UPDATES

കാര്‍ത്തിയുടെ മോദി സ്തുതി; ‘രാഹുല്‍ ഗാന്ധിയുടെ കഴിവ് കുറച്ച് കണ്ടതിന്’ കാരണം കാണിക്കല്‍ നോട്ടീസ്

മോദിയുടെ പ്രചാരണ തന്ത്രത്തെ മറികടക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് കഴിയില്ലെന്നാണ് കാര്‍ത്തി ചിദംബരം  സമ്മതിക്കുന്നത്

                       

പ്രദാനമന്ത്രി മോദിയെ പുകഴ്ത്തി എ ഐ സി സി അംഗവും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയുമായ കാര്‍ത്തി ചിദംബരം. മോദിയുടെ പ്രചാരണ തന്ത്രത്തെ മറികടക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് കഴിയില്ലെന്നാണ് കാര്‍ത്തി ചിദംബരം  സമ്മതിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനുമാണ് കാര്‍ത്തി. കാര്‍ത്തിയുടെ പരാമര്‍ശത്തില്‍ വിശദീകരണം ചോദിച്ച് തമിഴ്‌നാട് കോണ്‍ഗ്ര് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എ ഐ സി സി മെംബര്‍ ആയ കാര്‍ത്തിക്ക് നോട്ടീസ് നല്‍കാന്‍ തമിഴ്‌നാട് പാര്‍ട്ടി ഘടകത്തിന് അധികാരമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

പാര്‍ട്ടി നേതൃത്വത്തിനെതിരയുള്ള വിമര്‍ശനങ്ങളുടെയും ആഭ്യന്തര കലഹത്തിന്റെയും പ്രതിഫലനമാണ് കാര്‍ത്തിയുടെ വാക്കുകളില്‍ ഉള്ളതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ള വിലയിരുത്തലുകള്‍.

തമിഴ് ചാനല്‍ തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് കാര്‍ത്തിയെ വിവാദത്തിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പരോക്ഷ വിമര്‍ശനവും മോദിയെക്കുറിച്ചുള്ള പ്രശംസകളും കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ രോഷത്തിന് കാരണമായിട്ടുണ്ടെന്നാണ് വിവരം. പ്രചാരണത്തില്‍ മോദിയ്ക്ക് തുല്യരായി ആരുമില്ലെന്നതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം എന്നാണ് കാര്‍ത്തി പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ കഴിവിനെ കുറച്ചു കാണുന്നത് പാര്‍ട്ടിക്ക് സഹിക്കാന്‍ കഴിയില്ലെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. പാര്‍ട്ടിയിലെ അച്ചടക്കം ഉയര്‍പ്പിടിക്കുമെന്നും, പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്നുമുള്ള സന്ദേശമാണ് കാര്‍ത്തി ചിദമ്പരത്തിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് എന്നും നേതാവ് പറയുന്നു.

ആരായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന്, ആലോചനകള്‍ പുരോഗമിക്കുകയാണെന്നാണ് കാര്‍ത്തി മറുപടി പറയുന്നത്. അതാരാണെന്ന് എത്രയും വേഗം ജനങ്ങളെ അറിയിക്കണമെന്നും ശിവഗംഗ എം പി പറയുന്നു. ‘ നമ്മുടെ വാഗ്ദാനങ്ങളും പദ്ധതികളും തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലല്ല, കുറഞ്ഞത് നാലോ ആറോ മാസങ്ങള്‍ക്ക് മുമ്പെങ്കിലും പ്രഖ്യാപിക്കണം. എങ്കിലെ ജനങ്ങളുടെ മനസിലേക്ക് അവ എത്തുകയുള്ളൂ. ബിജെപിയുടെ ജയ് ശ്രീറാമിനും ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനും ബദല്‍ വിവരണങ്ങളുമായി ജനുവരിയില്‍ തന്നെ പാര്‍ട്ടി രംഗത്തിറങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’കാര്‍ത്തി അഭിമുഖത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി പദത്തിലേക്കുള്ള നല്ല സ്ഥാനാര്‍ത്ഥിയായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ആ പദവിക്ക് ഖാര്‍ഗെ തികച്ചും യോജ്യനാണെന്ന് തന്നെയാണ് കാര്‍ത്തി പറയുന്നത്. കഴിഞ്ഞ 53 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള ആളാണ് ഖാര്‍ഗെയെന്നും എന്നാല്‍ പ്രതിപക്ഷ സഖ്യത്തിലെ രണ്ടു പാര്‍ട്ടികള്‍ മാത്രമെ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചിട്ടുള്ളൂവെന്നും കാര്‍ത്തി പറയുന്നുണ്ട്.

‘ നിങ്ങള്‍ മോദിക്കെതിരായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിക്കുന്നുണ്ടെങ്കില്‍, അതെത്രയും വേഗം വേണം’ എന്നാണ് അഭിമുഖത്തില്‍ കാര്‍ത്തി പറയുന്നത്. അവസാന നിമിഷമാണ് നമ്മള്‍ നമ്മുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതെങ്കില്‍ അവരുടെ പ്രചാരണ സംവിധാനത്തോട് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതിപ്പോള്‍ ഏറ്റവും പോപ്പുലറായ സിനിമ താരമോ ക്രിക്കറ്റ് താരമോ ആയാല്‍പ്പോലും. കാരണം, മോദിയുടെത് വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രചാരണ സംവിധാനമാണ്, എന്നാണ് കാര്‍ത്തി പറയുന്നത്.

ഖാര്‍ഗെ മോദിക്ക് തുല്യമാകുമോ ഇല്ലയോ ചോദ്യം വീണ്ടും ആവര്‍ത്തിക്കുമ്പോഴാണ്, ഇന്നത്തെ യാഥാര്‍ത്ഥ്യം അനുസരിച്ച് ആരും മോദിയോട് സമന്മാരാകുന്നില്ലെന്ന് കാര്‍ത്തി മറുപടി പറയുന്നത്.

ഇതിനു പിന്നാലെ വരുന്ന ചോദ്യമാണ്, രാഹുല്‍ ഗാന്ധി മോദിക്ക് പറ്റിയ എതിരാളിയാകില്ലേ എന്നത്. അവരുടെ പ്രചാരണ സംവിധാനങ്ങളും പ്രധാനമന്ത്രി എന്ന നിലയിലുള്ള പ്രയോജനവും കണക്കിലെടുത്താല്‍ ബുദ്ധിമുട്ടാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. ബിജെപിയെ തോല്‍പ്പിക്കുക എന്നത് സംഭവ്യമായതാണെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും കാര്‍ത്തി പറയുന്നു. മോദിയുടെ ജനപ്രീതിയെ മറികടന്നും ബിജെപിയെ തോല്‍പ്പിക്കാം. എന്നാല്‍, മോദിയെ പോലെ ശക്തനായ മറ്റൊരു നേതാവിന്റെ പേര് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ എനിക്കാവില്ല. നിങ്ങള്‍ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചോദിച്ചാല്‍ അവരുടെ ആഗ്രഹം രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കണമെന്നാണ്. എന്നാല്‍ ഇന്ത്യ സഖ്യം ഖാര്‍ഗെയുടെ പേരാണ് ചില തന്ത്രങ്ങളുടെ ഭാഗമായി നിര്‍ദേശിക്കുന്നത്. വ്യക്തിപരമായുള്ള പോരാട്ടത്തില്‍ മോദിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. അതേസമയം രാഷ്ട്രീയമായ പോരാട്ടത്തിലും വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും കൂടി വിജയം നമ്മുടെതാക്കാന്‍ കഴിയും’ കാര്‍ത്തിയുടെ വാക്കുകള്‍.

കോണ്‍ഗ്രസ് ഫലവത്തായൊരു പ്രചാരണ സംവിധാനം കൊണ്ടുപോകുന്നില്ല എന്ന കാര്യത്തില്‍ പൂര്‍ണമായി യോജിക്കുകയാണ് കാര്‍ത്തി ചിദംബരം. ബിജെപി നടത്തുന്ന അടിത്തട്ട് കളികള്‍ ഞങ്ങളെക്കാള്‍ മികച്ചതാണ്. അത് ഞാന്‍ പലതവണ അംഗീകരിച്ചിട്ടുള്ളതുമാണ്, ഞങ്ങളുടെ പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും പോരായ്മകള്‍ ഞാന്‍ എപ്പോഴും അംഗീകരിക്കുന്ന ഒന്നാണെന്നും കാര്‍ത്തി പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