UPDATES

വിദേശം

മിസ്സീന ഡിനാറോ; ഇറ്റാലിയന്‍ മാഫിയ രാജാവ്,  പിടികൊടുക്കാതെ 30 വര്‍ഷം, കാന്‍സര്‍ ബാധിതനായി അന്ത്യം

ഡിനാറോ; ആ പേരിന് രക്തത്തിന്റെ മണവും ഭയത്തിന്റെ രൂപവുമായിരുന്നു

                       

‘എന്റെ ഇരകളെക്കൊണ്ട് ഒരു സെമിത്തേരി നിറയ്ക്കാന്‍ എനിക്ക് കഴിയും’; ഇറ്റലിയിലെ ഏറ്റവും കുപ്രസിദ്ധനായ മാഫിയ തലവന്‍ മത്തെയോ മിസ്സീന ഡിനാറോയുടെ മരണ വാര്‍ത്തയ്‌ക്കൊപ്പം ലോകം ഓര്‍ക്കുന്നത് ഈയൊരു വീരവാദം കൂടിയാണ്.

‘ തലവന്മാരുടെ തലവന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട മിസ്സീന ഡിനാറോ; ആ പേരിന് രക്തത്തിന്റെ മണവും ഭയത്തിന്റെ രൂപവുമായിരുന്നു. ഒടുവില്‍, കാന്‍സര്‍ കവര്‍ന്നു തീര്‍ന്ന ശരീരത്തോടെയായിരുന്നു രാജ്യത്തിന്റെ ‘ മോസ്റ്റ് വാണ്ടഡ്’ ക്രിമിനലിന്റെ അന്ത്യം.

സിസിലിയുടെ തലസ്ഥാനമായ പാലെര്‍മോയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കീമോതെറാപ്പിക്ക് വിധേയനായിരിക്കുന്ന സമയത്താണ് ഡിനാറോ അറസ്റ്റിലാകുന്നത്. പാലെര്‍മോയിലെ ഇടുങ്ങിയ വഴികളിലൂടെ ഇരച്ചു കയറി വന്ന നൂറിലധികം സായുധ സേനാംഗങ്ങളെ പ്രദേശവാസികള്‍ കണ്ടിരുന്നുവെങ്കിലും, ഏതോ ഒരു കുറ്റവാളിയെ പിടിക്കാന്‍ എന്നു മാത്രമെ അവര്‍ കരുതിയിരുന്നുള്ളു. മൂന്നു പതിറ്റാണ്ടായി ലോകത്തിനു മുന്നില്‍ മറഞ്ഞു നിന്നിരുന്ന ഡിനാറോയാണ് ആ കുറ്റവാളിയെന്ന് അവര്‍ക്കറിയില്ലായിരുന്നു.

ഡിനാറോയെ പിടിക്കാന്‍ എത്രമാത്രം കൊതിച്ചിരിക്കുകയായിരുന്നു പൊലീസ് എന്ന്, അറസ്റ്റിനുശേഷമുള്ള അവരുടെ വൈകാരിക പ്രകടനങ്ങള്‍ തെളിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരഘോഷങ്ങളും ആര്‍പ്പുവിളികളും ഉയര്‍ന്നു, പരസ്പരം ആലിംഗനം ചെയ്തു. പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. എല്ലാവരും തന്നെ

ഈ വര്‍ഷം ജനുവരിയിലാണ് 61 കാരനായ ഡിനാറോ പിടിയിലാകുന്നത്. അറസ്റ്റിലാകുമ്പോള്‍ കാന്‍സറിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്നു അയാള്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയിലേക്ക് മാറ്റി. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം, മധ്യ ഇറ്റാലിയന്‍ നഗരമായ ലാ അക്വീലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഡിനോറോ വെള്ളിയാഴ്ച്ചയോടെ കോമയിലേക്ക് വീണുപോയിരുന്നു. പിന്നാലെയായിരുന്നു മരണം സ്ഥിരീകരിച്ചത്. വിദഗ്ധ നിര്‍ദേശ പ്രകാരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നുവെങ്കിലും കാന്‍സറിന്റെ അവസാനഘട്ടത്തില്‍ എത്തിയിരുന്നതിനാല്‍ ചികിത്സകളൊന്നും ഫലപ്രദമായിരുന്നില്ല.

ഡിനാറോ എത്ര പേരെ കൊന്നു എന്നതിന് കണക്കില്ല. ഒരുപാട് മനുഷ്യരെ അയാള്‍ കൊന്നിട്ടുണ്ടെന്നു മാത്രം എല്ലാവര്‍ക്കും അറിയാം.

ഡിനാറോയുടെ ക്രൂരതയ്ക്ക് ഒരു ഉദ്ദാഹരണമായിരുന്നു, ഒരു 11 കാരന്റെ കൊലപാതകം. മാഫിയ സംഘത്തില്‍ നിന്നും പൊലീസിന്റെ സാക്ഷിയായി കൂറുമാറിയ ഒരാളുടെ മകനായിരുന്നു 11 വയസുള്ള ജുസെപ്പി ഡി മത്തെയോ. പിതാവിന്റെ വിശ്വാസവഞ്ചനയ്ക്കുള്ള പ്രതികാരമായിട്ടായിരുന്നു ഡിനാറോ ആ 11 കാരനെ തട്ടിയെടുത്തത്. രണ്ടുവര്‍ഷം ആ കൂട്ടിയെ തടവിലിട്ടു. അതിനുശേഷം കൊന്നു. മൃതദേഹം വീട്ടുകാര്‍ സംസ്‌കരിക്കരുതെന്ന വാശിയില്‍ ആ 11 കാരന്റെ ശരീരം ആസിഡില്‍ മുക്കി അലിയിച്ചു കളഞ്ഞു.

മറ്റൊരിക്കല്‍, തന്റെ എതിരാളിയായ മാഫിയ തലവനൊപ്പം അയാളുടെ ഗര്‍ഭിണിയായ കാമുകിയെ കൂടി കൊന്നു തള്ളി ഡിനാറോ.

1992-ല്‍ നടന്ന മാഫിയ വിരുദ്ധ പ്രോസിക്യൂട്ടര്‍മാരായ ജോവാനി ഫല്‍കോനെ, പൗലോ ബോര്‍സെല്ലിനോ എന്നിവരുടെ കൊലപാകവുമായി ബന്ധപ്പെട്ട് 2002-ല്‍ നടന്ന വിചാരണയില്‍ ഡിനാറോയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. പക്ഷേ, ആ വിചാരണ നടന്നത് ഡിനാറോയുടെ അസാന്നിധ്യത്തിലായിരുന്നു. കോസ നോസ്ത്രയായിരുന്നു കൊലകള്‍ക്ക് പിന്നിലെന്ന് തെളിഞ്ഞിരുന്നു. അക്കാലത്ത് ഇറ്റലിയില്‍ കൊലപാതക പരമ്പര തന്നെയാണ് നടന്നത്. 20 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അവയിലെ പ്രധാനപ്പെട്ട രണ്ട് കേസുകളായിരുന്നു ഫല്‍കോനെയുടെയും ബോര്‍സെല്ലിനോയുടെയും കൊലപാതകങ്ങള്‍.

കോസ നോസ്ത്ര എന്ന ക്രൈം സിന്‍ഡിക്കേറ്റിന്റെ കീഴില്‍ മനുഷ്യക്കടത്ത്, കള്ളപ്പണം, മയക്കുമരുന്ന് കച്ചവടം, അനധികൃത മാലിന്യനിക്ഷേപം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങള്‍ ഡിനാറോ നടത്തിവന്നിരുന്നു.

പൊലീസും മറ്റു നിയമ സംവിധാനങ്ങളും വ്യാപകമായി വലവീശി കാത്തിരുന്നെങ്കിലും 1993 മുതല്‍ ഡിനാറോ അദൃശ്യനായിരുന്നു. പല പല അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നായിരുന്നു തന്റെ ആളുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത്. കോസ നോസ്ത്ര എന്ന മാഫിയയെ 30 വര്‍ഷം നയിച്ചു ഡിനാറോ.

കോസ നോസ്ത്രയുടെ ‘ അവസാനത്തെ രഹസ്യ സൂക്ഷിപ്പികാരന്‍’ എന്നാണ് ഡിനാറോ അറിയപ്പെട്ടിരുന്നത്. മാഫിയ നടത്തിയിരുന്ന ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവരുടെ അടക്കം എല്ലാവരുടെയും പേരു വിവരങ്ങളും ഡിനാറോയ്ക്ക് അറിയാമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍മാരും വിവരദാതാക്കളും പറയുന്നത്.

ഡിനാറോയെ പിടികൂടാന്‍ കഴിയാത്തതില്‍ ഇറ്റാലിയന്‍ ഭരണകൂടത്തിന് വര്‍ഷങ്ങളോളം പേരുദോഷം കേള്‍പ്പിച്ചിരുന്നു. സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളെ പിടികൂടാന്‍ മടിയാണെന്നായിരുന്നു സര്‍ക്കാരിനെതിരെയുള്ള ആക്ഷേപം.

പലപ്പോഴും ഇറ്റാലിയന്‍ കുറ്റാന്വേഷകര്‍ ഡിനാറോയ്ക്ക് അടുത്തുവരെ വന്നിരുന്നു. പക്ഷേ, അയാള്‍ വഴുതി പൊയ്‌ക്കൊണ്ടിരുന്നു. ഡിനാറോയുടെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന അന്വേഷണ സംഘത്തിന് അയാളുടെ സഹോദരി പെട്രീഷ്യ അടക്കം നിരവധി സംഘാംഗങ്ങളെ 2013-ല്‍ പിടിക്കാന്‍ കഴിയുന്നതും അങ്ങനെയാണ്. ഡിനാറോയുടെ പല ബിസിനസ് സംരംഭങ്ങളും അടച്ചു പൂട്ടാനും കഴിഞ്ഞു. അതിലൂടെ അയാളെ കൂടുതല്‍ ഒറ്റപ്പെടുത്താനായെങ്കിലും ഡിനാറോയെ കൈയില്‍ കിട്ടിയില്ല.

