” ഇപ്പോൾ എല്ലാ സ്കൂളുകളിലും സിക്ക് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട് . പിന്നെ എന്തിനാണ് ഇങ്ങനെ ഒരു അവധി? ഇത് ആചാരമോ അശുദ്ധിയോ രോഗാവസ്ഥയെ അല്ലാലോ? ഇത് മനുഷ്യന്റെ ശരീരത്തിൽ ഉണ്ടാകാവുന്ന ഒരു ശാരീരിക മാറ്റം മാത്രം ആണ് . അതുമായി ബന്ധപെട്ടു അസ്വസ്ഥകൾ ഉണ്ടെങ്കിൽ ആ കുട്ടിക്ക് വേണേൽ അവധി എടുക്കാം. മനുസ്മൃതിയുടെ കാലത്തേക്ക് കുട്ടികളെ എത്തിക്കുകയും ആ ദിവസം ഞാൻ ഒന്നും ചെയ്യേണ്ടതില്ല എന്ന് ബോധ്യത്തിലേക്കു കുട്ടികളെ കൊണ്ട് വരുകയും ചെയ്യുന്നതിൽ ഞങ്ങൾ യോജിക്കുന്നില്ല.”
ഗവർണർ പുറപ്പെടുവിച്ച സർക്കാരിന്റെ നയപ്രഖ്യാപനത്തോട് പ്രതികരിച്ചു കെ എസ് എ സംസ്ഥാന എക്സ്ക്യൂട്ടീവ് മെമ്പറായ സുജു മേരി അഴിമുഖത്തോട് പ്രതികരിച്ചു. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഇനി ആർത്തവ ദിവസങ്ങളിൽ അവധി എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അതിനെ സ്വാഗതം ചെയ്തും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. ഇത് ആശ്വാസമുണ്ടാക്കുന്ന ഒരു തീരുമാനമാണെന്ന് ചിലർ പറയുമ്പോൾ അങ്ങനെ ഒരു അവധി പെൺകുട്ടികൾക്ക് മാത്രം നൽകേണ്ടതില്ല എന്ന കാരണമാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
ആർത്തവ സമയത്തുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വിദ്യാർത്ഥിനികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം എന്നാണ് അനൂകൂലിക്കുന്നവരുടെ അഭിപ്രായം. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി എന്ന പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. ആർത്തവ ദിനങ്ങളിലെ വേദനയും അസ്വസ്ഥതകളും കാരണം പഠനം തടസ്സപ്പെടുന്ന പെൺകുട്ടികൾക്ക് പിന്തുണയേകാനും, വിദ്യാർത്ഥിനികളുടെ ആരോഗ്യവും അന്തസ്സും ഉറപ്പാക്കാനുമാണ് പുതിയ തീരുമാനം. ആർത്തവ അവധി എടുക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ ഉറപ്പാക്കുകയും ചെയ്യും.

എന്നാൽ “വാരാന്ത്യത്തിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കുന്നത് പ്രായോഗികമല്ല. എല്ലാ കുട്ടികൾക്കും അങ്ങനെ പ്രത്യേകം ക്ലാസെടുത്ത് കൊടുക്കാൻ അധ്യാപകർക്ക് പറ്റില്ലല്ലോ? അതുകൊണ്ട് ഇത് നടക്കാൻ പാടില്ലാത്തതാണ്. സ്കൂൾ തലത്തിൽ എന്തായാലും പ്രത്യേക അവധിയുടെ ആവശ്യം ഇല്ല. വലിയ മത്സരങ്ങൾ ഉണ്ടാവുന്ന ഒരു സന്ദർഭമാണെങ്കിൽ കുട്ടികൾ അതിൽ പങ്കെടുക്കില്ലേ? പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുക്കുന്നു. അത് ആ ദിവസം ആണോന്നു നോക്കിയിട്ടാണോ മത്സരം വച്ചത്? ഇതൊരു തെറ്റായ നടപടി ആണ്. ഇതിനെ ശക്തമായി എതിർക്കുന്നു.” എന്ന് സുജു മേരി കൂട്ടിച്ചേർത്തു.
