ചില വാർത്താ സന്ദർഭങ്ങളിൽ മാധ്യമങ്ങൾ പാലിക്കേണ്ട ധാർമ്മികതയെയും മൂല്യങ്ങളെയും കുറിച്ച് അന്താരാഷ്ട്ര തലത്തിൽ മാർഗനിർദ്ദേശങ്ങളുണ്ട്. ഒരു ദുരന്തമോ അപകടമോ സംഭവിക്കുമ്പോൾ ആളുകൾക്ക് ജീവാപായം ഉണ്ടായാൽ അധികാരികൾ ബന്ധുക്കളെ അറിയിച്ചതിനു ശേഷം മാത്രമെ പത്ര മാധ്യമങ്ങൾ അതിൽപ്പെട്ട ആളുകളുടെ പേര് പുറത്തു പറയൂ; പലപ്പോഴും ബന്ധുക്കളുടെ കൂടി അനുവാദത്തോടുകൂടി മാത്രം.
നമ്മുടേതിൽ പക്ഷെ ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ നിർഭാഗ്യവശാൽ പാലിക്കപ്പെടുന്നില്ല. ഈയിടെ കുസാറ്റിൽ നടന്ന അപകടത്തിൽ നാല് പേർ മരിച്ചപ്പോൾ ആ പേരുകൾ ഉടനടി ഇലക്ട്രോണിക് മാധ്യമങ്ങളിൽ വന്നത് പരക്കെ വിമര്ശിക്കപ്പെട്ടിട്ടുണ്ട്. വാർത്ത അറിയുന്നതിനും ഉൾക്കൊള്ളുന്നതിനും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കടക്കം സമയം കിട്ടേണ്ടതുണ്ട്; അതില്ലാതെ പെട്ടെന്ന് ബ്രെയ്ക്കിങ് ന്യൂസ് ആയി ഇത്തരം വിവരങ്ങൾ അറിയുക എന്നത് പലപ്പോഴും അവർക്കു താങ്ങാനാവാത്ത അവസ്‌ഥയുണ്ടാക്കും.
തങ്കനും മാത്യുവിനും ഇടയില്‍ നില്‍ക്കുന്ന കാതല്‍
കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും കണ്ടത് അംഗീകരിക്കാനാവാത്ത മാധ്യമ പ്രവർത്തന രീതിയാണ്. ഒരു കുറ്റകൃത്യം നടന്ന സീനിൽ മാധ്യമങ്ങൾക്കുള്ള റോൾ വളരെ പരിമിതമാണ് എന്ന കാര്യം പോലും മനസിലാക്കാതെയുള്ള രീതികളാണ് ഒരു വിഭാഗം മാധ്യമങ്ങൾ പിന്തുടർന്നത്. വീട്ടുകാരുടെ സ്വകാര്യതയെ മാനിക്കാത്തതും അന്വേഷണത്തെത്തന്നെ തടസ്സപ്പെടുത്തുന്നതുമായ പല ഇടപെടലുകളും ഉണ്ടാവുകയും ചെയ്തു.
മാധ്യമപ്രവർത്തനത്തിൽ മൂന്നു സുപ്രധാന ഘട്ടങ്ങളുണ്ട്: വാർത്താ/വിവര ശേഖരണം; ശേഖരിച്ച വിഷയത്തിന്റെ പ്രോസസിംഗ്, പിന്നെ അതിന്റെ അവതരണം. പല തരത്തിലുള്ള ആളുകളിൽ നിന്നും, കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടുമാണ് വിവര ശേഖരണം നടത്തുന്നത്. ഈ വിവരങ്ങൾ ന്യൂസ് ഡെസ്കിൽ വിശദമായി പരിശോധിക്കപ്പെടും; ചില കാര്യങ്ങൾ ഒഴിവാക്കും, ചിലതു കൂട്ടിച്ചേർക്കും. വസ്തുതകളുടെ പരിശോധന നടക്കുന്നതും ഈ ഘട്ടത്തിലാണ്. അതിനുശേഷമാണ് ആ വാർത്ത ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. അതും ഒരു പ്രൊഫഷണൽ ജോലിയാണ്.
ഇങ്ങിനെ കൃത്യമായ ഇടപെടലുകൾക്കുശേഷം ആളുകളിലേക്കെത്തേണ്ട വാർത്ത ഇപ്പോൾ പലപ്പോഴും നേരിട്ടെത്തുകയാണ്; ഒരു തരത്തിലുമുള്ള പരിശോധനയും ഇല്ലാതെ. നിർഭാഗ്യവശാൽ നിലവിലെ അവസ്ഥയനുസരിച്ച് വിവര ശേഖരണം നടത്തുന്ന അതേ സമയം, തത്സമയം, വാർത്ത ആളുകളിൽ എത്തുകയാണ്. ഒരു തരത്തിലുള്ള പ്രൊഫഷണൽ പരിശോധനയും ഇവിടെ നടക്കുന്നില്ല. മാധ്യമ പ്രവർത്തനത്തിന്റെ പരമ്പരാഗത രീതിയെ മറികടക്കുന്നതാണ് ഈ മാധ്യമ പ്രവർത്തനം.
ഒരു കായിക മത്സരത്തിന്റെ തത്സമയ പ്രക്ഷേപണം പോലെ വാർത്തകളുടെ തത്സമയ പ്രക്ഷേപണം വരിക എന്നത് ഒട്ടും ആശ്വാസ്യമായ കാര്യമല്ല. പ്രത്യേകിച്ച് അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ.
കുട്ടിയെ കാണാതായ സന്ദർഭത്തിൽ കുട്ടിയെ തിരികെകിട്ടുന്നതുവരെ ഒരൊറ്റ വർത്തയ്ക്കെ പ്രാധാന്യമുള്ളൂ: അവൾ തിരിച്ചെത്തിയോ. പോലീസ് അനേഷണത്തെ സഹായിക്കുന്ന മറ്റു ചില വർത്തകളായും. അല്ലാതെ അന്വേഷണത്തിന്റെ വിശദവിവരങ്ങൾ ആളുകളിൽ എത്തേണ്ടതില്ല.(കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തി )
ക്ലിന്റ് ഈസ്റ്റ്‌വുഡ്; സിനിമയെക്കാള്‍ വലിയൊരു അത്ഭുതം
ആളുകളുടെ അറിയാനായുള്ള ജനാധിപത്യാവകാശം നിറവേറ്റുന്ന ജോലിയാണ് മാധ്യമപ്രവർത്തനം. മാധ്യമ ധർമ്മം പുലർത്തിയും നൈതികത പാലിച്ചും വേണം അത് നിറവേറ്റാൻ. കൃത്യമായ, ശരിയായ വിവരങ്ങൾ കിട്ടാൻ ആളുകൾക്ക് അവകാശമുണ്ട്; അത് നിറവേറ്റാൻ കഴിയുന്ന ധാരണയും പ്രൊഫഷണലിസവും ഉള്ള ആളുകൾ വേണം ആ ജോലി ചെയ്യാൻ. കൂടി വരുന്ന മത്സരത്തിന്റെയും കോർപറേറ്റ് വൽക്കരണത്തിന്റെയും ഇടയിലൂടെ അത് നടത്തിയെടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.