UPDATES

സ്വപ്‌നം സഫലമായി; ചന്ദ്രനില്‍ ഇറങ്ങി ഇന്ത്യ

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാണ് ഇന്ത്യ

                       

ഇനി നമുക്കും പറയാം ചന്ദ്രനിലെ കഥകള്‍ സ്വന്തമായി. ഒരിക്കല്‍ ഉടഞ്ഞുപോയ മോഹങ്ങള്‍, കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഇപ്പോള്‍ സഫലമായിരിക്കുന്നു; ആയിരമായിരം ചന്ദ്രശോഭയോടെ. ബഹിരാകാശ ചരിത്രത്തില്‍ അദ്ധ്യായങ്ങള്‍ എഴുതാന്‍ ഇന്ത്യയെ പ്രാപ്തമാക്കി ഇന്ത്യന്‍ സമയം വൈകിട്ട് 6.04 ന് ആണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഇതോടെ എലൈറ്റ് സ്‌പേസ് ക്ലബ്ബില്‍ ഇനി നമ്മളുണ്ട്. ഈ നേട്ടം സ്വന്തമാക്കിയതോടെ യു എസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യയുമെത്തി.

ഇന്ത്യയുടെ വിജയകരമായ ഈ ചാന്ദ്രദൗത്യത്തിന് ചില പ്രത്യേകതകളുമുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭാഗമാണ് ദക്ഷിണധ്രുവം.

കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കൊപ്പം രാജ്യത്തിന്റെ അഭിമാനനേട്ടത്തിന്റെ ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലുള്ള പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയാണ് പങ്കുചേര്‍ന്നത്. ‘ഈ നിമിഷം അമൂല്യവും അഭൂതപൂര്‍വവുമാണ്. ഈ നിമിഷം പുതിയ ഇന്ത്യയുടെ വിജയത്തെ പ്രഖ്യാപിക്കുന്നു. ഈ നിമിഷം 1.4 ബില്യണ്‍ ഹൃദയമിടിപ്പുകളുടെ ശക്തിയാണ്’- പ്രധാനമന്ത്രി തന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് രാജ്യത്തോടായി പറഞ്ഞു. രാജ്യത്തിന്റെ ശാസ്ത്രജ്ഞന്മാരുടെ ക്ഷമയ്ക്കും അത്യദ്ധ്വാനത്തെയും പ്രധാനമന്ത്രി എടുത്തു പറഞ്ഞ് അഭിനന്ദിച്ചു.

ബുധന്‍ വൈകുന്നേരം 5.45 ഓടെയാണ് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നായി ചന്ദ്രോപരിതലത്തിലേക്കുള്ള ലാന്‍ഡര്‍ ആയ വിക്രത്തിന്റെ ലാന്‍ഡിംഗ് ആരംഭിക്കുന്നത്. ലാന്‍ഡിംഗിന് മുന്നോടിയായി നിരവധി സൂക്ഷ്മമായ നീക്കങ്ങള്‍ നടത്തിയിരുന്നു. നാല് എഞ്ചിനുകളാല്‍ പ്രവര്‍ത്തിക്കുന്ന വിക്രം, അവസാന 30 കിലോമീറ്ററില്‍ വേഗത കുറയ്ക്കാനും തന്ത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗിനുമായി രണ്ടെണ്ണത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. അടുത്ത 14 ദിവസത്തേക്ക് -ഒരു ചാന്ദ്രദിനത്തിന് തുല്യമായത്- പ്രഗ്യാന്‍ റോവറില്‍ നിന്നും ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നുള്ള ചിത്രങ്ങളും ഡാറ്റയും അയയ്ക്കും. 14 ദിവസത്തിന് ശേഷം, സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് കണക്കിലെടുക്കുമ്പോള്‍, അതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകാന്‍ സാധ്യതയുണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിജയകരമായ ലാന്‍ഡിംഗ് ചന്ദ്രോപരിതലത്തില്‍ വലിയ തോതില്‍ പൊടിപടലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പൊടി നീങ്ങിയാല്‍ മാത്രമാണ് റോവര്‍ പ്രഗ്യാന് ഉപരത്തിലൂടെ ചലിക്കാന്‍ സാധിക്കുകയുള്ളൂ. ഭൂമിയില്‍ നിന്ന് വ്യത്യസ്തമായി, താഴ്ന്ന ഗുരുത്വാകര്‍ഷണം കണക്കിലെടുക്കുമ്പോള്‍ ചന്ദ്രനില്‍ പൊടി അടിഞ്ഞുകൂടില്ല.

ജൂലൈ 14 ന് ഉച്ചതിരിഞ്ഞ് 2.35 നാണ് ചന്ദ്രയാന്‍-3 പേടകവുമായി മാര്‍ക്ക്-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും വേര്‍പ്പെടുത്തിയ പേടകത്തെ ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്ന മാതൃ പേടകത്തില്‍ നിന്നും ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കുന്നത് ഈ മാസം 17-ന് ആയിരുന്നു. ഇന്ത്യയെ ആകാംക്ഷയുടെ ആകാശ പാതയിലെത്തിച്ച് ഓഗസ്റ്റ് 19 ആം തീയതി ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ കാമറയില്‍ നിന്നുള്ളതും(അപ്പോള്‍ അകലം ചന്ദ്രോപരിതലത്തില്‍ നിന്നും 70 കിലോമീറ്റര്‍) പിറ്റേദിവസം പുലര്‍ച്ചെ(അപ്പോള്‍ അകലം 25 കിലോമീറ്റര്‍-ചന്ദ്രോപരിതലത്തില്‍ നിന്നുള്ള ഏറ്റവും അടുത്ത സ്ഥലം) ലാന്‍ഡര്‍ ഇമേജര്‍ കാമറ-4 പകര്‍ത്തിയ ചന്ദ്ര ദൃശ്യങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തു വിട്ടു. അതു മുതലുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