UPDATES

സയന്‍സ്/ടെക്നോളജി

ഒരു വര്‍ഷം മുമ്പ് 17,545 കോടി ഇന്ന് പൂജ്യം; അവിശ്വസനീയ തകര്‍ച്ചയില്‍ ബൈജൂസ്‌

ബൈജു രവീന്ദ്രൻ ഉൾപ്പടെ ആകെ നാലുപേർ മാത്രമാണ് ഇത്തവണ ഫോർബ്‌സ് ലിസ്റ്റിൽ നിന്ന് പുറത്തായത്

                       

ലോകമെമ്പാടും അമ്പരപ്പോടെ നോക്കി കണ്ട വളർച്ചയായിരുന്നു ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രന്റേത്. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ട് അപ്പ് ആയിരുന്നു ബൈജൂസ്. വൻ സാമ്പത്തിക ബാധ്യതയിൽ മുങ്ങി നിൽക്കുകയാണ് എജ്യുടെക് ഭീമൻ. 2023 വരെ ബൈജു രവീന്ദ്രൻ്റെ ആസ്തി 17,545 കോടി (2.1 ബില്യൺ ഡോളർ) ആയിരുന്നു, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി. എന്നാൽ ഫോർബ്‌സിന്റെ 2024 ലെ സൂചിക അനുസരിച്ച് ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പ് കുത്തി. ചരിത്രത്തിൽ ആദ്യമായി 200 ഇന്ത്യക്കാരെ ഉൾപ്പെടുത്തി എന്ന പ്രത്യേകതയോടെയാണ് ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടിക പുറത്തുവന്നത്.

ഒരു കാലത്ത് ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തിൻ്റെ പ്രതീകവും മുഖ മുദ്രയുമായിരുന്ന ബൈജൂസിന്റെ പ്രതാപം എല്ലാം കെട്ടടങ്ങിയ കാഴ്ചയാണ് കണക്കുകൾ കാണിക്കുന്നത്.

എഡ്‌ടെക് രംഗത്തെ താരമായിരുന്ന ബൈജു രവീന്ദ്രൻ ഉൾപ്പടെ ആകെ നാല് പേർ മാത്രമാണ് ഇത്തവണത്തെ ഫോർബ്‌സ് ലിസ്റ്റിൽ നിന്ന് പുറത്തായത്. എന്ന് പട്ടികയിൽ നിന്ന് ബൈജുവിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി ഫോർബ്സ് പറയുന്നു. 2022-ൽ ബൈജൂസിനുണ്ടായിരുന്ന 22 ബില്യൺ ഡോളർ (18,35,94,29,00,000 ) മൂല്യമാണ് ബ്ലാക് റോക്ക് ഒരു ബില്യണാക്കി കുറച്ചത്. അതായത് 95.45% ശതമാനമാണ് കമ്പനി മൂല്യം ഇടിഞ്ഞത്.

12 വർഷം മുൻപ്, 2011-ലാണ് മലയാളിയായ ബൈജു രവീന്ദ്രൻ ബംഗളൂരുവിൽ ബൈജൂസ് സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. 2012ൽ ‘വിദ്യാർഥ’ എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ്  വിപുലീകരണം ആരംഭിക്കുന്നത്. 2022 ആയപ്പോഴേക്കും ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി ഉയർന്നിരുന്നു. 2022 വരെയുള്ള കാലയളവിനുള്ളിൽ 20 ഓളം ഏറ്റെടുക്കലുകളാണ് ബൈജൂസ് നടത്തിയത്. ഇവയെല്ലാം തന്നെ കോടികളുടെ ആസ്തികൾ വിലമതിക്കുന്ന ഇടപാടുകളുമായിരുന്നു.

2017ൽ 100 കോടി ഡോളർ അഥവാ 8,200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്റ്റാർട്ടപ്പ് എന്ന യൂണീകോൺ പട്ടം സ്വന്തമാക്കിയ ബൈജൂസ് പിന്നീടങ്ങോട്ട് കുതിച്ചുചാട്ടമാണ് നടത്തിയത്. 2020 ജനുവരിയിൽ 800 കോടി കോടി ഡോളറായിരുന്ന (65,500 കോടി രൂപ) ബൈജൂസിന്റെ മൂല്യം. 2021 ഏപ്രിലിൽ 1,500 കോടി ഡോളറിലെത്തിയിരുന്നു (1.23 ലക്ഷം കോടി രൂപ). ഈ ആഴ്ച മാത്രം കമ്പനി പിരിച്ചുവിട്ടത് 500 പേരെയാണ്. 2023-ൽ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 3000-ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.

പ്രൈമറി സ്‌കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികൾക്ക് നൂതനമായ പഠന ആപ്പിലൂടെ ബൈജു രവീന്ദ്രൻ്റെ ബുദ്ധികേന്ദ്രം വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. എന്നിരുന്നാലും, സമീപകാല സാമ്പത്തിക വെളിപ്പെടുത്തലുകളും വർദ്ധിച്ചുവരുന്ന വിവാദങ്ങളും കമ്പനിയുടെ ഭാഗ്യത്തിന് കനത്ത പ്രഹരമേല്പിച്ചത്. കമ്പനിയുടെ സമ്പത്ത് ഇടിഞ്ഞതിന് ബൈജു രവീന്ദ്രൻ രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. പ്രോസസ് എൻ വി , പീക്ക് XV പാർട്‌ണേഴ്‌സ് എന്നിവരുൾപ്പെടെ കമ്പനിയുടെ ഓഹരിയുടമകൾ കഴിഞ്ഞ മാസം രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് പുറത്താക്കാൻ വോട്ട് ചെയ്തിരുന്നു. നിലവിൽ ബൈജുവിൻ്റെ വിദേശ നിക്ഷേപവും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ബൈജൂസിനെതിരെ ലുക്ക്ഔട്ട് സർക്കുലർ ഇറക്കുകയും, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് പ്രകാരം 9,362 കോടി രൂപയുടെ ലംഘനങ്ങൾ ആരോപിച്ച് ബൈജുവിൻ്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന് ഇഡി ഷോ കോസ് നോട്ടീസ് അയച്ചിരുന്നു. എഡ്‌ടെക് കമ്പനിയായ ബൈജൂസും മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിനുമെതിരേ സാമ്പത്തിക ദുരുപയോഗം, ഓഫ്‌ഷോർ ഇടപാടുകൾ എന്നിവയിലും ഓഹരിനിക്ഷേപകർ നിയമനടപടി തുടരുന്നുണ്ട്. ഫ്ളോറിഡ ഹെഡ്ജ് ഫണ്ടിലേക്ക് നടത്തിയെന്നാരോപിക്കുന്ന 533 മില്യൺ ഡോളറിന്റെ (44,16,21,41,400.00 കോടി) തിരിമറിയാണ് ബൈജൂസ് നേരിടുന്ന ഏറ്റവും വലിയ നിയമപോരാട്ടം.

Share on

മറ്റുവാര്‍ത്തകള്‍