ഒരു ‘മാതൃക കുടുംബത്തിന്’ വേണ്ടി സഹനത്തിന്റെയും ക്ഷമയുടെയും പര്യായമായി എങ്ങനെയാണ് സമൂഹം സ്ത്രീകളെ വളര്‍ത്തിയെടുക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ ഇങ്ങനെ പരിശീലിപ്പിച്ചെടുക്കാന്‍ ഏതു മാര്‍ഗമാണ് സ്വീകരിക്കാറുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വഭാവം, ജീവിത രീതി, ജീവിത ശൈലി, ധരിക്കുന്ന വസ്ത്രം, സംസാര ഭാഷ, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍; പട്ടിക ഇനിയും നീണ്ടുകൊണ്ടിരിക്കും. ഈ ചട്ടക്കൂടിനുളളില്‍ എത്ര പേര്‍ ശ്വാസം മുട്ടി കാലം കഴിച്ചിരിക്കും, എത്ര പേര്‍ ജീവിച്ചുകൊണ്ടിരിക്കുന്നുണ്ടാകും? എത്ര പേരെ ഇനി ഇതിലേക്ക് തള്ളി ഇട്ടുകൊണ്ടിരിക്കും? ഈ അവകാശങ്ങളെല്ലാം നിഷേധിക്കുക മാത്രമാണോ ചെയ്യുന്നത്? കാലാകാലങ്ങളായി അധികാരം കയ്യാളുന്നവര്‍ തങ്ങളുടെ കീഴാളര്‍ക്ക് അവകാശം നിഷേധിക്കുക മാത്രമല്ല ചെയ്തിരുന്നത്, ആ അവകാശത്തെ പറ്റി അവരെ അജ്ഞരാക്കുക കൂടി ചെയ്തിരുന്നില്ലേ? അത് തന്നെയാണ് സമൂഹവും സ്ത്രീകളോട് ചെയുന്നതെന്ന് തെളിയിക്കുകയാണ് ഷംന ഷെറിന്‍ എന്ന അഭിഭാഷക ചവിട്ടി കയറിയ അതിജീവനത്തിന്റെ പാതകളത്രയും. മൂന്ന് വര്‍ഷം മുമ്പാണ് ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ഖുല്‍അ ഇന്ത്യയില്‍ നിയമവിധേയമാക്കുന്നത്. ഈ നിയമസാധുതകള്‍ ഉപയോഗപ്പെടുത്തി വിവാഹബന്ധം വേര്‍പ്പെടുത്തിയ വളരെ ചുരുക്കം സ്ത്രീകളിലൊരാളാണ് ഷംന. ഈ രീതി ഇവിടെ ഫലപ്രദമായി ഉപയോഗിക്കാത്തത് അതിനെ കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കാത്തതുകൊണ്ടാണെന്ന്ഷംന അഴിമുഖത്തോടു പറയുന്നു.
സാധരണ ഗതിയില്‍ പുരുഷന്‍ സ്ത്രീയെ മൊഴി ചൊല്ലുന്ന രീതിയാണ് തലാഖ്. തലാഖ് നല്‍കാന്‍ പുരുഷന്മാര്‍ തയ്യാറാകാത്ത കാലത്തോളം സ്ത്രീകള്‍ക്ക് മറ്റൊരു വിവാഹബന്ധത്തിലേക്ക് കടക്കാന്‍ സാധിക്കില്ല. എന്നാല്‍ പുരുഷന് മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടാം.സ്ത്രീക്കും പുരുഷനും ഇക്കാര്യത്തില്‍ ഖുറാന്‍ തുല്യത നല്‍കുന്നുണ്ടെന്ന് ഷംന പറയുന്നു. ഇസ്ലാമില്‍ തലാഖ് അല്ലാതെ സ്ത്രീയുടെ പക്ഷത്തു നിന്നും ഉണ്ടാകാവുന്ന വിവാഹമോചനത്തെ രണ്ടു രീതിയില്‍ തരം തിരിച്ചിരിക്കുന്നു. ഫസ്‌ക് എന്നറിയപ്പെടുന്നവ്യവസ്ഥയില്‍ സ്ത്രീയുടെ അപേക്ഷ പ്രകാരം ഒരു വിവാഹം അസാധുവായതായി പ്രഖ്യാപിക്കാം. എന്നാല്‍ ഇത് പുരുഷന്‍ കൂടി അംഗീകരിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ ഈ വ്യവസ്ഥ ഉപാധികളില്ലാത്ത അവകാശം സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. പക്ഷെ ഖുല്‍അ വ്യവസ്ഥ ഇതിനെ മറികടക്കുന്നുണ്ട്. ഖുറാനില്‍ തലാഖിന് സമാനമായി സ്ത്രീക്ക് പ്രത്യക്ഷത്തില്‍ അനുവദിക്കുന്ന അവകാശമാണ് ഖുലാ. ഇത് റിവേഴ്സ് തലാഖ് എന്നപേരിലും അറിയപ്പെടുന്നുണ്ട്. പങ്കാളി അനുവദിച്ചില്ലെങ്കില്‍ കൂടിയും ഇതിലെ വ്യവസ്ഥകള്‍ സ്ത്രീകള്‍ക്ക് വിവാഹമോചനം അനുവദിച്ചു നല്‍കുന്നുണ്ട്. പലപ്പോഴും മഹര്‍ (സ്ത്രീധനം) തിരികെ നല്‍കുന്നതിലൂടെ വിവാഹമോചനം നേടാം.
