December 09, 2024 |
Share on

ക്ലിന്റ് ഈസ്റ്റ്‌വുഡ്; സിനിമയെക്കാള്‍ വലിയൊരു അത്ഭുതം

93-ാം വയസില്‍ 46 മത് ചിത്രം സംവിധാനം ചെയ്യുകയാണ് ഈ ഇതിഹാസം

എന്തുകൊണ്ട് നിങ്ങളൊരു ക്ലിന്റ് ഈസ്റ്റ്‌വുഡ് ആരാധകനാകുന്നു, ഉറപ്പായും നിങ്ങള്‍ക്ക് പല കാരണങ്ങളുണ്ടാകും. ഈ ആര്‍ട്ടിക്കിളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം നോക്കൂ, രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് അത് ലോകത്തിനു മുന്നില്‍ വന്നത്. ആ പുഞ്ചിരി ക്ലിന്റ് ഈസ്റ്റ്‌വുഡിനോട് ഇഷ്ടം കൂടാനുള്ള മറ്റൊരു കാരണമാകുന്നില്ലേ!

ജോര്‍ജിയയിലെ സാവന്നയിലുള്ള ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ക്ലിന്റിന്റെ ഏറ്റവും പുതിയ സ്റ്റില്‍. 93-ാം വയസില്‍ അടുത്ത സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ പേര് Juror No.2. നിക്കോളസ് ഹോള്‍ട്ട്, ടോനി കൊല്ലെറ്റ്, ഗബ്രിയേല്‍ ബാസോ, സോയ് ഡെച്ച്. ക്രിസ് മെസ്സിന, ലെസ്ലി ബിബ്ബ്, കിഫെര്‍ സതര്‍ലാന്‍ഡ് എന്നിവരാണ് പ്രധാന താരങ്ങള്‍. ഒരു കൊലപാതക വിചാരണയുടെ ഭാഗമായ ജൂറിയുടെ കഥയാണ് ചിത്രം പറയുന്നത്.

ക്ലിന്റ് സംവിധാനം ചെയ്യുന്ന 46 മത്തെ ചിത്രമാണ് Juror No.2. 1950-കളില്‍ ഹോളിവുഡിന്റെ ഭാഗമായ ക്ലിന്റ് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രം 1971-ല്‍ ഇറങ്ങിയ ‘പ്ലേ മിസ്റ്റി ഫോര്‍ മി’ ആയിരുന്നു. മിസ്റ്റിക് റിവര്‍, മില്യണ്‍ ഡോളര്‍ ബേബി, അമേരിക്കന്‍ സ്‌നൈപ്പര്‍, റിച്ചാര്‍ഡ് ജുവെല്‍, ഗ്രാന്‍ ടൊറിനോ, പൈ പ്ലെയ്ന്‍സ് ഡ്രിഫ്റ്റര്‍, ദ ഔട്ട്‌ലോ ജോസെ വെയ്ല്‍സ്, എ പെര്‍ഫെക്റ്റ് വേള്‍ഡ്, പേല്‍ റൈഡര്‍ തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങളുടെ സംവിധായകന്‍ ഈ പ്രായത്തിലും തിരക്കില്‍ നില്‍ക്കുന്ന ചലച്ചിത്രകാരന്‍ തന്നെയാണ്. രണ്ടുവര്‍ഷം മുമ്പ്, എച്ച് ബി ഒ മാക്‌സില്‍ 2021 ല്‍ റിലീസ് ചെയ്ത Cry Macho ആയിരുന്നു ക്ലിന്റിന്റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം. 91 മത്തെ വയസില്‍ ഒരു സിനിമ കൂടി ചെയ്തശേഷം വിശ്രമിക്കാമെന്നല്ല അദ്ദേഹം കരുതിയത്. വീണ്ടും വീണ്ടും സിനിമകളൊരുക്കാനാണ്.

പതിറ്റാണ്ടുകളായി നീളുന്നൊരു സിനിമ ജീവിതം. അതൊരു ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമ പോല തന്നെ എന്നും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.

താനൊരിക്കലും മാറുന്നില്ല എന്നാണ് ക്ലിന്റ് പറയുന്നത്. cry macho ചെയ്യുന്ന സമയത്ത് ലോസ് ഏഞ്ചല്‍സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ക്ലിന്റ് നേരിട്ടൊരു ചോദ്യം, ആദ്യത്തെ സിനിമ സംവിധാനം ചെയ്തതില്‍ നിന്നും എന്തെങ്കിലും വ്യത്യാസം ഇപ്പോള്‍ ഉണ്ടോയെന്നായിരുന്നു. അന്നത്തെ അതെയാള്‍ തന്നെയാണ് ഇന്നും താന്‍ എന്നാണ് ഒരര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തവിധം ക്ലിന്റ് പറഞ്ഞത്. ‘ ഞാനതേ വ്യക്തിയല്ലെങ്കില്‍, ഞാനൊന്നും തന്നെ അറിയാന്‍ ആഗ്രഹിക്കുന്നില്ല, ഈ പുതിയ എന്നെ ഞാനൊരിക്കലും ഇഷ്ടപ്പെടുകയുമില്ല. ഈ വിഡ്ഡിയെ ഞാനെന്തു ചെയ്യും എന്നായിരിക്കും ഞാന്‍ ചിന്തിക്കുക’

1955-ല്‍ ആണ് ക്ലിന്റ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മുഖ്യധാര സിനിമകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രായം ചെന്ന അമേരിക്കന്‍ ക്ലിന്റ് ആയിരിക്കും. അഭിനേതാവ് എന്ന നിലയില്‍ ഔന്നിത്യത്തില്‍ നില്‍ക്കുന്ന സമയത്തായിരുന്നു സംവിധാനത്തിലേക്ക് തിരിയുന്നത്. എന്തുകൊണ്ട് സംവിധായകനായി എന്നു ചോദിച്ചാല്‍, അദ്ദേഹത്തിന്റെ ആദ്യത്തെ ഉത്തരം; അതെനിക്ക് ഇഷ്ടമായതുകൊണ്ട് എന്നാണ്. ഈ പ്രായത്തിലും എന്തുകൊണ്ട് സംവിധാനം ചെയ്യുന്നു എന്നു ചോദിക്കുന്നവരോടും അതേ മറുപടിയാണ്; ഞാനിത് ഇഷ്ടപ്പെടുന്നു. ‘എനിക്ക് മറ്റ് സംവിധായകരോട് വിരോധമൊന്നുമില്ല, പക്ഷേ എനിക്ക് കാര്യങ്ങളില്‍ തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായം ഉണ്ടായിരിക്കാം, ‘ഞാന്‍ എന്തിനാണ് ഇത് അവര്‍ക്ക് നല്‍കിയത്’ എന്ന് ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ഈസ്റ്റ്‌വുഡ് ആ ചോദ്യത്തിന് കൂടുതലായി നല്‍കുന്ന വിശദീകരണം.

അരനൂറ്റാണ്ടിനു മുകളിലായി സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് ക്ലിന്റ്. മറ്റൊരാളുടെ കാര്യത്തിലാണെങ്കില്‍ അത്ഭുതം തോന്നാം, എന്നാലിത് ക്ലിന്റ് ഈസ്റ്റ്‌വുഡാണ്. ആ മനുഷ്യന്‍ എത്രയോ കാലമായി നിങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു! വര്‍ഷത്തില്‍ ഒന്ന് എന്ന കണക്കില്‍ ഈസ്റ്റ്‌വുഡ് സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. എന്നാല്‍ 2021 ല്‍ Cry Macho കഴിഞ്ഞ് രണ്ട് വര്‍ഷത്തെ ഇടവേള വന്നപ്പോള്‍ എല്ലാവരും കരുതി; അദ്ദേഹത്തെ പ്രായം തളര്‍ത്തിയിരിക്കുന്നു, ഇനിയൊരു ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമയുണ്ടാകില്ലെന്ന്. എന്നാല്‍ പ്രായം വെറും അക്കങ്ങള്‍ മാത്രം എന്നു പറയുന്നതുപോലെ, ചെറുതായി നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇതാ ഈ ഇതിഹാസം വീണ്ടും കാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നു. ഒരു പക്കാ ക്ലിന്റ് ഈസ്റ്റ്‌വുഡ് സ്റ്റൈലില്‍ ലോകത്തെ ത്രസിപ്പിച്ചു കൊണ്ട്… Juror No.2 അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്നാണ് ചില ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. ‘തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് അസ്തമനത്തിലേക്ക് മടങ്ങിപ്പോകുന്നതിനു മുമ്പായി ഒരു അവസാന പ്രൊജക്ട് എന്ന് അദ്ദേഹം തന്നെ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ,ഞങ്ങള്‍ പറയും, ഈ ലോകത്തെ സിനിമാ ആസ്വാദകരെല്ലാം പറയും; സമയമായിട്ടില്ല, ഇനിയും ഞങ്ങള്‍ക്ക് മതിയായിട്ടില്ല ക്ലിന്റ്….

×