June 23, 2026 |
Share on

വ്യാപാര ബന്ധമാകാം, പക്ഷേ വിസ തരില്ല; ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നികുതിയില്‍ ഇളവ്

ഇന്ത്യക്കാര്‍ക്കുള്ള വിസ നിയമങ്ങളില്‍ ഇളവ് വരുത്തില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ബ്രിട്ടനിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും മന്ദഗതിയിലായ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനുമായി, നൂറിലധികം സംരംഭകര്‍, സാംസ്‌കാരിക നേതാക്കള്‍, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എന്നിവരുള്‍പ്പെട്ട സംഘത്തോടൊപ്പം ഇന്ത്യയില്‍ എത്തിയതാണ് പ്രധാനമന്ത്രി.

ഇന്ത്യയുമായി വ്യാപാര, സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ വന്‍ സാധ്യതകളുണ്ട് എന്ന് കെയര്‍ സ്റ്റാര്‍മര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇന്ത്യന്‍ തൊഴിലാളികള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ വേണ്ടി കൂടുതല്‍ വിസ മാര്‍ഗ്ഗങ്ങള്‍ തുറന്നു കൊടുക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇവിടെ വിഷയം വിസയല്ല, ഇത് ബിസിനസ്-ടു-ബിസിനസ് ഇടപെടലുകളെ കുറിച്ചും, നിക്ഷേപങ്ങളെ കുറിച്ചും, അതുപോലെ യുകെയിലേക്ക് ഒഴുകിയെത്തുന്ന തൊഴിലവസരങ്ങളെ കുറിച്ചുമാണ്.’

വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പിട്ടത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. ഈ മള്‍ട്ടി-ബില്യണ്‍ പൗണ്ട് കരാര്‍ വഴി, യുകെയിലെ കാറുകള്‍ക്കും വിസ്‌കിക്കും ഇന്ത്യയിലേക്കും, ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍സിനും ആഭരണങ്ങള്‍ക്കും യുകെയിലേക്കും കയറ്റുമതി ചെയ്യുമ്പോള്‍ വില കുറയും.

യുകെയില്‍, ഹ്രസ്വകാല വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സാമൂഹ്യ സുരക്ഷാ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ കുടിയേറ്റ നയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും മന്ത്രിമാര്‍ ഉറപ്പിച്ചു പറഞ്ഞു.

Also Read: ഇന്ത്യൻ ടെക്കികൾക്ക് തിരിച്ചടിയായി ട്രംപിന്റെ വിസ നയം; എച്ച്-1ബി വിസ വിസ അറിയേണ്ടതെല്ലാം

യു.കെയിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, ലേബര്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ സെറ്റില്‍മെന്റ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് കര്‍ശനമായ നയം പ്രഖ്യാപിച്ചിരുന്നു.

നിലവിലുള്ള വിസകള്‍ക്ക് പുറമെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പുതിയ വിസ നല്‍കുന്നതില്‍ പ്രധാനമന്ത്രി വിസമ്മതിച്ചു. ട്രംപിന്റെ എച്ച്-1ബി വിസ നിയമങ്ങളിലെ മാറ്റങ്ങളെ തുടര്‍ന്ന് യുഎസില്‍ നിന്ന് ടെക് സംരംഭകരെ ആകര്‍ഷിക്കാന്‍ യുകെ ശ്രമിക്കുമോ എന്ന ചോദ്യത്തിന്, യുകെ സമ്പദ്വ്യവസ്ഥയെ വളര്‍ത്താന്‍ ലോകമെമ്പാടുമുള്ള ‘മികച്ച പ്രതിഭകളെ’ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മറുപടി നല്‍കി. എന്നിരുന്നാലും, ഇന്ത്യക്കാര്‍ക്കായി പുതിയ വിസ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള പദ്ധതികളില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറോടൊപ്പം ബിഎ, ബാര്‍ക്ലേസ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബിടി, റോള്‍സ്-റോയ്സ് തുടങ്ങിയ വന്‍കിട കമ്പനികളുടെ തലവന്മാരും ഉണ്ടായിരുന്നു.

തെരേസ മേ പ്രധാനമന്ത്രിയായിരുന്നതിന് ശേഷം ഇന്ത്യയിലേക്കുള്ള ആദ്യത്തെ സമ്പൂര്‍ണ്ണ വ്യാപാര ദൗത്യവുമായാണ് സംഘം എത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ ഇന്ത്യയുമായി ആദ്യ വ്യാപാര കരാര്‍ ഒപ്പിട്ട് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ സന്ദര്‍ശനം.

പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്ത ബിസിനസ് സ്ഥാപനങ്ങളിലൊന്നായ ബ്രിട്ടീഷ് എയര്‍വേയ്സ്, അടുത്ത വര്‍ഷം ഡല്‍ഹിക്കും ഹീത്രോയ്ക്കും ഇടയില്‍ മൂന്നാമതൊരു പ്രതിദിന വിമാനം കൂടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടും ഡല്‍ഹിയിലേക്ക് നേരിട്ടുള്ള പുതിയ റൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കെയര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് മോദിയെ വിമര്‍ശിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, റഷ്യന്‍ എണ്ണ ടാങ്കറുകളുടെ ‘ഷാഡോ ഫ്‌ലീറ്റിലാണ്’ യുകെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കുടിയേറ്റ നയങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ; ഇന്ത്യയെ പ്രതിസന്ധിയിലാക്കി സ്റ്റാർമറിന്റെ പരിഷ്കാരങ്ങൾ

Content Summary: No new visas for India: British PM confirms

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×