ജനവികാരത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ് മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നത്. സമൂഹത്തില്‍ ഒരു അഭിപ്രായം രൂപപ്പെടുത്തുന്നതിനും ശരി തെറ്റുകള്‍ വേര്‍തിരിച്ചറിയുന്നതിനും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. സമൂഹത്തെ കാര്യമായി സ്വാധീനിക്കുമെന്നതിനാല്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തനം ഉത്തരവാദിത്വത്തോടെ നടക്കുന്നതാണാ? മാധ്യമപ്രവര്‍ത്തകയും ദി ന്യൂസ് മിനിറ്റ് സ്ഥാപകയുമായ ധന്യ രാജേന്ദ്രന്‍ സംസാരിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം വിമര്‍ശിക്കുന്നതും കുറ്റം പറയുന്നതും ആശ്ചര്യം ജനിപ്പിക്കുന്ന വസ്തുതയോ, പുതിയ സംഭവമോ ഒന്നുമല്ല. കാരണം, നമ്മള്‍ ജീവിക്കുന്നത് ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തിലാണ്. സമൂഹം പോലെ തന്നെ മാധ്യമ സംസ്‌കാരത്തിലും ധ്രുവീകരണം ഉണ്ടായിട്ടുണ്ട്. 10 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന രീതിയല്ല ഇന്നുള്ളത്. ഒരു സ്ഥലത്ത് ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരും മറുവശത്ത് ഭരണകൂടത്തിനെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുമാണ്. ഈ രണ്ട് വശങ്ങളും ചേരി തിരിഞ്ഞിരിക്കുകയാണ്. ഇരുവശത്തുമുള്ള ആളുകള്‍ക്ക് മറുവശത്തുള്ളവരെ മനസ്സിലാക്കാനോ അംഗീകരിക്കാനോ സാധിക്കുന്നില്ല
എന്റെ സഹപ്രവര്‍ത്തകരായിരുന്ന എത്രയോ ആളുകളെയാണ് ഞാന്‍ മറുവശത്ത് കാണുന്നത്. സര്‍ക്കാരിനെതിരേ എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ ഉടനെ തന്നെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണതയാണ് ഇപ്പോള്‍. ബിജെപിയുടെ കാര്യം മാത്രം എടുത്ത് നോക്കുകയാണെങ്കില്‍, 2024-ല്‍ മോദി ജയിച്ചാല്‍ എന്തായിരിക്കും ഇന്ത്യന്‍ ജേര്‍ണലിസത്തില്‍ ഭാവി? കുറെ ആളുകള്‍ ജേര്‍ണലിസം തന്നെ ഉപേക്ഷിച്ചു പോകാന്‍ ഇടയുണ്ട്. പക്ഷെ അപ്പോഴും എല്ലാത്തിനെയും തരണം ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങള്‍ ഉണ്ടായികൊണ്ടേയിരിക്കും. പക്ഷെ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ നിലനില്‍ക്കണമെങ്കില്‍ അവരെ സപ്പോര്‍ട്ട് ചെയ്യാനുള്ള ജനങ്ങളുണ്ടാകണം. നിക്ഷേപകരുണ്ടാകണം, അവര്‍ക്ക് നിലനില്‍ക്കാനുള്ള ഇക്കോ സിസ്റ്റം ഉണ്ടാകണം. അതില്ലാതെ ശ്യൂന്യതയില്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.
