UPDATES

ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ അനുവദിക്കില്ല

നിയമപരമായും ജനകീയമായും
ഡിവൈഎഫ്‌ഐ പോരാടും

                       

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര നീക്കത്തിനെ അപലപിച്ച് ഇന്ത്യക്ക് അകത്തു നിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. നിയമ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ. സിഎഎ നിയമത്തിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന പ്രതിഷേധങ്ങളെ കുറിച്ച് അഴിമുഖവുമായി സംസാരിക്കുകയാണ് സംസ്ഥാന സെക്രട്ടറി വികെ സനോജ്.

നിയമപോരാട്ടം

നിയമപരമായും, രാഷ്ട്രീയപരമായി ജനങ്ങളെ അണിനിരത്തിയുമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിരോധം നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയപരമായി നേരിടാനുള്ള അവസരം ഒരുങ്ങുന്നത്. രാജ്യത്തിന്റെ നിലവിലുള്ള ഭരണഘടനയും, അത് പിന്തുടരുന്ന മതനിരപേക്ഷ സങ്കൽപ്പത്തെയും അട്ടിമറിക്കുന്ന സമീപനത്തിനെതിരായി ജനങ്ങളുടെ എതിർപ്പ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്നതിനു ശേഷം ഈ അളവിൽ ഫെഡറൽ തത്വങ്ങൾ ലംഘിക്കപ്പെടുന്നതും, വെല്ലുവിളിക്കപ്പെടുന്നതും ഇതാദ്യമായാണ്. ജനങ്ങളെ അതിഭീകരമായി വർഗീയവിഭജനം നടത്തികൊണ്ടിരിക്കുകയാണ്. ആ അജണ്ട ഉൾകൊള്ളാൻ ജനങ്ങൾക്ക് പരിമിതിയുണ്ട്. ശക്തമായ ആശയ പ്രചാരണത്തിലൂടെ ബിജെപിയെ തുറന്നു കാണിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഭരണഘടനയുടെ 14 ,24 തുടങ്ങിയ അനുച്ഛേദങ്ങളെ ലംഘിക്കുന്ന സിഎഎ സ്റ്റേ ചെയ്യണമെന്നാവിശ്യപെട്ട് ഡിവൈഎഫ്ഐ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ജനകീയ പോരാട്ടം

സാങ്കേതികമായി നിയമം നടപ്പിലാക്കാനുള്ള അധികാരം ഭരണാധികാരികൾക്കുണ്ട്. അതെസമയം ആ നിയമം ജനങ്ങൾക്ക് കൂടി സ്വീകാര്യമായിരിക്കണം. ജനങ്ങളുടെ പ്രതിരോധത്തിന് മുന്നിൽ മുട്ടുകുത്തിയ അധികാരികളെയും, അവരുടെ അധികാരത്തെയും ഇതിനുമുൻപും കണ്ടിട്ടുണ്ട്. ഇന്ത്യ ഫെഡറൽ സംവിധാനങ്ങൾ പിന്തുടരുന്ന ഒരു രാജ്യമെന്നിരിക്കെ, ആ യൂണിയന് കീഴിലുള്ള സംസ്ഥാനങ്ങൾക്ക് അവരുടേതായ അവകാശങ്ങളും, സ്വാതന്ത്രവും ഉണ്ട്. എന്നാൽ പൂർണമായും യൂണിയൻ ഗവൺമെന്റിനെ വെല്ലുവിളിച്ചു മുന്നോട്ടുപോകാൻ സാധിക്കില്ല. ജനങ്ങളെ അണിനിരത്തി ശക്തമായ ചെറുത്ത് നിൽപ്പ് സംഘടിപ്പിക്കും. നിയമം നടപ്പിലാക്കാൻ ഞങ്ങൾ ഒരുക്കമല്ലെന്ന് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും അതിന്റെതായ വെല്ലുവിളികൾ നേരിടേണ്ടതായി വരും. എന്നാൽ ഈ പ്രത്യാഘാതങ്ങളെ നേരിടാനും ഒരുക്കമാണ്. സംസ്ഥാന സർക്കാരിന്റെ നിലപാടിനോട് ഡിവൈഎഫ്ഐ പൂർണപിന്തുണയാണ് നൽകുന്നത്.

