UPDATES

കായികം

ഹീത്ത് സ്ട്രീക്ക്; ആ ഒറ്റയാള്‍ പോരാളിയുടെ അഞ്ച് അത്ഭുത പ്രകടനങ്ങള്‍

ക്രിക്കറ്റിലെ ഏറ്റവും ദുര്‍ബലരായിരുന്ന ഒരു ടീമിനെ അന്താരാഷ്ട്ര തലത്തില്‍ മികച്ച പോരാളികളായി ഉയര്‍ത്തിക്കൊണ്ടുവന്നവരില്‍ പ്രധാനിയാണ് സ്ട്രീക്

                       

ഇത്തവണ അഭ്യൂഹങ്ങളല്ല, ക്രിക്കറ്റ് ലോകത്തെ വേദനിപ്പിച്ച് അര്‍ബുദവുമായുള്ള പോരാട്ടത്തില്‍ ഒടുവില്‍ ഹീത്ത് സ്ട്രീക് പരാജയം സമ്മതിച്ചിരിക്കുന്നു. സിംബാവെ ഇതിഹാസ താരം മരണത്തിന്റെ പവലിയനിലേക്ക് നടന്നകന്നുവെന്ന് ഭാര്യ നഡൈന്‍ സ്ട്രീക്ക് തന്നെയാണ് അറിയിച്ചിരിക്കുന്നത്. തന്റെ 49 ആം വയസിലാണ് ദീര്‍ഘനാളായി വേട്ടയാടിക്കൊണ്ടിരുന്ന ലിവര്‍ കാന്‍സര്‍ മൂലം സിംബാവെ മുന്‍ നായകന്‍ ജീവിതത്തിന്റെ കളമൊഴിയുന്നത്. 12 വര്‍ഷക്കാലത്തെ തന്റെ അന്താരാഷ്ട്ര കരിയറില്‍ അയാള്‍ക്ക് വലിയ വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കിടയില്‍ ഹീത്ത സ്ട്രീക് എന്ന പേരും എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

1990 കള്‍ മുതല്‍ 2000-ന്റെ ആരംഭം വരെ ലോകത്തിന് മുന്നില്‍ ഏറെ പുകഴ്ത്തപ്പെട്ട സിംബാവെ താരമാണ് സ്ട്രീക്. രാജ്യത്തിന് വേണ്ടി 65 ടെസ്റ്റുകളും 189 ഏകദിനങ്ങളും കളിച്ച സ്ട്രീക് 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. സിംബാവെയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമാക്കിയതും ഈ വലം കയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറാണ്..

2005-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം അന്താരാഷ്ട്ര-പ്രാദേശിക തലത്തില്‍ പരിശീലകനായിരുന്നു. സിംബാവെയുടെയും ബംഗ്ലാദേശിന്റെ പരിശീലകനായിരുന്ന സ്ട്രീക്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും പരിശീലിപ്പിച്ചിരുന്നു.

ക്രിക്കറ്റിലെ ഏറ്റവും ദുര്‍ബലരായിരുന്ന ഒരു ടീമിനെ അന്താരാഷ്ട്ര തലത്തില്‍ മികച്ച പോരാളികളായി ഉയര്‍ത്തിക്കൊണ്ടുവന്നവരില്‍ പ്രധാനിയാണ് സ്ട്രീക്. ആ താരത്തിന്റെ പ്രകടനങ്ങളായിരുന്നു സിംബാവെയെ ഏതു കൊമ്പനെയും മുട്ടുകുത്തിക്കാന്‍ കഴിയുമെന്ന് ക്രിക്കറ്റ് മൈതാനത്ത് തെളിയിച്ചത്. ഒന്നലധികം തവണയാണ് ആ അറടി പൊക്കക്കാരന്‍ ഒറ്റയ്ക്ക് ടീമിനെ വിജയിപ്പിച്ചിട്ടുള്ളത്. ഇന്ത്യ ഉള്‍പ്പെടെ, ആ പോരാട്ട വീര്യത്തില്‍ തല കുനിച്ച എതിരാളികളാണ്. ടീമിലെ സമകാലികനായിരുന്ന ആന്‍ഡി ഫ്ളവറുമൊത്ത് ഒരു പതിറ്റാണ്ടോളം സിംബാവെയ്ക്ക് തിളക്കമേറിയ വിജയങ്ങള്‍ സ്ട്രീക് സമ്മാനിച്ചിരുന്നു. ബോള് കൊണ്ടു മാത്രമല്ല, ബാറ്റുകൊണ്ടും മൈതാനത്ത് പ്രതിഭ തെളിയിച്ച ഓള്‍ റൗണ്ടറായിരുന്നു സ്ട്രീക്.

