UPDATES

ജോണി ഡെപ്പിന്റെ ‘മോഡി’ (ഇന്ത്യനല്ല ഇറ്റാലിയന്‍)

ചലച്ചിത്ര ഇതിഹാസം അല്‍ പാച്ചിനോയും ‘മോഡി’യെ ലോക ശ്രദ്ധയില്‍ എത്തിക്കുന്നു

                       

27 വര്‍ഷങ്ങള്‍ക്ക് ശേഷം വിഖ്യാത ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് വീണ്ടും സംവിധായകന്റെ വേഷമണിയുന്ന സിനിമ ഇന്ത്യയില്‍ ചര്‍ച്ചയാകുന്നത് അതിന്റെ പേര് കൊണ്ടാണ്. ‘ മോഡി’ (MODI) എന്നാണ് സിനിമയുടെ പേര്. എന്നാല്‍ ടൈറ്റിലിലെ മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയല്ല, ജൂത-ഇറ്റാലിയന്‍ ചിത്രകാരനും ശില്‍പ്പിയുമായ Amedeo Modigliani (അമെഡിയോ മോഡിലിയാനി അഥവ അമെഡിയോ മോഡിഗ്ലിയാനി) ആണ്. ചലച്ചിത്ര ഇതിഹാസം അല്‍ പാച്ചിനോയും ഈ സിനിമയില്‍ ഉണ്ടെന്നതാണ് ‘ മോഡി’ യെ ലോക ശ്രദ്ധയില്‍ എത്തിച്ചിരിക്കുന്ന മറ്റൊരു സംഗതി. വീണ്ടും സംവിധായകന്റെ കസേരയില്‍ ഇരിക്കുന്നതിന് കാരണമായതിന് അല്‍ പാച്ചിനോയോടാണ് ഡെപ്പ് നന്ദി പറയുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

1997 ല്‍ ഇറങ്ങിയ ‘ദ ബ്രേവ്’ ആണ് ജോണി ഡെപ്പ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഡെപ്പും മര്‍ലിന്‍ ബ്രാന്‍ഡോ ആയിരുന്നു ബ്രേവിലെ പ്രധാന താരങ്ങള്‍.

ഒന്നാം ലോക മഹായുദ്ധ കാലത്ത് പാരീസില്‍ ചെലവഴിച്ച ഇറ്റാലിയന്‍ ചിത്രകാരന്റെ ജീവിതത്തിലെ 48 മണിക്കൂറുകളാണ് സിനിമ പറയുന്നത്. ജോണ്‍ വിക്ക് 2 ലെ വില്ലന്‍ വേഷത്തിലൂടെ പരിചിതനായ ഇറ്റാലിയന്‍ നടന്‍ റിക്കാര്‍ഡോ സ്‌കമാര്‍ച്ചോ ആണ് സിനിമിയലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ആര്‍ട്ട് കളക്ടര്‍ മൗറീസ് ഗ്യാങ്‌ന്യോ(Maurice Gangnat) എന്ന റിയല്‍ ലൈഫ് കഥാപാത്രത്തെയാണ് പാച്ചിനോ അവതരിപ്പിക്കുന്നത്.

‘ മോഡി’യുടെ സംവിധായകന്‍ എന്ന നിലയില്‍ ഈ ചലച്ചിത്ര യാത്ര സംതൃപ്തവും പരിവര്‍ത്തനപരവുമായ അനുഭവമാണ് പകരുന്നത് എന്നാണ് ഡെപ്പ് പുറത്തിറക്കിയ പ്രസ്താവാനയില്‍ പറയുന്നത്. സിനിമയിലെ മൊത്തം കാസ്റ്റ് ആന്‍ഡ് ക്രൂവിനും നിര്‍മാതാക്കള്‍ക്കുമെല്ലാം ഡെപ്പ് നന്ദി പറയുന്നുണ്ട്. അല്‍ പാച്ചിനോയ്ക്കാണ് അദ്ദേഹം ഹൃദയം തുറന്ന് നന്ദി പറയുന്നത്. ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച അല്‍ പാച്ചിനോയ്ക്ക്, അദ്ദേഹം പറഞ്ഞാല്‍ ഞാനെങ്ങനെ നിഷേധിക്കാനാണ്? അദ്ദേഹം തന്റെ കഴിവും സഹകരണവും പൂര്‍ണമായി ഈ പ്രൊജക്ടിനു വേണ്ടി നല്‍കിയിരിക്കുകയാണ് എന്നും ഡെപ്പ് പറയുന്നു. സഹകരണ മനോഭാവത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്ന സ്വതന്ത്ര ചലച്ചിത്ര സംരഭത്തിന്റെ സാക്ഷ്യമാണ് ‘ മോഡി’ എന്നും അതുല്യവും ശ്രദ്ധേയവുമായ ഈ കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വളരെ ആവേശത്തിലാണ് താനുള്ളതെന്നും ഡെപ്പ് പ്രസ്താവനയില്‍ പറയുന്നുണ്ട്. അല്‍ പാച്ചിനോയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചില ഷൂട്ടിംഗ് സ്റ്റില്ലുകള്‍ ചിത്രത്തിന്റെതായി പുറത്തു വന്നിട്ടുണ്ട്. അന്റോണിയ ഡെസ്പ്ലാറ്റ്, സ്റ്റീഫന്‍ ഗ്രഹാം, സാലി ഫിലിപ്‌സ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഇറ്റാലിയന്‍ ചിത്രകാരനായിരുന്നുവെങ്കിലും മോഡിലിയാനിയുടെ കലാജീവിതം പ്രധാനമായും പാരീസ് കേന്ദ്രീകരിച്ചായിരുന്നു. ആധുനിക ശൈലിയിലുള്ള ചിത്രങ്ങളായിരുന്നു മോഡിലിയാനിയെ ശ്രദ്ധേയനാക്കിയത്. എന്നാല്‍ തന്റെ ജീവിതകാലത്ത് വേണ്ടത്ര സ്വീകാര്യത കിട്ടാതെ പോയൊരു ചിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഒന്നാം ലോകമഹായുദ്ധസമയത്ത് യുദ്ധത്തില്‍ തകര്‍ന്ന പാരീസിലെ തെരുവുകളിലൂടെയും ബാറുകളിലൂടെയും ക്രമരഹിതമായ സംഭവങ്ങള്‍ക്കിടയിലൂടെ മോഡിലിയാനിയുടെ ജീവിതത്തിലെ 48 മണിക്കൂറുകള്‍ പിന്തുടരുകയാണ് ‘മോഡി’. യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെടാന്‍ കലാജീവിതവും അവസാനിപ്പിച്ച് ഒളിച്ചോടാന്‍ ശ്രമിക്കുന്ന മോഡിലിയാനിയെ ചില ബൊഹീമിയന്‍ കലാകാരന്മാര്‍ പിന്തിരിപ്പിക്കുന്നു. പിന്നീട് അദ്ദേഹം ഒരു ആര്‍ട്ട് കളക്ടറെ കണ്ടു മുട്ടുന്നതോടെ ജീവിതം മാറി മറിയുകയാണ്. ഇതാണ് ഡെപ്പ് സിനിമയിലൂടെ പറയുന്ന മോഡിലിയാനിയുടെ കഥ.

Share on

മറ്റുവാര്‍ത്തകള്‍