പ്രതിപക്ഷം ആർഎസ്എസിനെ സഹായിക്കരുത്

സംസ്ഥാനത്തിനകത്ത് ഏതു സംഘടന പ്രതിഷേധം സംഘടിപ്പിച്ചാലും അതിനെതിരെ കേസ് ഉണ്ടാവും. ഈ ഭരണകാലയളവിലും അതിനു മുൻപും ഇത്തരത്തിൽ ഡിവൈഎഫ്ഐക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. രാജ്യത്ത്  നിലനിൽക്കുന്ന നിയമസംവിധാനത്തിന്റെ ഭാഗമാണിത്. സംസ്ഥാനത്തിന് താൽക്കാലികമായ അധികാരങ്ങൾ ഉണ്ടെങ്കിലും പോലീസ് സംവിധാനം പൂർണമായും സ്റ്റേറ്റിന്റെ കീഴിലാണെന്ന് പറയാൻ സാധിക്കില്ല. സാധാരണഗതിയിൽ നടക്കുന്ന ഈ പ്രക്രിയയെ രാഷ്ട്രീയ അവസരമായാണ് കണക്കിലെടുക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ നടന്നു വരുന്ന പ്രതിഷേധങ്ങളെയും,മത നിരപേക്ഷതയെന്ന ആശയങ്ങളെയും ശക്തിപ്പെടുത്തുന്നതിനു പകരം ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള യുദ്ധമായി ചിത്രീകരിക്കുകയാണ്. യഥാർത്ഥത്തിൽ ഈ ഇരട്ടത്താപ്പ് നരേന്ദ്ര മോദിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിലെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ധാരണയുടെ പുറത്താണ് സിഎഎ പ്രക്ഷോഭങ്ങൾക്കെതിരെ കേസ് എടുക്കുന്നതെന്നാണ്. എന്നാൽ സിഎഎക്കെതിരെ ഏറ്റവും ആദ്യം രംഗത്തുവന്നതും പ്രത്യേക നിയമം പാസ്സാക്കിയതും കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഈ സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കും, നിയമത്തിന്റെ നടത്തിപ്പുകാർക്കും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന രാഷ്ട്രീയ പാപ്പരത്തമാണ് തുറന്നു കാണിക്കേണ്ടത്. ഭരണകൂടത്തിന്റെ മർദ്ദനോപാധിയാണ് പോലീസ് ഉൾപ്പെടുന്ന സംവിധാനങ്ങൾ. ഭരണകൂടം കൈകാര്യം ചെയ്യുന്നത് ബിജെപി സർക്കാരാണ്. കൃത്യമായ രാഷ്ട്രീയ വിശകലനമില്ലാതെയാണ് മുഖ്യമന്ത്രി പ്രതിഷേധങ്ങൾക്കെതിരെ കേസ് എടുക്കുന്നുവെന്ന ആഖ്യാനം നൽകുന്നത്. ആർഎസ്എസിനെ സഹായിക്കുന്ന രാഷ്ട്രീയ നീക്കം കൂടിയാണിത്.

കോൺഗ്രസിന് നിലപാടുണ്ടോ ?

കേന്ദ്രത്തിന് സംസ്ഥാനം പിന്തുണ നൽകുന്നുവെന്ന് ആരോപിക്കുന്ന ആളുകൾ തന്നെയാണ് പാർലമെന്റിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ബില്ല് അവതരിപ്പിച്ചപ്പോൾ അതിനെ അനുകൂലിച്ചു വോട്ട് ചെയ്തത്. കോൺഗ്രസിന്റെ 16 എംപിമാർ അന്ന് നിയമത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ലീഗിന്റെ രണ്ടു എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അതൊരുതരം ഒളിച്ചോട്ടമായിരുന്നു. കേരളത്തിൽ നിന്ന് നിയമത്തെ എതിർത്തു വോട്ട് ചെയ്തത് എഎം ആരിഫ് എംപി മാത്രമാണ്. സിഎഎ മാത്രമല്ല മറ്റു പല വിഷയങ്ങളിലും കോൺഗ്രസിന്റെ സമീപനം ഇതുതന്നെയായിരുന്നു. മുത്തലാഖ് നിയമം നടപ്പിലാക്കണമെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താനെ പോലുള്ള നേതാക്കൾ അന്ന് പറഞ്ഞിരുന്നത്. നയങ്ങളെ എതിർക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി മുദ്ര കുത്താൻ കഴിയുന്ന എൻഐഎ നിയമത്തിന്റെ ഭേദഗതിയെയും കേരളത്തിലെ കോൺഗ്രസ് എംപിമാർ അനുകൂലിക്കുകയാണുണ്ടായത്. നിലവിൽ കോൺഗ്രസ്സ് നടത്തുന്ന സമരം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. അതല്ലായെങ്കിൽ ദേശീയ തലത്തിൽ പാർട്ടി എന്ത് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിയമം പ്രബല്യത്തിൽ വന്ന് രണ്ടു ദിവസം പിന്നിടുമ്പോൾ രാഹുൽ ഗാന്ധിയോ, ദേശീയ അദ്ധ്യക്ഷനോ, നേതാക്കളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ സിപിഎം, ഡിവൈഎഫ്ഐ സംഘടനകൾ അതിശക്തമായ പ്രതിഷേധവുമായാണ് രംഗത്തുള്ളത്. പ്രകടനം നടത്തുന്നവർ എന്തുകൊണ്ടാണ് അന്ന് അനുകൂലിച്ചു വോട്ട് ചെയ്തതിൽ ഖേദം പ്രകടിപ്പിക്കാതിരിക്കുന്നത്.  ആദ്യ തടങ്കൽ പാളയങ്ങൾ (ഡിറ്റെൻഷൻ സെൻററുകൾ) ആരംഭിച്ചത് കേരളത്തിലാണെന്ന വ്യജ പ്രചാരണം കെ സുരേന്ദ്രൻ അടക്കം പത്ര സമ്മേളനത്തിൽ നടത്തിയിരുന്നു. ഈ പ്രചാരണം പൊടിതട്ടി ഏറ്റെടുത്ത് വ്യാപകമാക്കിയത് യൂത്ത് കോൺഗ്രസും, അവരുടെ സൈബർ ടീമുമാണ്. കോൺഗ്രസിനും ബിജെപിക്കും ഒരേ വാട്ട്സാപ്പ് ഗ്രൂപ്പ് ആയതുകൊണ്ടാണോ ? യഥാർത്ഥത്തിൽ ട്രാൻസിറ്റ് ഹോമുകൾ തടങ്കൽ പാളയങ്ങളല്ല. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാരെ പാസ്പോർട്ട് /വിസ കാലാവധിക്കു ശേഷവും രാജ്യത്ത് തുടരുന്നവരെയും, ശിക്ഷാകാലാവധി കഴിഞ്ഞോ പരോളിലോ ജയിൽമോചിതരാകുന്നവർ, മറ്റുവിധത്തിൽ സംരക്ഷണം വേണ്ടവർ എന്നിങ്ങനെയുള്ള വിദേശപൗരന്മാരെയും താൽക്കാലികമായി താമസിപ്പിക്കാനുള്ള സൗകര്യത്തിന് സംസ്ഥാനത്ത് ട്രാൻസിറ്റ് ഹോമുകൾ ആരംഭിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവുകളിൽ പറഞ്ഞിരുന്നു. ഈ യാഥാർഥ്യം നിലനിൽക്കെയാണ് ബിജെപിയുടെ പ്രചാരണം കോൺഗ്രസ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം നുണ പ്രചാരണം പൊളിഞ്ഞു വീണിരുന്നു.

