രാജ്യത്തിന് കോണ്‍ഗ്രസിന്റെ സംഭാവനകള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രിക്കറിയുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ പ്രശ്‌നത്തിലുള്ള പാര്‍ലമെന്റ്റിലെ മറുപടി മുന്‍വിധിയോട് കൂടിയതാണ്. പതിവുപോലെ മണിപ്പൂര്‍ അടക്കം രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. വാജ്‌പേയ് അഞ്ചു വര്‍ഷം ഭരിച്ചതോ, ജനത പാര്‍ട്ടി ഭരിച്ചതോ, വി.പി. സിംഗ് ഭരിച്ചതോ അദ്ദേഹം ഓര്‍ത്തില്ല. ഒമ്പത് വര്‍ഷമായി ബി.ജെ.പി.-യാണ് ഭരിക്കുന്നതെന്നെങ്കിലും ഓര്‍ക്കണമായിരുന്നു.
ഇനി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ രാജ്യത്തിനു വേണ്ടിയുള്ള സംഭാവനകള്‍ എന്തൊക്കെയാണ്? കോണ്‍ഗ്രസ് കഴിഞ്ഞ കാലയളവില്‍ ചെയ്തുകൂട്ടിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ പുതു തലമുറക്ക് ഓര്‍മ്മയില്ല. ന്യുയോര്‍ക്ക് മെട്രോയെക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് ഡല്‍ഹി മെട്രോ. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസിനേക്കാള്‍ വളരെയേറെ കാര്യക്ഷമമാണ്. നമുക്ക് ശക്തമായ റേഷന്‍ വിതരണ സംവിധാനമുണ്ട്. നെഹ്‌റുവാണ് റേഷന്‍ സമ്പ്രദായം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചത്; മറ്റ് വികസന പദ്ധതികള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടേതും ആയിരുന്നു.
ഐ.ഐ.എം., ഐ.ഐ.ടി, ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ.എസ്.ആര്‍.ഒ, പഞ്ചരത്‌ന കമ്പനികള്‍, നവരത്‌ന കമ്പനികള്‍, ഐ.സി.എം.ആര്‍, ആസൂത്രണ കമ്മീഷന്‍, സാഹിത്യ അക്കാദമി- ഇതൊക്കെ നെഹ്‌റുവിന്റെ കാലത്ത് ഉണ്ടാക്കിയതാണ്. അല്ലാതെ ഗുരുജി ഗോള്‍വാര്‍ക്കറോ, ഹെഗ്‌ഡെവാറോ സവര്‍ക്കറോ ഉണ്ടാക്കിയതല്ല. അതുപോലെ തന്നെ നെഹ്‌റു ശാസ്ത്രപുരോഗതിക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണമറ്റതാണ്. അടിസ്ഥാന ഗവേഷണത്തിനു വേണ്ടി സി.എസ്‌ഐ.ആറും അതിന്റെ കീഴില്‍ പന്ത്രണ്ടോളം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ടുകളും സ്ഥാപിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അര്‍ധരാത്രി മുതല്‍ 1964 മെയ് 27 വരെ 17 വര്‍ഷമാണ് നെഹ്‌റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യല്‍ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്‌റുവിന്റെ 17 വര്‍ഷത്തെ ഭരണത്തിലൂടെയായിരുന്നു.
രാജ്യത്തിന്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടിയായിരുന്നു നെഹ്‌റു സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്നാണ് നെഹ്‌റു ഇതെല്ലാം പടുത്തുയര്‍ത്തിയതെന്ന് ഓര്‍ക്കണം. ബ്രട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ അഭയാര്‍ത്ഥികളും, കടക്കെണിയും, വര്‍ഗീയവത്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിന്റെ ആകെ കൈമുതല്‍. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നെഹ്‌റുവിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിക്കുന്നവരില്‍ പലരും ഇത്തരം വിമര്‍ശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ‘Freedom of Speech’-ന്റെ ഫലമാണ് ഈ വിമര്‍ശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയര്‍ത്തി പിടിച്ച പുരോഗമന മൂല്യങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്. ഇതൊക്കെ നിരന്തരമായി ഇന്ത്യയുടെ യുവതലമുറയെ നിരന്തരമായി ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കണം.
