June 26, 2026 |
Share on

ജിഡിപി വളർച്ചക്കിടയിലും ആശങ്ക; അനൗപചാരിക ഉത്പാദന മേഖലയിൽ കടുത്ത പ്രതിസന്ധി

ലക്ഷക്കണക്കിന് തൊഴിൽ നഷ്ടം

ഇന്ത്യയുടെ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിൽ എത്തിയതായി സർക്കാർ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ, രാജ്യത്തെ അനൗപചാരിക ഉൽപ്പാദന മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് പുതിയ സർവ്വേ റിപ്പോർട്ടുകൾ. ഈ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണത്തിലും തൊഴിലവസരങ്ങളിലും വലിയ ഇടിവുണ്ടായതായി സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ (MoSPI) പുതിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

അനൗപചാരിക സംരംഭങ്ങളെക്കുറിച്ച് MoSPI പുറത്തിറക്കിയ ആദ്യ ത്രൈമാസ റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ-ജൂൺ പാദത്തിൽ അനൗപചാരിക ഉൽപ്പാദന മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 4.7 ശതമാനം കുറഞ്ഞ് 2.06 കോടിയായി. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ ഇടിവാണ്.

ഇതിനേക്കാൾ ഗുരുതരമാണ് തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ. ഈ മേഖലയിലെ തൊഴിലവസരങ്ങൾ 9.3 ശതമാനം കുറഞ്ഞ് 3.35 കോടിയായി. ഉൽപ്പാദന മേഖലയിലെ ഈ പ്രതിസന്ധി കാരണം, മൊത്തം അനൗപചാരിക മേഖലയിലെ തൊഴിൽ 2.1 ശതമാനം ഇടിഞ്ഞ് 12.86 കോടിയായി കുറഞ്ഞു. വ്യാപാരം, സേവനം തുടങ്ങിയ മേഖലകളിൽ നേരിയ വളർച്ചയുണ്ടായപ്പോഴും ഉൽപ്പാദന മേഖലയിലെ ഈ തിരിച്ചടി രാജ്യത്തെ മൊത്തം തൊഴിൽ രംഗത്ത് ആശങ്ക സൃഷ്ടിക്കുന്നു.

ജിഡിപി വളർച്ചയും അനൗപചാരിക മേഖലയിലെ തകർച്ചയും

ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വളർന്നതായും, അതിൽ ഉൽപ്പാദന മേഖലയുടെ വളർച്ച 7.7 ശതമാനമാണെന്നും സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ കണക്കുകൾക്കിടയിലാണ് അനൗപചാരിക മേഖലയുടെ തകർച്ച സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്.

അതേസമയം, MoSPI-യുടെ കണക്കെടുപ്പ് രീതികൾ ജിഡിപി വളർച്ചയെ അമിതമായി കാണിക്കാൻ കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഉൽപ്പാദന മേഖലയുടെ വളർച്ച ഏകദേശം 150 bps കൂടുതലായിരിക്കാം.

കൂലിത്തൊഴിലാളികളുടെ എണ്ണം കുറയുകയും, സ്വയം തൊഴിൽ ചെയ്യുന്ന ഉടമകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതാണ് തൊഴിൽ കണക്കുകളിലെ ഏറ്റക്കുറച്ചിലിന് പ്രധാന കാരണമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. ഇത് ഉടമകൾ നേരിട്ട് നടത്തുന്ന ചെറുകിട സംരംഭങ്ങളിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും പ്രതിഫലിക്കുന്ന ജിഡിപി കണക്കുകളുമായി നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് MoSPI മുന്നറിയിപ്പ് നൽകുന്നുണ്ട്. വാർഷിക സർവ്വേയുമായി താരതമ്യം ചെയ്യുമ്പോൾ ത്രൈമാസ സർവ്വേയുടെ സാമ്പിൾ വലുപ്പം വളരെ ചെറുതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. എങ്കിലും, രാജ്യത്തിന്റെ തൊഴിൽ, ഉൽപ്പാദന മേഖലയിലെ സൂക്ഷ്മമായ മാറ്റങ്ങൾ മനസ്സിലാക്കാൻ ഈ റിപ്പോർട്ട് സഹായകമാകും.

content summary: India’s Informal Manufacturing Sector in Distress

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×