65 ടെസ്റ്റുകളില്‍ നിന്നും 216 വിക്കറ്റുകളായിരുന്നു സ്ട്രീക് സ്വന്തം പേരില്‍ നേടിയത്. 28.14 എന്ന മികച്ച ശരാശരിയില്‍. എഴ് തവണ അഞ്ചു വിക്കറ്റ് നേട്ടത്തില്‍ എത്തി. 1990 റണ്‍സായിരുന്നു ടെസ്റ്റില്‍ നേടിയത്. പുറത്താകാതെ നേടിയ 127 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിലേക്ക് വരുമ്പോള്‍, 189 മത്സരങ്ങള്‍ കളിച്ച അദ്ദേഹം, അത്രയും കളികളില്‍ നിന്നും 239 വിക്കറ്റുകളാണ് വീഴ്ത്തിയത്. ശരാശരി 29.83. 13 അര്‍ദ്ധ സെഞ്ച്വറികളുമായി 2943 റണ്‍സും സ്വന്തമാക്കി.

സ്ട്രീക്കിന്റെ മികച്ച അഞ്ച് ബൗളിംഗ് പ്രകടനങ്ങള്‍

1995-ല്‍ പാകിസ്താനെതിരേ 6/90
അമീര്‍ സൊഹൈല്‍, സയീദ് അന്‍വര്‍ തുടങ്ങിയ മഹാരഥന്മാര്‍ അടങ്ങിയ പാക് ബാറ്റിംഗ് നിരയെ പാടെ തകര്‍ത്ത പ്രകടനമായിരുന്നു ഒന്നാം ഇന്നിംഗ്സില്‍ സ്ട്രീക്ക് പുറത്തെടുത്തത്. 90 റണ്‍സ് വിട്ടുകൊടുത്ത് നേടിയ ആറ് വിക്കറ്റുകള്‍ പാകിസ്താന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 322 ല്‍ അവസാനിപ്പിച്ചു. ഈ മത്സരമായിരുന്നു ഹീത്ത് സ്ട്രീക് എന്ന പ്രതിഭയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് അറിയിച്ചത്. ഇതേ മത്സരത്തില്‍ 159 അടിച്ച് ആന്‍ഡി ഫ്ളവറും തിളങ്ങിയിരുന്നു.

2000-ല്‍ ഇംഗ്ലണ്ടിനെതിരേ 6/87
ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോഡ്സില്‍ നേടിയ ആറു വിക്കറ്റുകള്‍ ഹീത്ത് സ്ട്രീക് എന്ന പ്രതിഭയുടെ കരിയറിനെ അനശ്വരമാക്കുന്ന പ്രകടനമായിരുന്നു. സ്വന്തം മൈതാനത്ത് സിംബാവെ എന്ന കുഞ്ഞന്‍ ടീമിനെ യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ അവസാനിപ്പിച്ചു കളയാമെന്നായിരുന്നു ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍. അതിലവര്‍ വിജയിക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ 86 റണ്‍സിന് പുറത്തായ സിംബാവെയ്ക്കെതിരേ ഇംഗ്ലണ്ട് നേടിയത് 415 റണ്‍സായിരുന്നു. ഇംഗ്ലണ്ട് അനായാസ വിജയം നേടിയ ആ മത്സരം പക്ഷേ, ചരിത്രത്തില്‍ എഴുതപ്പെട്ടത്, 36 ഓവര്‍ എറിഞ്ഞ് 87 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ഹീത്ത് സ്ട്രീക്ക് എന്ന താരത്തിന്റെ പേരിലാണ്.

2005 ല്‍ ഇന്ത്യക്കെതിരേ 6/73
ഹീത്ത് സ്ട്രീക്കിന്റെ കരിയറിലെ അവസാന പ്രതിഭ വിളയാട്ടം എന്നു പറയാവുന്ന പ്രകടനമായിരുന്നു 2005-ല്‍ ഇന്ത്യക്കെതിരേ നേടിയ ആറു വിക്കറ്റുകള്‍. ആദ്യ ഇന്നിംഗ്സില്‍ 161 റണ്‍സിന് പുറത്തായ സിംബാവേയ്ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ നേടാനുറച്ചായിരുന്നു ഇന്ത്യ ക്രിസീലെത്തിയത്. എന്നാല്‍ എപ്പോഴുമെന്നപോലെ തന്റെ ടീമിന്റെ ഒറ്റയാന്‍ പോരാളിയായി സ്ട്രീക്ക് പൊരുതാനുണ്ടായിരുന്നു. 36 ഓവര്‍ എറിഞ്ഞ സ്ട്രീക്ക് 73 റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയ ആറ് വിക്കറ്റുകള്‍ ഇന്ത്യയെ 388 ല്‍ അവസാനിപ്പിച്ചു. മത്സരത്തില്‍ സിംബാവേ തോറ്റെങ്കിലും ഹീത്ത് സ്ട്രീക്ക് എന്ന പോരാളി അവിടെയും തല ഉയര്‍ത്തി തന്നെ നില്‍ക്കുകയായിരുന്നു.

1997 ല്‍ ഇന്ത്യക്കെതിരേ 5/32
ഇന്ത്യക്കെതിരേ തന്നെ മറ്റൊരു അഞ്ചു വിക്കറ്റ് നേട്ടം. ഇത്തവണയത് ഏകദിനത്തിലായിരുന്നു. സ്ട്രീക്കിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. മത്സരത്തില്‍ സിംബാവേ വിജയിക്കുകയും ചെയ്തു. 8.5 ഓവര്‍ എറിഞ്ഞ് വെറും 32 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കൈക്കലാക്കിയ സ്ട്രീക് ഇന്ത്യയെ 168 ല്‍ തളച്ചു. മഴ മൂലം പുതുക്കി നിശ്ചയിച്ച സ്‌കോര്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി നേടി സിംബാവേ വിജയം കുറിച്ചു. ഇന്ത്യന്‍ ടീം ആരാധകര്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഈ മത്സരം പക്ഷേ, ഹീത്ത് സ്ട്രീക് എന്ന പ്രതിഭയെ എന്നെന്നും ഓര്‍മിപ്പിക്കുന്ന പോരാട്ടമാണ്.

2001 ല്‍ വെസ്റ്റിന്‍ഡീസിനെതിരേ 4/8
ഒരു മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് താനെന്ന് ഒരിക്കല്‍ കൂടി സ്ട്രീക് തെളിയിച്ച മറ്റൊരു മാച്ച്. ആദ്യം ബാറ്റ് ചെയ്ത സിംബാവേയെ കരിബീയന്‍ ബൗളര്‍മാര്‍ 138 റണ്‍സിന് പുറത്താക്കിയപ്പോള്‍, ആ ഏകദിന മത്സരം വെസ്റ്റിന്‍ഡീസ് വിജയിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. തോല്‍ക്കാന്‍ മനസില്ലാത്തൊരു വീരന്‍ മറുവശത്തുണ്ടെന്ന കാര്യം ആരുമോര്‍ത്തില്ല. എട്ട് ഓവര്‍ എറിഞ്ഞ് വെറും എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍. സ്വന്തം ടീമംഗങ്ങള്‍ക്ക് പോലും വിശ്വാസമില്ലായിരുന്ന ആ കളിയില്‍ 47 റണ്‍സിന് സിംബാവേയെ വിജയിപ്പിച്ചാണ് ഹീത്ത് സ്ട്രീക്ക് മൈതാനം വിട്ടത്.

പ്രതിഭ കൊണ്ട് ഇതിഹാസ പദവി നേടിയെടുത്ത ഹീത്ത് സ്ട്രീക്കിന് പക്ഷേ,തന്റെ അവസാന കാലത്ത് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2021 ല്‍ ഹീത്ത് സ്ട്രീക്കിന് എട്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.

2017-ല്‍ സിംബാവേ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന സമയത്ത്, ഡല്‍ഹിക്കാരന്‍ ദീപക് അഗര്‍വാളുമായി വാതുവയ്പ്പ് കാര്യങ്ങള്‍ സംസാരിച്ചുവെന്ന് ഹീത്ത് സ്ട്രീക്കിനെതിരേ പരാതി വന്നു. സിംബാവേ ടി-ട്വന്റി ലീഗില്‍ കള്ളത്തരം കാണിക്കാനായിരുന്നു അഗര്‍വാളിന്റെ ആവശ്യംം. അതിനുവേണ്ടി പണം വാഗ്ദാനം ചെയ്ത് നടത്തിയ പ്രലോഭനത്തില്‍ സ്ട്രീക്ക് വീണു പോവുകയായിരുന്നു. ക്രിക്കറ്റിനെ ചതിച്ചവന്‍ എന്ന ചീത്തപ്പേര് വീണതോടെ പുറം ലോകത്ത് നിന്നും പിന്‍വലിഞ്ഞ സ്ട്രീക്, ഈ വര്‍ഷമാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് തന്റെ അര്‍ബുദ രോഗബാധയെക്കുറിച്ച് പറയുന്നത്. ആ താരത്തോടുള്ള എല്ലാ പരിഭവങ്ങളും മറന്ന്, ഒരു പതിറ്റാണ്ടോളം ലോക ക്രിക്കറ്റിനെ ത്രസിപ്പിച്ച ആ പ്രതിഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു എല്ലാവരും. പക്ഷേ, ആ മത്സരം ഇവിടെ അവസാനിച്ചിരിക്കുന്നു; ഹീത്ത് സ്ട്രീക്ക് ഇനിയില്ല…

Share on

മറ്റുവാര്‍ത്തകള്‍