മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്? സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് മണിപ്പൂരില്‍ ‘ ഹിന്ദുക്കള്‍ക്കെതിരേയുള്ള യുദ്ധം’ നടക്കുകയാണെന്നാണ്. ആര്‍ എസ് എസ് മൗത്ത്പീസ് ഓര്‍ഗനൈസര്‍ ‘കുക്കി’കളെയാണ് കലാപകാരികളാക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍, കലാപകാരികള്‍, കറുപ്പ് കൃഷിക്കാര്‍, ലഹരിക്കച്ചവടക്കാര്‍, മലയോര മേഖലകളിലെ തീവ്രവാദികള്‍, വിദേശ ശക്തികള്‍ നിയന്ത്രിക്കുന്നവര്‍ തുടങ്ങി പലവിധ കുറ്റാരോപണങ്ങളാണ്. ഗോത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷണറികള്‍ ഉള്‍പ്പെടെ പല സായുധ സംഘങ്ങളും ഹിന്ദുക്കളെ ശത്രുക്കളായി കണ്ട് ഇല്ലായ്മ ചെയ്യുകയാണെന്നാണ് ആരോപണം. മെയ്‌തേയ് ഹിന്ദുക്കളെ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് കലാപമെന്നും ഓര്‍ഗനൈസര്‍ എഴുതുന്നു. മേയ് 19 ന് അകം മെയ്‌തേയ് ഹിന്ദുക്കളെ എസ് ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശം വന്നതോടെയാണ് മേയ് മൂന്നു മുതല്‍ ഹിന്ദുക്കള്‍ക്കെതിരേയുള്ള സമ്പൂര്‍ണ യുദ്ധം ആരംഭിച്ചതെന്നാണ് സംഘപരിവാര്‍ ഭാഷ്യമായി ഓര്‍ഗനൈസര്‍ പ്രചരിപ്പിക്കുന്നത്.
മണിപ്പൂരിലെ സംരക്ഷിത/വന്യമൃഗ സങ്കേതങ്ങളായ വനമേഖലകള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈയെടുക്കുന്നതും കുക്കി കലാപത്തിനുള്ള മറ്റൊരു കാരണമായി സംഘപരിവാര്‍ പറയുന്നു. കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍(കെഎസ്.ഒ) പ്രെയര്‍ വാരിയേഴ്‌സ്, ചര്‍ച്ച് ലീഡേഴ്‌സ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഗോത്രവര്‍ഗ സംഘടനകളുടെ പിന്തുണയോടെ നടത്തിയ ‘ സമാധാന റാലി’ കലാപമായി മാറിയെന്നാണ് ആരോപണം. അഞ്ചു വനപാലകരെ കുക്കികള്‍ തീകൊളുത്തി കൊന്നുവെന്നാണ് പറയുന്നത്. കുക്കി സ്വാധീന മേഖലകളിലെല്ലാം സായുധ കലാപകാരികള്‍ സുരക്ഷ സേനയ്‌ക്കെതിരേ അക്രമണം നടത്തിയെന്നും എസ്.ഒ.ഒ പ്രകാരം(Suspension of Operation) കുക്കി കലാപകാരികളെ സുരക്ഷ സേന വധിച്ചിട്ടുണ്ടെന്നും ഓര്‍ഗനൈസര്‍ എഴുതുന്നു.
