UPDATES

ഓഫ് ബീറ്റ്

സൂര്യനെല്ലി കാര്‍ട്ടൂണ്‍

രാഷ്ട്രീയ ഇടവഴി; പരമ്പര,ഭാഗം-55

                       

1996ല്‍ ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടര്‍ന്നുള്ള നാല്പതു ദിവസം ലൈംഗിക പീഡനത്തിരയാക്കുകയും ചെയ്ത സംഭവമാണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍വച്ചു നടന്ന പീഡനത്തില്‍ പ്രതികളായി 42 പേരോളം ഉള്‍പ്പെട്ടിരുന്നു. പ്രതികളിലും ആരോപണവിധേയരിലും പെട്ടവരില്‍ ചിലര്‍ അറിയപ്പെടുന്നവരും ഉന്നതപദവികള്‍ വഹിക്കുന്നവരും ആയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ കേസില്‍ ഉള്‍പ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തപ്പോള്‍, കോണ്‍ഗ്രസ്, ജെ.എസ്.എസ്., കേരളാ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും കേസില്‍ പ്രതികളായി.

ഐസ്‌ക്രീം കേസും, പൊല്ലാപ്പും

കേരളത്തില്‍ സൂര്യനെല്ലി പെണ്‍വാണിഭം വാര്‍ത്ത വന്നുകൊണ്ടിരിക്കുന്ന കാലം. ദിവസവും ഓരോ പ്രമുഖരുടേയും പേരുകള്‍ ഈ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായിരുന്നു പ്രതിപട്ടികയില്‍ വന്നുകൊണ്ടിരുന്നത്. ഈ സമയത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. സൂര്യനെല്ലി വിഷയം ഇലക്ഷനില്‍ ഉയര്‍ത്തിപിടിക്കാന്‍ ഇടതുപക്ഷ മുന്നണി തീരുമാനിക്കുന്നു.

മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു നാടക സ്റ്റേജാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. അക്കാലത്ത് ഇറങ്ങിയ ഒരു സിനിമയുടെ പേരിനെ ഓര്‍മിപ്പിക്കുന്ന പേരായിരുന്നു കാര്‍ട്ടൂണിനും തലക്കെട്ടായി ഇട്ടത്; അഗ്‌നിപുത്രി. സ്റ്റേജില്‍ ഒരു പെണ്‍കുട്ടി യു.ഡി.എഫ് ലിസ്റ്റുമായി തേങ്ങുന്നു. പ്രതികളില്‍ യുഡിഎഫ് നേതാക്കളായിരുന്നു പ്രധാനികള്‍ എന്ന ആരോപണമാണ് എല്‍ഡിഎഫിന്റെ ആയുധമായത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പെണ്‍കുട്ടിക്ക് നല്‍കി എല്‍.ഡി.എഫിനെ നയിക്കുന്ന നായനാര്‍ പറയുകയാണ്… ഓരോ പേരും നോക്കി വായിച്ചതിന് ശേഷം സഖാവ് വാവിട്ട് ഉറക്കെ പൊട്ടിക്കരയണം… കാര്‍ട്ടൂണില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി എസിനെയും സ്റ്റേജിന്റെ മറുവശത്ത് സൈഡ് കര്‍ട്ടന് പിന്നില്‍ കാണാം. വലതുപക്ഷത്തെ വല്ലാതെ ആക്രമിക്കുന്ന കാര്‍ട്ടൂണായി എന്ന അഭിപ്രായം വ്യാപകമായുണ്ടായി. അതിശക്തമായ ഈ കാര്‍ട്ടൂണ്‍ വലിയ കോളിളക്കമുണ്ടാക്കി. കാര്‍ട്ടൂണിസ്റ്റിന്റെ വീട്ടിലെ ഫോണ്‍ എടുക്കാന്‍ പറ്റാത്ത സ്ഥിതി വരെ ഉണ്ടായി. മലയാള മനോരമയുടെ എല്ലാ ഓഫീസുകളിലേയ്ക്കും ഫോണിലൂടെ ഈ കാര്‍ട്ടൂണിനെതിരെ അസഭ്യ വര്‍ഷം തന്നെ ഉണ്ടായി. സൂര്യനെല്ലി കാര്‍ട്ടൂണ്‍ വരയക്കേണ്ടിയിരുന്നില്ല എന്നും, വരച്ചത് തെറ്റായി പോയെന്നും കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പിന്നീട് ലേഖകനോട് പറഞ്ഞിട്ടുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: മലയാള മനോരമ

Share on

മറ്റുവാര്‍ത്തകള്‍