എന്നാൽ വിദ്യാർത്ഥികൾക്ക് ഇത് ഒരു ആശ്വാസമായിരിക്കുകയാണെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. പത്താം ക്ലാസ് വിദ്യാർത്ഥി അഞ്ജലിയുടെ അമ്മ ഈ തീരുമാനത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്,
“നല്ലതാ. ചിലപിള്ളർക്ക് വയറു വേദന ഒക്കെ കാണത്തില്ലേ. അപ്പോൾ വീട്ടിൽ ഇരിക്കാൻ തോന്നില്ലേ, ചിലപ്പോ രണ്ടു ദിവസം ഒക്കെ അവധിയെടുക്കാറുണ്ട്.”
രാജ്യത്ത് ആദ്യമായാണ് സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്നത്. മുമ്പ് ആർത്തവ ദിനങ്ങളിൽ ഓഫീസുകളിൽ അവധി പ്രഖ്യാപിച്ചപ്പോഴും അതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ അന്നും തീരുമാനത്തെ സ്വാഗതം ചെയ്തവർ ധാരാളമായിരുന്നു. ഇപ്പോൾ സർക്കാർ തീരുമാനത്തോട് പല പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും പോസീറ്റീവ് ആയാണ് പ്രതികരിക്കുന്നത്.
” സ്കൂളിൽ സിക്ക് റൂം സവിധാനം ഒന്നും ഇല്ല. ലീവ് എടുക്കരുത് എന്ന് പറഞ്ഞു ഞങ്ങളോട് കുറെ ദേഷ്യപ്പെടും ടീച്ചർമാര്. ഇതൊക്കെ ആർക്കും ഉണ്ടാവാത്തത് ആണോ? ക്ലാസ്സിലെ കൊച്ചുങ്ങൾക്കു പിരീഡ്സ് ആയാൽ തന്നെ അവരെ വീട്ടിൽ വിടത്തില്ല. അവിടെ ഇരുന്നോളാൻ പറയും. അതുകൊണ്ട് ഞങ്ങൾക്ക് നല്ല സന്തോഷമാണ് ഈ വാർത്ത. ” പ്ലസ്ടു കമ്പ്യൂട്ടർ സയൻസി വിദ്യാർത്ഥി ഐറിൻ സാറാ ഷിബു സന്തോഷം പങ്കുവയ്ക്കുന്നു.

” മോൾക്ക് ഭയങ്കര വയറു വേദനയാ. ചിലപ്പോൾ രണ്ടു ദിവസം വരെ ലീവ് എടുക്കും ചിലപ്പോ ഒരു ദിവസം. ചെല്ലാത്ത ദിവസത്തെ ക്ലാസ് ചോദിച്ചാൽ ഓൺലൈനിലെ ക്ലാസ് ഇട്ടുകൊടുക്കു . ഞങ്ങളെല്ലാം ആഗ്രഹിച്ച തീരുമാനം തന്നെയാണ് സർക്കാർ എടുത്തിരിക്കുന്നത്. ശൂചിമുറികൾ സ്കൂളിൽ നല്ലതാവില്ല, അത് കുട്ടികൾക്ക് അത്ര നന്നാവുകയുമില്ല..” ഐറിന്റെ അമ്മ അഭിപ്രായപ്പെടുന്നു.
