രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍, ഗാന്ധി കുടുംബ മണ്ഡലമെന്ന് വിശേഷണമുള്ള അമേഠിയിലും പ്രിയങ്ക ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയെന്നാണ് വിവരം. ഇവിടെ മെയ് 20നാണ് വോട്ടെടുപ്പ്. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സമയം ആവുമ്പോള്‍ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത്.
രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രില്‍ 26ന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുക. പൊതുതെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം പിന്നിടുമ്പോള്‍ ഇന്ത്യ മുന്നണി ആത്മവിശ്വാസം നേടി കഴിഞ്ഞതിന്റെ സൂചനയാണ് പുതിയ നീക്കമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുന്നണിയിലെ എല്ലാ കക്ഷി നേതൃത്വവും അണികളും ഊര്‍ജസ്വലരായി തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ പ്രചാരണ അപ്രമാദിത്വത്തെ ഇന്ത്യാ മുന്നണിയ്ക്കും കൂട്ടര്‍ക്കും മറികടക്കാനാവുന്നുണ്ട് എന്നാണു നിഗമനം. പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ സംബന്ധിച്ച നിരീക്ഷണങ്ങളും ഇത് ശരിവയ്ക്കുന്നു. അതുകൊണ്ട് തന്നെ ഭരണത്തില്‍ നിന്നും ബിജെപിയെ താഴെയിറക്കാന്‍ കച്ചകെട്ടിയ ഇന്ത്യ മുന്നണിയുടെ പോരാട്ടവീര്യം എത്രയെന്നതിന്റെ വിളംബരം കൂടിയാകും അടുത്തഘട്ട തെരഞ്ഞെടുപ്പ്.
ഇന്ത്യ മുന്നണിയെ അവഗണിച്ചു പോകാനാകില്ലെന്ന് അടിവരയിടുന്നത് ബിജെപിയുടെ നീക്കങ്ങളും പ്രതിരോധങ്ങളും തന്നെയാണ്. ഏഷ്യാനെറ്റിന് നല്‍കി അഭിമുഖത്തില്‍ പ്രധാനമന്ത്രി മോദി തന്നെ രാഹുലിന്റെയും പ്രിയങ്കയുടെയും ഉത്തരേന്ത്യന്‍ മല്‍സരം സംബന്ധിച്ച് പ്രവചനം നടത്തിയിരുന്നു. ദക്ഷിണേന്ത്യയില്‍ തോല്‍വി ഭയക്കുന്ന രാഹുല്‍ അമേഠിയില്‍ മല്‍സരിക്കാമെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2019ല്‍ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ വയനാട് മണ്ഡലത്തില്‍ നിന്നാണ് പാര്‍ലമെന്റിലെത്തിയത്. രാഹുല്‍ വീണ്ടും അമേഠിയില്‍ മല്‍സരിക്കുന്നുവെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലം തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായത് കൊണ്ടുതന്നെയാണെന്ന മറുസാധ്യതയാണ് ഇവിടെ കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നത്. തുടക്കത്തിലെ ആവേശം ഒടുക്കം വരെ നിലനിര്‍ത്താന്‍ സാധിക്കുമോയെന്നതില്‍ ഇന്ത്യ മുന്നണിക്കുള്ളില്‍തന്നെ സംശയമുള്ളവരും വിമര്‍ശനമുള്ളവരുമുണ്ടായിരുന്നു. അവര്‍ക്കും എന്‍ഡിഎയ്ക്കുമുള്ള മറുപടി തന്നെയായിരിക്കും അടുത്തഘട്ടത്തിലെ മുന്നണി നീക്കങ്ങള്‍. അമേഠിയിലും റായ്ബറേലിയിലും ഗാന്ധിസഹോദരങ്ങള്‍ തൂത്തുവാരുമെന്നും യുപിയില്‍ ബിജെപി 50 സീറ്റുകള്‍ കടക്കില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിലയിരുത്തല്‍.
എന്‍ഡിഎ മുന്നേറാനുള്ള സാധ്യത വിരളം
അതേസമയം, ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ തരംഗമായ പല റിപ്പോര്‍ട്ടുകളുമുണ്ട്. എന്‍ഡിഎ 13 സംസ്ഥാനങ്ങളില്‍ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള സാധ്യത ശൂന്യമാണെന്നാണ് സൈഫോളജിസ്റ്റും ആക്സിസ് മൈ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത പറയുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 353 സീറ്റുകള്‍ നേടിയിരുന്നു, അതായത് ബിജെപി വിജയിക്കുമെന്ന് അവകാശപ്പെടുന്ന 400 സീറ്റുകളില്‍ എത്താന്‍ ഇത്തവണ 47 സീറ്റുകള്‍ കൂടി നേടേണ്ടതുണ്ട്. മഹാരാഷ്ട്ര, ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗോവ എന്നിവയുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ അവസ്ഥയാണ് അദ്ദേഹം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ മാത്രമായി ഉള്ളത് 257 ലോക്‌സഭാ മണ്ഡലങ്ങളാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഇവിടെ നേടിയത് 238 സീറ്റാണ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയ്ക്ക് 93 ശതമാനം സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു. എന്നാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ എത്തിനില്‍ക്കുമ്പോള്‍ 2019നെക്കാള്‍ ഒരു സീറ്റെങ്കിലും അധികമായി നേടാനുള്ള സാധ്യത വിരളമാണ്. കൂടാതെ മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളും വെല്ലുവിളിയായി തീരും. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനമാണെന്നത് അദ്ദേഹം എടുത്തുകാട്ടുന്നു. 2019ല്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. 23 സീറ്റുകളില്‍ മല്‍സരിച്ച ശിവസേന 18 സീറ്റുകളിലും ബിജെപി 23 സീറ്റുകളിലും വിജയിച്ചിരുന്നു.എന്നാല്‍ ഇന്ന് മഹാരാഷ്ട്രയില്‍ പുതിയ സഖ്യങ്ങളുണ്ട്, അവിടെ പ്രധാന പാര്‍ട്ടികളായ ശിവസേനയിലും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലും പിളര്‍പ്പ് ഉണ്ടായി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഷ്ട്രീയ സമവാക്യങ്ങളും മാറി. അതുപോലെ, കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ വിജയത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചു, ഒപ്പം അധിക സീറ്റുകള്‍ നേടാനുള്ള സാധ്യതയും ഉണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സഖ്യത്തിലാണെന്നും ഗുപ്ത ചൂണ്ടികാണിക്കുന്നു. കണക്കുകളിലേക്ക് നോക്കിയാല്‍, 2019ല്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന, അസം, ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 185 സീറ്റുകളില്‍ 109 എണ്ണം എന്‍ഡിഎ നേടി. 2024ല്‍ ഈ സംസ്ഥാനങ്ങളില്‍, ബിജെപിയുടെ സീറ്റ് നമ്പര്‍ മെച്ചപ്പെടുത്താനുള്ള സാധ്യതയാണ് ഉള്ളത്. അന്ന് പ്രതിപക്ഷം 76 സീറ്റാണ് നേടിയത്. എന്നാല്‍ തള്ളികളയാനാവത്ത വസ്തുത, അന്നത്തെ എന്‍ഡിഎയുടെ സ്ട്രൈക്ക് റേറ്റ് 60%മായിരുന്നു എന്നതാണ്. പ്രതിപക്ഷത്തിന്റേത് 40 ശതമാനവും. അവിടെ നിന്ന് പ്രതിപക്ഷം മുന്നേറില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. തമിഴ്‌നാട്, കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 95 ശതമാനം സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നുവെന്ന് ഗുപ്ത പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ 101 ലോക്‌സഭാ സീറ്റുകളാണുള്ളത്, എന്‍ഡിഎയ്ക്ക് 5 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷമാണ് 96 സീറ്റുകള്‍ നേടിയതെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. അതേസമയംഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയോ ഇവിഎമ്മുകളുടെയോ ഉപയോഗം ഇന്ത്യയിലെ വോട്ടര്‍മാരെ ഒരിക്കലും ആശങ്കപ്പെടുത്തിയിട്ടില്ലെന്ന അഭിപ്രായമാണ് ഗുപ്തയ്ക്കുള്ളത്. രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ 69 തെരഞ്ഞെടുപ്പു പ്രവചനങ്ങളാണ് കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആക്‌സിസ് മൈ ഇന്ത്യ നടത്തിയത്. 64 വോട്ടെടുപ്പ് പ്രവചനങ്ങള്‍ ശരിയായി. അപ്പോഴൊന്നും
കൃത്രിമത്വത്തെക്കുറിച്ചുള്ള ആശങ്ക വോട്ടര്‍മാരില്‍ ഉള്ളതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക് വോട്ടിംഗ് പ്രക്രിയയില്‍ ആരോപിക്കപ്പെടുന്ന വിവാദങ്ങളില്‍ ജന താല്‍പര്യം കുറവാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇന്ത്യ മുന്നണി ഉദ്ദേശിച്ച രീതിയില്‍ രൂപപ്പെട്ടിട്ടില്ല
ഇന്ത്യ മുന്നണി സഖ്യം ഉദ്ദേശിച്ച രീതിയില്‍ രൂപപ്പെട്ടിട്ടില്ലെന്നും ഗുപ്ത പറഞ്ഞു.ഈ പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ ഒരുമിച്ചല്ല, അവരുടെ സീറ്റ് പങ്കിടല്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്.ഇന്ത്യയിലുടനീളമുള്ള 350 സീറ്റുകളില്‍ പാര്‍ട്ടികള്‍ക്ക് സീറ്റ് പങ്കിടല്‍ ധാരണയുണ്ടാകേണ്ടതായിരുന്നു, എന്നാല്‍ 100 സീറ്റുകളില്‍ മാത്രമേ അവര്‍ക്ക് ധാരണയിലെത്താന്‍ കഴിഞ്ഞുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെല്ലാം ഉപരിയായി തെരഞ്ഞെടുപ്പുകളെ എല്ലായ്‌പ്പോഴും വാഗ്ദാനങ്ങള്‍ സ്വാധീനിക്കാറുണ്ടെന്നും ഗുപ്ത ചൂണ്ടികാട്ടുന്നു. അവകാശവാദങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും ഇടയിലുള്ള വിശ്വാസ്യതയാണ് ആളുകള്‍ നോക്കുന്നതെന്നും അദ്ദേഹം പറയുന്നു