UPDATES

വിദേശം

ഒടുവില്‍ കേറ്റ് തന്നെ പറഞ്ഞു; എനിക്ക് കാന്‍സര്‍ ആണ്

ലോകം മുഴുവന്‍ വെയ്ല്‍സ് രാജകുമാരിയെ തേടുകയായിരുന്നു

                       

സത്യമുണ്ടാകരുതെന്ന് ലോകം മുഴുവന്‍ ആഗ്രഹിച്ചൊരു കാര്യമായിരുന്നു, പക്ഷേ, ആ ആഗ്രഹത്തിന് വിപരീതമായാണ് സംഭവിച്ചിരിക്കുന്നത്. വെയ്ല്‍സ് രാജകുമാരി കാതറിന്‍ മിഡില്‍ടണിന് കാന്‍സര്‍. കാതറിന്‍(കേറ്റ്) തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. കീമോതെറാപ്പിയിലൂടെ കടന്നു പോവുകയാണ് കേറ്റ് ഇപ്പോള്‍.

ബുധനാഴ്ച്ച റെക്കോര്‍ഡ് ചെയ്ത് വെള്ളിയാഴ്ച്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് കേറ്റ് തന്റെ രോഖ വിവരം പറയുന്നത്.

ശസ്ത്രക്രിയയ്ക്ക് വിധേയയാതിനു പിന്നാലെയാണ് കാന്‍സര്‍ തിരിച്ചറിഞ്ഞതെങ്കിലും, ഏത് തരം കാന്‍സര്‍ ആണെന്നത് വ്യക്തമായിട്ടില്ല.

‘ എനിക്ക് സുഖമാണ്, എന്നെ സുഖപ്പെടുത്താന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തി ഓരോ ദിവസവും ശക്തയായി മുന്നോട്ടു പോവുകയാണെന്ന് കേറ്റ് പറഞ്ഞു.

42 കാരിയായ കാതറിന്‍ കഴിഞ്ഞ ക്രിസ്തുമസിന് ശേഷം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഭര്‍ത്താവും വെയ്ല്‍സ് രാജകുമാരനുമായ വില്യമിനൊപ്പം ഫാം ഷോപ്പില്‍ നിന്ന് സാധനങ്ങളുമായി ഇറങ്ങി വരുന്ന കാതറിന്റെ വീഡിയോ ദൃശ്യം ‘ദി സണ്‍’ പുറത്ത് വിട്ടിരുന്നു. ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമാകുമെന്ന് കരുതിയ വീഡിയോ പക്ഷേ, വിവാദമാവുകയായിരുന്നു. വീഡിയോയിലുള്ളത് യഥാര്‍ത്ഥ കാതറിന്‍ അല്ലെന്നും ബോഡി ഡബിള്‍ ആണെന്നുമായിരുന്നു ആക്ഷേപം. അതിനും ദിവസങ്ങള്‍ മുമ്പാണ്, മാതൃദിനത്തില്‍ മൂന്നു മക്കളുമൊരുമിച്ചുള്ള ഫോട്ടോ പുറത്തു വന്നത്. വില്യം എടുത്ത ഫോട്ടോയെന്ന തരത്തില്‍ പ്രചരിച്ച ചിത്രം, ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വൈകാതെ ലോകം തിരിച്ചറിഞ്ഞു. ഇതോടെ കാതറിന് എന്താണ് ശരിക്കും സംഭവിച്ചിരിക്കുന്നത്, അവര്‍ എവിടെയാണെന്ന ചോദ്യം ലോകത്ത് ശക്തമായി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കാതറിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലും വെബ് പേജുകളിലും #whereiskate #katebodydouble, #katemiddleton എന്നീ ഹാഷ്ടാഗുകള്‍ മാത്രം 400 ദശലക്ഷം ആളുകള്‍ ഉപയോഗിച്ചിട്ടുണ്ട്, എന്നാണ് ഹാഷ്ടാഗുകളുടെയും കീവേഡുകളുടെയും ഉപയോഗം നിരീക്ഷിക്കുന്ന കമ്പനിയായ ബ്രാന്‍ഡ്മെന്‍ഷന്‍സ് പറയുന്നത്. ഹാഷ്ടാഗുകളുള്ള പോസ്റ്റുകള്‍ 2.3 ദശലക്ഷം തവണ ഷെയര്‍ ചെയ്യുകയും 2.2 ദശലക്ഷം തവണ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പൊതുവേദികളിലും കളിക്കളങ്ങളിലുമെല്ലാ ഊര്‍ജ്ജസ്വലതയോടെ പങ്കെടുത്തിരുന്ന കാതറിന്‍ പെട്ടെന്നാണ് അപ്രത്യക്ഷയായത്. കേറ്റ് എവിടെപ്പോയെന്ന് ആര്‍ക്കും മനസിലായില്ല. പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് കേറ്റ് മാറി നില്‍ക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്തു വരാന്‍ തുടങ്ങിയത്. എന്നാല്‍ എന്താണ് അസുഖമെന്ന് കാര്യം പറഞ്ഞതുമില്ല. പിന്നെയും നാളുകള്‍ കഴിഞ്ഞാണ് കേറ്റ് ഒരു ഉദര ശസ്ത്രക്രിയക്ക് വിധേയയായെന്നും, ആശുപത്രിയിലും കൊട്ടാരത്തിലുമായി ചികിത്സയില്‍ തുടരുകയാണെന്നുമുള്ള വിവരം പുറത്തറിയുന്നത്. അപ്പോഴും രാജകുമാരിയുടെ രോഗവിവരം കെന്നിംഗ്‌സ്റ്റന്‍ കൊട്ടാരം അറിയിച്ചിരുന്നില്ല. ഇതിനിടയില്‍ വില്യം രാജകുമാരനും മാര്‍ഷനെസ് ഓഫ് ചെമ്ലി(Marchioness of Cholmond-eley) ആയ സാറ റോസ് ഹന്‍ബറിയും തമ്മില്‍ അടുപ്പത്തിലാണെന്നും, ഇവരുടെ ബന്ധം കേറ്റിനെ തകര്‍ത്തിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറഞ്ഞത്. കേറ്റ് ഇപ്പോള്‍ ‘ഡയാന രാജകുമാരിയെപ്പോലെ ദുഖിതയാണെ’ന്ന തരത്തിലാണ് ചില റിപ്പോര്‍ട്ടുകള്‍ വന്നത്. കേറ്റിന്റെ ‘ തിരോധാന’ത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ രഹസ്യബന്ധമാണെന്നായിരുന്നു ഇത്തരം വാര്‍ത്തകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്തായാലും എല്ലാ ഊഹാപോഹങ്ങള്‍ക്കും വാര്‍ത്ത ചമയ്ക്കലുകള്‍ക്കും കേറ്റ് തന്നെ അറുതി വരുത്തിയിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