2001-ല്‍ ആണ് നയീം അഹമ്മദ് പാക് അധിനിവേശ കശ്മീരിലെ മിര്‍പൂരില്‍ നിന്നും നോട്ടിംഗ്ഹാമിലേക്ക് കുടിയേറുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് ജീവിത സഖിയായ മുസ്രത് ഹുസൈനുമായി ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ഒരു നല്ല ജീവിതമായിരുന്നു സ്വപ്‌നം. കിട്ടിയ ജോലി ടാക്‌സി ഓടിക്കലായിരുന്നു. ജീവിതത്തിന്റെ വളയം തിരിച്ച് അയാള്‍ മുന്നോട്ടു നീങ്ങി. നയീമിന് മൂന്നു കുട്ടികള്‍ ജനിച്ചു-റഹീം, റഹാന്‍, ഫര്‍ഹാന്‍. തുടര്‍ന്നുള്ള അയാളുട ലക്ഷ്യം മക്കളുടെ ഭാവി മാത്രമായിരുന്നു. താന്‍ ആഗ്രഹിച്ചിട്ട് കിട്ടാതിരുന്ന ജീവിതം മക്കള്‍ക്കും നഷ്ടപ്പെടരുതെന്ന് തീരുമാനിച്ചുറപ്പിച്ചൊരു പിതാവായിരുന്നു അയാള്‍.
നയീം അഹമ്മദിന് ഒരു സ്വപ്‌നമുണ്ടായിരുന്നു. ഇന്ത്യയിലും പാകിസ്താനിലുമുള്ള ഏതൊരാളുടെ മനസിലുമുണ്ടാകുന്ന ആഗ്രഹം; ഒരു ക്രിക്കറ്റ് താരമാവുക! ഒരു ഫാസ്റ്റ് ബൗളര്‍ ഓള്‍ റൗണ്ടര്‍ ആവുകയെന്നതായിരുന്നു നയീമിന്റെ കുട്ടിക്കാല സ്വപ്നം. ക്ലബ്ബ് ലെവല്‍ വരെ അയാള്‍ തന്റെ ക്രിക്കറ്റ് മോഹങ്ങളുമായി നടന്നു. അതിനപ്പുറത്തേക്ക് പോകാന്‍ ജീവിത ബുദ്ധിമുട്ടുകള്‍ അയാള്‍ക്ക് തടസ്സമായി. അങ്ങനെയാണയാള്‍ ഇംഗ്ലണ്ടിലെത്തുന്നത്. അവിടെ അയാള്‍ തന്റെ സ്വപ്‌നങ്ങള്‍ സഫലമാക്കി കൊണ്ടിരിക്കുകയാണ്; മക്കളിലൂടെ.
ഈ പിതാവ് ഇന്ന് ലോകത്ത് അറിയിപ്പെടുന്നൊരു ‘താരം’ ആണ്. അതിനു കാരണമായിരിക്കുന്നത് നയീമിന്റെ രണ്ടു മക്കളായ റഹാനും ഫര്‍ഹാനുമാണ്. റഹാന്‍ ഇംഗ്ലണ്ട് സീനിയര്‍ ടെസ്റ്റ് ടീമിലെ അംഗമാണ്, ഇളയവന്‍ ഫര്‍ഹാന്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ലോകകപ്പ് ടീമിലെ താരവും.
കഴിഞ്ഞ ഡിസംബറിലാണ് കറാച്ചിയില്‍ നടന്ന പാകിസ്താനെതിരായ ടെസ്റ്റില്‍ റഹാന്‍ അരങ്ങേറുന്നത്. മുന്‍ നായകന്‍ നാസര്‍ ഹുസൈനില്‍ നിന്നാണ് റഹാന്‍ ടെസ്റ്റ് ക്യാപ് സ്വീകരിക്കുന്നത്. പുതിയൊരു ചരിത്രം കൂടിയെഴുതിയാണ് റഹാന്‍ ഇംഗ്ലീഷ് ടീമിലേക്ക് കയറിയത്. പ്രായം 18 വയസും 128 ദിവസവുമായിരുന്നു, ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അന്ന് നയീം അഹമ്മദിന് സാധിച്ചില്ല. അയാള്‍ക്ക് ഇംഗ്ലണ്ടില്‍ നിന്നും പാകിസ്താനില്‍ എത്താന്‍ കഴിയാതെ വന്നു. എന്നാല്‍, അതേ മാറ്റുള്ള മറ്റൊരു സ്വപ്‌നം കൂടി അയാളുടെ ജീവിതത്തില്‍ വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാകും. നയീമിന്റെ ഇളയ മകന്‍ ഫര്‍ഹാന്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുമെന്നാണ് വിവരം.
മക്കളുടെ കളി കാണാന്‍ വേണ്ടി ഇപ്പോള്‍ ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ് നയീം. ഒരു മാസത്തോളം അയാള്‍ ഇന്ത്യയിലുണ്ടായിരുന്നു. വിജയവാഡയില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം ഉള്‍പ്പെട്ട ചതുര്‍രാഷ്ട്ര പരമ്പരയില്‍ 15 കാരന്‍ ഫര്‍ഹാനും കളിച്ചിരുന്നു. ഇപ്പോള്‍ നയീം ഉള്ളത് കരിബീയന്‍ മണ്ണിലാണ്. ആന്റ്വിഗയില്‍ റഹാന്‍ കളിക്കുന്നുണ്ട്.
