June 03, 2026 |
Share on

‘ആദ്യം 60 കോടി കെട്ടിവെക്കൂ’; വഞ്ചനാ കേസിൽ ശിൽപ ഷെട്ടിയ്ക്കും ഭർത്താവിനും തിരിച്ചടി

വിദേശത്തേക്ക് പോകാൻ അനുവാദമില്ല

നടി ശിൽപ ഷെട്ടിയുടെയും ഭർത്താവിന്റെയും വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അപേക്ഷ പരിഗണിക്കണമെങ്കിൽ 60 കോടി രൂപ കെട്ടിവയ്ക്കണമെന്ന് മഹാരാഷ്ട്രയിലെ മുംബൈ ഹൈക്കോടതി. വായ്പാ-നിക്ഷേപ ഇടപാടിൽ ബിസിനസുകാരനായ ദീപക് കോത്താരിയെ 60 കോടി രൂപയ്ക്ക് വഞ്ചിച്ചു എന്നാരോപിച്ച് ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് 14ന് മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാസം, തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കുമായി വിദേശത്തേക്ക് പോകാനായി പോലീസ് തങ്ങൾക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

2015നും 2023നും ഇടയിൽ, തങ്ങളുടെ കമ്പനിയായ ‘ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിൽ’ 60 കോടി രൂപ നിക്ഷേപിക്കാൻ അവർ തന്നെ പ്രേരിപ്പിച്ചു എന്നും, എന്നാൽ ആ തുക അവർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നുമാണ് കോത്താരി ദമ്പതികൾക്കെതിരെ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വഞ്ചന, തട്ടിപ്പ് കേസിൽ പ്രതികളായിരിക്കെ വിദേശത്തേക്ക് ഉല്ലാസ യാത്രകൾക്ക് ദമ്പതികളെ അനുവദിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖഡ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച വ്യക്തമാക്കി.

ഫൂക്കറ്റിലേക്കുള്ള ഒരു യാത്ര മാത്രമാണ് ഉല്ലാസയാത്രയെന്നും, മറ്റു യാത്രകളെല്ലാം ഔദ്യോഗിക ജോലിക്കുവേണ്ടിയാണെന്നും ദമ്പതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് അന്വേഷണവുമായി ദമ്പതികൾ സഹകരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. തുടർന്ന്, അവരുടെ ഈ സഹകരണം കാരണമാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ശിൽപ ഷെട്ടിക്ക് പങ്കെടുക്കേണ്ടിയിരുന്ന ഔദ്യോഗിക പരിപാടികളുടെ ക്ഷണപത്രികയോ മറ്റ് ആശയവിനിമയ രേഖകളോ ഹാജരാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. 60 കോടി രൂപയുടെ മുഴുവൻ തുകയും കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ഹർജി പരിഗണിക്കൂ എന്ന് ഹൈക്കോടതി അറിയിച്ചു. 60 കോടി രൂപയുടെ മുഴുവൻ തുകയും കെട്ടിവെക്കുക, അതിനുശേഷം ഞങ്ങൾ ഹർജി പരിഗണിക്കാം എന്ന് ബെഞ്ച് പറയുകയും, കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഒക്ടോബർ 14ലേക്ക് മാറ്റിവെക്കുകയും ചെയ്തു.

2025 ഒക്ടോബർ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ലുക്ക് ഔട്ട് സർക്കുലർ റദ്ദാക്കണമെന്നാണ് ദമ്പതികളുടെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 60 കോടി രൂപയുടെ വഞ്ചനാ കേസിൽ ചോദ്യം ചെയ്തപ്പോൾ, ഭർത്താവ് രാജ് കുന്ദ്രയുമായി ചേർന്ന് സ്ഥാപിച്ച കമ്പനിയുടെ കാര്യങ്ങളിൽ താൻ ശ്രദ്ധിച്ചിരുന്നില്ലെന്ന് നടി ശിൽപ ഷെട്ടി മുംബൈ പോലീസിനെ അറിയിച്ചതായി ഒരു ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു.

പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ ഒരു സംഘം ഒക്ടോബർ 4ന് നടിയുടെ വീട്ടിലെത്തി നാല് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഹോം ഷോപ്പിംഗ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്നു ശിൽപ ഷെട്ടിയും ഭർത്താവും. കേസുമായി ബന്ധപ്പെട്ട് ഇ.ഒ.ഡബ്ല്യു. നേരത്തെ രാജ് കുന്ദ്രയുടെ മൊഴി രേഖപ്പെടുത്തുകയും, ദമ്പതികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

content summary: Bombay HC bars Shilpa Shetty from traveling abroad, asks her to first deposit 60 crore in cheating case

Leave a Reply

Your email address will not be published. Required fields are marked *

×