ദീര്‍ഘദര്‍ശി ആയിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി തുടങി വച്ച അനേകം പൊതുമേഖല സ്ഥാപനങ്ങളില്‍ നവര്തന കമ്പനികള്‍ എന്ന് വിശേഷിപ്പിക്കുന്നവ:
1) Bharat Electronics Limited (BEL)
2) Container Corporation of India Limited
3) Engineers India Limited (EIL)
4) Hindustan Aeronautics Limited (HAL)
5) Mahanagar Telephone Nigam Limited (MTNL)
6) National Aluminium Company (NALCO)
7) National Buildings Construction Corporation (NBCC)
8) NationCal Mineral Development Corporation (NMDC)
9) NLC India Limited (NLCIL)
ഈ പറയുന്ന ഒമ്പത് സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് സ്വകാര്യ കമ്പനികളുടെ കയ്യിലാണ്.
ഇന്ത്യയില്‍ ധവള വിപ്ലവം നെഹ്‌റുവിന്റെ കാലത്താണ് ആരംഭിച്ചത്. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ ഗുജറാത്തിലായിരുന്നു തുടക്കം. ഹരിത വിപ്ലവം പിന്നീട് ഇന്ദിര ഗാന്ധിയുടെ കാലത്ത് ശാസ്ത്രജ്ഞനായ നോര്‍മന്‍ ബെര്‍ലാഗിനെ കൂട്ടു പിടിച്ചും മുന്നോട്ടു കൊണ്ടുപോയി. 1966-ല്‍ ഇന്ത്യ കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടു. ഇതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് ഭക്ഷ്യ ധാന്യങ്ങള്‍ കിട്ടുവാന്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദര്‍ശിക്കുകയും പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ലിന്‍ഡന്‍ ജോണ്‍സണ്‍ ഇന്ത്യക്ക് അടിയന്തിരമായി മൂന്നു മില്യണ്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങളുടെയും, ഒമ്പത് ദശ ലക്ഷം ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിര ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോല്‍പ്പാദനം കൂട്ടുക എന്നത് ഗവണ്‍മെന്റ്റിന്റെ മുഖ്യ അജണ്ടയാക്കി മാറ്റിയത്.
1970-കളില്‍ ഇന്ത്യയില്‍ കൊണ്ടുവന്ന പുതിയ സങ്കര ഇനം വിത്തുകളായ ‘ഹയ്യ് യീല്‍ഡിങ് വെറയ്റ്റി’ (HYV) ഇനം ഗോതമ്പും, അരിയുമാണ് ഈ ഇന്ത്യ മഹാരാജ്യത്തെ പട്ടിണി മാറ്റിയത്. 1970-കള്‍ക്ക് മുമ്പുണ്ടായിരുന്ന ഉല്‍പാദനക്ഷമത കുറഞ്ഞ നാടന്‍ വിത്തിനങ്ങള്‍ ഈ രാജ്യത്തെ പട്ടിണി മാറ്റിയിട്ടില്ല. ‘ഹയ്യ് യീല്‍ഡിങ് വെറയ്റ്റി’ (HYV) ഇനം വിത്തുകള്‍ കൃഷി ചെയ്തപ്പോള്‍ മണ്ണിന്റെ ഫലഭൂയിഷ്ടത കൂട്ടാന്‍ രാസവള പ്രയോഗവും, കീടനാശിനി ഉപയോഗവും കൂടെ ചെയ്തു. അതാണിപ്പോള്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്- എന്നിവിടങ്ങളിലെ മണ്ണിന്റെ ഫലഭൂയിഷ്ടതക്ക് കാരണം. ‘സ്വദേശി’ പറഞ്ഞു ബി.ജെ.പി ക്ക് മുമ്പുണ്ടായിരുന്ന ജന സംഘും സംഘപരിവാറുകാരും ധവള വിപ്ലവത്തേയും, ഹരിത വിപ്ലവത്തേയും ആക്രമിച്ച ചരിത്രം മാത്രമേ ഉള്ളൂ. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ശാസ്ത്ര വിരുദ്ധ പാത പിന്തുടരുകയായിരുന്നുവെങ്കില്‍ ഇന്ത്യയിപ്പോഴും ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ പിന്നില്‍ തന്നെ കിടന്നേനേ; ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ജനത്തിന് പട്ടിണി മാറത്തും ഇല്ലായിരുന്നു.
