Continue reading “യഹൂദ വിരോധം ആരോപിച്ച്  നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ ഒഴിവാക്കി ഗാര്‍ഡിയന്‍”

" /> Continue reading “യഹൂദ വിരോധം ആരോപിച്ച്  നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ ഒഴിവാക്കി ഗാര്‍ഡിയന്‍”

"> Continue reading “യഹൂദ വിരോധം ആരോപിച്ച്  നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ ഒഴിവാക്കി ഗാര്‍ഡിയന്‍”

">

UPDATES

വിദേശം

യഹൂദ വിരോധം ആരോപിച്ച്  നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ ഒഴിവാക്കി ഗാര്‍ഡിയന്‍

                       

മനുഷ്യാവകാശത്തിനും പാരിസ്ഥിതിക സാമൂഹിക നീതിക്കും വേണ്ടി എക്കാലവും നിലനിന്നിട്ടുള്ള പത്രമാണ് ദി ഗാര്‍ഡിയന്‍. പുരോഗമനപരമായ നിലപാടുകള്‍ എടുക്കുന്നതിലും നിര്‍ണായക വിഷയങ്ങളെ കുറിച്ച് സാമൂഹിക അവബോധം ഉണ്ടാക്കിയെടുക്കാനും ഗാര്‍ഡിയന്‍ മുന്‍ പന്തിയിലായിരുന്നു. 1821 മെയ് അഞ്ചിനാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജോണ്‍ എഡ്വേര്‍ഡ് ടെയ്ലര്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ എന്ന പേരില്‍ ഗാര്‍ഡിയന്‍ സ്ഥാപിച്ചത്. ആദ്യം ആഴ്ചയില്‍ ഒന്നെന്ന രീതിയിലായിരുന്നെങ്കില്‍ പിന്നീട് 1855-ല്‍ ഒരു ദിനപത്രമാക്കി മാറ്റി. അന്ന് തൊട്ടിന്നുവരെ ഗാര്‍ഡിയന്‍ തന്റെ പ്രയാണം തുടരുന്നു.

തത്വാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രശസ്തി നേടിയിട്ടുള്ളതാണ് ഗാര്‍ഡിയന്‍. എന്നാലിപ്പോള്‍ ദീര്‍ഘകാലം പത്രത്തില്‍ സേവനമനുഷ്ഠിച്ച ഗാര്‍ഡിയന്‍ കാര്‍ട്ടൂണിസ്റ്റ് സ്റ്റീവ് ബെല്ലിനെ പുറത്താക്കിയതിലൂടെ പത്രം അതിന്റെ നിലപാടിനെതിരേ പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനം കേള്‍ക്കുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കാര്‍ട്ടൂണിന്റെ പേരിലാണ് ഈ പുറത്താക്കല്‍. ആന്റി-സെമറ്റിക് (ജൂതവിരോധം) ആയിട്ടുള്ള കാര്‍ട്ടൂണ്‍ എന്നതാണ് ബെല്ലിനെതിരേയുള്ള ആക്ഷേപം.

സ്റ്റീവ് ബെല്ലിന്റെ കാര്‍ട്ടൂണില്‍ ബെഞ്ചമിന്‍ നെതന്യാഹു സ്വന്തം വയറില്‍ ഗാസ മുനമ്പിന്റെ ഭൂപടം വരച്ച് സ്വയം ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നതാണ് വരച്ചിരിക്കുന്നത്. ‘ഗാസയിലെ താമസക്കാരേ, നിങ്ങള്‍ പുറത്തുപോകൂ’ എന്ന ക്യാപ്ഷനാണ് കാര്‍ട്ടൂണിലുള്ളത്. ഹമാസിനെതിരെയുള്ള ആക്രമണത്തിന് മുമ്പ് വടക്കന്‍ ഗാസ മുനമ്പില്‍ നിന്ന് ഒഴിയാന്‍ പലസ്തീനികളോട് ആവശ്യപ്പെടുന്നതിനെ പറ്റി പരാമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സന്റെ 60-കളിലെ ഒരു കാര്‍ട്ടൂണില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കാര്‍ട്ടൂണ്‍ വരച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

‘നീണ്ട 42 വര്‍ഷമായി ഞാന്‍ പത്രത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഇപ്പോള്‍ എടുത്തിരിക്കുന്ന ഈ തീരുമാനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു’ എന്നാണ് സ്റ്റീവ് പറഞ്ഞത്. തിങ്കളാഴ്ച രാവിലെ ഫയല്‍ ചെയ്ത കാര്‍ട്ടൂണ്‍ നാല് മണിക്കൂറിനു ശേഷം സീനിയര്‍ എഡിറ്റര്‍മാര്‍ നിരസിക്കുകയായിരുന്നുവെന്നാണ് സ്റ്റീവ് പറയുന്നത്.

”സ്റ്റീവ് ബെല്ലിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് പത്രത്തിന്റെ തീരുമാനം. കഴിഞ്ഞ 40 വര്‍ഷമായി സ്റ്റീവ് ബെല്ലിന്റെ കാര്‍ട്ടൂണുകള്‍ ഗാര്‍ഡിയന്റെ ഒരു പ്രധാന ഭാഗമാണ്. അദ്ദേഹത്തിന് ഞങ്ങള്‍ നന്ദി പറയുന്നു, ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു’; ഗാര്‍ഡിയന്‍ വക്താവ് പറഞ്ഞു.

‘എന്റെ കാര്‍ട്ടൂണില്‍ ആ നാടകത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. നെതന്യാഹു ബോക്‌സിംഗ് കയ്യുറകള്‍ ധരിച്ച് സ്വയം ഒരു ശസ്ത്രക്രിയ നടത്താന്‍ തയ്യാറായി നില്‍ക്കുന്നു, അതിന്റെ വിനാശകരമായ അനന്തരഫലങ്ങള്‍ ഇനിയും കാണാനിരിക്കുന്നതേയുള്ളു. ഇത്രമാത്രമാണ് എന്റെ കാര്‍ട്ടൂണ്‍ അര്‍ത്ഥമാക്കുന്നത്. എന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ ഗാര്‍ഡിയന് എല്ലാവിധത്തിലുള്ള അവകാശവുമുണ്ട്, പക്ഷേ പൂര്‍ണമായും കൃത്രിമവും തെറ്റായതുമായ കാരണങ്ങള്‍ പറഞ്ഞ് അത് ചെയ്യാന്‍ പാടില്ല’; ബെല്‍ ബിബിസിയോട് പറയുന്നതിങ്ങനെയാണ്.

സ്റ്റീവ് ബെല്‍ 2024 ഏപ്രില്‍ വരെ പേപ്പറില്‍ പ്രവര്‍ത്തിക്കുമെന്നാണ് വിവരം. എന്നാല്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തില്ല. ‘ഗാര്‍ഡിയന് വേണ്ടി ഞാന്‍ ആഴ്ചയില്‍ മൂന്ന് എഡിറ്റോറിയല്‍ കാര്‍ട്ടൂണുകള്‍ ചെയ്യാറുണ്ടായിരുന്നു, എന്നാലിപ്പോള്‍ അവര്‍ അത് പൂര്‍ണമായും ഒഴിവാക്കി. ഞാന്‍ 2024 ഏപ്രില്‍ വരെ ഗാര്‍ഡിയനില്‍ തുടരുമെങ്കിലും എന്റെ സൃഷ്ട്ടികള്‍ ഒന്നും തന്നെ പ്രസിദ്ധീകരിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്’; ബെല്ലിന്റെ വാക്കുകള്‍.

ഷേക്സ്പിയറിന്റെ ദി മര്‍ച്ചന്റ് ഓഫ് വെനീസിലെ ജൂത വിരോധിയായ പണമിടപാടുകാരന്‍ ഷൈലോക്കിനോട് സാമ്യമുള്ളതാണ് സ്റ്റീവിന്റെ കാര്‍ട്ടൂണ്‍ എന്നാണ് ആക്ഷേപം. ഇത് ആദ്യമായല്ല അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ ആന്റി- സെമിറ്റിസം (യഹൂദ വിരുദ്ധത) ആരോപിക്കപ്പെടുന്നത്. 2020-ല്‍, ജെറമി കോര്‍ബിന്റെ ശിരഛേദം ചെയ്ത തല ഒരു താലത്തില്‍ വെച്ച് കെയര്‍ സ്റ്റാര്‍മര്‍ വരച്ചതിന് സ്റ്റീവ് വിമര്‍ശന വിധേയനായിരുന്നു.

തന്റെ എഡിറ്റോറിയല്‍ കാര്‍ട്ടൂണുകള്‍ കൊണ്ട് രാഷ്ട്രീയ വ്യക്തികളെയും സംഭവങ്ങളെയും സാമൂഹിക വിഷയങ്ങളെയും ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്നതാണ് സ്റ്റീവ് ബെല്ലിന്റെ രീതി. സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ വീക്ഷണങ്ങള്‍ അറിയിക്കാനായി നര്‍മവും ആക്ഷേപഹാസ്യവും ഉപയോഗിച്ച് കൊണ്ടുള്ള മൂര്‍ച്ചയുള്ള വ്യാഖ്യാനരീതി ബെല്ലിന്റെ സൃഷ്ടികളുടെ സവിശേഷതയാണ്. ബ്രിട്ടീഷ് പ്രസ്സിന്റെ ‘കാര്‍ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍’ 2003, 1994 ലെ ‘കാര്‍ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍’ തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ സ്റ്റീവ് ബെല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണവും തുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന പ്രതികാര നടപടികളും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സ്റ്റീവ് ബെല്ലിന്റെ കാര്‍ട്ടൂണും ഗാര്‍ഡിയന്റെ പുറത്താക്കലും ലോകത്ത് ചര്‍ച്ചയാകുന്നത്.

Share on

മറ്റുവാര്‍ത്തകള്‍