UPDATES

മുംബൈ കോണ്‍ഗ്രസ് എന്ന ‘വിഭാഗീയതയുടെ ക്രിക്കറ്റ് പിച്ച്’

കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് ഒരു വിലപ്പെട്ട വിക്കറ്റ് ആണ്

                       

രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ശിവസേന ഏകനാഥ് ഷിന്‍ഡേ പക്ഷത്തിനൊപ്പം എതിര്‍പാളയത്തിലെത്തി. മുന്‍ എംപിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ മിലിന്ദ് ദേവ്റയുടെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം രാജ്യത്തെ നിര്‍ണ്ണായക തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന കോണ്‍ഗ്രസിന് വലിയ ക്ഷീണം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വിദഗ്ദര്‍ അഭിപ്രയപ്പെടുന്നത്. മുംബൈയിലെ ലോക്സഭാ പ്രചാരണത്തില്‍ വലിയ ആശയക്കുഴപ്പത്തിലേക്കാണ് ദേവ്‌റയുടെ രാജി പാര്‍ട്ടിയെ നയിച്ചിരിക്കുന്നത്. പാര്‍ട്ടി വിടാനായി ആലോചനയിലിരിക്കുന്ന മറ്റു നേതാക്കള്‍ക്കും ഈ രാജി പ്രചോദനമായേക്കാമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വിലയിരുത്തുന്നു. മറ്റു നേതാക്കള്‍ കൂടി കൂറു മാറിയാല്‍ മുംബൈ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും നേരിടേണ്ടി വരുക.

മുംബൈ നേതാക്കളുടെ പലായനം

കോണ്‍ഗ്രസിന്റെ നേതൃ നിരയിലുള്ള നേതാവായിരുന്നെങ്കിലും ജനകീയനെന്ന ഛായ വലിയ രീതിയില്‍ അവകാശപ്പെടാനില്ലാത്ത നേതാവായിരുന്നു മിലിന്ദ് ദേവ്‌റ. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍, പ്രത്യേകിച്ച് ദക്ഷിണ മുംബൈയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാവായിരുന്നു. ഈ പ്രദേശത്തെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും എംഎല്‍എമാരും നേതാക്കളും, മുംബൈ മേയറും പിന്നീട് കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന മിലിന്ദിന്റെ പിതാവ് മുരളി ഉള്‍പ്പെടെയുള്ള ദേവ്റ കുടുംബത്തോട് തന്നെ കൂറുപുലര്‍ത്തുന്നവരാണ്. അതുകൊണ്ടു തന്നെ ദേവ്റയെ പിന്തുടര്‍ന്ന് മുംബൈയിലെ കുറഞ്ഞത് 10 മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ദക്ഷിണ മുംബൈയിലെ നേതാക്കളും പാര്‍ട്ടിക്ക് പുറത്തു കടക്കുമെന്നാണ് വിലയിരുത്തുന്നത്.

മുംബൈ കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി

നാലു തവണ ധാരാവി എംഎല്‍എയായ വര്‍ഷ ഗെയ്ക്വാദാണ് നിലവിലെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ മുംബൈ യൂണിറ്റിന്റെ പ്രസിഡന്റാക്കിയതു മുതല്‍ മുംബൈ കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പില്‍ അതൃപ്തിയുണ്ട്. ഈ അതൃപ്തി നഗരത്തിലുടനീളമുള്ള പല നേതാക്കള്‍ക്കുമുണ്ട്. മിലിന്ദ് ദേവ്റ കൂറുമാറിയതോടെ ഭരണകക്ഷിയിലേക്ക് മാറാനുള്ള അവസരമായി ചിലര്‍ ഇതിനെ കണ്ടേക്കാം. മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലം പോലെ ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ല നിലവിലെ ഈ പ്രശ്‌നം. അതുകൊണ്ടു തന്നെ ഇക്കാരണം മൂലം പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഇതൊരവസരമായി കാണാന്‍ ഇടയുണ്ട്.

2019-ല്‍ മുംബൈ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹമുണ്ടായ സമയത്താണ് ദേവ്റ മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. ആ വര്‍ഷം ഫെബ്രുവരിയില്‍, മുന്‍ സിറ്റി യൂണിറ്റ് പ്രസിഡന്റ് സഞ്ജയ് നിരുപമിനെ പേരെടുത്തു പറയാതെ ദേവ്റ മുംബൈ കോണ്‍ഗ്രസ് ‘വിഭാഗീയ രാഷ്ട്രീയത്തിന്റെ ക്രിക്കറ്റ് പിച്ചായി മാറിയിരിക്കുന്നുവെന്ന്” ആരോപിച്ചു. ഇരു നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ് പോരിന് ഈ വിമര്‍ശനം വഴി വച്ചിരുന്നു. പ്രസിഡന്റായി നിയമിതനായി മൂന്ന് മാസത്തിന് ശേഷം മിലിന്ദ് സ്ഥാനം രാജിവച്ചു. മുംബൈ സൗത്ത് ലോക്സഭാ സീറ്റ് തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടതും, മുംബൈ കോണ്‍ഗ്രസിന് ആഗ്രഹിച്ച പുനരുജ്ജീവനം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നതും ചൂണ്ടിക്കാണിച്ചാണ് രാജി സമര്‍പ്പിച്ചത്. 2004ലും 2009ലും സൗത്ത് സീറ്റില്‍ നിന്ന് വിജയിച്ചങ്കിലും 2014ലും 2019ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ശിവസേനയുടെ അരവിന്ദ് സാവന്തിനോട് പരാജയപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് ശേഷം പാര്‍ട്ടിയെ സുസ്ഥിരമാക്കുന്നതിന് ദേശീയ തലത്തില്‍ ഒരു പങ്ക് വഹിക്കാന്‍ താല്പര്യമുണ്ടെന്നും രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ദേവ്റയുടെ രാജിയോടെ മുംബൈ സൗത്ത് ലോക്സഭാ സീറ്റില്‍ മത്സരിക്കുമായിരുന്ന ഏക സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് ഈ സീറ്റ് ലഭിച്ചാല്‍ തന്നെ ദേവ്റക്ക് പകരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് അതെ ജനപിന്തുണയുള്ള മറ്റൊരു നേതാവില്ല. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയോട് മുംബൈ സൗത്ത് ലോക്സഭാ മണ്ഡലം പരാജയപ്പെടുകയും ചെയ്തിരുന്നു.

ഷിന്‍ഡെ സേനയ്ക്ക് കിട്ടിയ പ്രമുഖന്‍

മുംബൈ പോലൊരു കോസ്മോപൊളിറ്റന്‍ നഗരത്തിലും മാര്‍വാഡി, ഗുജറാത്തി സമുദായത്തിന്റെ ഒരു പ്രമുഖ പ്രതിനിധിയെയും കൂടിയാണ് കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. മണ്ഡലത്തില്‍ മറാത്തി വോട്ടര്‍മാരോടൊപ്പം വലിയ മുസ്ലിം വോട്ടു ബാങ്കുകള്‍ കൂടിയുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇവര്‍ അവിഭക്തമായ ശിവസേനയ്ക്കാണ് വോട്ട് ചെയ്തത്. ഇത് ബിജെപിക്ക് പകരം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേനയില്‍ ചേരാന്‍ ദേവ്റയെ പ്രേരിപ്പിച്ചിരിക്കാം. ദേവ്റക്ക് മണ്ഡലം ലഭിക്കുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല, ഈ മണ്ഡത്തിലെ അവകാശവാദം ബിജെപി ഇതുവരെയും വിട്ടുനല്‍കിയിട്ടില്ല. സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍, മന്ത്രി മംഗള്‍ പ്രഭാത് ലോധ തുടങ്ങിയ പേരുകള്‍ അടുത്തിടെ സ്ഥാനാര്‍ഥിത്വത്തിനായി ഉയര്‍ന്നുവന്നിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