UPDATES

‘253 രൂപ കൊണ്ട് ഒരു വര്‍ഷം പഠിക്കാം ഇവിടെ, ഈ സര്‍വകലാശാല തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’

ജെ എന്‍ യുവില്‍ സംഘപരിവാറിന് ഇടമില്ല എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കിയിരിക്കുന്നത്‌

                       

നാല് വര്‍ഷത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പിലും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി മറി ചിന്തിച്ചില്ല. എബിവിപി-സംഘപരിവാര്‍ ശക്തികളുടെമേല്‍ കനത്ത പ്രഹരമേല്‍പ്പിച്ചാണ് ജെഎന്‍യുവില്‍ ഇടത് സഖ്യം വിജയം നേടിയത്. നാലില്‍ മൂന്ന് സീറ്റുകളിലും ഇടത് പാനലിലെ സ്ഥാനാര്‍ത്ഥികളാണ് വിജയം വരിച്ചത്. ജെ എന്‍ യുവില്‍ സംഘപരിവാറിന് ഇടമില്ല എന്ന സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ ഇലക്ഷനിലൂടെ ഒന്നടങ്കം വ്യക്തമാക്കിയിരിക്കുന്നതെന്നാണ് ജെ എന്‍ യു വിദ്യാര്‍ത്ഥിയും ഡെമോക്രാറ്റിക് സ്റ്റുഡന്റസ് ഫെഡറേഷന്‍ സെക്രട്ടറിയുമായ അനഘ പ്രദീപ് പറയുന്നത്. അഴിമുഖവുമായി അനഘ സംസാരിക്കുന്നു;

ഞാന്‍ ഈ ക്യാമ്പസിലെത്തുന്നത് 2018 ലാണ്. അന്നുതൊട്ട് എബിവിപി ജെ എന്‍ യുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. നാലര വര്‍ഷത്തിന് ശേഷമാണ് ജെഎന്‍യു വില്‍ ഇലക്ഷന്‍ നടക്കുന്നത്. അത് നടത്താന്‍ വേണ്ടി ഏകദേശം ഒന്നര വര്‍ഷത്തിന്റ അധ്വാനം വേണ്ടിവന്നു. ജെ എന്‍ യുവിലെ അഡ്മിനിസ്‌ട്രേഷന്‍ അവരെക്കൊണ്ട് എത്രത്തോളം ഇലക്ഷന് തടയിടാന്‍ സാധിക്കുമോഅത്രയധികം ശ്രമിച്ചിരുന്നു. ഓരോ തവണ ഇലക്ഷന്‍ വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുമ്പോഴും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മുടക്കാനാണ് അഡ്മിനിസ്‌ട്രേഷന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഈ ഇലക്ഷന്‍ ജെ എന്‍ യുവിലെ കുറച്ച് സംഘടനകള്‍ തമ്മിലുള്ളതായിരുന്നില്ല പകരം ജെ എന്‍ യു എന്ന യൂണിവേഴ്‌സിറ്റിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പല ശക്തികള്‍ക്കെതിരെയുള്ളതാണ്.

ഫെബ്രുവരിയില്‍ ജെ എന്‍ യു കാമ്പസ് ഒരു പാട് അക്രമസംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്നു. പ്രത്യേകിച്ച്, ജനറല്‍ ബോഡി മീറ്റിംഗിനിടയില്‍.ഈ അക്രമ സംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ തന്നെ എബിവിപിയുടെ സ്‌കൂള്‍ ലെവല്‍ കൗണ്‍സിലര്‍ പോസ്റ്റിലേക്ക് മത്സരിച്ചു എന്നതാണ് ഒരു വിരോധാഭാസം. ഇത്തരമൊരു സാഹചര്യത്തിലാണ് ജെ എന്‍ യുവില്‍ ഇലക്ഷന്‍ നടന്നത്. യഥാര്‍ത്ഥത്തില്‍ ജെ എന്‍ യുവിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മേലുള്ള വിജയമായിതിനെ കണക്കാക്കാന്‍ സാധിക്കും. ഞങ്ങള്‍ മത്സരിക്കുന്നത് ഇടത് സഖ്യത്തിന്റെ ഭാഗമായാണ്. ജനറല്‍ സെക്രട്ടറിയുടെ പോസ്റ്റില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ സ്ഥാര്‍ത്ഥിത്വം ഇലക്ഷന്‍ നടക്കുന്ന ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് എ ബി വി പി പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം റദ്ദാക്കിയിരുന്നു. ഇലക്ഷന് ഏഴ് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുന്നത്.

