അഡള്‍ട്ട് മൂവി നായിക സോഫിയ ലിയോണ്‍ അന്തരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 26 കാരിയായ സോഫിയയുടെ മരണകാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. മാര്‍ച്ച് ഒന്നിന് യു എസിലെ മയാമിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സോഫിയയുടെ മരണ വിവരം പുറത്തു വന്ന് ഒരു ദിവസം കഴിയുമ്പോള്‍ രതിചിത്ര ലോകത്തെ മറ്റൊരു പ്രശസ്തയായിരുന്ന എമിലി വില്ലീസ് കോമയിലാണെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് എമിലി വില്ലീസ് കോമയില്‍ ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയ എമിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അര്‍ജന്റീനക്കാരിയായ എമിലി അമേരിക്കയിലെ യൂട്ടയിലാണ് തന്റെ ജീവിതകാലം കൂടുതലും ചെലവഴിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള താരമാണ് എമിലി. രണ്ടു വര്‍ഷം മുമ്പ് പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും പിന്‍വാങ്ങിയ താരം കാലിഫോര്‍ണിയായിലെ ഒരു പുനരധിവാസ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞുവന്നത്. അവിടെ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. പുനരധിവാസ കേന്ദ്രത്തില്‍ വച്ചായിരുന്നു ഹൃദയാഘാതം വരുന്നത്. 25 കാരിയായ എമിലി അമിതമായി ലഹരി ഉപയോഗിക്കുമായിരുന്നുവെന്നാണ് വിവരം. ഇതുമൂലം പല ആരോഗ്യപ്രശ്‌നങ്ങളും അവളെ അലട്ടിയിരുന്നു. പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ വെറും 40 കിലോമാത്രമായിരുന്നു എമിലിയുടെ ശരീരഭാരം എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മരണത്തോട് പോരാടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് എമിലിയിപ്പോള്‍ ഉള്ളതെന്നാണ് അവരുടെ സഹോദരന്‍ മൈക്കിള്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പ്രതികരിച്ചത്. എമിലിയുടെ ചികിത്സ ചെലവുകള്‍ക്കായി ധനസഹായം തേടുന്നുണ്ട് കുടുംബം. GoFundME എന്നൊരു പേജ് ധനസമാഹരണാര്‍ത്ഥം കുടുംബം ആരംഭിച്ചിട്ടുണ്ട്. 38 ലക്ഷത്തിനു മുകളില്‍ ഇപ്പോള്‍ എമിലിയുടെ ചികിത്സ ചെലവിനായി ലഭിച്ചിട്ടുണ്ട്.
തന്റെ സഹോദരിയെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്, ലഹരിവിമുക്ത ചികിത്സക്കാണെന്ന വാര്‍ത്തയും മൈക്കിള്‍ നിഷേധിച്ചു. അമിതയളവില്‍ ലഹരി മരുന്ന് കഴിച്ചിതാണ് ഹൃദയാഘാതത്തിനു കാരണമെന്ന റിപ്പോര്‍ട്ടും മൈക്കിള്‍ തള്ളിക്കളഞ്ഞു.
രതി ചിത്ര ലോകത്ത് നിന്നും പിന്‍വാങ്ങിയശേഷം വിനോദവ്യവസായത്തിലെ മറ്റ് മേഖലകളില്‍ വിജയം നേടാനുള്ള ആഗ്രഹത്തിലായിരുന്നു എമിലിയെന്നും സഹോദരന്‍ പറഞ്ഞു.
സോഫിയ ലിയോണിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ എമിലി വില്ലീസിന്റെ രോഗവിവരവും പുറത്തു വന്നതോടെ പുതിയ ചില ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ടാണ് രതിചിത്ര അഭിനേതാക്കള്‍ ഒന്നിനുപിറകെ ഒന്നായി ആരോഗ്യപ്രശ്‌നങ്ങളില്‍ വീണു പോകുന്നതെന്നാണ് ചോദ്യം. സമീപകാലത്തായി പല രതി ചിത്ര നായികമാരും അകാല മരണത്തിന്റെ ഇരകളായിരുന്നു. സോഫിയ ലിയോണിനു മുമ്പ്, കാഗ്നി ലീ, ജെസീ ജെയ്ന്‍. തൈന ഫീല്‍ഡ് എന്നീ അഭിനേത്രികളും പൊടുന്നനെ മരണപ്പെടുകയായിരുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദവും, അതുപോലെ ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും നടിമാരുടെ ആരോഗ്യാവസ്ഥ മോശമാക്കുകയും അവരെ മരണത്തിലേക്കോ ആത്മഹത്യയിലേക്കോ തള്ളിവിടുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സോഫിയ ലിയോണ്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു. കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ഫോണ്‍ പോലും അവള്‍ എടുക്കാറില്ലായിരുന്നു. ഏകാകിയായ ജീവിതത്തിനിടയിലാണ് മരണവും. പൊലീസ് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമാണ് സോഫിയയുടെ മരണ കാരണത്തില്‍ വ്യക്തത വരികയുള്ളൂ. അതേസമയം, സോഫിയ ലിയോണ്‍ കൊല്ലപ്പെടതാണോ എന്ന സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട്.