മണിപ്പൂര്‍ കലാപത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്
ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കഴിഞ്ഞ മെയ് മുതല്‍ കലാപം ആളിപ്പടരുകയാണ്. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വംശീയ വിഭാഗങ്ങളിലൊന്നായ കുക്കി-സോ-യും മെയ്‌തേയ് വിഭാഗവും തമ്മിലുള്ള വംശീയ സംഘര്‍ഷത്തില്‍ ചുരാചന്ദ്പൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഭീതിയുടെ നിഴലിലേക്ക് വീണു. തലസ്ഥാനമായ ഇംഫാലിലും സമീപത്തെ ഏതാനും പ്രദേശങ്ങളിലും ഗ്രാമമേഖലകളിലും മെയ്‌തേയ് സമൂഹത്തിനാണ് ആധിപത്യം. എന്നാല്‍, ചുരാചന്ദ്പൂരിലും മറ്റ് ചില മലയോര പ്രദേശങ്ങളിലും കുക്കി-സോ ജനങ്ങളാണ് ഭൂരിപക്ഷം.
മെയ് നാലിന്, മണിപ്പൂരില്‍, സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗം തടഞ്ഞിരുന്നു. അക്രമത്തിന്റെ 37-ാം ദിവസം, ഇത് റിപ്പോര്‍ട്ട് ചെയ്യാനായി ചുരാചന്ദ്പൂരിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ കെട്ടിടത്തിലേക്ക് പോയപ്പോള്‍ അവിടെ സഹായങ്ങള്‍ ചെയ്തു തന്ന ഒരു കുക്കി-സോ സിവില്‍ സൊസൈറ്റി സംഘടനയുടെ നേതാവിന്റെ ഫോണില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നത് കണ്ടു. കാര്യം അന്വേഷിച്ചപ്പോള്‍, ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി ഹാക്കര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നല്‍കുന്നതായി അവര്‍ പറഞ്ഞു. 15 മുതല്‍ 20 ദിവസം വരെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പണം മുടക്കി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതെന്നും അവര്‍ പറയുന്നു.
മറ്റു സംസ്ഥാനങ്ങളിലെ ഐപി അഡ്രസ് ആക്സസ് ചെയ്യുന്നതിന് സഹായിക്കുന്നതിനായാണ് ഹാക്കര്‍മാര്‍ ഇത്രയും ഭീമമായ തുക ആവശ്യപ്പെടുന്നത്.
പഠന ആവശ്യങ്ങള്‍ക്കും പരീക്ഷകള്‍ക്കും അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍നെറ് വളരെ അത്യാവശ്യമാണ്. മാത്രവുമല്ല, സംസ്ഥാനത്തിന് പുറത്തുള്ള ആളുകള്‍ക്ക് മണിപ്പൂരില്‍ എന്താണ് നടക്കുന്നതെന്ന് അറിയിക്കാനായും സോഷ്യല്‍ മീഡിയ ഉപയോഗം ആവശ്യമായതിനാലും ആണ് ഇത്രയും ഭീമമായ തുക നല്‍കി ഇന്റര്‍നെറ്റ് അക്‌സസ് നേടുന്നതെന്ന് പ്രാദേശിക പാര്‍ട്ടി നേതാവ് പറയുന്നു. ഇത്തരത്തില്‍ കുക്കി-സോ നേതാവിനെപ്പോലുള്ള നൂറുകണക്കിന് ആളുകളും മെയ്‌തേയ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരും സോഷ്യല്‍ മീഡിയയിലൂടെ അവിടെ നടക്കുന്ന കലാപത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തതിലൂടെയാണ് അക്രമങ്ങളുടെ അതിഭീകരത പുറം സമൂഹം അറിഞ്ഞത്.
ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ സോഷ്യല്‍ മീഡിയ വിശകലനമനുസരിച്ച് രണ്ടു മാസത്തിനിടയില്‍ X (മുമ്പ് ട്വിറ്റര്‍ എന്ന് അറിയപ്പെട്ടിരുന്ന) എന്ന പ്ലാറ്റ്‌ഫോമില്‍ പുതിയ അക്കൗണ്ടുകളില്‍ ഗണ്യമായ വര്‍ധനവ് മനസ്സിലാക്കിയിരുന്നു. ഓരോ പ്രദേശങ്ങളിലെയും വിവരങ്ങളും ദൃശ്യങ്ങളും ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് വഴിയും പ്രചാരണം നടന്നിരുന്നു.
കുക്കി, മെയ്‌തേയ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ പരസ്പരം വിദ്വേഷം നിറഞ്ഞതും തങ്ങളുടെ ഭാഗം വിവരിച്ചുകൊണ്ടുമുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയായിരുന്നു. അതോടൊപ്പം, തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. കൂടാതെ, ഇരകളുടെ അവകാശവാദങ്ങള്‍, ഐക്യദാര്‍ഢ്യത്തിനുള്ള അഭ്യര്‍ത്ഥനകള്‍, തങ്ങളുടെ വിഭാഗത്തിന് എതിരായി വന്ന വാര്‍ത്തകള്‍ക്കെതിരെയുള്ള ട്രോളുകള്‍ എന്നിവയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ യഥാസമയം പ്രചരിപ്പിച്ച്‌കൊണ്ടിരുന്നു. പത്രപ്രവര്‍ത്തകരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ക്യാമ്പുകളും സജീവമായിരുന്നു.
ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 14 മുതല്‍ സെപ്റ്റംബര്‍ പകുതി വരെ 175 പേര്‍ മരിക്കുകയും 1,118 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് മണിപ്പൂരില്‍.
കാലങ്ങളായി മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമാണ്. 1992 മുതല്‍ 1997 വരെയുള്ള കാലത്ത് കുക്കി, നാഗ സമുദായങ്ങള്‍ തമ്മില്‍ നടന്ന കലാപങ്ങളില്‍ ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരുപക്ഷേ, സോഷ്യല്‍ മീഡിയയിലും ശക്തമായി പോരാട്ടം നടന്ന ഇന്ത്യയിലെ ആദ്യത്തെ സായുധ കലാപം എന്നതാണ് സമീപകാലത്തെ അക്രമങ്ങളെ വേറിട്ട് നിര്‍ത്തുന്നത്. പലപ്പോഴും, ഓരോ സമുദായത്തില്‍ നിന്നും പ്രചരിക്കുന്ന വിവരണങ്ങളാണ് വാര്‍ത്തകളുടെ ഉറവിടമായി മാറിയിരുന്നത്. അത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളായിരുന്നു വാര്‍ത്തകള്‍ക്ക് അടിസ്ഥാനമായുള്ള പല തെളിവുകളും മാധ്യമങ്ങള്‍ക്ക് നല്‍കിയതും.
മണിപ്പൂരില്‍ രണ്ടിടത്തായി നടന്ന രണ്ട് അക്രമ സംഭവങ്ങളിലൂടെയാണ് കലാപത്തിന്റെ തീവ്രത പുറത്ത് അറിയുന്നത്. രണ്ട് കുക്കി-സോ സ്ത്രീകളെ നഗ്‌നരായി പരേഡ് ചെയ്യിപ്പിച്ചതിന്റെയും, രണ്ട് മെയ്തി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന്റെയും വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് പുറത്തേക്ക് എത്തിയത്. സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിപ്പിക്കുന്നതിന്റെയും വിദ്യാര്‍ത്ഥികള്‍ കൊല ചെയ്യപ്പെട്ടതിന്റെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നതോടെ സ്ഥിതിഗതികള്‍ വഷളായി. മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങളും കലാപത്തെ ഭീകരമാക്കി മാറ്റി. കലാപത്തിന്റെ ആദ്യഘട്ടത്തില്‍, ഒരു സ്ത്രീയുടെ ശരീരം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞതിന്റെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. അത് ലൈംഗികമായി ആക്രമിക്കപ്പെട്ട ഒരു മെയ്തി സ്ത്രീയുടെ ശരീരമാണെന്നുമാണ് പ്രചരിച്ചത്. ബൂം പോലുള്ള ഫാക്ട് ചെക്കിങ് വെബ്സൈറ്റുകള്‍ പിന്നീട് ഡല്‍ഹിയില്‍ മാതാപിതാക്കളാല്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടേതാണ് ആ മൃതദേഹം എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിനുശേഷം, ക്രിസ്ത്യന്‍ കുക്കി സ്ത്രീയെ ആയുധധാരികളായ സാധാരണക്കാര്‍ ആക്രമിച്ചതായി അരോപിച്ചുകൊണ്ട് മറ്റൊരു വീഡിയോ പ്രചരിച്ചു. ഇത് മ്യാന്‍മറില്‍ നിന്നുള്ള വീഡിയോയാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
നിര്‍മിക്കപ്പെട്ട ആഖ്യാനങ്ങള്‍
ഡല്‍ഹി ആസ്ഥാനമായുള്ള നരേറ്റീവ് റിസര്‍ച്ച് ലാബ് നടത്തിയ രണ്ട് വ്യത്യസ്ത പഠനങ്ങളിലായി, മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ജോയോജീത് പാല്‍, സ്വതന്ത്ര ഗവേഷകനായ ഷെറില്‍ അഗര്‍വാള്‍ എന്നിവര്‍ ട്വിറ്ററില്‍ ആഖ്യാനങ്ങള്‍ എങ്ങനെ നിര്‍മിക്കപ്പെടുന്നുവെന്നു വിശദീകരിക്കുകയും അത്തരം പാറ്റേണുകളെ കുറിച്ചുള്ള വിവരങ്ങളും അവരുടെ കണ്ടെത്തലുകളും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവുമായി പങ്കുവെക്കുകയും ചെയ്തു.
മെയ് മൂന്നിന് പെട്ടെന്ന് അപ്രതീക്ഷിതമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കലാപം ആരംഭിക്കുകയായിരുന്നുവെന്നാണ് മിക്ക മാധ്യമ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഗ്രൗണ്ടില്‍ നടന്ന അക്രമങ്ങള്‍ക്ക് സമാനമായി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പെട്ടെന്ന് പ്രതികരിക്കുകയായിരുന്നുവെന്നും ഗവേഷണം സൂചിപ്പിക്കുന്നു.
കലാപത്തിന്റെ ആദ്യ ദിവസങ്ങളില്‍ 100 ഓളം പുതിയ ഹാന്‍ഡിലുകള്‍ സൃഷ്ടിക്കപ്പെട്ടതായും കണ്ടെത്തി.
മെയ് മൂന്നിന് കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന്, തലസ്ഥാനത്ത് കുക്കി സമുദായത്തിന് നേരെ വ്യാപകമായ അക്രമം നടന്നു. ഇത് ഇംഫാലില്‍ നിന്നുള്ള കുക്കി ജനതയുടെയും ചുരാചന്ദ്പൂരില്‍ നിന്നും മറ്റ് കുക്കി ആധിപത്യമുള്ള പ്രദേശങ്ങളില്‍ നിന്നുമുള്ള മെയ്തി വിഭാഗത്തിന്റെയും പലായനത്തിലേക്ക് നയിച്ചു.
ഹിമാലയന്‍ താഴ്‌വാരങ്ങളുമായി ചേര്‍ന്ന് കിടക്കുന്ന ഗ്രാമപ്രദേശങ്ങളിലേക്കും അക്രമം വ്യാപിക്കുകയും കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ എന്തിനും തയ്യാറായി കലാപങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ഈ പ്രദേശങ്ങളില്‍, ഇരു സമുദായങ്ങളിലെയും ആയുധധാരികളായ കലാപകാരികള്‍ ഇന്നും അക്രമം നിര്‍ബാധം തുടരുകയാണ്, നിരവധിപേര്‍ ഇതിനോടകം മരിക്കുകയും ചെയ്തു.
തുടക്കത്തില്‍ കുക്കി കമ്മ്യൂണിറ്റിയോട് സഹതാപം തോന്നി അവരോട് ഐക്യപ്പെട്ടവരുടെ എണം വര്‍ധിക്കുകയും, കൃത്യമായ ഏകോപന സന്ദേശങ്ങളിലൂടെ അവര്‍ക്ക് അനുകൂലമായ ട്വീറ്റുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായതായി പാലിന്റെയും അഗര്‍വാളിന്റെയും ഗവേഷണം സൂചിപ്പിക്കുന്നു.
പിന്നീട് മെയ്‌തേയുമായി ബന്ധപ്പെട്ട ഹാന്‍ഡിലുകള്‍ നറേറ്റീവ് ഗെയിമിലേക്ക് കടക്കുകയും എതിര്‍ വിഭാഗത്തിനെതിരെ വൈരാഗ്യം നിറഞ്ഞതും വ്യാജ വാര്‍ത്തകളുടെയും സജീവമായി ട്വീറ്റ് ചെയ്തു. ഇവ പെട്ടെന്ന് ആളുകളിലേക്ക് എത്തിചേര്‍ന്നു.
തന്റെ മുറിയില്‍, ഹാക്ക് ചെയ്ത ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുക്കി-സോ നേതാവ് മണിപ്പൂരിലെ ആഭ്യന്തര കലാപം ജനങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചതെന്നും, രണ്ട് സമുദായങ്ങളുടെയും നേതൃത്വം ഈ ലോകത്തോട് എന്താണ് പറഞ്ഞതെന്നും തങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
പുതിയ പോരാളികള്‍
എല്ലാ യുദ്ധങ്ങള്‍ കൂടുതലും X (ട്വിറ്റര്‍ )ലാണ് നടക്കുന്നത്. കുക്കി-സോ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള 33 കാരനായ അഭിഭാഷകന്‍ സിയാം ഫൈപിയും സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം പറയുന്നത്, ഫേസ്ബുക്ക് അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയയെ അപേക്ഷിച്ച് ട്വിറ്ററിലൂടെ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ എളുപ്പമാണെന്ന് അറിഞ്ഞിട്ടാണ് താന്‍ ട്വിറ്ററില്‍ അകൗണ്ട് തുടങ്ങിയത്. പ്രത്യേകിച്ചും എല്ലാ രാഷ്ട്രീയക്കാരും മറ്റ് സോഷ്യല്‍ മീഡിയ പേജുകളേക്കാള്‍ എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനാലാണ് അത് സാധ്യമാകുന്നത്.
ഫൈപ്പിയെപ്പോലുള്ള നൂറുകണക്കിന് ഹാന്‍ഡിലുകള്‍ മെയ് മുതല്‍ ഒന്നിലധികം കമ്യൂണിറ്റികള്‍ക്കു വേണ്ടി സംസാരിക്കാന്‍ തുടങ്ങി. ജൂലൈ അവസാന ആഴ്ചയില്‍, കുക്കി മെയ്‌തേയ് വിഭാഗങ്ങളെ അനുകൂലിച്ച് കൊണ്ട് സംസാരിക്കുന്ന പ്രധാനപ്പെട്ട ഒന്‍പത് ഹാന്‍ഡിലുകളെ തിരിച്ചറിയുകയും അവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് നറേറ്റീവ് റിസര്‍ച് ലാബിനു കൈമാറുകയും ചെയ്തു.
ഈ 18 ഹാന്‍ഡിലുകള്‍ ഉപയോഗിച്ച്, ലാബ് മറ്റ് 2,722 ഹാന്‍ഡിലുകളെ കണ്ടെത്തി. 875 ഹാന്‍ഡിലുകള്‍ ഈ 18 ഹാന്‍ഡിലുകളെ പിന്തുടരുന്നവരും, 1,847 ഹാന്‍ഡിലുകള്‍ 875 ഹാന്‍ഡിലുകളെ പിന്തുടരുന്നവരുമാണെന്നും കണ്ടെത്തി. അവരുടെ മെറ്റാ-ഡാറ്റയിലൂടെ എത്തരത്തിലാണ് ഇവര്‍ ട്രെന്റുകള്‍ സൃഷ്ടിക്കുന്നതിനായി വിവരങ്ങള്‍ നിര്‍മിക്കുന്നതെന്നും പരിശോധിച്ചു.
2,722 ഹാന്‍ഡിലുകളില്‍ 455 എണ്ണം കുക്കി അഫിലിയേറ്റഡ് ആണെന്നും 487 എണ്ണം മെയ്തി അഫിലിയേറ്റഡ് ആണെന്നും വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കുക്കിഅഫിലിയേറ്റഡ് ഹാന്‍ഡിലുകളില്‍ പകുതിയിലേറെയും (51 ശതമാനം) മെയ് മൂന്നിനോ അതിനുശേഷമോ സൃഷ്ടിച്ചവയാണ്. അതുപോലെ തന്നെ മെയ്‌തേയ് അഫിലിയേറ്റഡ് ഹാന്‍ഡിലുകളുടെ കാര്യത്തില്‍ 40 ശതമാനം മെയ് 3-നോ അതിനുശേഷമോ സൃഷ്ടിച്ചവയുമാണ്.
ബാക്കിയുള്ള ഹാന്‍ഡിലുകള്‍ അവ്യക്തം എന്ന വിഭാഗത്തിലും, 1,733 പേരെ ‘മറ്റുള്ളവ’ എന്ന് തരംതിരിച്ചു. അവരുടെ അഫിലിയേഷനുകള്‍ സ്വയമായോ അല്ലെങ്കില്‍ അല്‍ഗോരിതം രീതികളിലൂടെയോ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 47 ഹാന്‍ഡിലുകളില്‍ സംരക്ഷിക്കപെട്ടവയും, ഉപേക്ഷിക്കപെട്ടവയും പോലീസ് ഉദ്യാഗസ്ഥരുടേതും ഉള്‍പ്പെടുന്നു. ട്വീറ്റുകള്‍ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം പ്ലാറ്റ്ഫോം നല്‍കുന്നില്ല. വിപിഎന്‍ ഹാക്ക് ചെയ്തു ഉപയോഗിക്കുന്ന കുക്കി നേതാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പോലെയുള്ളവരാണ് അതിനു കാരണം.
ഇന്റര്‍നെറ്റ് നിരോധിച്ചിട്ടും ഇംഫാലില്‍ കുറച്ചുപേര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടായിരുന്നത് സര്‍ക്കാരുമായി അടുപ്പമുള്ളതുകൊണ്ടാണെന്നും ആരോപണമുണ്ട്.
മണിപ്പൂരില്‍ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും പഠനത്തിനായും തൊഴിലിനായും പോയിട്ടുള്ള രണ്ടു വിഭാഗങ്ങളിലായുള്ള മണിപ്പൂരികളും ട്വീറ്റ് ചെയ്തിരുന്നതായും കണ്ടെത്താന്‍ സാധിച്ചു.
എതിര്‍ ഹാന്‍ഡിലുകള്‍
മെയ്‌തേയ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മണിപ്പൂര്‍ മുഖ്യമന്ത്രിയും സംസ്ഥാന പൊലീസും സായുധ സേനാംഗങ്ങളും തങ്ങളുടെ സമുദായത്തിനെതിരെ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കുക്കി നേതാക്കളുടെ പ്രധാന രാഷ്ട്രീയ സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) എന്ന പേജ് മെയ് 3 മുതല്‍ ട്വിറ്ററില്‍ ആരംഭിച്ചു.
അക്കാലത്ത്, സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ, സിവില്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനായി ഒരു ഏകീകൃത ശബ്ദം മെയ്‌തേയ് സമൂഹത്തിനു ഉണ്ടായിരുന്നില്ല. കുക്കി-സോ കമ്മ്യൂണിറ്റി നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പോസ്റ്റുകളും അപ്ഡേറ്റുകളും പ്രചരിപ്പിക്കുന്നതിനായി ജൂണ്‍ 4 മുതല്‍ ITLF ഒരു സജീവ വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുറക്കുകയും അവര്‍ ഇന്ത്യയിലുടനീളമുള്ള നിരവധി പത്രപ്രവര്‍ത്തകരെ ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു.
ജൂലൈയില്‍ മെയ്തി സമുദായത്തിലെ രാഷ്ട്രീയ-അഭിനേതാക്കള്‍ രൂപീകരിച്ച COCOMI മീഡിയ എന്ന ഒരു ഗ്രൂപ്പിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന് കഴിഞ്ഞു.
മെയ്‌തേയ് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ കൂട്ടായ്മയായ മണിപ്പൂര്‍ ഇന്റഗ്രിറ്റി (COCOMI) യുടെ കോര്‍ഡിനേറ്റിംഗ് കമ്മിറ്റി നേതാക്കളാണ് ഈ ഗ്രൂപ്പ് ആരംഭിച്ചതെന്ന് കരുതപ്പെടുന്നു.
നറേറ്റിവ് റിസര്‍ച് ലാബ് പല ഹാന്‍ഡിലുകളുടെയും സാധാരണ ഹാഷ്ടാഗുകളുടെ പതിവ് ഉപയോഗം എത്തരത്തിലാണെന്ന് പരിശോധിച്ചു. #SeparateAdministration4Kuki എന്ന ഹാഷ്ടാഗ് കലാപം തുടങ്ങിയത് മുതല്‍ പ്രത്യേക സംസ്ഥാനത്തിനായുള്ള കുക്കി-സോ ഗ്രൂപ്പുകളുടെ ആവശ്യം ഉയര്‍ത്തിക്കാട്ടുന്നതിനായുള്ളതാണ്.
തുടര്‍ന്ന് മണിപ്പൂരിന് പുറത്ത്, കുക്കി ആധിപത്യമുള്ള പ്രദേശങ്ങളില്‍ പ്രത്യേക ഭരണസംവിധാനം വേണമെന്ന് ആഗ്രഹിക്കുന്ന മ്യാന്‍മറില്‍ നിന്നും കുടിയേറിയ കുക്കി-ചിന്‍ -സോ സമുദായത്തെ ‘മയക്കുമരുന്ന് ഭീകരവാദം’ എന്നും മയക്കുമരുന്ന് വ്യാപാര ചരിത്രമുള്ള, രേഖകളില്ലാത്ത കുടിയേറ്റക്കാരണെന്നും മെയ്തി വിഭാഗം ട്വിറ്ററില്‍ കൂടി ആരോപണമുയര്‍ത്തി.
ഒരു സമുദായത്തിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ എതിര്‍ സമുദായം വേണ്ടത്ര ദേശീയതയുള്ളവരല്ലായെന്നു തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു.
മൊബിലൈസേഷന്റെ പാറ്റേണുകള്‍
ഏപ്രില്‍ 28 ന്, സംസ്ഥാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ചുരാചന്ദ്പൂരിലെ ജിം കത്തിച്ചതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യ കുതിപ്പ് കണ്ടതെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ പാലും സ്വതന്ത്ര ഗവേഷകനുമായ അഗര്‍വാളും അഭിപ്രായപ്പെട്ടു.
പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഷെഡ്യൂള്‍ഡ് ഗോത്ര പദവിക്കായുള്ള മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ നിരവധി ഗോത്ര വിഭങ്ങള്‍ പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന്, മെയ് 3ന് നടന്ന അക്രമങ്ങള്‍ക്ക് ശേഷമാണ് അടുത്ത കുതിച്ചുചാട്ടം ഉണ്ടായത്.
ആദ്യം, ഇന്റര്‍നെറ്റ് നിരോധിച്ചപ്പോള്‍ മണിപ്പൂരിലെ ജനങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പരിമിതപ്പെടുകയും കൂടാതെ മണിപ്പൂരിന് പുറത്ത് താമസിക്കുന്ന മണിപ്പൂരികള്‍ക്ക് സംസ്ഥാനത്തിലുള്ള കുടുംബങ്ങളുമായി സംസാരിക്കുന്നതിനുള്ള അവസരങ്ങളും കുറവായിരുന്നുവെന്ന് രണ്ടു ഗവേഷകരും അഭിപ്രായപ്പെടുന്നു.
ഗ്രാഫ് സൂച്ചിപ്പിക്കുന്നത് പോലെ കുക്കി-സോ അനുകൂല വിഭാഗം വേഗത്തില്‍ സംഘടിപ്പിക്കാന്‍ തുടങ്ങി.
ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരു വിഭാഗങ്ങളും സോഷ്യല്‍ മീഡിയ സജീവ പങ്കാളികള്‍ ആയിരുന്നുവെന്ന് മനസിലാക്കുന്നതായി ഗവേഷകര്‍ പറയുന്നു. ‘ഒരു സോഷ്യല്‍ മീഡിയ യുദ്ധത്തിന്റെ ആദ്യ നാളുകള്‍ കലാപ രൂപീകരണത്തെക്കുറിച്ച് നമ്മോട് എന്താണ് പറയുന്നത്’ എന്ന തലക്കെട്ടില്‍ ഗവേഷകര്‍ നടത്തിയ പഠനം ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവുമായി പങ്കുവെച്ചു.
ഉദാഹരണത്തിന്, കുക്കി-സോ അനുകൂല വിഭാഗത്ത് നിന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങളുള്ള 86 പുതിയ അകൗണ്ടുകള്‍ മെയ് ആദ്യവാരം ആരംഭിച്ചതായി അവര്‍ പറഞ്ഞു. തീവ്ര-മെയ്തി ഉള്ളടക്കമുള്ള 24 പുതിയ അകൗണ്ടുകളും ലഭിച്ചു.
വംശീയ കലാപങ്ങളെക്കുറിച്ച് ഓരോ കമ്മ്യൂണിറ്റിയിലെയും അംഗങ്ങളും അവരെ പിന്തുണയ്ക്കുന്നവരും എങ്ങനെയാണ് ട്വീറ്റ് ചെയ്തത് എന്നതിലെ പാറ്റേണുകളും വ്യത്യാസങ്ങളും പഠിക്കാനായി കൂടുതല്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത അകൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്തു. തീവ്ര മെയ്തി അനുകൂല സെറ്റില്‍ 77 ഒര്‍ജിനല്‍ അകൗണ്ടുകളിലായി 6,339 യഥാര്‍ത്ഥ ട്വീറ്റുകളും 7837 റീട്വീറ്റുകളും കണ്ടെത്തി. തീവ്ര കുക്കി സെറ്റിന് 308 അക്കൗണ്ടുകളും 31,462 ട്വീറ്റുകളും 94,909 റീട്വീറ്റുകളും ഉണ്ടായിരുന്നു.
തീവ്ര-മെയ്തി സമുദായത്തെ അപേക്ഷിച്ച് തീവ്ര-കുക്കി-സോ സമുദായം എണ്ണത്തില്‍ കൂടുതല്‍ അകൗണ്ടുകളിലൂടെ കൂടുതല്‍ കോള്‍ഔട്ടുകള്‍ നടത്തുന്നുണ്ട്. കുക്കി യുഎന്നിനോടും മറ്റ് മനുഷ്യാവകാശ സംഘടനകളോടും തങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍, മെയ്‌തേയ് സ്പിയര്‍കോര്‍പ്‌സ് അക്കൗണ്ടിനോടാണ് (ഇന്ത്യന്‍ ആര്‍മിയുടെ ഒരു വിഭാഗം) സംവദിക്കുന്നത് എന്നതാണ് പ്രത്യേകത.
തദ്ദേശീയരുടെ അവകാശങ്ങള്‍ മെയ്തികള്‍ തടസപ്പെടുത്തുകയാണെന്ന് ആരോപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യപെടുകയാണ് കുക്കികള്‍. ഇതിലൂടെ രണ്ട് കമ്മ്യൂണിറ്റികളുടെയും നിലപാട് വ്യക്തമാകുന്നു .
അതുപോലെ, ഇന്ത്യന്‍ സൈന്യത്തിന് കീഴിലുള്ള അര്‍ദ്ധസൈനിക വിഭാഗമായ അസം റൈഫിള്‍സ് കുക്കികള്‍ക്ക് അനുകൂലമാണെന്ന് മെയ്തികള്‍ ആരോപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇത്തരത്തില്‍, ഗ്രൂപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ എങ്ങനെ പരാമര്‍ശിക്കുന്നു എന്നതിനെക്കുറിച്ചും ഗവേഷകര്‍ അന്വേഷിച്ചു.
കലാപത്തിന്റെ ആദ്യ മാസങ്ങളില്‍ മെയതേയ് വിഭാഗം ട്വീറ്റുകള്‍ ബിജെപിയെ അനുകൂലിക്കുന്നതായിരുന്നു. ബിജെപി അംഗവും തീവ്ര- മെയതേയ് അനുകൂലിയുമായ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ സാന്നിധ്യം ആയിരുന്നു അതിനു കാരണം. എന്നാല്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ കുക്കി അനുകൂല പോസ്റ്റുകള്‍ ഏറ്റെടുത്തു.
മെയ് 1 മുതല്‍ ജൂണ്‍ 5 വരെയുള്ള മണിപ്പൂരുമായി ബന്ധപ്പെട്ട 2,765,151 ട്വീറ്റുകള്‍ ഗവേഷകര്‍ വിശകലനം ചെയ്യുകയും ഏകോപിത പ്രവര്‍ത്തനത്തിന്റെ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു.
അതില്‍ 11.6 ശതമാനം അഥവ 322,094 ട്വീറ്റുകള്‍ മാത്രമാണ് ഒറിജിനല്‍ പോസ്റ്റുകള്‍. ‘തങ്ങളുടെ ഡാറ്റ സെറ്റില്‍ ഗണ്യമായ അളവില്‍ കോപ്പി-പേസ്റ്റ് ചെയ്ത പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും 788 ട്വീറ്റുകള്‍ സോഴ്സ് ടെക്സ്റ്റില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ അഞ്ച് തവണയില്‍ കൂടുതല്‍ കോപ്പി-പേസ്റ്റ് ചെയ്തിരിക്കുന്നുവെന്നും ,’ ഗവേഷകര്‍ പറയുന്നു.
കുക്കിയുമായി ബന്ധപ്പെട്ട അകൗണ്ടുകള്‍ക്ക് റീട്വീറ്റ്-ഇംപ്രഷന്‍ അനുപാതം കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി.
മറ്റൊരു വിധത്തില്‍ പറയുമ്പോള്‍, മെയ്‌തേയ് അഫിലിയേറ്റഡ് ഹാന്‍ഡിലുകളേക്കാള്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനമാണ് ടഎക്‌സില്‍(ട്വിറ്റര്‍) കുക്കി അഫിലിയേറ്റഡ് ഹാന്‍ഡിലുകള്‍ നടത്തിയിരിക്കുന്നത്. ”ഇത് ബഹുജന സൃഷ്ടിയെ സൂചിപ്പിക്കുന്നതാണെന്നു,” ഡിജിറ്റല്‍ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഡല്‍ഹി ആസ്ഥാനമായുള്ള സര്‍ക്കാരിതര സംഘടനയായ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പോളിസി ഡയറക്ടര്‍ പ്രതീക് വാഗ്രെ പറഞ്ഞു.
ഇത്തരത്തിലുള്ള നരേറ്റിവുകളും അവയുടെ കൈമാറ്റവും തമ്മിലുള്ള പോരാട്ടം നിരീക്ഷിക്കുമ്പോള്‍, നിഷ്‌കളങ്കരായ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും കൃത്രിമമായ ഹാന്‍ഡിലുകളും തമ്മില്‍ പരസ്പ്പരം കൂടിയിണങ്ങി പ്രവര്‍ത്തിച്ചിട്ടുള്ളതായി കാണാന്‍ സാധിക്കും എന്നു ബോട്ടുകളെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത്രയധികം അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ഗവേഷകയും സാങ്കേതിക വിദഗ്ധയുമായ രോഹിണി ലക്ഷണെ രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക സംഭവങ്ങളുടെ വിവരങ്ങള്‍ നേരിട്ട് നല്‍കുന്നതിനും ടാര്‍ഗറ്റ്ഡ് ഓഡിയന്‍സിലേക്ക് കൃത്യമായി വിവരങ്ങള്‍ സമയ താമസമില്ലാതെ എത്തിച്ചേരുന്നതിനുമായാണ് ഇത്തരത്തില്‍ പുതിയ അകൗണ്ടുകള്‍ ഉണ്ടാക്കിയതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
അത്തരത്തില്‍, വിവരങ്ങളുടെ സമാഹരണത്തിനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായും പ്രവര്‍ത്തിച്ച അകൗണ്ടുകളും ഉണ്ടാകാം. എന്നാല്‍, അതോടൊപ്പം തന്നെ സ്വന്തം ഭാവനക്കനുസരിച്ച് മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവയും ഉണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു.
രണ്ട് പഠനങ്ങളും ഡാറ്റ ശേഖരിക്കുന്നതിന് വ്യത്യസ്ത രീതികളാണ് ഉപയോഗിച്ചത്. അവയുടെ നിരീക്ഷണ കാലഘട്ടങ്ങളും വിശകലന രീതിയും വ്യത്യസ്തമായതിനാല്‍ രണ്ടിന്റെയും കണ്ടെത്തലുകള്‍ കൂട്ടിയിണക്കാനാവില്ല.
വിവരങ്ങളുടെ മാനുവലായുള്ള അവലോകനത്തില്‍ ഒന്നിലധികം സംശയാസ്പദമായ ഹാന്‍ഡിലുകള്‍ കണ്ടെത്തുകയും അവ വിവിധ തരത്തിലുള്ള നരേറ്റിവുകളുടെ പ്രചാരണം നടത്തയിട്ടുള്ളതായുള്ളതായും, അതിനു അനേകം ഉദാഹരണങ്ങള്‍ ലഭിക്കുകയും ചെയ്തു. Yamkhongam Touthang (@YTouthang) എന്ന പേരിലുള്ള അകൗണ്ട് ഓഗസ്റ്റിന് മുമ്പ് വരെ ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട പരസ്യങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ആഗസ്റ്റ് 8-ന് ശേഷം കുക്കി സമൂഹത്തിന് അനുകൂലമായ കലാപത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.
ഇരു സമുദായങ്ങളിലെയും വിഭാഗങ്ങളും അവരുടെ രാഷ്ട്രീയ നേതാക്കളും സായുധ സംഘങ്ങളും തെരുവില്‍ പോരാടിയപ്പോള്‍ സോഷ്യല്‍ മീഡിയയിലും സംഘര്‍ഷം സങ്കീര്‍ണ്ണമായി. കൃത്യമായി നിര്‍മിച്ച വീഡിയോകളും ഡ്രോണ്‍ ഫൂട്ടേജുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ട്വിറ്ററിന് പുറകെ അവയെല്ലാം ഇന്‍സ്റ്റാഗ്രാമിലും എത്തി.
സൂപ്പര്‍ സ്‌പ്രെഡറുകള്‍
കലാപത്തിനിടയില്‍ രണ്ടുതവണ സൂപ്പര്‍ സ്‌പ്രെഡര്‍ ഇവന്റുകള്‍ നടന്നിട്ടുണ്ട്. സെപ്റ്റംബര്‍ 25ന്, ഇംഫാലില്‍ നിന്ന് കാണാതായ 20 കാരിയായ ഫിജാം ഹേംജിത്തിനെയും 17 കാരിയായ ഹിജാം ലിംഗോയിംബിയെയും മരിച്ചതായി അറിയിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. ആദ്യ ചിത്രത്തില്‍ ഇരുവരും അടുത്തടുത്തായി ഇരിക്കുന്നതായി കാണാം. തുടര്‍ന്നുള്ള ചിത്രത്തില്‍ ഇരുവരും നിലത്ത് ജീവനില്ലാത്ത കിടക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. കൂടാതെ, ഹേംജിത്തിന്റെ തല മുറിച്ച് മാറ്റിയ നിലയിലായിരുന്നു ചിത്രം.
ട്വിറ്ററില്‍ മെയ്തി വിഭാഗം കുക്കി-സോ സമുദായത്തിനെതിരെ രൂക്ഷമായ വിമര്‍ശങ്ങള്‍ ഉന്നയിച്ചു. അതേസമയം, കേസിന്റെ ചുമതല സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കുക്കികള്‍ വിമര്‍ശിച്ചു.
കുക്കി-സോ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആളുകള്‍ കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന കേസുകളില്‍ പെട്ടന്നുള്ള പ്രതികരണങ്ങള്‍ കുറവായിരുന്നുവെന്ന് കുക്കി ഹാന്‍ഡിലുകള്‍ വാദിച്ചു. പ്രചരിച്ച ചിത്രത്തിലുള്ള ഇരുവരും ശരിക്കും കൊല്ലപ്പെട്ടതിന് തെളിവുകള്‍ ഉണ്ടോയെന്ന ചോദ്യങ്ങളും ഉയര്‍ന്നു.
ഈ ചിത്രങ്ങള്‍ സെപ്തംബര്‍ അവസാനത്തോടെ പുറത്തു വന്നതിന് പിന്നാലെ ഇംഫാലില്‍ പ്രതിഷേധം വീണ്ടും തുടങ്ങി. അഞ്ച് മാസത്തെ നിരോധനത്തിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പ് പുനഃസ്ഥാപിച്ച ഇന്റര്‍നെറ്റ് വീണ്ടും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
ജൂലൈയില്‍, രണ്ട് കുക്കി-സോ സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിക്കുന്ന വീഡിയോ കുക്കി സമൂഹത്തില്‍ സമാനമായ പ്രതികരണം ഉണ്ടാക്കി. കാങ്പോക്പി, ചുരാചന്ദ്പൂര്‍, മിസോറാം എന്നിവിടങ്ങളില്‍ കുക്കി വനിതകള്‍ വലിയ റാലികള്‍ നടത്തി. തുടര്‍ന്ന്, കലാപം ആരംഭിച്ചതിന് ശേഷം ആദ്യമായി മണിപ്പൂരിലെ ലൈംഗികാതിക്രമ സംഭവത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഈ സംഭവം ഉണ്ടാക്കുന്ന നാണക്കേടില്‍ 140 കോടി ഇന്ത്യക്കാരും തലതാഴ്ത്തിയെന്നായിരുന്നു പ്രതികരണം.
അക്കാലത്ത്, ട്വിറ്ററിലെ കുക്കി ഹാന്‍ഡിലുകള്‍ പ്രത്യേക ഭരണത്തിനായുള്ള ആവശ്യം പുനരാരംഭിക്കുകയും അത്തരം പോസ്റ്റുകള്‍ നിരവധി തവണ റീപോസ്‌റ് ചെയ്യുകയും ചെയ്തു.
‘If you don’t take off your clothes,we will kill you’:Kuki women paraded in #Manipur
It’s impossible for #Kuki_Zo to live together with these barbaric #Meiteis when chopping,raping,looting,burning is what normalcy seems for these desperate animals.
SEPARATION ONLY SOLUTION!✊🏻 pic.twitter.com/TPCo8DvYz9
— Kimmi Khongsai (@KimmiKhs) July 20, 2023
കൗണ്ടര്‍ നരേറ്റീവുകള്‍
എതിര്‍ വിഭാഗങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നേരെ വരുന്ന ആരോപണങ്ങളെ ചെറുക്കുക എന്നതാണ് തങ്ങളുടെ പ്രാധാന ഉദ്ദേശം എന്നാണ് കുക്കി മെയ്തി ഹാന്‍ഡിലുകള്‍ക്ക് പിന്നിലുള്ളവര്‍ പറയുന്നത്. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പ്രതിനിധി കുക്കി-മെയ്തി സമുദായങ്ങളോട് അനുഭാവമുള്ള ഹാന്‍ഡിലുകളുമായി നേരില്‍ സംസാരിച്ചിരുന്നു. കുക്കി വിഭാഗത്തില്‍ മൂന്ന് ഹാന്‍ഡിലുകളോടും മെയ്തി വിഭാഗത്തിലെ അഞ്ചു ഹാന്‍ഡിലുകളോടുമാണ് സംസാരിച്ചത്. ചിലര്‍ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തതാന്‍ തയ്യാറായെങ്കിലും മറ്റു ചിലര്‍ അതിന് തയ്യാറായില്ല. എല്ലാ ഹാന്‍ഡിലുകളും തങ്ങളുടെ സമുദായത്തിനായി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന്നതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
ഇപ്പോള്‍ ഡീആക്ടിവെറ്റ് ചെയ്തിരിക്കുന്ന മണിപ്പൂര്‍ ടോക്സ്, തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഡിസ്‌കോഡ് എന്ന അപ്ലിക്കേഷനില്‍ ലേഖകനോട് സംസാരിച്ചിരുന്നു. ഇംഫാലിലാണ് താമസിക്കുന്നതെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം തന്റെ അകൗണ്ട് 2010 മുതല്‍ സജീവമാണെന്നും, താന്‍ വാര്‍ത്ത അപ്‌ഡേറ്റുകള്‍ക്കു പുറമെ ആക്ഷേപ ഹാസ്യങ്ങളിലൂടെയുള്ള പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നുവെന്ന് പറയുന്നു. കലാപത്തെ തുടര്‍ന്ന് താന്‍ ട്വീറ്റുകള്‍ ചെയ്തിരുന്നു, തുടക്കത്തില്‍ സംഘര്‍ഷം നിയന്ത്രിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയായിരുന്നു ട്വീറ്റുകളില്‍, തനിക്ക് ഉദ്യാഗസ്ഥര്‍ തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കാത്തതില്‍ ദേഷ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൂടാതെ കുക്കി ഹാന്‍ഡിലികളെയും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ധാരാളം പ്രോപഗണ്ടകള്‍ പ്രചരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ തന്റെ കുക്കി സഹോദരങ്ങളോട് ആവശ്യപ്പെട്ടിരുന്നു, പക്ഷെ, കലാപം അവസാനിപ്പിക്കാന്‍ ആര്‍ക്കും ഉദ്ദേശ്യം ഇല്ലായെന്നും ഒരു വിഘടനവാദ അജണ്ടയാണ് കുക്കി സമുദായത്തെ സ്വാധീനിച്ചിരിക്കുന്നതെന്നും കണ്ടപ്പോഴാണ് മെയ്തി സമുദായത്തിന്റെ അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യാന്‍ താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. തന്റെ പോസ്റ്റുകള്‍ ഒരാളെങ്കിലും കണ്ടാല്‍ മതി, കലാപത്തിന്റെ തുടക്കത്തില്‍ ഏകപക്ഷീയമായ ട്വീറ്റുകളാണ് വന്നതെങ്കിലും പിന്നീട് എന്റെ ട്വീറ്റുകളിലൂടെ ഈ വിഷയത്തില്‍ മറ്റൊരു വശമുണ്ടെന്നും അവര്‍ മനസ്സിലാക്കി എന്നും മണിപ്പൂര്‍ ടോക്‌സിന്റെ അഡ്മിന്‍ പറയുന്നു.
മണിപ്പൂര്‍ ടോക്സിന് 11,500-ലധികം ഫോളോവേഴ്സ് ഓഗസ്റ്റ് 10 വരെ ഉണ്ടായിരുന്നു. പിന്നീട്, ട്വിറ്റര്‍ അകൗണ്ട് നിയമ നടപടിയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കോടതി ഉത്തരവുണ്ടായാല്‍ ഒരേ യൂസര്‍ നെയിം വരുന്ന എല്ലാ അകൗണ്ടുകളും അവര്‍ സസ്പെന്‍ഡ് ചെയ്യും. മാത്രവുമല്ല, അകൗണ്ടിന്റെ ഉടമസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ സംബന്ധിയായ കാര്യങ്ങള്‍ ബോധിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അവര്‍ നല്‍കാറുമില്ല.
കുക്കി സമുദായത്തിനനുകൂലമായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്ന ഫൈപി എന്ന് പേരുള്ള ഒരാളുടെയും വിശദീകരണം ഇത്തരത്തില്‍ തന്നെയായിരുന്നു. തന്റെ പേജിലൂടെ ഷെയര്‍ ചെയ്യപ്പെട്ട ട്വീറ്റുകളില്‍ 99 ശതമാനവും കുക്കി-സോ സമൂഹത്തിനെതിരേ നടക്കുന്ന വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ട്വിറ്റര്‍ അകൗണ്ട് ആരംഭിച്ച മെയ് മാസത്തില്‍ തന്നെ 9200-ലധികം ഫോളോവേഴ്സിനെ ഫൈപി സമ്പാദിച്ചിരുന്നു. തദ്ദേശീയരില്‍ മാത്രമല്ല ആഗോളതലത്തില്‍ പേജിന് റീച് ലഭിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള മനുഷ്യരോടൊപ്പം ലോകത്തെമ്പാടുമുള്ള ട്വിറ്റര്‍ യൂസര്‍മാരിലേക്ക് തന്റെ കാഴ്ചപാടുകള്‍ എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്വിറ്ററിനാണ് റീച്ച് കൂടുതല്‍ ഉള്ളതെന്നും ഫൈപി പറഞ്ഞു.
രണ്ട് സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന സിവില്‍ സമൂഹത്തെയും രാഷ്ട്രീയ സംഘടനകളെയും പ്രതിനിധികരിക്കുന്ന ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറ (ഐടിഎല്‍എഫ്) ത്തിന്റെ ട്വിറ്റര്‍ അകൗണ്ടിലും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി. കലാപം ആരംഭിച്ച മെയ് മാസത്തില്‍ മാത്രം തുറന്ന അകൗണ്ട് ജൂണ്‍ 18 ആയപ്പോഴേക്കും 5,800-ലധികം ഫോളോവേഴ്‌സിനെ നേടി. ജൂണില്‍ അതിന്റെ ഹാന്‍ഡില്‍ ഐടിഎല്‍എഫ് മീഡിയ സെല്‍ തടഞ്ഞപ്പോഴും പുതുതായി അവര്‍ ആരംഭിച്ച അകൗണ്ടും മൂന്ന് മാസത്തിനിടയില്‍ ഫോളോവേഴ്‌സിന്റെ എണ്ണം ഇരട്ടിയാക്കി.
തങ്ങളുടെ ശബ്ദം കൂടുതല്‍ പേരില്‍ എത്തിക്കാനായാണ് ഇത്തരത്തില്‍ ഒരു പേജ് കലാപത്തിന് ശേഷം തുടങ്ങിയതെന്നും അക്കാലത്തു മെയ്തി നരേറ്റീവുകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നതെന്നും ഐടിഎല്‍എഫ് വക്താവ് ജിന്‍സ വുവല്‍സോങ് അല്‍ ജസീറയോട് പറഞ്ഞു.
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് തടഞ്ഞിരുന്നതിനാല്‍ സംസ്ഥാനത്തിന് പുറത്തുള്ള മണിപ്പൂരികളോട് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആരംഭിക്കാന്‍ പറയുകയായിരുന്നു. തങ്ങള്‍ക്ക് പറയാനുള്ളത് പറയാനും, എതിര്‍ കക്ഷികളുടെ വാദത്തെ ചെറുക്കാനുമായാണ് ട്വിറ്റര്‍ ഞങ്ങള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം വിവരിക്കുന്നു.
ഇതേകാര്യങ്ങള്‍ തന്നെയാണ് മെയ്തി അനുകൂല പേജായ മെയ്തി ഹെറിറ്റേജ് സൊസൈറ്റിയുടെ അഡ്മിന്‍ അല്‍ ജസീറയോട് പറഞ്ഞത്. സമാന ചിന്താഗതിക്കാരായ ഒരുകൂട്ടം വ്യക്തികള്‍ ഒരുമിച്ച് ചേര്‍ന്ന് മെയ്തി സമൂഹത്തിനെതിരെ വ്യാജപ്രചാരങ്ങള്‍ നടത്തിയിരുന്നു. മണിപ്പൂരിന്റെ പ്രതിച്ഛായ നശിപ്പിക്കാനും, സംസ്ഥാനം വിഭജിക്കാനും ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും മുന്‍കൂട്ടി ആസൂത്രണം ചെയ്ത തെറ്റായ വിവരണങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, നിയമവിരുദ്ധമായ പോപ്പി കൃഷി, മയക്കുമരുന്ന് വ്യാപാരം, വനഭൂമി കയ്യേറ്റം, വനനശീകരണം എന്നീ പ്രശ്നങ്ങളുടെ യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ ന്യൂനപക്ഷ ഗോത്രവര്‍ഗക്കാരായ ക്രിസ്ത്യനികള്‍ VS ഭൂരിപക്ഷമായ മെയ്തികള്‍ എന്ന നിലയില്‍ തെറ്റായ കഥ മെനയുകയായിരുന്നു അവരുടെ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു സമുദായങ്ങളില്‍ നിന്നുമുള്ള ഹാന്‍ഡിലുകള്‍ക്കും പറയാനുള്ളത് ഒരേ കഥകളും ഒരേ കാര്യങ്ങളുമാണ്. തങ്ങളുടെ സമുദായം നേരിട്ട അനീതിക്കെതിരെ ശബ്ദം ഉയര്‍ത്താനും സത്യം പുറം ലോകത്തേക്ക് എത്തിക്കാനുമായാണ് തങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നതെന്ന് രണ്ടു കൂട്ടരും ഒരുപോലെ പറയുന്നു.
ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ ഇരുകൂട്ടരും തമ്മിലുള്ള വെടിവെപ്പിന് ശമനം ഉണ്ടായിട്ടുണ്ടെങ്കിലും അതിര്‍ത്തികളിലെ പട്രോളിംഗ് തുടരുന്നുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിമിതപ്പെട്ടിരിക്കുകയാണ്.
അതേസമയം, രണ്ട് സമുദായങ്ങളിലെയും സോഷ്യല്‍ മീഡിയ യോദ്ധാക്കള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഹൃദയത്തിനും മനസ്സിനും വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടും ഇരിക്കുന്നു.
ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് അസോസിയേറ്റ് മെംബര്‍ ആണ് അംഗന ചക്രബര്‍ത്തി
ഈ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് അല്‍-ജസീറയിലാണ്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം