June 26, 2026 |
Share on

ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമല്ലാതായ അയര്‍ലന്‍ഡ്

വംശീയാക്രമണത്തിന് ഇരകളായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍

ആ പെണ്‍കുട്ടിയുടെ മുഖത്ത് ഒരു കൂട്ടം ആണ്‍കുട്ടികള്‍ ചേര്‍ന്ന് അടിക്കുമ്പോള്‍ അവള്‍ക്ക് വെറും ആറ് വയസാണ് പ്രായമെന്ന കാര്യം അവര്‍ ഗൗനിച്ചതേയില്ല. അടികൊണ്ടും നിര്‍ത്തിയില്ല ആ തെമ്മാടിക്കൂട്ടം. അവരാ കൊച്ചുപെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സൈക്കിള്‍ ഇടിപ്പിച്ചു. കൗണ്ടി വാട്ടര്‍ഫോര്‍ഡ് ഹൗസിംഗ് എസ്‌റ്റേറ്റിലെ പിള്ളേര്‍ക്ക് ഒരു കൊച്ചു പെണ്‍കുട്ടിയോട് അത്രയും വൈരാഗ്യം തോന്നാന്‍ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ; അവളൊരു ഇന്ത്യക്കാരിയാണെന്നത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരേ നടക്കുന്ന വംശീയാക്രമണത്തിന്റെ തുടര്‍ച്ചയായിരുന്നു ആ കൊച്ചു പെണ്‍കുട്ടിക്കും ഏല്‍ക്കേണ്ടി വന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പടിഞ്ഞാറന്‍ ഡബ്ലിന്റെ പ്രാന്തപ്രദേശമായ ടാലയില്‍ ഒരു ഇന്ത്യക്കാരനെ ഒരു സംഘം കൗമരക്കാര്‍ ചേര്‍ന്ന് ആക്രമിച്ചത്. ക്രൂരമായി മര്‍ദിച്ചശേഷം ആ മനുഷ്യനെ ഭാഗികമായി അവര്‍ വിവസ്ത്രനാക്കി. ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ആ ശരീരം കാമറയിലുമാക്കി രസിച്ചു. ഇത് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഡബ്ലിന്റെ മറ്റൊരു നഗരപ്രാന്തമായ ക്ലന്‍ഡാല്‍കിനില്‍ മറ്റൊരു ഇന്ത്യക്കാരന്‍ ഉപദ്രവിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും പുറകിലും കാലുകളിലും ക്രൂരമായ അടികളേറ്റു. എല്ലുകള്‍ ഒടിയുകയും ശരീരത്തില്‍ നിരവധി മുറിവുകള്‍ സംഭവിക്കുകയും ചെയ്തു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വടക്കന്‍ ഡബ്ലിനിലും സമാനമായ ആക്രമണം നടന്നു. അവിടെ നഗരപ്രാന്തമായ ബാലിമണിലെ ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവറാണ് യാത്രക്കാരായ രണ്ട് ഐറിഷ് യുവാക്കുകളുടെ ആക്രമണത്തിന് ഇരയായത്. വെള്ളക്കുപ്പിക്കള്‍ കൊണ്ട് അവര്‍ അയാളുടെ മുഖത്ത് പലതവണയടിച്ചു.

ഈ അക്രമികളെല്ലാം അവരുടെ ക്രൂരത നടത്തിയശേഷം ഇന്ത്യക്കാരോട് അലറി പറയുന്നത് ഒറ്റക്കാര്യമാണ്; നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകൂ’

ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കെതിരേ അയര്‍ലന്‍ഡില്‍ ഇപ്പോള്‍ പരക്കെ ആക്രമണം നടക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെ ഇത്തരം ആക്രമണങ്ങളില്‍ പങ്കാളികളാകുന്നുവെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. അക്രമികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അയര്‍ലന്‍ഡ് പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കുമെതിരേ കേസ് എടുത്തിട്ടില്ലെന്നാണ് ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ നീതികാര്യവകുപ്പിന് മുന്‍പില്‍ കഴിഞ്ഞ ദിവസം നിശബ്ദ പ്രതിഷേധം നടത്തിയിരുന്നു. അതേസമയം, ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാനും, ആളൊഴിഞ്ഞ പ്രദേശങ്ങള്‍ ഒഴിവാക്കാനുമാണ് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ അവിടുത്തെ ഇന്ത്യന്‍ സമൂഹം വലിയ ഞെട്ടലോടെയാണ് കാണുന്നത്. കാരണം, ഏറ്റവും സുരക്ഷിതമായൊരിടമായിട്ടായിരുന്നു ഇത്രയും നാള്‍ അയര്‍ലന്‍ഡിനെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ കണ്ടിരുന്നത്. ആ ധാരണയാണ് തെറ്റിയിരിക്കുന്നത്. ഇന്ത്യക്കാര്‍ വംശീയ ആക്രമണം നേരിടുന്ന വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ വിഷയം കൂടുതല്‍ നയതന്ത്രപ്രാധാന്യം നേടുന്നതായാണ് ബ്രിട്ടീഷ് മാധ്യമങ്ങളും പറയുന്നത്.

എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല? വംശീയാക്രമണത്തിന് ഇരയായ പഞ്ചാബ് സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ദി ഗാര്‍ഡിയനോട് താന്‍ ഉപദ്രവിക്കപ്പെട്ട വിവരം പങ്കുവച്ചുകൊണ്ട് തിരക്കുകയാണ്. ട്രാഫിക്കില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുമ്പഴാണ് ബൈക്കില്‍ എത്തിയ രണ്ടു പേര്‍ എന്നെ അടിച്ചത്. അവരെന്തിനാണ് അത് ചെയ്തതെന്നു പോലും മനസിലായില്ല, അദ്ദേഹം പറയുന്നു.

കുടിയേറ്റം വര്‍ദ്ധിക്കുന്നു എന്നതാണ് സ്വദേശികളെ പ്രകോപിതരാക്കുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്. 1990 കള്‍ മുതല്‍ വളര്‍ച്ച നേടിയ കുടിയേറ്റം, ഒരുകാലം വരെ തദ്ദേശജനത മാത്രമുണ്ടായിരുന്ന അയര്‍ലന്‍ഡിന്റെ ജനസംഖ്യയില്‍ സമൂലമായ മാറ്റം വരുത്തി. ഇന്നവിടുത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വിദേശിയരാണ്.

കുടിയേറ്റം തങ്ങളുടെ സാമ്പത്തിക-സാമൂഹിക അവസ്ഥകളില്‍ സാരമായ മാറ്റം കൊണ്ടുവന്നുവെന്നാണ് തദ്ദേശീയര്‍ നിരാശപ്പെടുന്നത്. സമീപ വര്‍ഷങ്ങളിലായി വീടുകളുടെയും വസ്തുക്കളുടെയും വില താങ്ങാനാകുന്നതിനും മേലേ പോകുന്നത്, കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും എതിരേയുള്ള അയര്‍ലന്‍ഡുകാരുടെ നീരസത്തിന് ആക്കം കൂട്ടുന്നുണ്ട്. കുടിയേറ്റക്കാര്‍ കൂടിയതോടെ തങ്ങള്‍ക്ക് താമസിക്കാന്‍ വീടുകള്‍ പോലും കിട്ടുന്നില്ലെന്നാണ് തദ്ദേശീയ യുവാക്കളുടെ പ്രധാന ആരോപണം. അവരുടെ പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറി. ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുള്ള ക്യാമ്പുകള്‍ അക്രമിക്കപ്പെടുകയുണ്ടായി. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ജൂണ്‍ മുതല്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ളവര്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട് എന്നാണ്. അക്രമിക്കപ്പെടുന്നവരില്‍ പലരും വര്‍ഷങ്ങളായി അയര്‍ലന്‍ഡില്‍ താമസിക്കുന്നവരാണ്. ടാക്‌സി ഡ്രൈവര്‍മാര്‍, ടെക് ജീവനക്കാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവരാണ് പ്രധാനമായും ഉപദ്രവിക്കപ്പെടുന്നത്.

മുന്‍കാലങ്ങളില്‍ ചെറിയ തോതിലുള്ള പ്രകോപനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോഴത് ക്രൂരമായ ശാരീരികാക്രമണങ്ങളിലേക്ക് മാറിയിരിക്കുകയാണ്. അത് വര്‍ദ്ധിക്കുന്നുമുണ്ട്് എന്നാണ് കോര്‍ക്കില്‍ കഴിഞ്ഞ 18 വര്‍ഷമായി താമസിക്കുന്ന പാകിസ്താനി കവിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഫഹ്‌മേദ നഹീദ് ദി ഗാര്‍ഡിയനോട് പറഞ്ഞത്.