സര്‍ക്കാരിന്റെ വനസംരക്ഷണത്തെ കുക്കികള്‍ എതിര്‍ക്കുന്നത്, വനത്തിനുമേല്‍ വച്ചിരിക്കുന്ന അധികാരം നഷ്ടപ്പെട്ടാല്‍ അവര്‍ നടത്തി വരുന്ന കറുപ്പ് കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നാണ് സംഘപരിവാറിന്റെ മറ്റൊരു പ്രചാരണം. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെ ലഹരി കച്ചവടത്തിനുവേണ്ടിയുള്ള യുദ്ധമായി സംഘപരിവാര്‍ വഴിതിരിച്ചു വിടുന്നു. മണിപ്പൂരിനെ മറ്റൊരു ‘ ഗോള്‍ഡന്‍ ട്രയാംഗിള്‍’ ( ചൈന, തായ്‌ലാന്‍ഡ്, ലാവോസ്, മ്യാന്‍മാര്‍ രാജ്യങ്ങളുടെ അതിര്‍ത്തികളിലായി റുവാക്, മെകോങ് നദികളുടെ സംഗമസ്ഥാനമായ പ്രദേശത്തിന് അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയാണ് ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നു വിളിച്ചത്. ലോകത്ത് ഏറ്റവുമധികം കറുപ്പ് ഉത്പാദിപ്പിക്കുന്നത് ഈ മേഖലയിലാണ്) ആക്കാനുള്ള ശ്രമത്തിനെതിരേയാണ് 2018 മുതല്‍ ബിരേന്‍ സിംഗ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നതെന്നാണ് സംഘപരിവാറിന്റെ അവകാശവാദം. കുക്കി സായുധ സംഘങ്ങള്‍ അനധികൃത കറുപ്പ് കൃഷിയും വില്‍പ്പനയും നടത്തുന്നുണ്ടെന്നും തീവ്രവാദ സംഘടനകളുടെ പ്രധാന വരുമാന സ്രോതസ്സ് ഇതാണെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നു. കുക്കി സായുധ സംഘടനകളുടെ പ്രധാന നേതാക്കള്‍ സംസ്ഥാനത്തിന് പുറത്തുള്ളവരാണെന്നും പറയുന്നു.
സംസ്ഥാനത്ത് എസ് ഒ എസ് പിന്‍വലിക്കേണ്ടി വന്നതിനു കാരണവും കുക്കി കലാപങ്ങളാണെന്നാണ് സംഘപരിവാറിന്റെ പ്രചാരണം. എസ് ഒ ഒ കരാറിന്റെ മറവില്‍ വിദേശ ശക്തികളുടെ നിയന്ത്രണത്തില്‍ പല സായുധ സംഘടനകള്‍ പിറവിയെടുക്കുകയും ലഹരിക്കച്ചവടവും അക്രമങ്ങളും സാധാരണമാവുകയും ചെയ്തതോടെയാണ് എസ് ഒ ഒ പിന്‍വലിക്കുന്നതെന്നാണ് സംഘപരിവാര്‍ വാദം. സംസ്ഥാനത്തെ അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പണിതിരിക്കുന്നത് ഇത്തരത്തിലാണെന്ന് കണ്ടെത്തിയെന്നും, സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളികള്‍ കോടതി ഉത്തരവിന്‍ പ്രകാരം പൊളിച്ചതും ഇപ്പോഴത്തെ കലാപത്തിനു പിന്നിലെ കാരണമാക്കി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്.