പുതിയതായി ജേര്‍ണലിസത്തിലേക്ക് വരുന്നവരോട് ഒരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ജനിച്ച അന്നു മുതല്‍ അല്ല ചരിത്രം തുടങ്ങുന്നത്. അതിനും എത്രയോ വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിച്ചാല്‍ മാത്രമേ സത്യം കണ്ടെത്താന്‍ കഴിയൂ. തുറന്ന വായന ആവശ്യമാണ്. ഉദാഹരണത്തിന്, കേരളത്തില്‍ ഗണേശ ചതുര്‍ഥി ഇന്നത്തെ പോലെ കാര്യമായി ആഘോഷിച്ചിരുന്ന ഒന്നല്ല. ഇന്നതല്ല സ്ഥിതി. വളരെ ആര്‍ഭാടപൂര്‍വം വലിയ സംഭവങ്ങളായാണ് നടക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക പോലെയുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്ക് ആളുകളുടെ ഇടയിലേക്ക് ഇടിച്ച് കയറാനുള്ള ഒരു വഴിയാണ് ഇതെല്ലാം. ഇത്തരം ആഘോഷങ്ങളിലൂടെ ആളുകളിലുള്ള ഹിന്ദുത്വം ഉണര്‍ത്തുക, അല്ലെങ്കില്‍ അതിലേക്ക് ആളുകളെ എത്തിക്കുകയാണ് ലക്ഷ്യം. ഇതൊക്കെ വര്‍ഷങ്ങളായി സംഘപരിവാര്‍ ചെയ്യുന്നതാണ്. ഇതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്, ആരുമത് ശ്രദ്ധിക്കുന്നില്ല. പലപ്പോഴും നമ്മുടെ രാഷ്ട്രീയ ചരിത്രമോ, സാമൂഹിക ചരിത്രമോ വായിക്കാനോ അറിയാനോ അറിയിക്കാനോ ആര്‍ക്കും താല്പര്യം ഇല്ല. അതുകൊണ്ട് കണ്ണും കാതും തുറന്ന് വച്ചു വേണം ഇന്ന് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് വരാനും ഇവിടെ നില നില്‍ക്കാനും.
ഇന്ന് ഇന്ത്യയിലെ പ്രശ്‌നം ആര് തെരഞ്ഞെടുപ്പില്‍ ജയിക്കും തോല്‍ക്കും എന്നതല്ല. ഇനിയിപ്പോള്‍ എന്തെങ്കിലും കാരണവശാല്‍ ബി ജെ പി സര്‍ക്കാര്‍ വരുന്ന ഇലക്ഷനില്‍ തോറ്റുപോയാലും, നമ്മുടെ സമൂഹത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ അതോടെ മാഞ്ഞു പോകില്ല. സമൂഹത്തില ഭിന്നതകള്‍, വിദ്വേഷം എന്നതൊക്കെ ഏറെ കാലം നില നില്‍ക്കും, ചിലപ്പോള്‍ വര്‍ധിക്കും. വിശ്വാസവും രാഷ്ട്രീയവും കൂടി അകെ കുഴച്ച് വച്ചിരിക്കുകയാണ്. എന്താണ് ഏതാണ് എന്ന് വിവേചിച്ചറിയാന്‍ ആകാത്ത വിധം ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.
നമ്മുടെ പ്രധാനമന്ത്രി പോലും അതിന്റെ വക്താവാണ്. അദ്ദേഹം ആദ്യം പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത് പടികള്‍ തൊട്ടു തൊഴുതാണ്. അവിടം തൊട്ടു മതപരമായ കാര്യങ്ങളാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. പൂജകളും മറ്റും അതിന് ഉദാഹരങ്ങളാണ്. പിന്നീട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു കയറുമ്പോള്‍ നമ്മള്‍ കാണുന്നതു ചെങ്കോല്‍ പിടിച്ച പ്രധാനമന്ത്രിയെ ആണ്. മതമേതാണ്, പാര്‍ട്ടി ഏതാണ്, രാഷ്ട്രീയം ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ള ചിത്രമാണ് അവര്‍ ഓരോ ദിവസവും ജനങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ സാധാരണ കാര്യങ്ങളെ അസാധാരണമായും അസാധാരണ കാര്യങ്ങളെ സാധാരണമായും ചിത്രീകരിച്ചു വെച്ചിരിക്കുകയാണ്.