‘ഒരു പിതാവ് എന്ന നിലയില്‍ ഞാനിപ്പോള്‍ ചന്ദ്രനും മുകളില്‍ നില്‍ക്കുകയാണ്’ ആന്റ്വിഗയില്‍ വച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിക്കുമ്പോള്‍ പറഞ്ഞ ഈ വാചകത്തില്‍ അയാളുടെ സന്തോഷം മുഴുവന്‍ അടങ്ങിയിട്ടുണ്ട്.
‘ അവര്‍ കാരണം(മക്കള്‍) ഞാനിപ്പോള്‍ ഒരു ലോക സഞ്ചാരിയായിരിക്കുകയാണ്. കഴിഞ്ഞ മാസം വിജയവാഡയിലായിരുന്നു, ഫര്‍ഹന്റെ കളികാണാന്‍, ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ കരീബിയയിലെത്തി, റഹാന്‍ കളിക്കുന്നത് കാണാന്‍. എന്റെയുള്ളിലെ ക്രിക്കറ്റ് കളിക്കാരന്‍ സംതൃപ്തനാണ്, ഒരു പിതാവ് എന്ന നിലയിലും സന്തോഷവാനാണ്, എന്നാല്‍, ഒരു കോച്ചായും മെന്ററായും പറയുകയാണെങ്കില്‍, അവര്‍ അവരുടെ കഠിനാധ്വാനം ഇരട്ടിയാക്കണം’-നയീം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്ന കാര്യമാണ്.
ഫര്‍ഹാന്‍ ഓഫ് സ്പിന്നര്‍ ആണ്. ഇന്ത്യയില്‍ നടന്ന ചതുര്‍രാഷ്ട്ര പരമ്പരയില്‍ നാല് മത്സരങ്ങള്‍ കളിച്ച ഫര്‍ഹാന്‍ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. പുതിയകാല ഓഫ് സ്പിന്നര്‍ എന്നാണ് നയീം മകനെ വിശേഷിപ്പിക്കുന്നത്. അവനിപ്പോള്‍ 15 വയസ് മാത്രമെ ആയിട്ടുള്ളൂ, നാളെയവന്‍ എന്താകുമെന്ന് പറയാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഞാന്‍ കരുതുന്നത് അവന്‍ മികച്ചത് തന്നെ നേടുമെന്നാണ്. ഇതൊക്കെ ആസ്വദിക്കൂ എന്നാണ് ഞാന്‍ ഫര്‍ഹാനോട് പറഞ്ഞത്, അന്താരാഷ്ട്ര അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ റഹാനോടും ഇതാണ് പറഞ്ഞുകൊടുത്തത്. ഈ പ്രായത്തില്‍ അവര്‍ സമ്മര്‍ദ്ദങ്ങളില്ലാതെ വേണം കളിക്കാന്‍’- നയീമിന്റെ വാക്കുകള്‍.
ഒരു ക്രിക്കറ്റ് കളിക്കാരന്റെ അവസാനിക്കാത്ത സ്വപ്‌നങ്ങളും കൂടെക്കൊണ്ടായിരുന്നു നയീം ഇംഗ്ലണ്ടിലെത്തിയത്. ജീവിക്കാന്‍ വേണ്ടി വേറെ വഴിയിലൂടെ സഞ്ചരിക്കേണ്ടി വന്നെങ്കിലും ഉള്ളിലെ മോഹം അയാള്‍ ഉപേക്ഷിച്ചിരുന്നില്ല. എന്നാല്‍, മക്കളെ അയാള്‍ ഒരിക്കലും ക്രിക്കറ്റിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിയതുമില്ല. എങ്കിലും അവരുടെ രക്തത്തില്‍ അതുണ്ടായിരുന്നു. കുട്ടികള്‍ വളര്‍ന്നപ്പോള്‍ ഞങ്ങളുടെ വീടൊരു ക്രിക്കറ്റ് ഗ്രൗണ്ടായി മാറി, ഇടയ്‌ക്കൊക്കെ ഞാനും അവര്‍ക്കൊപ്പം കൂടി’ നയീം പറയുന്നു.
വീട്ടില്‍ രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ ഉണ്ടായിട്ടും നയീമിന്റെ ഉള്ളില്‍ ഒരു വേദനയുണ്ട്. മക്കളില്‍ ഏറ്റവും കൂടുതല്‍ കഴിവുള്ളയാള്‍ മൂത്തമകന്‍ റഹീം ആയിരുന്നു. സമ്മര്‍ദ്ദത്തിനടിപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കേണ്ടതായിരുന്നുവെന്നാണ് നയീം പറയുന്നത്.