അതെ സമയം എബിവിപിയുടെ പല സ്ഥാനാര്‍ത്ഥികളുടെ പേരിലും എഫ് ഐ ആര്‍ ഇട്ടതടക്കമുള്ള കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ അക്രമ സംഭവങ്ങളിലും എബിവിപി പ്രവര്‍ത്തകര്‍ പങ്കുകാരാണെന്ന വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇലക്ഷനില്‍ മത്സരിക്കാന്‍ അനുവദിച്ചുവെന്നതാണ് വിരോധാഭാസം. ജെ എന്‍ യു വിലെ വിദ്യാര്‍ത്ഥി ഐക്യം ഒന്നുകൊണ്ട് മാത്രമാണ് എ ബി വി പി സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ വിജയം നേടാനായത്. അധികൃതരുടെ ഭാഗത്ത് നിന്നടക്കം യാതൊരു വിധത്തിലുള്ള പിന്തുണയും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. പരമാവധി കുട്ടികളെ ഒന്നിച്ച് അണി നിരത്തിക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നല്ലാതെ ഒരു വഴിയും ഞങ്ങളുടെ മുമ്പിലുണ്ടായിരുന്നില്ല. അതില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു.

ജെ എന്‍ യുവില്‍ 2019 വരെ തുടര്‍ച്ചയായി ഇലക്ഷന്‍ നടത്തികൊണ്ടിരുന്നതാണ്. പക്ഷെ കോവിഡിനു ശേഷം നടന്നിട്ടില്ല. ഈ അവസരത്തിലൊക്കെയും കാമ്പസില്‍ എബിവിപി അരാഷ്ട്രീയ വാദം പരത്താന്‍ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ ആരും രാഷ്ട്രീയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല, രാഷ്ട്രീയം എബിവിപിയിലുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്, എന്നൊക്കെയായിരുന്നു അവരുടെ വാദങ്ങള്‍. അവര്‍ക്ക് അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയുമുണ്ട്. കാമ്പസില്‍ വെള്ളം വരുന്നില്ലെങ്കിലോ, ഏതെങ്കിലും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതോ ജെ എന്‍ യു വിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, മറിച്ച് ഇന്ത്യ ഒന്നാകെ അലയടിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നുള്ള ബോധ്യം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.

ലോക്‌സഭ ഇലക്ഷന് തൊട്ട് മുമ്പാണ് ജെഎന്‍യുവില്‍ ഇലക്ഷന്‍ നടക്കുന്നത്. അതു തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയും. ഈ കലാലയം നല്‍കുന്ന സന്ദേശം അത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇതു മനസിലാക്കിയതുകൊണ്ടാണ് അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടക്കാതിരിക്കാന്‍ ശ്രമിച്ചത്. ലോക്‌സഭ തെരെഞ്ഞെടുപ്പിനു മുന്‍പ് എബിവിപി ജെഎന്‍യുവില്‍ തോല്‍ക്കുകയാണെകില്‍ അതുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

സംഘപരിവാര്‍ ഒഴികെ രാജ്യത്തുള്ള മറ്റ് എല്ലാ രാഷ്ട്രീയ ശക്തികളും ഒന്നിച്ച് നിന്ന് പോരാടേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. ഇതേ സന്ദേശം തന്നെയാണ് ഞങ്ങള്‍ക്ക് ജെ എന്‍ യുവില്‍ നിന്ന് ലോകത്തിന് നല്‍കാനുള്ളത്. എബിവിപി സംഘപരിവാര്‍ ഒഴികെയുള്ള ജെ എന്‍യുവിലെ മറ്റെല്ലാ സംഘടനകളും ഒന്നുചേര്‍ന്ന് ഇവരെ തോല്‍പ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ജനാധിപത്യത്തിന് വേണ്ടി പോരാടുക എന്നല്ലാതെ നമ്മുടെ മുമ്പില്‍ മറ്റ് വഴികള്‍ ഒന്നും തന്നെയില്ല. 253 രൂപ കൊണ്ട് ഒരു വര്‍ഷം പഠിക്കാന്‍ സാധിക്കുന്ന യൂണിവേഴ്‌സിറ്റിയാണ് ജെ എന്‍ യു. ഈ മാതൃകയെ തന്നെ തകര്‍ക്കാന്‍ പോന്നതാണ് എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിന്ന ചരിത്രമേ ജെ എന്‍യുവിനുള്ളു. അതിനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