ഈ വ്യവസ്ഥയെ പറ്റി കാര്യമായ അവബോധം പരമ്പരാഗതമായി തന്നെ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് ഷംന പറയുന്നു. മദ്രസകളില്‍ മതപഠനം നടത്തുമ്പോള്‍ പോലും ഈ നിയമങ്ങളുടെ പൂര്‍ണരൂപമോ, ഇവ തമ്മിലുള്ള വ്യത്യാസമോ പരാമര്‍ശിക്കാറില്ല. ഇത്തരം നിയമങ്ങളെക്കുറിച്ചറിയുന്ന സ്ത്രീകള്‍, ടോക്‌സിക് ബന്ധങ്ങളില്‍ നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍നിലനില്‍പ്പില്ലാതാകുന്നത് പുരുഷാധിപത്യത്തിന് കൂടിയാണ്. പുരുഷനുള്ള അതെ സ്വാതന്ത്ര്യം സ്ത്രീക്കും ഖുറാന്‍ കല്‍പ്പിച്ചു നല്‍കുമ്പോഴും, ഈ വ്യവസ്ഥകളില്‍ പുരുഷന്റെ അനുവാദം നിര്‍ബന്ധമാണെന്ന വാദമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ മുന്നോട്ടു വക്കുന്ന ഈ വിവാഹ മോചന വ്യവസ്ഥയുടെ ആവശ്യകതയെന്താണ്. സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ദളിത് സ്ത്രീകളെക്കാള്‍ വിദ്യാഭ്യാസത്തിലടക്കം പിന്നില്‍ മുസ്ലിം സ്ത്രീകളാണെന്നാണ്. ഈ അവസ്ഥയിലേക്കെത്തിക്കുന്നത് സ്ത്രീകള്‍ക്ക് സമുദായത്തില്‍ നിന്ന് ലഭിക്കുന്ന കുറവ് സ്വാതന്ത്രം കൊണ്ട് കൂടിയാണ്. കൂടാതെ പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ മുസ്ലിം വ്യക്തിനിയമങ്ങളിലടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍ ചുരുക്കമാണ്. ഖുറാന്റെ പരിഭാഷ തയ്യാറാക്കുന്നതും, വ്യക്തിനിയമങ്ങള്‍ പഠിപ്പിക്കുന്നതുമെല്ലാം പുരുഷന്റെ വീക്ഷണകോണില്‍ നിന്നായിരിക്കും.