കുടിയേറ്റ വിരുദ്ധ മനോഭാവം അവിടെ രാഷ്ട്രീയമായ മുതലെടുപ്പിനും കാരണമായിട്ടുണ്ട്. അയര്‍ലന്‍ഡിലെ തീവ്ര വലതുപക്ഷം ഇപ്പോഴും ഒരു ചെറിയ രാഷ്ട്രീയ ശക്തി മാത്രമാണെങ്കിലും, അവര്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കാനാവര്‍ സ്ഥിതി വഷളാക്കുന്നു. കുടിയേറ്റ വിരുദ്ധ റാലികളും പ്രതിഷേധങ്ങളും പതിവായി മാറിയിരിക്കുകയാണ്. ഇത്തരം പ്രതിഷേധങ്ങളാണ് അക്രമാസക്തമായി മാറുന്നത്. തെറ്റായ വിവരങ്ങളും വിദേശികള്‍ക്കെതിരായ വിദ്വേഷ വികാരങ്ങളും ഉയര്‍ത്തിവിട്ട് ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. വംശീയ വെറിക്കൊപ്പം മതവെറിയും പടരുന്നുണ്ട്. ഒരു ക്രിസ്ത്യന്‍ രാജ്യത്തേക്ക് ഇസ്ലാം കടന്നുവരാന്‍ അനുവദിക്കരുതെന്ന് ഐറിഷ് പതാകയും പിടിച്ച് പ്രസംഗിക്കുന്ന ഒരു തദ്ദേശീയന്റെ വീഡിയോ വലിയ പ്രചാരം നേടുന്നുണ്ട്. ഇവിടെ ജോലി ചെയ്യാന്‍ യോഗ്യരല്ലാത്തവരെ ഒരിക്കലും ഇങ്ങോട്ട് വരാന്‍ അനുവദിക്കരുതെന്നാണ് ആ വീഡിയോയിലെ മറ്റൊരാവശ്യം.

ഡബ്ലിനെ ഒരു ബസ് സ്‌റ്റോപ്പില്‍ വച്ച് ജൂണ്‍ 30 ന് ഒരു മുസ്ലിം കുടിയേറ്റ യുവതി ആക്രമിക്കപ്പെട്ടതായി വാര്‍ത്തയുണ്ട്. വംശീയ-മത ആക്രമണങ്ങള്‍ ഭയന്ന് പലരും അയര്‍ലന്‍ഡ് വിടാന്‍ താത്പര്യപ്പെടുന്നുവെന്നും ഒരു ഇന്ത്യന്‍ നഴ്‌സിന്റെത് എന്നു കരുതുന്ന തുറന്ന കത്ത് ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എട്ട് വയസ്സുള്ള ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ ഐറിഷ് കൗമാരക്കാര്‍ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്ത ഒരു സംഭവം ആ കത്തില്‍ പറയുന്നുണ്ട്. ‘ഇത് എങ്ങനെയുള്ള സ്ഥലമായി മാറുകയാണ്? ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ അയര്‍ലന്‍ഡിലേക്ക് വന്നത്, ഇപ്പോള്‍ ഒരു ഷിഫ്റ്റിന് ശേഷം വീട്ടിലേക്ക് നടക്കാന്‍ ഞങ്ങള്‍ക്ക് ഭയമാണ്,’ എന്നാണ് കത്തില്‍ പറയുന്നത്. ഒരു എഴുത്തുകാരിയും നിരവധിയായ തന്റെ സഹപ്രവര്‍ത്തകരും രാജ്യം വിടാന്‍ ആലോചിക്കുന്നുണ്ടെന്നാണ് കത്തില്‍ ആ ഇന്ത്യന്‍ നഴ്‌സ് പറയുന്നത്.

പ്രസ്തുത കത്ത് എഴുതിയത് ആരാണെന്ന് വ്യക്തമല്ലെന്നും, അതിന്റെ ആധികാരികത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗാര്‍ഡിയന്‍ പറയുമ്പോള്‍ തന്നെ, അവര്‍ വ്യക്തമാക്കുന്ന ഒന്നുണ്ട്, ഈ കത്ത് ഇപ്പോള്‍ വൈറലാണ്. അയര്‍ലന്‍ഡില്‍ നടക്കുന്ന വംശീയതയെയും വിദേശ വിദ്വേഷത്തെയും കുറിച്ച് കൂടുതല്‍ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാന്‍ അത് കാരണമായിട്ടുണ്ട്.  The migrant community, including Indians, is falling victim to racial attacks in Ireland

 

 

Content Summary; The migrant community, including Indians, is falling victim to racial attacks in Ireland

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×