സംഘപരിവാര്‍ പ്രചാരണങ്ങളും വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് രണ്ട് സാമുദായിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന മാധ്യമ ധാരണയ്ക്കും അപ്പുറം യഥാര്‍ത്ഥത്തില്‍ എന്താണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് ഇന്ത്യ അറിയുന്നില്ല. ഇപ്പോള്‍ നടക്കുന്ന കലാപം ഇരുവിഭാഗങ്ങളും വിട്ടുവീഴ്ച്ച ചെയ്താല്‍ തീരുന്നൊരു പ്രശ്‌നം മാത്രമാണോ? വംശീയ ഏറ്റുമുട്ടലാണോ, വംശീയ ഉന്മൂലനമാണോ മണിപ്പൂരില്‍ നടക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ മാധ്യമങ്ങളും ശ്രമിക്കുന്നില്ല. നൂറ്റാണ്ടുകളായി ഈ ഭൂമികയില്‍ അധിവസിക്കുന്ന കുക്കികള്‍ക്കെതിരേ മെയ്‌തേയ്കളും, അവര്‍ക്ക് സ്വാധീനമുള്ള ഭരണകൂടവും ഒരു കുടിയൊഴിപ്പിക്കല്‍ പ്രക്രിയയ്ക്ക് പുറപ്പെട്ടിരിക്കുകയാണോ എന്നും അന്വേഷിക്കണം. സംഘപരിവാര്‍-ഹിന്ദുത്വ സംഘങ്ങള്‍ തീവ്രവാദികളായും ലഹരിക്കച്ചവടക്കാരായും കുടിയേറ്റക്കാരുമൊക്കെയായി ചിത്രീകരിക്കുന്ന കുക്കികള്‍, ആ സംസ്ഥാനത്ത് കടുത്ത ന്യൂനപക്ഷ പീഢനത്തിന് ഇരകളാകുന്നുണ്ട്. അവര്‍ക്കുള്ള പരാതികള്‍ ഭരണകൂടം അവഗണിച്ചുകൊണ്ടേയിരിക്കുന്നു. മയക്കുമരുന്നും ആയുധങ്ങളും കുക്കികള്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന വ്യാജ വാദം മാധ്യമങ്ങളും അറിഞ്ഞും അറിയാതെയും പ്രചരിപ്പിക്കുന്നുണ്ട്.
ജനസംഖ്യയുടെ 53 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായമായ മെയ്‌തേയ്കളെ ഷെഡ്യൂള്‍ ട്രൈബില്‍ ഉള്‍പ്പെടുത്താന്‍ ഏപ്രില്‍ 19 ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് കലാപം തുടങ്ങിയതെന്നും ഇതിനു പിന്നില്‍ കുക്കികളാണെന്നുമാണ് സംഘപരിവാര്‍ വാദം. മാധ്യമങ്ങളും പ്രധാന കാരണമായി പറയുന്നത് ഇതാണ്. മെയ്‌തേയ്കളെ എസ് ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള കോടതി ഉത്തരവൊക്കെ വരുന്നതിനും മുന്നേ ഭരണകൂട നേതൃത്വത്തില്‍ കുക്കികളെ കുടിയൊഴിപ്പക്കല്‍ തുടങ്ങിയിരുന്നു.
വന സംരക്ഷണമെന്ന പേരില്‍ ബിരേന്‍ സിംഗിന്റെ ബിജെപി സര്‍ക്കാര്‍ ഫെബ്രുവരി മാസത്തില്‍ നിര്‍ബന്ധിത കുടിയിറക്കല്‍ തുടങ്ങിയിരുന്നു. ചുരാചന്ദ്പൂരിലെ ഒരു ചെറു ഗ്രാമമായ കെ.സോങ്ജാംഗിലെ 16 കുക്കി കുടുംബങ്ങളെ ബലം പ്രയോഗിച്ചൊഴിച്ചിപ്പിച്ചു. സംരക്ഷിത വനഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത് 1927 ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടിന്റെയും 2006 ലെ ഫോറസ്റ്റ് റൈറ്റിന്റെയും ലംഘനമാണെന്ന് കുക്കികള്‍ പറഞ്ഞു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെതിരേ അവര്‍ സ്വാഭാവിക പ്രതിരോധം നടത്തി. മാര്‍ച്ച് 10 ന് ഇന്‍ഡിജെനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുക്കികള്‍ റാലി സംഘടിപ്പിച്ചു. ചുരാചന്ദ്പൂര്‍, തെങ്‌നൗപല്‍, കാങ്‌പോക്പി, ഉഖ്രുല്‍, ജിരിബാം ഉള്‍പ്പെടെയുള്ള മലോയര ജില്ലകളിലാണ് റാലികള്‍ സംഘടിപ്പിച്ചത്. ഇതൊരു സംസ്ഥാന വ്യാപകമായ സമാധാന പ്രതിരോധമായിരുന്നു. സംഘപരിവാര്‍ പറയുന്നതുപോലെ റാലി നടത്തിയവര്‍ ഒരക്രമവും നടത്തിയില്ല. അതേസമയം കാങ്‌പോക്പിയില്‍ പൊലീസ് പ്രതിഷേധക്കാരെ കായികമായി നേരിട്ടത് കുഴപ്പങ്ങള്‍ക്ക് കാരണമായി. 20 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഈ സാഹചര്യം വഷളാകാതെ നോക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകുമായിരുന്നു. സര്‍ക്കാരിന് നിഷ്പക്ഷതയുണ്ടായിരുന്നുവെങ്കില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു. ബിരേന്‍ സിംഗ് സര്‍ക്കാര്‍ ചെയ്തത് മലയോര മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് 10ന്, കുക്കി സായുധ സംഘടനകളായ കുക്കി നാഷണല്‍ ആര്‍മി, സോമി റെവല്യൂഷണറി ആര്‍മി എന്നിവരുമായുണ്ടാക്കിയ എസ് ഒ ഒ പിന്‍വലിക്കുകയും ചെയ്തു. ഊതിക്കെടുത്താമായിരുന്നിടത്തു നിന്നും ആളിക്കത്തലിലേക്ക് പ്രശ്‌നങ്ങള്‍ മാറ്റി. കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളും സായുധ സംഘങ്ങളും തമ്മിലുണ്ടാക്കിയ ത്രികക്ഷി സമാധാന കരാര്‍ ആയ സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ പിന്‍വലിച്ചതിലൂടെ ബിരേന്‍ സിംഗ് സര്‍ക്കാര്‍ മൊത്തം കുക്കികളെയും സായുധ സംഘാംഗങ്ങളായി ചിത്രീകരിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നു. കുക്കി സമുദായത്തിന്റെ പ്രതിഷേധങ്ങളെല്ലാം തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണെന്ന പ്രചാരണവുമുണ്ടായി. മുഖ്യമന്ത്രി തന്നെ അത്തരം ആരോപണങ്ങള്‍ കുക്കികള്‍ക്കുമേല്‍ ചാര്‍ത്തി. സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മ്യാന്‍മാറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും കറുപ്പ് കൃഷി നടത്തുന്നവരും മയക്കുമരുന്ന് കച്ചവടക്കാരും ആണെന്നായിരുന്നു ബിരേന്‍ സിംഗ് ഒരു ചാനലില്‍ പറഞ്ഞത്. കുക്കി നാഷണല്‍ ആര്‍മി, സോമി റെവല്യൂഷണറി ആര്‍മി സംഘടനകളെ മുഖ്യമന്ത്രി കുക്കി പ്രതിഷേധങ്ങളുമായി ബന്ധപ്പെടുത്തി. സോമി റെവല്യൂഷണറി ആര്‍മിയെ നയിക്കുന്നത് മ്യാന്‍മാറിലെ ഒരു മുന്‍ പാര്‍ലമെന്റ് അംഗവും, കുക്കി നാഷണല്‍ ആര്‍മിയുടെ നേതാവ് നാഗാലാന്‍ഡില്‍ നിന്നുള്ള ഒരു കുക്കി വംശജനുമാണെന്ന് ബിരേന്‍ സിംഗ് ആരോപിച്ചു. എന്നാല്‍ തങ്ങളുടെ പ്രതിഷേധം മറ്റാരുടെയെങ്കിലും സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്നതല്ലെന്നായിരുന്നു റാലികള്‍ക്ക് നേതൃത്വം കൊടുത്ത നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. റാലികളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സായുധ സംഘങ്ങള്‍ തന്നെ പറഞ്ഞിട്ടും, വ്യാജ പ്രചാരണങ്ങള്‍ ശക്തമായി തുടര്‍ന്നു.
