ്വര്‍ണ്ണപണികള്‍ ചെയ്ത സല്‍വാറിലുമാണുള്ളത്.

ഷര്‍ട്ടും ട്രൗസറും ധരിച്ച് മുടി ആണ്‍ കുട്ടികളുടേതുപോലെ ചെറുതാക്കി വയ്ക്കുന്ന ഡിംപിള്‍, തനിക്ക് ആണ്‍കുട്ടികളോട് താല്‍പ്പര്യമില്ലെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ തന്നെ മനസ്സിലാക്കുകയും തന്റെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പിന്തുണ നല്‍കുകയും ചെയ്‌തെന്നു ഡിംപിള്‍ പറയുന്നു.

മാതാപിതാക്കളുടെ ഏക കുട്ടിയായ ഡിംപിള്‍ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുകയും ഒരു ഡോക്ടറെ സമീപിക്കുകയും ചെയ്തിരുന്നു എന്നാല്‍ ശസ്ത്രക്രിയയുടെ അപകട സാധ്യതകളെ കുറിച്ച് മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചതിനാല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

2017-ല്‍ ജോലിയുടെ ആവശ്യത്തിനായി സിറക്പൂരിലേക്ക് മാറിയതിന് ശേഷമാണ് എല്‍.ജി.ബി.ടി.ക്യു+ പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് നേടുന്നത്. അവിടെ, എന്റെ സാഹചര്യം മനസ്സിലാക്കിയ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളെയും ലഭിച്ചു. ‘ഒപ്പം യൂട്യൂബില്‍ നിന്നും എനിക്ക് അവബോധം ലഭിച്ചിരുന്നു. മനീഷ തന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമാണ്, പലപ്പോഴും എന്റെ മുന്‍ കാമുകിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത് മനീഷയ്ക്ക് എനിക്ക് ഒരു മികച്ച പങ്കാളിയാകാന്‍ കഴിയുമെന്ന്. അവള്‍ക്കുമെന്നെ ഇഷ്ടമായിരുന്നു. ചാറ്റുകള്‍ വഴി പിന്നീട് കൂടുതല്‍ അടുത്തു ഒരു മാസം മുമ്പ് ഔദ്യോഗികമായി ദമ്പതികളായി,’ ഡിംപിള്‍പറയുന്നു.

എന്നാല്‍ ഡിംപിളിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാതാപിതാക്കളെ സമ്മതിപ്പിച്ചെടുക്കാന്‍ കുറച്ച് പരിശ്രമിക്കേണ്ടി വന്നുവെന്നാണ് മനീഷ പറയുന്നത്. ”ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ പറ്റില്ലായെന്ന് എന്റെ അമ്മ തറപ്പിച്ച് പറഞ്ഞു. ഒടുവില്‍ ഞാന്‍ സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ എനിക്കിഷ്ടമുള്ളയാളെ കല്യാണം കഴിക്കണമെന്നു ഞാന്‍ ബോധ്യപ്പെടുത്തി. അമ്മ പിന്നീട് അച്ഛനെയും സമ്മതിപ്പിച്ചു”; മനീഷയുടെ വാക്കുകള്‍.

ഇതിനൊക്കെ ശേഷമാണ് ഞങ്ങളുടെ മാതാപിതാക്കള്‍ തമ്മില്‍ കാണുകയും വിവാഹത്തീയതി തീരുമാനിക്കുകയും ചെയ്തത്. ഡിംപിള്‍ സിഖ് ആചാരങ്ങള്‍ പിന്തുടരുന്നതിനാല്‍ സിഖ് ആചാരപ്രകാരം വിവാഹം നടത്താന്‍ താല്‍പര്യമുണ്ടെന്ന് ഡിംപിളിന്റെ മാതാപിതാക്കള്‍ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ഗുരുദ്വാര പുരോഹിതനെ സമീപിക്കുന്നത്. തങ്ങള്‍ ഒരിക്കലും തങ്ങളുടെ ഐഡന്റിറ്റി മറച്ചു വെച്ചിട്ടില്ലെന്നും ഭട്ടിന്‍ഡ ഗുരുദ്വാര കമ്മിറ്റി നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്തു. സിഖ് മതത്തിന്റെ പരമോന്നത മതസംഘടനയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി , ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് മതാചാരങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

2018-ലാണ് ഇന്ത്യ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കിയത്. എന്നാല്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇപ്പോഴും ഔദ്യോഗിക അംഗീകാരമില്ല. വിവാഹ തുല്യത ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയിപ്പോള്‍ സ്വവര്‍ഗ വിവാഹം നിയമപരമല്ല. അതിനാല്‍, ഭിന്നലിംഗക്കാരായ ദമ്പതികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ ഡിംപിളിനും മനീഷയ്ക്കും ലഭിക്കില്ല. അതേ സമയം ഇവരുടെ വിവാഹം ഒരു കുറ്റമായി കണക്കാക്കുവാനും സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisement