UPDATES

ഓഫ് ബീറ്റ്

ആന കാര്‍ട്ടൂണ്‍…

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-60

                       

ആന എന്നത് ഭൂമിയിലെ ഏറ്റവും വലിയ മൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. ഒപ്പം ശക്തിയുടെ പ്രതീകവുമാണ്. വലിയ കാര്യങ്ങള്‍ക്ക് ആനക്കാര്യം എന്നും നമ്മള്‍ പ്രയോഗിക്കാറുണ്ട്. കാര്‍ട്ടൂണില്‍ ആനകള്‍ പലപ്പോഴും കഥാപാത്രമായി വരാറുണ്ട്. മഹാത്മാഗാന്ധിയെ എത്രയോ തവണയാണ് ആനയായി ചിത്രീകരിച്ചിരിക്കുന്നത്. അത് ലോകത്തിലെ പല രാജ്യങ്ങളിലേയും, ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകളും മഹാത്മാഗാന്ധിയെ ആനയായി ചിത്രീകരിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് അബുവിന്റെ ഗാന്ധിയെ ആനയാക്കിയുള്ള കാര്‍ട്ടൂണ്‍ അതിപ്രശസ്തമാണല്ലോ…? മെലിഞ്ഞ ശരീരപ്രകൃതിയുള്ള മഹാത്മാഗാന്ധിയെ ആനയായി ചിത്രീകരിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ജനസ്വാധീനമായ ശക്തിയെ സമൂഹത്തിലേക്ക് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്.

1957 ഏപ്രില്‍ അഞ്ചിന് ഇ.എം.എസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് ചിലര്‍ക്ക് അവിശ്വസനീയമായിരുന്നു. അവര്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെ ഇറക്കാന്‍ വിമോചന സമരത്തിന് തുടക്കമിട്ടു. വിമോചനസമരത്തിലേക്കു നയിച്ച രാഷ്ട്രീയ നീക്കങ്ങള്‍ക്കും, ജനമനസിനെ തയ്യാറാക്കിയതിലും പത്രമാധ്യമങ്ങള്‍ വഹിച്ച പങ്ക് വ്യക്തമായിരുന്നു. സര്‍ക്കാരിനെതിരായ സാമുദായിക വികാരം വളര്‍ത്തുന്നതിന് വാര്‍ത്തകള്‍ പലതും സ്യഷ്ടിച്ചു. പളളികളില്‍ പോലീസ് കയറിയെന്നും തിരച്ചില്‍ നടത്തിയെന്നുമൊക്കെയുള്ള അസത്യവും ഊഹാപോഹങ്ങളും നിറഞ്ഞ വാര്‍ത്തകള്‍ അക്കാലത്ത് പത്രങ്ങളില്‍ സാധാരണയായിരുന്നു. പോലീസ് ഏതുനിമിഷവും ആള്‍ത്താരയില്‍ കയറിയേക്കും, എന്ന വ്യാജ വാര്‍ത്തകള്‍ വരെ പത്രങ്ങളില്‍ വന്നിരുന്നു. സര്‍ക്കാരിനെ താഴെയിറക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ സന്ദര്‍ശന ദിവസങ്ങളില്‍ മലയാള പത്രങ്ങള്‍ ഇംഗ്ലീഷില്‍ മുഖപ്രസംഗം എഴുതുവാനും തുനിഞ്ഞു. ഇംഗ്ലീഷിലെ ലേഖനങ്ങള്‍ നെഹ്‌റു നേരിട്ട് വായിച്ചു മനസ്സിലാക്കട്ടെ എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം.

റേഷനരിയും റേഷന്‍ സംവിധാനവും

1958 ഒക്ടോബര്‍ 31ന് കാര്‍ട്ടൂണിസ്റ്റ് റ്റോംസ് മലയാള മനോരമയില്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ആറ്റം എന്ന പേരിലാണ് റ്റോംസ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ തുടങ്ങിയ വിമോചന സമരത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ വരയ്ക്കപ്പെട്ട കാര്‍ട്ടൂണാണ് ഇത്. ഇടതുപക്ഷത്തിനെ ആക്രമിക്കുന്ന വലതുപക്ഷ അനുഭാവമുള്ള മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും, കാര്‍ട്ടൂണിസ്റ്റുകളും മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്.

കാര്‍ട്ടൂണിസ്റ്റ് റ്റോംസിന്റെ കാര്‍ട്ടൂണില്‍ ആനയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ വാലാണ് കേരളം എന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്. ആനയുടെ വാലില്‍ കേരളത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ല്‍ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായ വിമോചനസമരത്തില്‍ ക്രിസ്തീയര്‍ക്കൊപ്പം നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കൂടിയിരുന്നു. വിമോചന സമരം ഔദ്യോഗികമായി തുടങ്ങും മുന്‍പ് തന്നെ അതിന് സാഹചര്യങ്ങള്‍ ഒരുക്കിയ കൂട്ടത്തില്‍ വരയ്ക്കപ്പെട്ടതാണ് ഈ കാര്‍ട്ടൂണ്‍. ആനപ്പാപ്പാനായി നെഹ്‌റുവിനെയും ആനയുടെ വാലായ കേരളത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനെയും കാര്‍ട്ടൂണില്‍ കാണാം.

Share on

മറ്റുവാര്‍ത്തകള്‍