ന്യൂസ് ക്ലിക്കിലെ ജേര്‍ണലിസ്റ്റുകളെ അറസ്റ്റ് ചെയ്യുമ്പോള്‍ എല്ലാ നഗരങ്ങളിലും ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായി, ജേര്‍ണലിസം അസോസിയേഷനുകള്‍ പ്രതിഷേധിച്ചു. വലിയ കാര്യമാണെങ്കില്‍ പോലും, അതുപോരാ. നാളെ ഈ സര്‍ക്കാര്‍ മാധ്യമ മേഖലയെ വീണ്ടും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ എന്ത് ചെയ്യും? നമുക്കൊരിക്കലും ശ്യൂന്യതയില്‍ നിലനില്‍ക്കാനാകില്ലലോ. ഒരു സ്ഥാപനം നടത്തി കൊണ്ടുപോകണമെങ്കില്‍ മൂലധനം വേണം. അതിനു വഴിയില്ലാതാകുന്നു. അവിടെയാണ് പ്രശ്നം വരാന്‍ പോകുന്നത്. അല്ലാതെ ജേര്‍ണലിസം ഇല്ലാതാകുമെന്നോ ജേര്‍ണലിസ്റ്റുകള്‍ ഇല്ലാതാകുമെന്നോ എനിക്ക് തോന്നുന്നില്ല. ഇതൊക്കെ നില നിര്‍ത്തി കൊണ്ട് പോകാനുള്ള സപ്പോര്‍ട്ട് സിസ്റ്റം ആണ് കുറഞ്ഞു വരുന്നത്, അതിലെനിക്ക് വളരെ ആശങ്കയുണ്ട്.
മാധ്യമ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ വളരെ വലിയ തുക ആവശ്യമാണ്. അതില്ലെങ്കില്‍ ഒരിക്കലും നമുക്കൊരു സ്ഥാപനവും നടത്തികൊണ്ട് പോകാന്‍ പറ്റില്ല. പ്രത്യേകിച്ച് മാധ്യമ സ്ഥാപനങ്ങള്‍. ഓരോ മാധ്യമസ്ഥാപനങ്ങളും പേഴ്‌സണല്‍ റിസ്‌ക് എടുത്താണ് പലരും നടത്തികൊണ്ട് പോകുന്നത്. ജേര്‍ണലിസത്തെയും എഡിറ്റര്‍ എന്ന പദവിയേയും വ്യത്യാസമായി കാണുന്നില്ല. ഞാന്‍ എപ്പോഴും ജേര്‍ണലിസ്റ്റ് തന്നെയാണ്. ഒരു ജേര്‍ണലിസ്റ്റിന്റെ കണ്ണിലൂടെ തന്നെയാണ് ഞാന്‍ ഓരോ സ്റ്റോറിയും കാണുന്നത്. ഞാന്‍ ഒരിക്കലും എന്റെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാറില്ല. കാര്യങ്ങള്‍ കൃത്യമായി പറയുക മാത്രമാണ് ചെയ്യുന്നത്. ബാക്കി തീരുമാനങ്ങളൊക്കെ എടുക്കുന്നത് ജനങ്ങളാണ്. അവസാന വാക്ക് എപ്പോഴും ജനങ്ങളുടേതാണ്.
ഞാന്‍ എപ്പോഴും ഭയക്കുന്നത് ന്യൂട്രല്‍ ജേര്‍ണലിസത്തെയാണ്. ജേര്‍ണലിസത്തില്‍ മാത്രമല്ല മറ്റൊരു കാര്യത്തിലും ന്യൂട്രാലിറ്റി കൊണ്ട് ജീവിക്കാന്‍ കഴിയില്ല. നമുക്ക് എപ്പോഴും ഒരു നിലപാട് വേണം. അതില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഉദാഹരണത്തിന്ന് ഒരു രാജ്യത്തെ ഒരു വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് പറയുകയാണ് ബീഫ് കഴിക്കുന്ന ആളുകളെ ഞങ്ങള്‍ അടിക്കും, അത് അയാള്‍ക്ക് കിട്ടേണ്ട അടി ആയിരുന്നു എന്ന്. പക്ഷെ അടി കിട്ടിയ ആള് പറയുന്നു, ഞാന്‍ ബീഫല്ല കഴിച്ചത് മട്ടന്‍ ആണ് കഴിച്ചതെന്ന്. ഒരു ജേര്‍ണലിസ്റ് എന്ന നിലയില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഈ വിഷയം ജനങ്ങളുടെ മുന്നില്‍ വച്ചിട്ട്, ജനങ്ങളുടെ ന്യായീകരണത്തിന് വിട്ട് കൊടുക്കുകയല്ല വേണ്ടത്. ഞാന്‍ ഇതിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ വേണം നില്‍ക്കാന്‍.
ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ എനിക്ക് പക്ഷമുണ്ട്. ഓരോ ജേര്‍ണലിസ്റ്റും അങ്ങനെ ആകണം. ആ പക്ഷപാതിത്വം സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും സ്ത്രീകളോടും കുട്ടികളോടും ആയിരിക്കണമെന്നുമാത്രം. നമ്മുടെ ഭാഗം, എപ്പോഴും സത്യത്തിന്റേത് മാത്രമായിരിക്കണം. ജേര്‍ണലിസ്റ്റുകളുടെ മോറല്‍ കറപ്ഷന്‍ അല്ല പ്രശ്നം. അവര്‍ ജോലിയെടുക്കുന്ന സ്ഥാപനങ്ങളാണ് പ്രശ്നം. അവരുടെ ആശയങ്ങള്‍ കൃത്യമായി എഴുതാനോ ജനങ്ങളിലേക്ക് എത്തിക്കാനോ സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ആരാണോ പരസ്യങ്ങള്‍ നല്‍കുന്നത്, ആരാണോ പണം മുടക്കുന്നത് അവരെ ചോദ്യം ചെയ്യാതിരിക്കുന്നത് സര്‍വസാധാരണമായി കഴിഞ്ഞു.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നിങ്ങനെ എല്ലാ ഭാഷകളിലെയും മാധ്യമപ്രവര്‍ത്തനം ഞാന്‍ നീരിക്ഷിക്കാറുണ്ട്. ഇവരെയൊക്കെ അപേക്ഷിച്ച് കേരളത്തിലെ ജേര്‍ണലിസ്റ്റുകള്‍ എത്രയോ ഭേദപ്പെട്ടവരാണ്. ഇപ്പോഴും കേരളത്തിലെ പത്രങ്ങളാണ് നല്ല ജേര്‍ണലിസം ചെയ്യുന്നത്. ടെലിവിഷന്‍ ആണ് കേരളത്തിലെ വീക്ക് ആയി നില്‍ക്കുന്ന പില്ലര്‍. ഒരേ വാര്‍ത്ത തന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരേ വിഷയത്തില്‍ തന്നെ വീണ്ടും വീണ്ടും ബ്രേക്കിംഗ് ന്യൂസുകള്‍ ചെയ്താല്‍ അധികം പണം ചെലവാക്കേണ്ട ആവശ്യം വരുന്നില്ലലോ! സെന്‍സേഷണലിസമാണ് ടെലിവിഷന്‍ മാധ്യമത്തിന്റെ രീതി. അഴിമതി കാണിക്കുന്നത് സ്ത്രീകളായാല്‍ പിന്നെ അതിന്റെ പിറകെ ആയിരിക്കും. സ്വപ്നയും സരിതയുയുമൊക്കെ ഉദാഹരണങ്ങളാണ്. ഇത്തരം വാര്‍ത്തകളോട് ജനങ്ങള്‍ക്കും പ്രത്യേക താത്പര്യമുണ്ടെന്നത് മറ്റൊരു വസ്തുത. അവര്‍ക്ക് താല്പര്യം ഇല്ലെങ്കില്‍ അവരത് തിരസ്‌കരിക്കണം, എന്നലവരതു ചെയ്യുന്നില്ല. തങ്ങള്‍ ചെയൂന്നുന്നത് ശരിയല്ല എന്ന് തിരിച്ചറിഞ്ഞ് ഓരോ മാധ്യമ സ്ഥാപനങ്ങളും സ്വയമേ തിരുത്താന്‍ തയ്യാറാകണം. അല്ലാത്ത പക്ഷം വലിയ അപകടങ്ങളിലേക്ക് നയിക്കും.