ഖുറാന്‍ തുടങ്ങുന്നത് തന്നെ വായിക്കുക എന്ന പദത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ഞാന്‍ വായനയിലൂടെ സമ്പാദിച്ചതാണ്. നിയമപഠനത്തിന്റെ ഭാഗമായാണ് ഈ രീതികളെയും വ്യവസ്ഥകളെയും കൂടുതല്‍ ഉള്‍ക്കൊണ്ടത്. ഒരു പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിന്റെ ഇരയായതുകൊണ്ടാണ് വിവാഹബന്ധത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തീരുമാനിക്കുന്നത്. ജെഎന്‍യുവിലെ ഉന്നത പഠനം, പഠനത്തോടൊപ്പമുള്ള എഴുത്ത് ഇതിനൊന്നും വീട്ടില്‍ നിന്ന് അനുവാദം ഉണ്ടായിരുന്നില്ല. ഫാറൂഖ് കോളേജില്‍ ബിരുദം ചെയ്യുന്നതിനിടെ ഒരു വിദ്യാഭ്യാസ പരിപാടിക്ക് മോഡറേറ്റര്‍ ആയി സംഘാടകര്‍ ഒരിക്കല്‍ ക്ഷണിച്ചിരുന്നു. അത്രയും വലിയ അവസരം നഷ്ടപ്പെടുത്താന്‍ കഴിയാതിരുന്നതിനാലാണ് മതപരമായ വസ്ത്രം ധരിച്ചു വീട്ടില്‍ അറിയിക്കാതെ പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്ക് ശേഷം അത്രയും ആള്‍കൂട്ടം നോക്കി നില്‍ക്കേ സദസ്സില്‍ നിന്ന് രക്ഷിതാവ് വീട്ടിലേക്ക് വഴക്കടിച്ചു കൊണ്ടുവന്ന അനുഭവം വരെ ഉണ്ടായിട്ടുണ്ട്. ഈ സ്വാതന്ത്രമില്ലായ്മയില്‍ നിന്ന് പുറത്തുകടക്കാന്‍ മറ്റേത് പെണ്‍കുട്ടികളെ പോലെ തെരഞ്ഞെടുത്ത വഴിയും വിവാഹമായിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ വിവാഹത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മാനസികമായും ശാരീരികമായും മുറിവേറ്റ നിലയിലായിരുന്നു. വിദ്യാഭ്യാസ്യം പൂര്‍ത്തിയാക്കിയ ഉടന്‍ എനിക്ക് വിവാഹമോചനത്തിന് അപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ എന്റെ രക്ഷിതാവില്‍ നിന്ന് പോലും പിന്തുണ ലഭിച്ചിരുന്നില്ല. വിവാഹമോചനമെന്ന ആവിശ്യം പല കുറി തഴയപ്പെട്ടു. ഇതോടെയാണ് ഞാന്‍ സ്വയം തീരുമാനമെടുത്ത് ഖുല്‍അ വഴി വിവാഹമോചനം നേടുന്നത്.
ഇത്തരം ടോക്‌സിക് ബന്ധങ്ങളില്‍ നിന്ന് സ്ത്രീകള്‍ ഇറങ്ങിനടക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം ചെയ്യുക ഭാര്യയെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയെന്നതാണ്. ആ ബന്ധത്തില്‍ ഒരു കുഞ്ഞു കൂടി പിറന്നു കഴിഞ്ഞാല്‍ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള അവസരങ്ങളും പിന്തുണയും താരതമ്യേന കുറഞ്ഞു തുടങ്ങും. അത്തരത്തില്‍ വിവാഹബന്ധങ്ങളില്‍ കുടുങ്ങി കിടക്കേണ്ടി വന്ന നിരവധി സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹബന്ധത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികള്‍ പഠനവും വ്യക്തി ജീവിതവും കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ പലപ്പോഴും പോരാടേണ്ടി വരും. പലര്‍ക്കും ഇതിനുള്ള അവസരങ്ങളും നന്നേ കുറവാണ്. അങ്ങനെയുള്ളവരെ സംബന്ധിച്ചു പങ്കാളിയെ സാമ്പത്തികപരമായി പോലും അശ്രയിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ പെണ്‍ക്കുട്ടികള്‍ക്ക് ബന്ധം വേര്‍പ്പെടുത്താനുള്ള അവസരങ്ങള്‍ പോലും കുറവായിരിക്കും. ശാരീരികവും മാനസികവുമായി ക്ഷതമേല്‍പ്പിക്കുന്ന ബന്ധങ്ങളില്‍ നിന്ന് മോചനം നേടാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സാമ്പത്തികപരവുമായ പിന്തുണയാണ് ആവശ്യം. സ്ത്രീകളെ സംബന്ധിച്ച് വൈകാരിക തലം മുതല്‍ സ്വാതന്ത്ര്യം നേടുന്നതിന് സാമ്പത്തിക സ്വാതന്ത്രം അത്യന്താപേക്ഷികമാണ്. മൂലധനത്തിന്റെ അടിത്തറയില്ലാതെ ഈ പോരാട്ടവും എന്നെ പോലുള്ള സ്ത്രീകള്‍ക് ദുസ്സഹമാവും. ആഗോളതലത്തില്‍ തന്നെ ഈ മൂലധനം വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് പുരുഷകേന്ദ്രീകൃതമായാണ്. ഈ മൂലധനത്തിന് വേണ്ടി വിദ്യാഭ്യാസപരമായി മുന്നേറുകയെന്നതാണ് സ്ത്രീകള്‍ക്ക് ചെയ്യാനുള്ളത്. പറയുന്ന അത്ര ലാഘവത്തില്‍ ആ അവസരം എല്ലാവര്‍ക്കും ലഭിക്കുന്നുമില്ല.
യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് പല തരത്തിലുള്ള പിന്തുണ ലഭിക്കില്ല. പലപ്പോഴും ഈ സാഹചര്യങ്ങളാണ് പുരുഷന്മാര്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ശാരീരികമായും മാനസികമായും ദുരുപയോഗം ചെയ്യുന്ന വിവാഹങ്ങളില്‍ നിന്ന് മോചനം തേടാന്‍ ധൈര്യമില്ലത്ത മറ്റൊരു വിഭാഗം സ്ത്രീകളുമുണ്ട്. ഞാന്‍ മനസിലാക്കിയതുവച്ചു വിദ്യാസമ്പന്നരായ സ്ത്രീകളെ പോലും ഈ ഭയം വേട്ടയാടുന്നുണ്ട്. ഇതിനെ നേരിടാനുള്ള ധൈര്യം സ്ത്രീകള്‍ക്ക് ലഭിക്കാത്തത് നിയമത്തെ പറ്റി മതിയായ ധാരണയില്ലാത്തതുകൊണ്ടു കൂടിയാണ്. റിവേഴ്സ് തലാഖ് മുതല്‍, ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധനം പോലുള്ള കാര്യങ്ങളിലും സ്ത്രീകളെ ശക്തമായി പിന്തുണക്കുന്ന പല നിയമങ്ങളും ഇവിടെയുണ്ട്. പലരും ഇതിനെ കുറിച്ചു അറിയുന്നില്ലെന്നതാണ് വാസ്തവം. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ ഉത്തരവാദിത്തപെട്ട വിഭാഗം അഭിഭാഷകരാണ്. നിയമങ്ങളെ കുറിച്ച് അറിയാത്തതുകൊണ്ട് മാത്രം ദുരിതമനുഭവിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ടി, സമൂഹത്തിന്റെ മാറ്റത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ വിഭാവനം ചെയ്യാന്‍ സാധിക്കുന്ന സാമൂഹ്യസേവനം കൂടിയാണ് എന്നെ സംബന്ധിച്ച് കറുത്ത കുപ്പായം. നിയമപഠനം തെരഞ്ഞെടുത്തില്ലെങ്കില്‍ ഈ വിവാഹമോചനത്തെ കുറിച്ചറിയാതെ ഞാനിപ്പോഴും ആ ബന്ധത്തില്‍ കുരുങ്ങി കിടക്കേണ്ടി വരുമായിരുന്നു. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നിയമ സാക്ഷരതയും കൂടി സമൂഹം ആര്‍ജിക്കേണ്ടിയിരിക്കുന്നു. ഷംന ഉറച്ച സ്വരത്തില്‍ പറഞ്ഞവസാനിപ്പിക്കുന്നു.
മലപ്പുറം തിരൂര്‍ സ്വദേശിയാണ് ഈ അഭിഭാഷക. യാഥാസ്ഥിക ഇസ്ലാമിക കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടി ആയതുകൊണ്ട് തന്നെ വിദ്യാഭ്യാസം നേടുന്നതില്‍ വരെ കുടുംബത്തില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നു. വിവാഹമോചനം ആവശ്യപ്പെട്ടത് ധാരാളം എഴുതുകയും വായിക്കുകയും ചെയ്യുന്ന ഷംനയെ വിചിത്ര സ്വഭാവമുള്ള ആളായത് കൊണ്ടാണെന്നാണ് രക്ഷിതാവടക്കം പറഞ്ഞിരുന്നത്. പിന്നീടാണ് വിവാഹം നടക്കുന്നതും, എല്‍എല്‍ബി പഠനത്തിറങ്ങുന്നതും. പഠനത്തിടയില്‍ കുഞ്ഞ് പിറന്നു. പ്രസവത്തിനു ശേഷം പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനിലേക്കും തള്ളപ്പെട്ടു. ഇത്തരം അവസ്ഥകളില്‍ നില്‍ക്കുന്ന അമ്മമാര്‍ പലപ്പോഴും കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ ഈ സഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരാത്ത പുരുഷനെ പറ്റി എന്തുകൊണ്ട് ചിന്തിക്കുന്നില്ലെന്ന് ഷംന ചോദിക്കുന്നുണ്ട്. ഈ ബാധ്യതകളും, വൈകാരിക മാനസിക പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നത് എല്ലായ്പ്പോഴും സ്ത്രീകളായതുകൊണ്ടാണെന്നും ഷംന ചൂണ്ടികാണിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കണ്ട് നിരവധിപേര്‍ നിയമസഹായത്തിനായി ഉപദേശം തേടുന്നുണ്ടെന്നും ഷംന പറയുന്നു.