വ്യവസായിയിൽ നിന്ന് 60 കോടി രൂപ തട്ടിയ സംഭവത്തിൽ നടി ശിൽപ്പ ഷെട്ടിയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. വ്യാവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2015-2016 കാലഘട്ടത്തിൽ ബിസിനസ് വിപൂലീകരണത്തിനായാണ് ഇരുവരും ദീപക് കോത്താരിയിൽ പണം വാങ്ങിയത്. പണം തിരികെ നൽകുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് പല തവണ ഇരുവരേയും ബന്ധപ്പെട്ടെങ്കിലും കോവിഡ് കാരണം ബിസിനസ് നഷ്ടത്തിലാണെന്നും ആയതിനാൽ പണം നൽകാൻ കാലതാമസം നേരിടുമെന്നും ഇവരുവരും ദീപകിനെ അറിയിച്ചു.
ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് എന്ന സംരഭത്തിന്റെ ഡയറക്ടറാണ് ദീപക് കോത്താരി. രാജേഷ് ആര്യ എന്നയാൾ വഴിയാണ് ശിൽപ ഷെട്ടിയെയും രാജ് കുന്ദ്രയെയും താൻ പരിചയപ്പെട്ടതെന്ന് ദീപക് തൻ്റെ പരാതിയിൽ പറയുന്നു. ജുഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് രാജേഷ് ആര്യയുടെ നേതൃത്വത്തിൽ ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചു. അവിടെ വച്ച് താൻ രാജ് കുന്ദ്ര, ശിൽപ ഷെട്ടി, രാജേഷ് ആര്യ, മകൻ എന്നിവരുമായി നേരിട്ട് കണ്ട് സംസാരിച്ചിരുന്നതായും ദീപക് കോത്താരി പറയുന്നു.
അന്ന് ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്നു ഇവർ. കമ്പനിയുടെ 87.6 ശതമാനം ഓഹരികളും അന്ന് ദമ്പതികളുടെ കൈവശമായിരുന്നു. ബിസിനസ് വിപുലീകരിക്കാൻ വേണ്ടിയാണ് താൻ ഈ പണം നിക്ഷേപിച്ചതെന്ന് കോത്താരി പറയുന്നു. എന്നാൽ ഈ പണം ശിൽപ ഷെട്ടി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു. തുടക്കത്തില്‍ 12 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 75 കോടി രൂപ വായ്പ എടുക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ തുക ഒരു ‘നിക്ഷേപമായി’ മാറ്റാന്‍ രാജേഷ് ആര്യ നിര്‍ദേശിച്ചു. പണം കൃത്യസമയത്ത് തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് താനുമായി കരാറിലേര്‍പ്പെട്ടതായും ദീപക് കോത്താരി പരാതിയില്‍ പറയുന്നു. മൊത്തത്തില്‍, ഇടപാടിനായി 60.48 കോടിയിലധികം രൂപ കൈമാറി. കൂടാതെ 3.19 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നല്‍കി. 2016 ഏപ്രിലില്‍ ശില്‍പ്പ ഷെട്ടി തനിക്ക് ഒരു വ്യക്തിഗത ഗ്യാരണ്ടിയും നല്‍കിയിരുന്നുവെന്നും കോത്താരി അവകാശപ്പെട്ടു.
2015 ഏപ്രിൽ മാസത്തിലാണ് കോത്താരി ആദ്യ ഗഡുവായ 31.95 രൂപ കൈമാറിയത്. തുടർന്ന് 2016 മാർച്ചിൽ 28.54 കോടി രൂപ കൂടി കൈമാറി. എന്നാൽ മാസങ്ങൾക്ക് ശേഷം സെപ്തംബറിൽ ശിൽപ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജി വച്ചു. അതിന് പിന്നാലെ തന്നെ കമ്പനിയ്ക്കെതിരെ കേസ് വരികയുണ്ടായി. ഇതോടെ താൻ നിക്ഷേപിച്ച പണത്തിനായി കോത്താരി താര ദമ്പതികളെ ബന്ധപ്പെട്ടെങ്കിലും ഇവർ പണം തിരികെ നൽകിയില്ല. ബിസിനസ് ആവശ്യങ്ങൾക്കായി കൈപ്പറ്റിയ പണം ദമ്പതികൾ വ്യക്തിപരമായ ചെലവുകൾക്കായി ഉപയോഗിച്ചുവെന്നും കോത്താരി തന്റെ പരാതിയിൽ ആരോപിക്കുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ ജുഹു പൊലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ 10 കോടി രൂപയ്ക്കു മുകളിലുള്ള കേസ് ആയതിനാൽ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.
content summary: Shilpa Shetty and her husband Raj Kundra have been booked for allegedly cheating a Mumbai businessman out of 60.48 crore