‘ എന്റെ മൂന്നു മക്കളെയും പരസ്പരം താരതമ്യം ചെയ്യാന്‍ എന്നിക്കാകില്ല. എങ്കിലും റഹീം കുറച്ചു കൂടി കഴിവുള്ളവനായിരുന്നു. അവന്‍ ഒരു ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറും മോശമല്ലാത്തെ കളിക്കുന്ന ബാറ്ററുമായിരുന്നു. എന്നാല്‍ അവന്റെ 16 മത്തെ വയസില്‍ അവന്‍ കടുത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു പോയി. അല്ലായിരുന്നുവെങ്കില്‍ 2022-ലെ അണ്ടര്‍ 19 ലോകകപ്പില്‍ അവന്‍ ഇംഗ്ലണ്ടിനുവേണ്ടി ഉറപ്പായും കളിക്കുമായിരുന്നു. അവന്‍ പക്ഷേ ഉറപ്പായും തിരിച്ചുവരും. നോട്ടിംഗ്ഹാംഷെയര്‍ സെക്കന്‍ഡ് ഇലവനില്‍ കളിക്കുകയാണ്. ഞാന്‍ ഉറപ്പിച്ചു പറയുന്നു, അവന്റെ പേരും നിങ്ങള്‍ സമീപഭാവിയില്‍ തന്നെ കേള്‍ക്കും. ഷൊയ്ബ് അക്തറിനെ ആരാധിക്കുന്ന ഇടങ്കയ്യന്‍ പേസറാണ് റഹീം.
റഹാന്റെ അന്താരാഷ്ട്ര അരങ്ങേറ്റമത്സരമാണ് നയീമിന്റെ ജീവിതത്തിലെ അതുല്യമായ ഓര്‍മകളാണ്. ‘ അവന്‍ കുറച്ചു കാലമായി ദേശീയ ടീം സിലക്ടര്‍മാരുടെ റഡാറിന് കീഴില്‍ തന്നെയുണ്ടായിരുന്നു. പക്ഷേ, അവന്‍ കറാച്ചിയില്‍ കളിക്കാനിറങ്ങിയപ്പോള്‍ എല്ലാം നിശ്ചലമായി പോയൊരു അവസ്ഥയായിരുന്നു തനിക്കെന്നാണ് നയീം പറയുന്നത്. ഷെയ്ന്‍ വോണ്‍ ആണ് റഹാന്റെ ആരാധന കഥാപാത്രം. കറാച്ചിയില്‍ വച്ചാണ് ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ കാഠിന്യം എന്താണെന്ന് റഹാന്‍ തിരിച്ചറിയുന്നതെന്ന് നയീം പറയുന്നു. ആദ്യ അഞ്ചോവറില്‍ 37 റണ്‍സ് അവന്‍ വിട്ടുകൊടുത്തു. ഒരു വിക്കറ്റ് കിട്ടാന്‍ 17 ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. സൗദ് ഷക്കീല്‍ ആയിരുന്നു അവന്റെ ആദ്യ ഇര. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാബര്‍ അസമിന്റെ ഉള്‍പ്പെടെ അഞ്ചു വിക്കറ്റുകള്‍ നേടി പാക് മധ്യനിരയെ തകര്‍ത്തൂ.
തന്റെ 11 മത്തെ വയസില്‍ തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയതാണ് റഹാന്‍. നെറ്റ് ബൗളിംഗില്‍ ബെന്‍ സ്‌റ്റോക്കിന്റെയും അലിസ്റ്റര്‍ കുക്കിന്റെയും വിക്കറ്റുകള്‍ പിഴുതായിരുന്നു കൊച്ച് റഹാന്‍ ഏവരെയും അത്ഭുതപ്പെടുത്തിയത്. ലോര്‍ഡ്‌സിലെ ആ നെറ്റ് പരിശീലനത്തിന് സാക്ഷിയായിരുന്ന ഷെയ്ന്‍ വോണും റഹാനെ അഭിനന്ദിക്കാന്‍ മുന്നിലുണ്ടായിരുന്നു. അന്ന് വോണ്‍ നടത്തിയ പ്രവചനം, 15 മത്തെ വയസില്‍ റഹാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമെന്നായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകാനുള്ള ശ്രമവും റഹാന്‍ നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിലെ ലേലത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ആരും ലേലം കൊണ്ടിരുന്നില്ല. എന്നാല്‍, ഇത്തവണ ചില ഫ്രാഞ്ചൈസികളുടെ കണ്ണുകള്‍ റഹാന്റെമേലുണ്ടെന്നാണ് വിവരം.
നയീമിനുമുണ്ട് അങ്ങനെയൊരു ആഗ്രഹം; ‘ പണത്തിനു വേണ്ടിയല്ല, ഐപിഎല്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നത്, ലോകത്തിലെ മികച്ച കളിക്കാര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാം, അവര്‍ക്കൊപ്പം പരിശീലനം നടത്താം, അതൊക്കെ റഹാനെ ഒരു മികച്ച താരമാക്കി മാറ്റും’ നയീം സ്വപ്‌നം കാണുന്നു. നയീമിന്റെ ആഗ്രഹം, തന്റെ മൂന്നു മക്കളും ഐപിഎല്‍ കളിക്കണമെന്നതാണ്.