ഒളിവില്‍ പോകുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ഫോട്ടോകള്‍ മാത്രമായിരുന്നു ഡിനാറോയുടെതായി പൊലീസിന്റെ കൈവശം ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഈ ചിത്രങ്ങള്‍ ഡിജിറ്റല്‍ വിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയായിരുന്നു പൊലീസ് ഉപയോഗിച്ചിരുന്നത്. അതുപോലെ, ഡിനാറോയുടെ ശബ്ദ രേഖയും പൊലീസിന്റെ കൈവശം ഉണ്ടായിരുന്നുവെങ്കിലും 2021-ല്‍ ആണ് പുറത്തു വിടുന്നത്.

2021-ല്‍ ഇറ്റാലിയന്‍ പൊലീസിന് വലിയൊരു അബദ്ധവും പിണഞ്ഞിരുന്നു. സെപ്തംബറില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനെത്തിയ ഒരു അരാധകനെ ഡിനാറോ ആണെന്ന ധാരണയില്‍ നെതര്‍ലാന്‍ഡിലെ ഒരു റെസ്റ്ററിന്റില്‍ വച്ച് തോക്കിന്‍ മുനയില്‍ നിര്‍ത്തി.ഡിനാറോയ്ക്ക് മുന്നില്‍ പൊലീസ് നാണംകെട്ടുപോയ മറ്റൊരു സംഭവമായിരുന്നു അത്. വെനസ്വേല മുതല്‍ നെതര്‍ലാന്‍ഡ് വരെ ഡിനാറോയെ തെരഞ്ഞു നടക്കുകയായിരുന്നു പൊലീസ്. അയാള്‍ ഉണ്ടായിരുന്നതാകട്ടെ പാലെര്‍മോയിലും!

അറസ്റ്റിന് ശേഷമാണ് ഡിനാറോയുടെ ഒളിത്താവളങ്ങള്‍ പൊലീസിന് മനസിലാക്കാന്‍ സാധിച്ചത്. അതിലൊന്ന് പാലെര്‍മോയില്‍ നിന്നും 115 കിലോമീറ്റര്‍ ദൂരത്തായുള്ള കാംപോബെല്ലോ ഡി മസാറയും മറ്റൊന്ന് 10 കിലോമീറ്റര്‍ ദൂരത്തുള്ള, അയാളുടെ ജന്മദേശം കൂടിയായ കാസില്‍വെട്രാനോയുമായിരുന്നു. കാംപോബെല്ലോ പോലൊരു സ്ഥലത്ത് ഡിനാറോയെ പോലൊരാള്‍ക്ക് സുഖമായി ഒളിച്ചു താമസിക്കാനാകുമെന്ന് ആരും കരുതില്ലായിരുന്നു.

തമാശ അതല്ല, ഡിനാറോ സാന്‍ വിറ്റോ എന്ന ലോക്കല്‍ ബാറിലെ സ്ഥിരം കസ്റ്റമര്‍ ആയിരുന്നുവെന്നും തങ്ങള്‍ മിക്കവാറും പരസ്പരം അഭിവാദ്യം ചെയ്യാറുണ്ടായിരുന്നുവെന്നുമാണ് പ്രദേശവാസിയായ ഒരാള്‍ പൊലീസിനോട് പറഞ്ഞത്. എല്ലാവരിലുമൊരാളായി രക്തദാഹിയായ ആ മാഫിയ രാജാവ് തന്റെ ഒളിവ് ജീവിതം ആസ്വദിച്ചപ്പോള്‍, പൊലീസ് അയാള്‍ക്കു വേണ്ടി ലോകം മുഴുവന്‍ അലയുകയായിരുന്നു.

ലാ അക്വീല നഗരത്തിലെ മേയര്‍ പിയര്‍ല്യൂജി ബിയോണ്ടി സാമൂഹ്യ മാധ്യമമായ ‘ എക്‌സി’ല്‍ മിസ്സീന ഡിനാറോയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു; ‘പശ്ചാത്താപമോയ ഖേദമോ ഇല്ലാതെ ജീവിച്ചൊരു അസ്തിത്വത്തിന്റെ ഉപസംഹാരം. നമുക്ക് മായ്ക്കാന്‍ സാധിക്കാത്ത, സമകാലീന ചരിത്രത്തിലെ വേദനാജനകമായൊരു അധ്യായം’.

Share on

മറ്റുവാര്‍ത്തകള്‍