June 26, 2026 |
Share on

H-1B വിസയില്‍ പിടിമുറുക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് ആശങ്ക

നിയമം ഡിസംബറില്‍ പ്രാബല്യത്തില്‍

H-1B വിസ പ്രോഗ്രാം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി, ട്രംപ് ഭരണകൂടം കൂടുതല്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നു. ആദ്യം നിര്‍ദ്ദേശിച്ച 1,00,000 ഡോളര്‍ ഫീസ് കൂടാതെ, വിസ എങ്ങനെ ഉപയോഗിക്കാമെന്നും ആര്‍ക്കൊക്കെ യോഗ്യതയുണ്ടെന്നും ഉള്ള കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് നീക്കം.

H-1B വിസ വിഭാഗത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) തങ്ങളുടെ റെഗുലേറ്ററി അജണ്ടയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. ‘Reforming the H-1B Nonimmigrant Visa Classification Program’ എന്ന തലക്കെട്ടില്‍ ഫെഡറല്‍ രജിസ്റ്ററില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ സാങ്കേതികപരമായ കാരണങ്ങളും ഉള്‍പ്പെടുന്നു.

വാര്‍ഷിക പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലുടമകളുടെയും തസ്തികകളുടെയും എണ്ണം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി കുറയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, ട്രംപ് ഭരണകൂടം ഈ ഇളവുകളില്‍ മാറ്റം വരുത്തിയാല്‍, നിലവില്‍ ഇത് പ്രയോജനപ്പെടുത്തുന്ന നോണ്‍-പ്രോഫിറ്റ് ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : H-1B വിസയില്‍ തട്ടി ടെക് ലോകം; ഇന്ത്യന്‍ ഐടി സ്വപ്‌നങ്ങളെ തകര്‍ക്കുന്ന ട്രംപ്

H-1B നോണ്‍-ഇമിഗ്രന്റ് പ്രോഗ്രാം മെച്ചപ്പെടുത്താനും തൊഴിലാളികളുടെ വേതനവും തൊഴില്‍ സാഹചര്യങ്ങളും മികച്ച രീതിയില്‍ സംരക്ഷിക്കാനും വേണ്ടിയാണ് മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ മാറ്റങ്ങള്‍ യുഎസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും യുവ പ്രൊഫഷണലുകളെയും ബാധിക്കുമെന്നാണ് കരുതുന്നത്‌.

റെഗുലേറ്ററി നോട്ടീസ് പ്രകാരം, ഈ വര്‍ഷം ഡിസംബറിലാകും നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സാധ്യത. കൂടാതെ, പരമ്പരാഗതമായ H-1B വിസക്ക് പകരം വേതനം അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് സംവിധാനം കൊണ്ടുവരാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നതാനയി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

H-1B വിസയുടെ പ്രാധാന്യം

H-1B ഒരു താല്‍ക്കാലിക വിസ വിഭാഗമാണ്. സ്ഥിരതാമസം (ഗ്രീന്‍ കാര്‍ഡ്) ലഭിക്കുന്നതിന് മുമ്പ്, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാര്‍ക്ക് യുഎസില്‍ ദീര്‍ഘകാലം ജോലി ചെയ്യാനുള്ള ഏക പ്രായോഗിക മാര്‍ഗമാണ് H-1B വിസ.

1990-ലെ ഇമിഗ്രേഷന്‍ ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട H-1B വിസകള്‍, അമേരിക്കയില്‍ കണ്ടെത്താന്‍ പ്രയാസമുള്ള സാങ്കേതിക വൈദഗ്ധ്യമുള്ള ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്നതിന് വേണ്ടിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ഈ വിസകള്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല. ചിലര്‍ ഇവിടെ തുടരാറുണ്ടെങ്കിലും, മറ്റ് കുടിയേറ്റ സ്റ്റാറ്റസുകളിലേക്ക് മാറിയ ശേഷം മാത്രമേ അത് സാധ്യമാകൂ.

യുഎസ് സര്‍ക്കാര്‍ 65,000 എണ്ണം H-1B വിസകള്‍ക്കാണ് വാര്‍ഷിക പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതിനു പുറമെ, യുഎസ് സര്‍വകലാശാലകളില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദമോ അതിലും ഉയര്‍ന്ന ബിരുദമോ ഉള്ള വ്യക്തികള്‍ക്ക് 20,000 എണ്ണത്തിന്റെ അധിക ഇളവ് ലഭിക്കും. സര്‍വ്വകലാശാലകളും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പോലുള്ള ചില തൊഴിലുടമകളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2023-ല്‍ H-1B വിസയ്ക്ക് അപേക്ഷകള്‍ അംഗീകരിക്കപ്പെട്ടവരില്‍ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Also Read : വ്യാപാര ബന്ധമാകാം, പക്ഷേ വിസ തരില്ല; ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

2012 മുതല്‍ അംഗീകരിക്കപ്പെട്ട H-1B വിസകളില്‍ 60 ശതമാനത്തിലധികവും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ക്കാണ് നല്‍കിയിട്ടുള്ളതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നു. എങ്കിലും, ആശുപത്രികള്‍, ബാങ്കുകള്‍, സര്‍വകലാശാലകള്‍, മറ്റ് നിരവധി തൊഴിലുടമകള്‍ക്കും H-1B വിസകള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. H-1B വിസ ഉടമകള്‍ക്ക്, അമേരിക്കന്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായതോ അതിലും ഉയര്‍ന്നതോ ആയ ശമ്പളം ലഭിക്കാറുണ്ട്.

Content Summary: Trump tightens on H-1B visa; Indian professionals worried

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×