പ്രാദേശിക മാധ്യമങ്ങള്‍ പലപ്പോഴും കിണറിനകത്ത് ജീവിക്കുന്ന തവളകളാണ്. അതുകൊണ്ടാണ് വലിയ പ്രശ്നങ്ങള്‍ പുറത്ത് നടക്കുമ്പോഴും ‘തട്ടം വിവാദം’ ഒക്കെ വലിയ രീതിയില്‍ ആഘോഷിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. തവള ചിലപ്പോള്‍ പുറത്തേക്കു ചാടും, അപ്പോഴാണ് കര്‍ണാടകത്തില്‍ ഇങ്ങനെ സംഭവിച്ചു, അല്ലങ്കില്‍ ഉത്തര്‍പ്രദേശില്‍ അങ്ങനെ നടന്നു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നത്. ഇതിലെ പ്രശ്നമെന്തെന്നുവച്ചാല്‍, തവള ഇപ്പോഴും കിണറ്റില്‍ തന്നെയാണ് കിടക്കുന്നത്. ഇസ്രയേലില്‍ എന്തെങ്കിലും നടന്നാലോ, റഷ്യയില്‍ നടന്നാലോ അതു റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള മീഡിയക്കു വലിയ താല്പര്യമാണ്. എന്നാല്‍ കേരളത്തിലോ ഇന്ത്യയിലോ എന്തെങ്കിലും നടന്നാല്‍, കാണാത്ത ഭാവം നടിക്കും.
വലതുപക്ഷ പ്രോപഗാണ്ട പ്രചരിപ്പിക്കുന്നതാണ് ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രശസ്തി നല്‍കുന്ന കാര്യമെന്ന് ഒരിക്കല്‍ ഗൗരി ലങ്കേഷ് പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അത്തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു കൊണ്ടിരിക്കാനും കേള്‍ക്കാനും ആളുകള്‍ ഉണ്ടെന്നുള്ള കാര്യം അവര്‍ക്ക് വ്യക്തമായി അറിയാം. ഇത് മനസിലാക്കിയ ഒരു പറ്റം ജേര്‍ണലിസ്റ്റുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് പ്രശസ്തി മാത്രമല്ല, അതില്‍ നിന്ന് സാമ്പത്തിക ലാഭം കൂടി ലഭിക്കുന്നുണ്ട് അതൊരു നിര്‍ണായക ഘടകമാണ്. സര്‍ക്കാരുകളില്‍ നിന്ന് പൈസ ലഭിക്കും. അവരെ സപ്പോര്‍ട്ട് ചെയ്യുന്ന വ്യവസായികള്‍ മറ്റൊരു സാമ്പത്തിക സ്രോതസാണ്. അതുപോലെ തന്നെ സര്‍ക്കാരിനെ പേടിക്കുന്ന വ്യവസായികളും പൈസ കൊടുക്കും. നമ്മുടെ രാജ്യത്തിന്റെ പൊളിറ്റിക്സ് അങ്ങോട്ട് മാറികൊണ്ടിരിക്കുമ്പോള്‍, ആ ഭഗത്ത് നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയും. അതിനു ചുക്കാന്‍ പിടിക്കാന്‍ യഥാര്‍ത്ഥ മാധ്യമ ധര്‍മം മറന്നു പോയ കുറെ ആളുകളും ഉണ്ട്.
സത്യം അറിയാനുള്ള മനുഷ്യന്റെ അവകാശം പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ മാധ്യമങ്ങള്‍ ഹനിക്കുകയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍, ഒരേ കാര്യം തന്നെ വ്യത്യസ്ത രീതിയിലായിരിക്കും പ്രചരിക്കപ്പെടുന്നത്.
ഇന്ന് മാധ്യമങ്ങള്‍ ചൂഷകരുടെ കൈയ്യിലെ കളിപ്പാവകളാണ്. ഒരു ജനതയെ മുഴുവന്‍ ചൂഷണം ചെയ്യുന്ന ഉപാധിയായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. യാഥാര്‍ത്ഥമല്ലാത്തതിനെ യാഥാര്‍ത്ഥ്യമായും യാഥാര്‍ത്ഥ്യമായതിനെ യാഥാര്‍ത്ഥ്യമല്ലാതായും വ്യാഖ്യാനിക്കുന്നു. മൂല്യബോധമറ്റുപോയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.