February 13, 2025 |

ഭീമ കൊറേഗാവ് കേസ്; നീണ്ട വിചാരണതടവിന് ശേഷം ഗൗതം നവ്‌ലാഖ പുറത്തേക്ക്

തിരിച്ചടിയാവുന്നത് കേന്ദ്രസര്‍ക്കാരിനും എന്‍ഐഎയ്ക്കുമാണ്

ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ വീട്ടുതടവില്‍ നിന്ന് മോചിതനായി. മെയ് 14നാണ് ജാമ്യം സുപ്രിംകോടതി അനുവദിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് നവ്ലാഖ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. അതേസമയം കേസില്‍ കുറ്റമാരോപിക്കപ്പെട്ട് അറസ്റ്റിലായ 16 പേരില്‍ ഏഴാമനും പുറത്തിറങ്ങുമ്പോള്‍ തിരിച്ചടിയാവുന്നത് കേന്ദ്രസര്‍ക്കാരിനും എന്‍ഐഎയ്ക്കുമാണ്. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ കേസില്‍ കുടുക്കുകയും തെളിവുകളില്ലാതെ വിചാരണ നീട്ടികൊണ്ട് പോയി അടിച്ചമര്‍ത്തല്‍ തന്ത്രം പ്രയോഗിക്കുന്ന ഭരണകൂട നടപടിയുടെ ഉദാഹരണമായാണ് ഭീമാ കൊറെഗാവ് കേസ് വിലയിരുത്തപ്പെടുന്നത് പോലും.

ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ ഇരൂന്നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് 2018ലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെടയക്കം മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്. ഗൗതം നവ്ലാഖയ്ക്ക് പുറമേ, ധാവ്ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, വരവര റാവു , പ്രൊഫ. സായിബാബ, ഫാ. സ്റ്റാന്‍ സ്വാമി , അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിങ് തുടങ്ങിയവരെയാണ് യുഎപിഐ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. 2021ല്‍ സുധ ഭരദ്വാജിനും 2022ല്‍ ആനന്ദ് തെല്‍തുംബ്ഡെയ്ക്കും 2023ല്‍ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേയ്റ, വരവര റാവു, 2024ല്‍ ഷോമ സെന്നും ജാമ്യം ലഭിച്ചിരുന്നു. ഭീമ കൊറേഗാവില്‍ നടന്ന സമ്മേളനത്തിന് പിന്നില്‍ മാവോവാദികളാണെന്നും അവിടെ നടന്നത് പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനയാണെന്നുമാരോപിച്ചായിരുന്നു കേസ്.

2020ലാണ് ഗൗതം നവ്ലാഖ അറസ്റ്റിലാകുന്നത്. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 2022ല്‍ സുപ്രീം കോടതി ഗൗതം നവ്ലാഖയെ വീട്ടുതടങ്കിലേക്ക് മാറ്റി. 2023 ഡിസംബറില്‍ ഹൈക്കോടതി നവ്ലാഖക്ക് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ എന്‍ഐഎ സമയം ചോദിച്ചതിനാല്‍ ഹൈക്കോടതി ജാമ്യവിധി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി വിധിയിലെ സുപ്രധാന നിരീക്ഷണം നവ്ലാഖ ഭീകരപ്രവര്‍ത്തനം ചെയ്തതിന് തെളിവില്ല എന്നതായിരുന്നു. പിന്നാലെ സുപ്രിംകോടതിയും സമാന നീരിക്ഷണം പങ്കുവച്ചു. 73കാരനായ നവ്ലാഖയുടെ വിചാരണവൈകുന്നതില്‍ സുപ്രിംകോടതി ഖേദം പ്രകടിപ്പിച്ച് കൊണ്ടായിരുന്നു ആ നിരീക്ഷണം. നവ്ലാഖയ്ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയ കാര്യങ്ങളില്‍ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. ‘ഇതാണോ ഈ പ്രായത്തിലുള്ള ഒരാള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ അടിസ്ഥാനമാക്കിയ കാര്യങ്ങള്‍. അദ്ദേഹം ജീവിതാന്ത്യത്തിലേക്ക് അടുക്കുകയാണ്. അദ്ദേഹത്തിന് ഞങ്ങള്‍ ജാമ്യം നല്‍കുന്നില്ല. നിങ്ങള്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങളാണോ വേണ്ടത് അതൊക്കെ ഏര്‍പ്പെടുത്തൂ. രാജ്യത്തെ നശിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ആരാണ് രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത് ഞാന്‍ താങ്കളോട് പറയേണ്ടതുണ്ടോ? അഴിമതിക്കാരായവര്‍. നിങ്ങള്‍ ഏതെങ്കിലും ഓഫീസില്‍ പോയി നോക്കൂ. അവിടെ എന്താണ് സംഭവിക്കുന്നത്. ആരാണ് നടപടിയെടുക്കുന്നത്. അവരൊക്കെ രക്ഷപ്പെട്ടു പോകുകയാണ്- എന്നായിരുന്നു കോടതിയുടെ നീരിക്ഷണം.

 

English Summary: Bhima koregaon; Gautam Navlakha Released

×