UPDATES

കാറിനുള്ളിലെ വായു ശ്വസിച്ചാല്‍ കാന്‍സര്‍ വരാമെന്ന് പഠനം

കാൻസർ വരാമെന്ന് പഠനം

                       

ആളുകൾ കാറിൽ യാത്ര ചെയ്യുമ്പോൾ കാൻസറിന്‌ കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നതായി പുതിയ ഗവേഷണം കണ്ടെത്തി. എൻവയോൺമെൻ്റൽ സയൻസ് & ടെക്നോളജിയിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗവേഷണത്തിനായി 2015-നും 2022-നും ഇടയിൽ പുറത്തിറങ്ങിയ 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ക്യാബിനിലെ വായു ഗവേഷകർ വിശകലനം ചെയ്തിരുന്നു. പഠനം നടത്തിയ 99% കാറുകളിലും ടിസിഐപിപി (പോളിയുറീൻ സീറ്റ് ഫോമുകളിൽ സാധാരണയായി ചേർക്കുന്ന ക്ലോറിനേറ്റഡ് ഓർഗാനോഫോസ്ഫേറ്റ് ഫ്ലേം റിട്ടാർഡൻ്റാണ് ട്രൈസ് ക്ലോറോപ്രോപൈൽ ഫോസ്ഫേറ്റ്.) തീ പടരുന്നത് തടയുന്നതിനായി പ്ലാസ്റ്റിക്, തുണിത്തരങ്ങൾ എന്നിവയുടെ ഉപരിതലത്തിൽ ചേർക്കുന്ന രാസവസ്തുവായ  ഫ്ലേം റിട്ടാർഡൻ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് കാൻസറിന് കരണമാകുന്നുണ്ടോ എന്ന് യുഎസ് നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം കൂടുതൽ ഗവേഷങ്ങൾ നടത്തിവരികയാണ്. cancer causing chemicals in cars

പരിശോധിച്ച മിക്ക കാറുകളിലും ടിസിഐപിപി കൂടാതെ ടിഡിസിഐപിപി (ക്ലോറിനേറ്റഡ് ഓർഗാനോഫോസ്ഫേറ്റാണ് ട്രൈസ്ഫോസ്ഫേറ്റ്), ടിസിഇപി (ട്രൈസ് 2-കാർബോക്സിതൈൽ ഫോസ്ഫിൻ) എന്ന മറ്റ് രണ്ട് ഫ്ലേം റിട്ടാർഡൻ്റുകൾ കൂടി ഉണ്ടായിരുന്നു. ഇവ രണ്ടും കാൻസറിന് കാരണമാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം രാസവസ്തുക്കൾ ശ്വസിക്കുന്നത് വഴി പ്രത്യുൽപ്പാദന ശേഷി കുറയുകയും, ന്യൂറോളജിക്കൽ തകരാറുകൾക്കും കാരണമാകും എന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

ഒട്ടുമിക്ക ആളുകളും ദിവസവസേന ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കാറുകളിൽ ചെലവഴിക്കുന്നതിനാൽ ഇത് ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്നാണ്, ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ പ്രധാന ഗവേഷകയും ടോക്സിക്കോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞയുമായ റെബേക്ക ഹോൻ പറയുന്നത്. രാസവസ്തുക്കളുടെ ഉപയോഗം പ്രത്യേകിച്ച് ജോലിയുടെ ആവശ്യങ്ങൾക്കും മറ്റും ദീർഘദൂര യാത്ര ചെയ്യുന്ന ഡ്രൈവർമാർമാരെയും, കുഞ്ഞുങ്ങളെയും ഇത് ദോഷകരമായ രീതിയിൽ ബാധിക്കും എന്നും റെബേക്ക കൂട്ടിച്ചേർത്തു.

വേനൽ കാലത്ത് ചൂട് അധികമായതിനാൽ കാറുകളിലെ ഫ്ലേം റിട്ടാർഡന്റുകളുടെ അളവ് കൂടുതൽ ആണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാൻസറിന് കാരണമാകുന്ന സംയുക്തങ്ങളുടെ ഏറ്റവും വലിയ ഉറവിടം പോളിയുറീൻ സീറ്റ് ഫോമുകൾ ആണെന്നാണ് ഗവേഷകർ പറയുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കാലാവധി കഴിഞ്ഞ ഫ്ലേം റിട്ടാർഡന്റുകളാണ് സീറ്റ് ഫോമുകളിൽ നിർമാതാക്കൾ ഉപയോഗിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

‘ഫ്ലേം റിട്ടാർഡൻ്റുകൾ കാൻസറിന് കാരണമാകുമെന്ന കണ്ടെത്തലിൽ അഗ്നിശമന സേനാംഗങ്ങൾ ആശങ്കാകുലരാണ്. ഇത്തരം രാസവസ്തുക്കൾ തീ പിടിക്കുന്നത് തടയാൻ വളരെ കുറച്ച് മാത്രമേ സഹായിക്കു, മറിച്ച് കൂടുതൽ പുക സൃഷ്ടിക്കുകയും വായു വിഷമയമാകുകയും ചെയ്യും’ എന്നാണ് ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർ ഫൈറ്റേഴ്‌സിൻ്റെ ഹെൽത്ത്, സേഫ്റ്റി, മെഡിസിൻ ഡയറക്ടർ പാട്രിക് മോറിസൺ പറയുന്നത്.

പഠനത്തിൽ,  വാഹനങ്ങൾക്കുള്ളിൽ ഫ്ലേം റിട്ടാർഡൻ്റുകൾ ഉപയോഗിക്കുന്നത് നിർമാതാക്കൾ അവകാശപ്പെടുന്ന തരത്തിലുള്ള യാതൊരു വിധ പ്രയോജനവും നൽകുന്നില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

തണലുകളിൽ കാർ നിർത്തിയിടുന്നതും ഗ്ലാസ് തുറന്നു വക്കുന്നതും വഴി ഇത്തരം രാസവസ്തുക്കൾ കാറിൽ നിറയുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും എന്നാണ് ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞയായ ലിഡിയ ജാൽ വ്യക്തമാക്കുന്നത്. എന്നിരുന്നാലും കാർ നിർമാതാക്കൾ ഇത്തരം ഫ്ലേം റിട്ടാർഡൻ്റുകളുടെ അളവ് കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ലിഡിയ ജാൽ കൂട്ടിച്ചേർത്തു. കൂടാതെ രാസവസ്തുക്കൾ കുട്ടികളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നതിനാൽ ഇത് ഭാവി തലമുറയുടെ കൂടി പ്രശ്നമാണെന്നും ലിഡിയ പറഞ്ഞു.

 

content summary : People are breathing in cancer-causing chemicals when they’re in their car.

Share on

മറ്റുവാര്‍ത്തകള്‍