ഇന്ദിര ഗാന്ധിയുടെ കാലശേഷം രാജീവ് ഗാന്ധി വന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ‘കമ്പ്യൂട്ടറൈസേഷന്‍’ അത്ര പെട്ടെന്നെന്നും വരില്ലായിരുന്നു. ഇന്ത്യയിലെ കമ്പ്യൂട്ടറൈസേഷന്റെ പിതാവ് രാജീവ് ഗാന്ധിയാണ്. മോദിയടക്കം കമ്പ്യൂട്ടറിലൂടെ രാജീവ് ഗാന്ധിയെ വിമര്‍ശിക്കുന്ന പലരും അത് ഓര്‍മിക്കുന്നില്ല. കമ്പ്യൂട്ടര്‍ വിപ്ലവം, മാരുതി സുസുകി കാര്‍ നിര്‍മാണം, സ്ത്രീകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം നല്‍കുന്ന പഞ്ചായത്തി രാജ് നിയമം, നഗര പാലികാ ആക്ട്, കൂറുമാറ്റ നിയമം, ടെലിഫോണ്‍ നൂതന പ്രക്രിയ അങ്ങിനെ എത്രയോ മാറ്റങ്ങള്‍ രാജീവ് ഗാന്ധി ചുരുങ്ങിയ കാലത്തിനുള്ളില്‍ നടപ്പിലാക്കി. സാം പിട്രോഡയിലൂടെ നടപ്പാക്കിയ ടെലികോം റെവല്യൂഷന്‍ ഒന്നു മാത്രം മതി രാജീവ് ഗാന്ധിയുടെ നാമം എന്നും ഓര്‍മ്മിക്കാന്‍. മുമ്പൊക്കെ ഒരു എസ്.ടി.ഡി. കോള്‍ ചെയ്യാന്‍ എത്ര ബുദ്ധിമുട്ടായിരുന്നു എന്ന് അനുഭവിച്ചവര്‍ക്കൊക്കെ അറിയാം. അന്ന് ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് കാത്തിരിക്കണം. ലൈന്‍ വല്ലപ്പോഴുമേ ക്ലിയറാകാറുള്ളൂ. ട്രങ്ക് കോള്‍ ബുക്ക് ചെയ്തതിനു ശേഷം കണക്ഷന്‍ കിട്ടാന്‍ എക്‌സ്‌ചേഞ്ച് ജീവനക്കാരുടെ സഹായം തേടണം. പിന്നെ അതിന് അവരുടെ വായിലിരിക്കുന്നത് കേള്‍ക്കണം. ഇപ്പോഴത്തെ തലമുറക്ക് അതൊന്നും ഓര്‍മയില്ല. സ്മാര്‍ട്ട് ഫോണും കയ്യില്‍ പിടിച്ചു നടക്കുമ്പോള്‍ 30-40 വര്‍ഷം മുമ്പ് സ്മാര്‍ട്ട് ഫോണ്‍ പോയിട്ട് നേരേചൊവ്വേ ഒരു ഫോണില്‍ പോലും സംസാരിച്ചിട്ടുള്ളവരല്ല തങ്ങളുടെ മുന്‍ തലമുറയിലുള്ളവര്‍ എന്ന് പലരും ഓര്‍മിക്കുന്നതേ ഇല്ലാ
ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി ജെ പി പോലും പൊക്കിപിടിക്കുന്ന ആധാര്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയര്‍ച്ച, ഇന്ത്യയില്‍ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡല്‍ഹി മെട്രോ പോലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മികവ് – ഇതൊക്കെ മന്‍മോഹന്‍ സിംഗിന്റെ നേട്ടങ്ങളാണ്. ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ കൂടെ പ്രവര്‍ത്തിച്ച ചിലരെ ഇതെഴുതുന്നയാള്‍ക്ക് നേരിട്ടറിയാം. ആദ്യ കാലങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ മന്‍മോഹന്‍ സിംഗ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു തന്റെ പ്രീമിയര്‍ പദ്മിനി കാറില്‍ ആയിരുന്നു തിരിച്ചു പോയിരുന്നത് എന്നാണ് അത് കണ്ടിട്ടുള്ള ഒരാള്‍ ഇതെഴുതുന്നയാളോട് നേരിട്ട് പറഞ്ഞിട്ടുള്ളത്.