ഇന്ത്യയെ മതരാഷ്ട്രമാക്കനുള്ള കരുനീക്കം

രാജ്യത്തിന്റെ ഭാവിയെ തന്നെ തുലാസിലാക്കുന്ന അതിനെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണിയാണ് ഈ നിയമം. ആർഎസ്എസ് രൂപീകൃതമായി 100 വർഷം പിന്നിടാൻ ഒരുങ്ങുകയാണ്. ഈ 100 വർഷം തികയുന്ന സാഹചര്യത്തിൽ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുമെന്നത് പ്രഖ്യാപിത അജണ്ട കൂടിയാണ്. ആർട്ടിക്കിൾ 377 എടുത്തുകളഞ്ഞത് മുതൽ, എൻഐഎ ഭേദഗതി, ലേബർ കോഡിലെ പരിഷ്കരണം തുടങ്ങി പല രീതിയിൽ നിയമ നിർമാണം നടത്തി മതരാഷ്ട്രമാക്കികൊണ്ടിരിക്കുകയാണ്. പ്രബീർ പുർകയസ്ഥ,സഞ്ജയ് ഭട്ട് തുടങ്ങി പ്രതിഷേധിക്കുന്നവർ ജയിലിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയാണ് ഈ നിയമം. മുസ്ലിം വിഭാഗത്തിൽ പെടുന്നവർക്ക് പൗരത്വം നൽകില്ലെന്നത് നിയമം വ്യക്തമാക്കുന്നുണ്ട്. കേന്ദ്രം അവകാശപ്പെടുന്നത് പോലെ ഇത് ഒരു നിഷ്കളങ്കമായ നിയമമല്ല.

ഇന്ത്യയിൽ ഒരുകാലത്തും മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകിയിരുന്നില്ല. എന്നാൽ നിലവിൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഹിന്ദു, ക്രിസ്ത്യൻ, സിക്ക്, ജൈന, ബുദ്ധ പാഴ്‌സി മതങ്ങൾക്ക് മാത്രമാണ് പൗരത്വം അനുവദിക്കുക. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് മുസ്ലിം വിഭാഗത്തെ തഴയുന്നതെന്ന ഗൗരവമായ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. ആളുകളെ വിഭജിക്കാനുള്ള കൃത്യമായ രാഷ്ട്രീയ ലക്ഷ്യമാണ് ഈ നിയമത്തിനു പിന്നിലുള്ളത്. ഇന്ത്യ എന്ന സെക്കുലർ സങ്കല്പം രൂപപ്പെടാൻ ഇടയായ എണ്ണമറ്റ പോരാട്ടങ്ങളുടെ തുടർച്ച ഉണ്ടാകും. അതിനേക്കാൾ ശക്തമായ പോരാട്ടമാണ് രാജ്യം ആവശ്യപ്പെടുന്നത്. അതിനുള്ള നേതൃത്വം കൂടിയാണ് ഡിവൈഎഫ്ഐ ഏറ്റെടുക്കുന്നത്. നിയമപരമായും, സമരമുഖങ്ങളിലുമായി അത് മുന്നോട്ടു കൊണ്ടുപോകും.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