“നയം ഇല്ലാത്ത ഒരു നയ പ്രഖ്യാപനം, കഴിഞ്ഞ സർക്കാർ കോളേജിൽ ആർത്തവ സമയത്ത് കുട്ടികൾക്ക് അവധി നൽകിയിരുന്നു. ചില കുട്ടികൾ പ്രയാസം അനുഭവിക്കുന്നവര് ഉണ്ട് . അത് രക്ഷിതാക്കളെ കൂടി അറിയിച്ചു അവധി നൽകാം . പ്രായോഗിക തലത്തിൽ നന്നായി ചർച്ച ചെയ്തു നടപ്പിലാക്കിയില്ലെങ്കിൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കും . കുട്ടികൾക്ക് അവരുടെ ക്ലാസുകൾ നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും, സ്ഥിരമായി ആബ്സെൻസുകൾ ഉണ്ടാകും. ഒരു തരത്തിൽ നല്ല കാര്യമാണ്. എന്നാൽ കാര്യമായ ചർച്ചകൾ നടത്തി പ്രായോഗികമായ ബുദ്ധിമുട്ടുകൾ പഠിച്ചതിനു ശേഷം ചെയ്യേണ്ട ഒരു കാര്യം ആയിരുന്നു ഇതെന്നാണ് എന്റെ അഭിപ്രായം.” അധ്യാപികയായ ബീന പറഞ്ഞു.
“കുട്ടികള് ദുരുപയോഗം ചെയ്യാനും സാധ്യത ഉണ്ട്. വേണ്ട കുട്ടികൾ അവധി എടുക്കട്ടേ. മൂന്ന് ദിവസം വെച്ച് ഒരു മാസത്തിൽ അവധി വരുമ്പോൾ അത് അവരുടെ പഠനത്തെ ബാധിക്കില്ലേ എന്ന ആശങ്ക ഉണ്ട് .” അധ്യാപികയായ ഗംഗ ആശങ്ക പങ്കുവച്ചു.
ആർത്തവ അവധിയെ കുറിച്ച് ഇത് ആദ്യമായല്ല ചർച്ച ഉയരുന്നത്. 2017ൽ അരുണാചൽ പ്രദേശിൽ നിന്നുള്ള എംപി നിയോങ് എറിങ് ലോക് സഭയിൽ ഇത് സംബന്ധിച്ച് ഒരു സ്വകാര്യ ബില്ല അവതരിപ്പിച്ചിരുന്നു . ഈ ബില്ല് പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശബളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി, തൊഴിൽ ഇടങ്ങൾ സ്ത്രീ സൗഹൃദമാക്കണം എന്നതടക്കം നിർദേശിച്ചിരുന്നു. അന്ന് അത് വലിയ രീതിയിൽ രാജ്യത്ത് ചർച്ചയായിരുന്നെങ്കിലും തുല്യതയുടെയും ദുരുപയോഗം ചെയ്യുമെന്ന വാദത്തിലും ആ ബില്ല് പാസായില്ല. പിന്നീട് 2023ൽ കുസാറ്റ് സർവകലാശ വിദ്യാർഥിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചു കൊണ്ട് ചരിത്രം കുറിച്ചു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നടപടി പിന്നീട് മാതൃകയാക്കുകയും ചെയ്തിരുന്നു. 1992 മുതൽ ബിഹാർ സർക്കാർ തൊഴിൽ മേഖയിൽ സ്ത്രീകൾക്കായി ആർത്തവ അവധി നൽകി വരുന്നുണ്ട്. മാസത്തിൽ രണ്ട് ദിവസമാണ് അവധി നൽകുന്നത്. ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ ആർത്തവ അവധി നിയമമാക്കിയിട്ടുണ്ട്.
“വയ്യെങ്കിൽ ടീച്ചേഴ്സിനോട് പറയും. ബട്ട് വീട്ടിൽ വിടില്ല. അവധി തരില്ല. അവിടെ തന്നെ ചൂട് വെള്ളം തന്ന് ഇരുത്തും. അത് മാത്രമല്ല പിരീഡ്സിന് വേണ്ടി ലീവ് എടുക്കുവാന്ന് പറഞ്ഞാൽ സമ്മതിക്കില്ലായിരുന്നു” വിദ്യാർത്ഥിയായ ദേവാംഗന പറയുന്നു. കുട്ടികളുടെ ഈ വിഷമങ്ങൾക്കെല്ലാം പരിഹാരം ആവും പുതിയ തീരുമാനം എന്നാണ് പലരുടേയും പ്രതീക്ഷ.
Content summary; Kerala government menstrual leave policy for school girls 2026 reactions from students and teachers .