June 26, 2026 |
Share on

ഇന്ത്യക്കാര്‍ക്ക് ജര്‍മ്മനി വഴി പറക്കാം; ട്രാന്‍സിറ്റ് വിസ ഇനി വേണ്ട

ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ജര്‍മ്മനിയുടെ വിസ പരിഷ്‌കാരം

ഇന്ത്യ-ജര്‍മ്മനി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജര്‍മ്മന്‍ വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ പുതിയ തീരുമാനം.

അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്ന ഈ നടപടി, ഇന്ത്യയ്ക്കും ജര്‍മ്മനിക്കും ഇടയിലുള്ള സാംസ്‌കാരിക-സാമ്പത്തിക കൈമാറ്റങ്ങള്‍ക്കും ജനങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തിനും വഴിതെളിക്കുമെന്ന് കരുതപ്പെടുന്നു.

എന്താണ് ട്രാന്‍സിറ്റ് വിസ?

ഒരു രാജ്യത്തുനിന്നും മറ്റൊന്നിലേക്കുള്ള യാത്രയ്ക്കിടെ ഇടത്താവളമായ മറ്റൊരു രാജ്യം വഴി കടന്നുപോകാന്‍ നല്‍കുന്ന താല്‍ക്കാലിക അനുമതിയാണ് ട്രാന്‍സിറ്റ് വിസ. നിശ്ചിത സമയത്തിനുള്ളില്‍ യാത്ര തുടരുമെന്ന് വ്യക്തമാക്കുന്ന രേഖകളും, പ്രസ്തുത രാജ്യത്ത് താമസിക്കാന്‍ താല്പര്യമില്ലെന്ന തെളിവും ഈ പെര്‍മിറ്റ് ലഭിക്കാന്‍ നിര്‍ബന്ധമാണ്

ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ജര്‍മ്മനിയുടെ വിസ പരിഷ്‌കാരം. ഇനി മുതല്‍ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ബെര്‍ലിന്‍ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. മുന്‍പ് ഈ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ട്രാന്‍സിറ്റ് മേഖലകളില്‍ തങ്ങുന്നതിന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ‘ഷെഞ്ചന്‍ ട്രാന്‍സിറ്റ് വിസ’ നിര്‍ബന്ധമായിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യാത്രാ നടപടികള്‍ കൂടുതല്‍ ലളിതമാകും.

ജര്‍മ്മനിയിലേക്കോ ഷെഞ്ചന്‍ മേഖലയിലേക്കോ ഔദ്യോഗികമായി പ്രവേശിക്കാതെ, വിമാനത്താവളത്തിനുള്ളിലെ ട്രാന്‍സിറ്റ് ഏരിയയില്‍ മാത്രം തങ്ങുന്നവര്‍ക്ക് പോലും മുന്‍പ് വിസ നിര്‍ബന്ധമായിരുന്നു. ഈ നിയമത്തില്‍ ഇളവ് വന്നതോടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജര്‍മ്മന്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്ര എളുപ്പമാകും. അതേസമയം, വിമാനത്താവളത്തിന് പുറത്തിറങ്ങി ജര്‍മ്മനിയോ മറ്റ് ഷെഞ്ചന്‍ രാജ്യങ്ങളോ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ടൂറിസ്റ്റ്, ബിസിനസ്, സ്റ്റുഡന്റ് വിസകള്‍ കൈവശം വയ്‌ക്കേണ്ടതുണ്ട്.

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസ രഹിത യാത്രാസൗകര്യം ഒരുക്കുന്നതിനോടൊപ്പം തന്നെ, സാമ്പത്തിക-സുരക്ഷാ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളും ഇന്ത്യയും ജര്‍മ്മനിയും കൈക്കൊണ്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

യാത്രാ ഇളവുകള്‍ക്ക് പുറമെ, ഇന്ത്യയില്‍ നിന്നുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് ജര്‍മ്മനിയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന ‘ഫോക്കസ് ഓണ്‍ ഇന്ത്യ’ എന്ന നയം ജര്‍മ്മന്‍ സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിസ നടപടികള്‍ ലളിതമാക്കുന്നത്.

Content Summary: No more transit visa needed for Indians flying through Germany

Leave a Reply

Your email address will not be published. Required fields are marked *

×