അങ്ങനെയുള്ള ഡോ. മന്‍മോഹന്‍ സിംഗിനെ പോലും ഇവിടുത്തെ നിക്ഷിപ്ത താല്‍പര്യക്കാര്‍ ടൂ-ജി കേസില്‍ അഴിമതികാരനാക്കി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപാ! ഇന്ത്യ മഹാരാജ്യം വെള്ളരിക്കാ പട്ടണമാണോ? മാധ്യമ പ്രവര്‍ത്തകര്‍ മുന്‍ CAG വിനോദ് റായിയോട് അതിന്റെ പേരില്‍ കോടതി വിധി വന്നതിന് ശേഷം മാപ്പ് പറയുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യക്തമായ ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. മന്‍മോഹന്‍ സിംഗ് അന്തര്‍മുഖനായിരുന്നു. അത് ബിജെപിയും, സംഘ പരിവാറുകാരും പരമാവധി മുതലാക്കി. പക്ഷെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ദീര്‍ഘവീക്ഷണം സിദ്ധിച്ച വ്യക്തി ആയിരുന്നു മന്‍മോഹന്‍ സിംഗ്. ഒരുപക്ഷേ, ചരിത്രം അദ്ദേഹത്തോട് നീതി കാണിക്കുമായിരിക്കും.
ഈയിടെ ഉദാരവത്കരണത്തിന്റെ മുപ്പതാം വാര്‍ഷിക ദിനത്തില്‍ മന്‍മോഹന്‍ സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് 40 കോടിയോളം ജനതയെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഉദാരവത്കരണത്തിന് സാധിച്ചു എന്നാണ്. യുപിഎ ഭരണ കാലത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യണ്‍ എന്ന സംഖ്യയില്‍ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തില്‍ നിന്ന് 2011-12-ല്‍ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാന്‍ സാധിച്ചു എന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അര്‍ത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളര്‍ച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികള്‍ പോലെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ എത്തിക്കുവാന്‍ സാധിച്ചത്. നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. ഇതെഴുതുന്നയാള്‍ക്ക് പങ്കെടുക്കുവാന്‍ സാധിച്ച മന്‍മോഹന്‍ സിങ്ങിന്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞത് ‘ഉദാരവല്‍ക്കരണത്തിന്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വര്‍ഗത്തെ ഇന്ത്യയില്‍ സൃഷ്ടിക്കുകയാണ്’ എന്നായിരുന്നു. സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഫലമായി ശക്തമായ മധ്യ വര്‍ഗം ഇന്ത്യയില്‍ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. ഈ ചരിത്ര സത്യങ്ങളൊക്കെ വിദ്വേഷ പ്രചാരണവും, വ്യക്തിപരമായ ആക്രമണങ്ങളും മൂലം ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തുന്നില്ലാ; അതാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയങ്ങള്‍ക്ക് കാരണവും.
(ലേഖകന്റെ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ബന്ധമില്ലാ.)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions