UPDATES

നഗോര്‍ണോ-കറബാക്കിലെ വംശീയ പോരാട്ടം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

ദക്ഷിണ കോക്കസസിലെ അര്‍മേനിയ-അസര്‍ബൈജാന്‍ ഏറ്റുമുട്ടലും ഇന്ത്യയുടെ ആശങ്കയും

                       

ഏകദേശം 150,000 അര്‍മേനിയക്കാര്‍ തിങ്ങി പാര്‍ക്കുന്ന സ്വതന്ത്ര പ്രവിശ്യയിലേക്ക് അസര്‍ബൈജാന്‍ സൈനികര്‍ ഇരച്ചു കയറുകയായിരുന്നു. കാലങ്ങളായി അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. നഗോര്‍ണോ-കറബാക്( Nagorno-karabakh) പ്രവിശ്യയിലെ സ്ഥിര താമസക്കാരായ 100,000-ത്തിലധികം പേര്‍ സൈന്യത്തെ ഭയന്ന് അവരുടെ വീടുകളുപേക്ഷിച്ചു തെരുവികളിലേക്ക് അഭയം തേടിയിറങ്ങി. അര്‍മേനിയന്‍ ജനതയുടെ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ അസര്‍ബൈജാന്‍ നടത്തിവരുന്നത് സമാനതകളില്ലത്ത ക്രൂരതയാണ്.

എന്താണ് നഗോര്‍ണോ-കറബാക്കില്‍ സംഭവിക്കുന്നത്?
ആധുനിക അര്‍മേനിയ, ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭൂപ്രദേശങ്ങളാണു കൊക്കേഷ്യന്‍ സംസ്ഥാനങ്ങള്‍. ഇതില്‍ കിഴക്കന്‍ യൂറോപ്പിന്റെയും പശ്ചിമേഷ്യയുടെയും അതിര്‍ത്തി പ്രദേശമായ തെക്കന്‍ കോക്കസില്‍ മലനിരകളാലും വനപ്രദേശങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രവിശ്യയാണ് നഗോര്‍ണോ-കറാബാക്ക്. അര്‍മേനിയന്‍ വംശജരും അസര്‍ബൈജാന്‍ വംശജരും അധിവസിക്കുന്ന ഈ പ്രവിശ്യയില്‍ സെപ്തംബര്‍ 19-ന് അസര്‍ബൈജാന്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ നഗോര്‍ണോ-കറബാക്കിനു മേല്‍ വിജയം പ്രഖ്യാപിച്ചു. ഇതോടെയാണ് ലോകത്തിലെ ശീത സംഘര്‍ഷങ്ങളിലൊന്നെന്ന് അറിയപ്പെടുന്ന അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നഗോര്‍ണോ-കറബാക്കിന്റെ പേരിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്. 2024 ജനുവരി 1-ന് വംശീയ അര്‍മേനിയന്‍ എന്‍ക്ലേവ് പിരിച്ചുവിടുമെന്നും പ്രവിശ്യയിലെ അധികാരികള്‍ പ്രഖ്യപിച്ചിരുന്നു.

ഭൂമിശാസ്ത്രപരമായി ഇന്ത്യയുമായി ഏറെ അകലത്തിലാണ് ദക്ഷിണ കോക്കസസ് സ്ഥിതി ചെയ്യുന്നതെങ്കിലും, ഇവിടെയുണ്ടകുന്ന സമീപകാല സംഭവവികാസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മേഖലയുമായുള്ള ബന്ധത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്.

പതിറ്റാണ്ടുകളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷം
അസര്‍ബൈജാന്റെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു പര്‍വതപ്രദേശമാണ് നഗോര്‍ണോ-കറബാക്. എന്നിരുന്നാലും മൊത്തം ജനസംഖ്യയില്‍ 1.2 ലക്ഷത്തോളം അര്‍മേനിയന്‍ വംശജരാണ്. അര്‍മേനിയയുമായി സാംസ്‌കാരികവും സാമൂഹികവും ചരിത്രപരവുമായ അടുത്ത ബന്ധവും ഈ പ്രദേശത്തിനുണ്ട്. അടിസ്ഥാനപരമായി നോക്കുമ്പോള്‍, അസര്‍ബൈജാനില്‍ ഉള്‍പ്പെടുന്ന ഒരു അര്‍മേനിയന്‍ വംശീയ മേഖലയാണ് നഗോര്‍ണോ-കറബാക്. അര്‍മേനിയക്കാര്‍ ക്രിസ്ത്യന്‍ വിശ്വാസികളാണ്, അസീറികള്‍ മുസ്ലിം വംശജരും. അഞ്ചു കിലോമീറ്റര്‍ ലാച്ചിന്‍ ഇടനാഴിയിലൂടെയാണ് ഈ കോണ്‍ക്ലേവ് അര്‍മേനിയയുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

മധ്യകാലഘട്ടം മുതല്‍ റഷ്യ, ഒട്ടോമന്‍ (ഇന്നത്തെ തുര്‍ക്കി), പേര്‍ഷ്യന്‍ (ഇറാന്‍) തുടങ്ങിയ പ്രാദേശിക സാമ്രാജത്വ ശക്തികള്‍ തമ്മിലുള്ള സ്വാധീന സംഘട്ടനങ്ങള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1921-ല്‍ സാറിസ്റ്റ് റഷ്യ സോവിയറ്റ് യൂണിയന് വഴിമാറിയപ്പോള്‍, നഗോര്‍ണോ-കറബാക് അസര്‍ബൈജാന്‍ എസ്എസ്ആര്‍ (സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്) ന്റെ ഭാഗമായിരുന്നു. 1923-ലാണ്, യുഎസ്എസ്ആര്‍ അസര്‍ബൈജാന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനുള്ളില്‍ 95 ശതമാനം വംശീയ അര്‍മേനിയന്‍ ജനസംഖ്യയുള്ള നഗോര്‍ണോ-കറബാക്ക് സ്വയംഭരണ പ്രദേശം സ്ഥാപിക്കുന്നത്.

നഗോര്‍ണോ-കറബാക്കിനെ ചൊല്ലിയുള്ള ആദ്യ വട്ട പിരിമുറുക്കങ്ങള്‍ ആരംഭിക്കുന്നത് 1988-ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ്. ഈ തകര്‍ച്ചയോടെ ഭൂമിശാസ്ത്രപരമായി അസര്‍ബൈജാനിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അര്‍മേനിയയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം അന്നത്തെ പ്രാദേശിക നിയമസഭ പാസാക്കി. 1991-ല്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ട് അര്‍മേനിയയും അസര്‍ബൈജാനും സ്വതന്ത്ര രാഷ്ട്രപദവി നേടിയപ്പോള്‍, നഗോര്‍ണോ-കറബാക് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഏകദേശം 30,000 പേര്‍ കൊല്ലപ്പെട്ടു. 1993 ആയപ്പോഴേക്കും അര്‍മേനിയ നഗോര്‍ണോ-കറബാക് പിടിച്ചടക്കി. കൂടാതെ, അസര്‍ബൈജാന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 20 ശതമാനവും കൈവശപ്പെടുത്തി.

1994-ല്‍ റഷ്യ ഇടനിലക്കാരായി ബിഷ്‌കെക് പ്രോട്ടോക്കോള്‍ എന്നറിയപ്പെടുന്ന വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും സന്നദ്ധതരായി. ഇതോടെ സ്വയം പ്രഖ്യാപിത സ്വതന്ത്ര ഗവണ്‍മെന്റുമായി മുന്നോട്ടുപോയ നഗോര്‍ണോ-കറബാക് അര്‍മേനിയയുമായുള്ള സാമ്പത്തിക, രാഷ്ട്രീയ, സൈനിക ബന്ധങ്ങളും തുടര്‍ന്നു പോന്നിരുന്നതായി കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ സംഘര്‍ഷത്തെക്കുറിച്ചുള്ള പശ്ചാത്തല കുറിപ്പില്‍ പറയുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ചൂണ്ടി കാണിക്കുന്നുണ്ട്.

2020 സെപ്റ്റംബറില്‍ അസര്‍ബൈജാനും അര്‍മേനിയയും വീണ്ടും യുദ്ധം തുടങ്ങി. ഈ യുദ്ധത്തില്‍, അസര്‍ബൈജാന്‍ നഗോര്‍ണോ-കറബാക്കിന് ചുറ്റുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. റഷ്യന്‍ അനലിസ്റ്റ് ദിമിത്രി ട്രെനിന്റെ വിലയിരുത്തലനുസരിച്ചു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തിരക്കില്‍ അമേരിക്ക മുഴുകിയതും അയല്‍രാജ്യമായ ജോര്‍ജിയയുമായി റഷ്യ പ്രതിസന്ധികളില്‍ ഏര്‍പ്പെട്ടതും അസര്‍ബൈജാന്റെ വിജയത്തിന് ആക്കം കൂട്ടിയിരുന്നു. റഷ്യ വീണ്ടും ഒരു സമാധന കരാറിനു തയ്യാറായി ലാച്ചിന്‍ ഇടനാഴിയില്‍ സമാധാന സേനയെ വിന്യസിച്ചെങ്കിലും വിജയത്തില്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന അസര്‍ബൈജാന്‍ സമാധാന കരാറില്‍ ഒപ്പുവെച്ചില്ല.

യുദ്ധത്തില്‍ അസര്‍ബൈജാന് ആയുധങ്ങളുടെയും ഉദ്യോഗസ്ഥരുടെയും രൂപത്തില്‍ തുര്‍ക്കിയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പിന്തുണ ലഭിച്ചതായാണ് പറയപ്പെടുന്നത്. പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ അസര്‍ബൈജാന്‍ സേനയെ സഹായിച്ചതായും, ഇവര്‍ക്കു പുറമെ സിറിയന്‍, ലിബിയന്‍, അഫ്ഗാന്‍ സൈനീക പോരാളികളും യുദ്ധത്തില്‍ അസര്‍ബൈജാന്‍ സേനയില്‍ പങ്കാളികളായതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഡിസംബര്‍ മാസത്തോടെ ലാച്ചിന്‍ ഇടനാഴിയില്‍ അസര്‍ബൈജാന്‍ ഉപരോധിച്ചതോടെ നഗോര്‍ണോ-കറബാക്കില്‍ ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒകാമ്പോ, നഗോര്‍ണോ-കറബാക്കില്‍ അസര്‍ബൈജാന്‍ വംശഹത്യ നടത്തുകയാണെന്ന് വിശ്വസിക്കാനുള്ള ‘ന്യായമായ അടിസ്ഥാനം’ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. പട്ടിണിയെ ‘അദൃശ്യ വംശഹത്യ ആയുധം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സഹായ വിതരണത്തിനായി ലാച്ചിന്‍ ഇടനാഴി വീണ്ടും തുറക്കാനുള്ള കരാറില്‍ അസര്‍ബൈജാന്റെ അനുകൂല മറുപടി പ്രതിസന്ധി ലഘൂകരിക്കുമെന്ന പ്രത്യാശ നല്‍കുന്നതായിരുന്നു. കരാറിന് ദിവസങ്ങള്‍ക്ക് ശേഷം, അതായത് സെപ്റ്റംബര്‍19 നാണ് അപ്രതീക്ഷീതമായി അസര്‍ബൈജാന്‍ നഗോര്‍ണോ-കറബാക്കില്‍ ഒരു ‘ഭീകരവിരുദ്ധ’ ആക്രമണം ആരംഭിക്കുകയും പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം വീണ്ടെടുത്തുവെന്ന അവകാശവാദവുമായി മുന്നോട്ടു വരുന്നതും.

അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് തന്റെ രാജ്യത്ത് നായകനായി വാഴ്ത്തപ്പെട്ടപ്പോള്‍, അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷ്‌നിയന്‍ കനത്ത പ്രതിഷേധമാണ് നേരിട്ടത്. നഗോര്‍ണോ-കറബാക്കില്‍ താമസിക്കുന്ന ഏകദേശം 1.2 ലക്ഷം അര്‍മേനിയക്കാരുടെ ഭാവി ആശങ്കയിലാണ്. പലരും പീഡനം ഭയന്ന് അര്‍മേനിയയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയുടെ നിലപാട്
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘട്ടനത്തില്‍, ഇന്ത്യ ഇതുവരെയും പക്ഷം ചേര്‍ന്നിട്ടില്ല. 2020 ല്‍, സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, സംഘര്‍ഷത്തിന്റെ ശാശ്വതമായ ഏത് പരിഹാരവും നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനപരമായി കൈവരിക്കാനാകൂ എന്ന് വിശ്വസിക്കുന്നതായി ഇന്ത്യ ഇരു രാജ്യങ്ങളെയും അറിയിച്ചു. ഇക്കാര്യത്തില്‍, അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനുള്ള ഒഎസ്‌സിഇ മിന്‍സ്‌ക് ഗ്രൂപ്പിന്റെ തുടര്‍ച്ചയായ ശ്രമങ്ങളോടുള്ള പിന്തുണയും അറിയിച്ചിരുന്നു.

അര്‍മേനിയയുമായും അസര്‍ബൈജാനുമായും ഇന്ത്യക്ക് നയതന്ത്ര ബന്ധമുണ്ട്. പ്രധാനമായും, തെക്കന്‍ കോക്കസസ് മേഖലയിലൂടെയുള്ള കണക്റ്റിവിറ്റി പദ്ധതികളുടെ കേന്ദ്രമാണ് ഈ പ്രദേശം.

അര്‍മേനിയയുമായുള്ള ഇന്ത്യയുടെ ബന്ധം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണ്. ബിസി 2000-ല്‍ അസീറിയന്‍ യോദ്ധാവ് റാണി സെമിറാമിസ് ഇന്ത്യ ആക്രമിച്ചപ്പോള്‍ ചില അര്‍മേനിയക്കാര്‍ അവരെ അനുഗമിച്ചതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. സാഹിത്യ കൃതികളില്‍ പറയുന്നതനുസരിച്ചു ബിസി 149-ല്‍ രണ്ട് രാജകുമാരന്മാരാല്‍ (കൃഷ്ണനും ഗണേഷും) അര്‍മേനിയയില്‍ ഇന്ത്യന്‍ വാസസ്ഥലങ്ങള്‍ സ്ഥാപിച്ചിരുന്നു. അര്‍മേനിയന്‍ ഭാഷയിലുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ആദ്യ ഗൈഡ്ബുക്ക് 12-ാം നൂറ്റാണ്ടിലാണ് എഴുതപ്പെടുന്നത്. മുഗള്‍ സാമ്രാജ്യകാലത്ത് ഏതാനും അര്‍മേനിയന്‍ വ്യാപാരികള്‍ ആഗ്രയില്‍ എത്തിയിരുന്നു. അര്‍മേനിയന്‍ വംശജയായ മറിയം സമാനി ബീഗം അക്ബര്‍ ചക്രവര്‍ത്തിയുടെ ഭാര്യയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ആധുനിക കാലത്ത്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, അര്‍മേനിയയുടെയും അസര്‍ബൈജാനിന്റെയും സ്വാതന്ത്ര്യം ഇന്ത്യ അംഗീകരിക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. 1999 ലാണ് ഇന്ത്യ അര്‍മേനിയയില്‍ എംബസി തുറക്കുന്നത്. ഉഭയകക്ഷി അടിസ്ഥാനത്തില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടിനെ അര്‍മേനിയ പരസ്യമായി അംഗീകരിക്കുകയും വിപുലീകരിച്ച യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

2022-ല്‍, അര്‍മേനിയന്‍ സായുധ സേനയ്ക്ക് പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍ (എംബിആര്‍എല്‍), ടാങ്ക് വിരുദ്ധ യുദ്ധോപകരണങ്ങള്‍, 250 മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ള വെടിമരുന്നുകള്‍, യുദ്ധസമാന സ്റ്റോറുകള്‍ എന്നിവ വിതരണം ചെയ്യാനുള്ള ഇന്ത്യ-അര്‍മേനിയ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇന്ത്യ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോറിലെ (INSTC) അംഗങ്ങളാണ് അര്‍മേനിയയും അസര്‍ബൈജാനും. ഇറാന്റെ ചബഹാര്‍ തുറമുഖം ഐഎന്‍എസ്ടിസിയില്‍ ഉള്‍പ്പെടുത്താനുള്ള അര്‍മേനിയയുടെ നിര്‍ദ്ദേശത്തെ ഇന്ത്യ പിന്തുണച്ചിരുന്നു.

അര്‍മേനിയയുടെയും അസര്‍ബൈജാന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം, മധ്യേഷ്യയിലൂടെയും ഇറാനിലൂടെയും റഷ്യയുമായും യൂറോപ്പുമായും ഇന്ത്യയെ ബന്ധിപ്പിക്കുന്നതിന് ഈ പ്രദേശം ഒരു പ്രായോഗിക ഇടനാഴി എന്ന നിലയില്‍ പ്രധാനമാണ്. അതുകൊണ്ടുതന്നെ യൂറോപ്പിലേക്കും റഷ്യയിലേക്കുമുള്ള കവാടമെന്ന നിലയില്‍ പാക്കിസ്ഥാനെ മറികടക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെ മേഖലയിലെ സംഘര്‍ഷങ്ങള്‍ നേരിട്ട് ബാധിക്കും.

Share on

മറ്റുവാര്‍ത്തകള്‍