June 26, 2026 |
Share on

ആർത്തവം രഹസ്യമല്ല; ഇനി പരിഹാസം വേണ്ട, സുപ്രീംകോടതി

ആർത്തവം സ്ത്രീകളുടെ മാത്രമല്ല, പുരുഷൻമാർക്കും തുല്യ ഉത്തരവാദിത്തം

ആർത്തവവുമായി ബന്ധപ്പെട്ട സാമൂഹികമായ മാറ്റിനിർത്തലുകളും അയിത്തവും ഇല്ലാതാക്കുന്നതിൽ പുരുഷ അധ്യാപകർക്കും പൊതുവെ പുരുഷസമൂഹത്തിനും വലിയ പങ്കുവഹിക്കാനുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൗമാരക്കാരായ പെൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ തുല്യപങ്കാളിത്തവും അവസരങ്ങളും ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് കോടതി വ്യക്തമാക്കി. സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികളും ആർത്തവ ശുചിത്വ സംവിധാനങ്ങളും ഒരുക്കിയാലും, ആർത്തവത്തെ ഒരു ടാബൂ ആയി കാണുന്ന രീതിക്ക് മാറ്റം വന്നില്ലെങ്കിൽ ഈ ഭൗതിക സാഹചര്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ആർത്തവ ശുചിത്വത്തിനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം (ജീവിക്കാനുള്ള അവകാശം) മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

കോടതിയുടെ നിരീക്ഷണങ്ങൾ

പുരുഷ അധ്യാപകരുടെ പങ്ക്: പുരുഷ അധ്യാപകർക്ക് ആർത്തവത്തെക്കുറിച്ചുള്ള ശാസ്ത്രീയവും കൃത്യവുമായ വിവരങ്ങൾ ക്ലാസുകളിൽ നൽകാൻ സാധിക്കണം. വിദ്യാലയങ്ങളിലെ ശുചിമുറികൾ വൃത്തിയായും ശുചിത്വത്തോടെയും പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർ ശ്രദ്ധിക്കണം. ഒപ്പം കൂടെ പഠിക്കുന്ന ആൺകുട്ടികൾ സഹാനുഭൂതിയുള്ളവരും സഹായിക്കുന്നവരും ആയിരിക്കണം.

ആൺകുട്ടികൾക്കുള്ള ബോധവൽക്കരണം: ആർത്തവം എന്നത് രഹസ്യമായി മാത്രം പറയേണ്ട ഒന്നല്ല. അതിന്റെ ജൈവികമായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ആൺകുട്ടികളെ ബോധവൽക്കരിക്കണം. ആർത്തവത്തെക്കുറിച്ച് അറിവില്ലാത്ത ആൺകുട്ടികൾ പെൺകുട്ടികളെ പരിഹസിക്കാനിടയുണ്ട്. ഇത് പെൺകുട്ടികൾ സ്കൂളിൽ വരുന്നത് ഒഴിവാക്കാൻ കാരണമാകും.

അധ്യാപകരുടെ മനോഭാവം: ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ പെൺകുട്ടികൾക്ക് ശുചിമുറിയിൽ പോകാനോ ക്ലാസ്സിൽ നിന്ന് നേരത്തെ ഇറങ്ങാനോ ആവശ്യമുണ്ടെങ്കിൽ അത് സെൻസിറ്റീവായി കൈകാര്യം ചെയ്യാൻ പുരുഷ അധ്യാപകർക്ക് കഴിയണം. അനാവശ്യമായ ചോദ്യം ചെയ്യലുകളോ ആവശ്യത്തെ തള്ളിക്കളയുന്ന രീതിയോ പാടില്ല. “അജ്ഞത സംവേദനക്ഷമതയില്ലായ്മയിലേക്ക് (Insensitivity) നയിക്കുന്നു, എന്നാൽ അറിവ് സഹാനുഭൂതി (Empathy) വളർത്തുന്നു,” കോടതി നിരീക്ഷിച്ചു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയ നിർദ്ദേശങ്ങൾ:
കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നുണ്ടെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണം. സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ നിർബന്ധമായും ഉണ്ടായിരിക്കണം. ആർത്തവാരോഗ്യം എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ലെന്നും അത് സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണെന്നും കോടതി അടിവരയിട്ടു പറഞ്ഞു. പെൺകുട്ടികൾക്ക് പുറമെ ആൺകുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിലേക്കും ഈ അവബോധം എത്തണമെന്ന് കോടതി നിർദ്ദേശിച്ചു.

Content Summary: Menstruation is not a secret; no more mockery

Leave a Reply

Your email address will not be published. Required fields are marked *

×