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ കുക്കികളുടെ അവലാതികള്‍ അവഗണിക്കപ്പെട്ടു. ആ മനുഷ്യരുടെ ഏത് പരാതിയെയും സര്‍ക്കാര്‍ നേരിട്ടത്, കറുപ്പ് കൃഷി, മയക്കുമരുന്ന് കച്ചവടം, സായുധ സംഘങ്ങള്‍ എന്നീ ആരോപണങ്ങളുമായാണ്. ബിരേന്‍ സിംഗ് സര്‍ക്കാരിന് രണ്ടാമൂഴം കിട്ടിയതോടെ വംശീയ രാഷ്ട്രീയ തന്ത്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ തുടങ്ങി. ഒന്നാം ബിരേന്‍ സിംഗ് കളിച്ച വംശീയ രാഷ്ട്രീയമാണ് വീണ്ടും അധികാരത്തിലെത്താന്‍ അവരെ സഹായിച്ചത്. ബിരേന്‍ സിംഗിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് മ്യാന്‍മാര്‍ ഭരണകൂട ഭീകരതയില്‍ നിന്നും രക്ഷതേടി ചിന്‍-കുക്കി വംശജരായ മനുഷ്യര്‍ മണിപ്പൂരിന്റെ മണ്ണിലേക്ക് പലായനം നടത്തിയിരുന്നു. ഒരു വശത്തു കൂടി അവരെ സ്വാഗതം ചെയ്ത ബിജെപി സര്‍ക്കാര്‍ മറുവശത്ത് മെയ്‌തേയ് വംശീയബോധം ആളിക്കത്തിച്ചു. അഭയം തേടിയെത്തിയവരെ അനധികൃത കുടിയേറ്റക്കാരാക്കിയും അവര്‍ നാടിന്റെ അധികാരം പിടിച്ചെടുക്കുമെന്ന പ്രചാരണം നടത്തിയും ഭൂരിപക്ഷമായ മെയ്‌തേയ്കളെ തങ്ങള്‍ക്ക് അനുകൂലമാക്കി. മ്യാന്‍മാറില്‍ നിന്നുള്ള അനധികൃത കുക്കി കുടിയേറ്റക്കാര്‍ തങ്ങളെ കീഴടക്കുമോയെന്ന ഭയം മെയ്‌തേയ്കളില്‍ നിറയ്ക്കുകയായിരുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ആ തന്ത്രം തുണയ്ക്കുകയും ചെയ്തു.
ബിജെപി മുഖ്യമന്ത്രി നിരന്തരമെന്നോണം അന്യനാട്ടുകാരാക്കി കൊണ്ടിരുന്നു. ഓര്‍ഗനൈസറില്‍ നല്‍കിയ അഭിമുഖത്തില്‍ സംസ്ഥാനത്തെ തദ്ദേശീയരായ ഗോത്ര ജനതയുടെ മേല്‍ വിദേശ കുക്കികള്‍ എല്ലാവിധ മേധാവിത്വവും നേടുന്നതായി സിംഗ് ആരോപിച്ചു. മണിപ്പൂരില്‍ ഒരുവിധത്തിലുള്ള നുഴഞ്ഞു കയറ്റവും നടക്കുന്നില്ലെന്ന് ഒരിക്കല്‍ പറഞ്ഞതും ഇതേ മുഖ്യമന്ത്രിയാണ്. ജൂലൈ മാസം ആദ്യം സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചവരെ കുക്കികള്‍, മ്യാന്‍മാറില്‍ നിന്നുള്ളവര്‍ എന്നു വിളിച്ചായിരുന്നു ബിരേന്‍ സിംഗ് നേരിട്ടത്. ഉടന്‍ തന്നെ ആ ട്വീറ്റ് അദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മെയ്‌തേയ്കളെ കൂടെ നിര്‍ത്താനാണ് ബിരേന്‍ സിംഗ് ശ്രമിച്ചത്. കുക്കികളെ ലക്ഷ്യമിട്ട്, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കാന്‍ ദേശീയ പരൗത്വ രജിസ്റ്റര്‍ മണിപ്പൂരില്‍ നടപ്പാക്കാമെന്ന വാഗ്ദാനം മെയ്‌തേയ്കള്‍ക്ക് നല്‍കുകയുണ്ടായി. കുക്കി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തുകയുണ്ടായി. മ്യാന്‍മാറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്നാണ് കാരണം പറഞ്ഞത്. ഓരോ വ്യക്തികളെയും സംബന്ധിച്ച ബയോമെട്രിക് വിവരങ്ങളാണ് ശേഖരിച്ചത്. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് കുക്കികള്‍ വിമര്‍ശിച്ച ആ പരിശോധന ഏതെങ്കിലുമൊരു നിയപരമായ ഉത്തരവിന്റെ പുറത്തായിരുന്നുമില്ല. വീടുവീടാന്തരം കയറിയിറങ്ങിയുള്ള വിവരശേഖരണവും കുക്കി മേഖലകളില്‍ അനധികൃത കുടിയേറ്റം തടയാന്‍ പൊലീസ് പോസ്റ്റുകള്‍ സ്ഥാപിച്ചുമൊക്കെ മൊത്തം കുക്കികളെയും സംശയത്തിന്റെ നിഴലിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒരേ സമയം മെയ്‌തെയ്കള്‍ക്കിടയില്‍ ഭയവും കുക്കികള്‍ക്കിടയില്‍ അനിശ്ചിതത്വവും നിറയ്ക്കുന്ന വംശീയ രാഷ്ട്രീയക്കളിയാണ് ബിജെപി നടത്തിക്കൊണ്ടുപോന്നത്. മെയ്‌തേയ്കള്‍ക്കിടയില്‍ ‘ വിദേശത്ത് നിന്നുള്ളവര്‍’ അവരെ കീഴടക്കുമെന്ന ഭയമാണ് നിറച്ചതെങ്കില്‍, സ്വന്തം നാട്ടില്‍ അന്യരാക്കപ്പെടുമോയെന്ന അനിശ്ചിതത്വമാണ് കുക്കികള്‍ക്കുണ്ടാക്കിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ സംസ്ഥാനത്തിന്റെ പ്രധാന പോളിസികള്‍ രൂപീകരിക്കുന്നതില്‍ നിന്നും കുക്കികളെ പൂര്‍ണമായി ഒഴിവാക്കുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങളില്‍ പോലും ചര്‍ച്ച നടത്താന്‍ തയ്യാറാകുന്നില്ല. തങ്ങള്‍ അധികാരഭൃഷ്ടരാകുന്നു എന്ന തോന്നലാണ് കുക്കികള്‍ക്ക്. വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍, നിലവിലുള്ള നിയമങ്ങളും ഭരണഘടനപരമായ അവകാശങ്ങളും പരിഗണിക്കണമെന്ന ആവശ്യത്തോട് പോലും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുന്നില്ല. കുക്കി പൗരന്മാരില്‍ അന്യതാബോധം കൂട്ടുകയാണ്.
മണിപ്പൂരിലെ 90 ശതമാനം ഭൂമിയും കുക്കികളുടെ കൈവശമാണെന്നും, അവര്‍ക്ക് എവിടെയും ഭൂമി വാങ്ങാന്‍ കഴിയുമെങ്കില്‍, ഭൂരിപക്ഷ ജനതയും യഥാര്‍ത്ഥ മണിപ്പൂരികളുമായ മെയ്‌തേയ്കള്‍ക്ക് കുക്കി മേഖലകളില്‍ ഭൂമി വാങ്ങാന്‍ അനുവാദമില്ലെന്നതും കേരളത്തിലടക്കം പരക്കുന്ന സംഘപരിവാര്‍ പ്രചാരണമാണ്. ഈ വ്യത്യാസം ഇല്ലാതാകുമെന്നു ഭയന്നാണ് മെയ്‌തേയ്കളെ എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സംസ്ഥാനത്ത് കുക്കികള്‍ കലാപം നടത്തുന്നതെന്നാണ് സംഘപരിവാര്‍ ഇന്ത്യയെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. കുക്കികളെ അവര്‍ മണിപ്പൂരുകാരായി അംഗീകരിക്കുന്നതുമില്ല.
മെയ്‌തേയ് ഹിന്ദുക്കളാണ് മണിപ്പൂരിന്റെ യഥാര്‍ത്ഥ ഉടമകളെന്ന സംഘപരിവാര്‍ വാദം ശരിയല്ല. 35 ലക്ഷത്തോളം ജനസംഖ്യയുള്ള മണിപ്പൂരില്‍ വിവിധ വംശീയ സമൂഹങ്ങളുണ്ട്. മെയ്‌തേയ്, കുക്കി, നാഗ എന്നിവരാണ് പ്രധാനികള്‍. മറ്റ് ചെറിയ സമൂഹങ്ങള്‍ വേറെയുമുണ്ട്. കുക്കികള്‍ക്കും നാഗകള്‍ക്കുമിടയില്‍ തന്നെ വിവിധ വിഭാഗങ്ങളുണ്ട്. ഭൂരിപക്ഷ ഗോത്ര വിഭാഗങ്ങളും നാഗ സമൂഹത്തില്‍പ്പെട്ടതാണ്. മറ്റ് സംഘങ്ങള്‍ കുക്കിയിലും ഉള്‍പ്പെടുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്, അധികം പേരും പ്രൊട്ടസ്റ്റന്റുകള്‍, കുറച്ച് കത്തോലിക്കരും.
18 ആം നൂറ്റാണ്ടില്‍ മണിപ്പൂര്‍ രാജവംശത്തിലെ രാജാവ് ഹിന്ദുമതം സ്വീകരിച്ചതോടെ രാജ്യവും ഹിന്ദുരാജ്യമായി. അങ്ങനെ ജനങ്ങളും ഹിന്ദുക്കളായി. 1729 ഓടെയാണ് ഹിന്ദുമതം സ്വീകരിക്കപ്പെട്ടത്. എന്നാല്‍ അതിനും മുന്നേ ആ പ്രദേശത്തിനൊരു മതം ഉണ്ടായിരുന്നു; സനാമഹിസം, പ്രകൃതിയെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് ഫാന്‍ജൗബം ചൂണ്ടിക്കാണിക്കുന്ന ഇത്തരം വസ്തുതകള്‍ മറച്ചാണ് മെയ്‌തേയ് ഹിന്ദുക്കളാണ് ആദിമ മണിപ്പൂരികള്‍ എന്ന പ്രചാരണം സംഘപരിവാര്‍ നടത്തുന്നത്. മറ്റ് മതങ്ങളൊന്നും തന്നെ ഇവിടെയില്ലായിരുന്നുവെന്നും ബാക്കിയുള്ളവരെല്ലാം കുടിയേറ്റക്കാരാണെന്നുമുള്ള മെയ്‌തേയ് ഹിന്ദുക്കളുടെയും സംഘപരിവാറിന്റെയും അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് ഫാന്‍ജൗബമിനെ പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ തങ്ങള്‍ക്ക് അനഭിമതരായവരെ പാര്‍ശ്വവത്കരിക്കുകയും അവരെ അന്യരാക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്. കുക്കികളെ കൈയേറ്റക്കാരും പുറത്തു നിന്നുള്ളവരുമാക്കുന്നത് അങ്ങനെയാണ്. ഗോത്ര ജീവിതങ്ങള്‍ നിറഞ്ഞ മലനിരകളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനുവേണ്ടി നടക്കുന്ന കലാപമാണ് മൊത്തം ഇന്ത്യയെ പൊള്ളിക്കുന്നത്.