UPDATES

‘റാഞ്ചിയുടെ ഗെയ്ല്‍’ ഐപിഎല്ലിന്റെ മറ്റൊരു അത്ഭുത താരം

‘അവനെ വേറെയാരും എടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ എടുക്കും’ ആ പിതാവിന് ധോണി നല്‍കിയ ഉറപ്പായിരുന്നു

                       

എത്രയൊക്കെ വിമര്‍ശനം ഉണ്ടെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ പി എല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഭാവിക്ക് വലിയ മുതല്‍ക്കൂട്ട് തന്നെയാണ്. മുന്‍പ് ആഭ്യന്തര ക്രിക്കറ്റുകള്‍ മാത്രമായിരുന്നു ടീം ഇന്ത്യയിലേക്ക് യോഗ്യത നേടാന്‍ താരങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന വഴി. എങ്കില്‍ പോലും എത്രയോ മികവുറ്റ കളിക്കാര്‍ക്ക് അവരുടെ മികവ് തെളിയിക്കാനുള്ള വേദികള്‍ കിട്ടാതെ വന്നതുകൊണ്ട് മാത്രം രാജ്യത്തിന് വേണ്ടി കളിക്കുകയെന്ന സ്വപ്നം, സ്വപ്‌നമായി തന്നെ അവശേഷിപ്പിക്കേണ്ടി വന്നു. അവിടെയാണ് ഐപിഎല്‍ വ്യത്യസ്തമാകുന്നത്. സൂര്യയും റിങ്കുവും യശ്വസിയും ഋതുരാജും ആവേശ് ഖാനും ബിഷ്‌ണോയുമെല്ലാം ടീം ഇന്ത്യയിലേക്ക് എത്തുന്നത് ഐപിഎല്‍ വഴിയാണ്, നമ്മുടെ സഞ്ജു പോലും.

ഓരോ ഐപിഎല്ലും ഒരുപിടി പുത്തന്‍ താരോദയങ്ങള്‍ക്ക് വേദിയാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. കോടികള്‍ വിലയിട്ടാണ് രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നും പ്രതിഭകളെ വമ്പന്‍ ഫ്രാഞ്ചൈസികള്‍ വാങ്ങിയിരിക്കുന്നത്. അതിലൊരാളാണ് ജാര്‍ഖണ്ഡുകാരന്‍ റോബിന്‍ മിന്‍സ്. റാഞ്ചിയുടെ ഗെയ്ല്‍ എന്ന് പരിശീലകരാല്‍ വാഴ്ത്തപ്പെടുന്ന 21 കാരന്‍ റോബിനെ 3.6 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിയിരിക്കുന്നത്. വാശിയേറിയൊരു വിലപേശലിന് ശേഷം

ജാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയിലെ ആദിവാസി മേഖലയായ തെല്‍ഗോണില്‍ നിന്നുള്ളവരാണ് റോബിന്റെ മാതാപിതാക്കള്‍. പിതാവ് ഫ്രാന്‍സിസ് സേവ്യറിന് സൈന്യത്തില്‍ ജോലി കിട്ടിയതിനു പിന്നാലെയാണ് അവര്‍ റാഞ്ചിയിലേക്ക് മാറുന്നത്. ഫ്രാന്‍സിസ് സേവ്യര്‍ ഒരു അത്‌ലറ്റ് ആയിരുന്നു. അയാള്‍ക്ക് സൈനികനാകാന്‍ സഹായമായതും ഓട്ടത്തിലെ മികവായിരുന്നു. തെല്‍ഗോണ്‍ ക്രിക്കറ്റിനോട് വലിയ താത്പര്യമുള്ള മണ്ണായിരുന്നില്ല, ഹോക്കിയായിരുന്നു അവിടെ വേരിറങ്ങിയ കളി.

എന്നാല്‍, റാഞ്ചിയിലെ 2 കെ കിഡ്‌സ് എല്ലാവരും ക്രിക്കറ്റ് എന്ന ലഹരിക്ക് മാത്രം അടിമപ്പെട്ടവരായിരുന്നു. അതിനു കാരണം ഒരേയൊരു മനുഷ്യനായിരുന്നു; മഹേന്ദ്ര സിംഗ് ധോണി. ക്രിക്കറ്റ് ആ നാടിന്റെ ആത്മാവായി മാറിയിരിക്കുന്നു. സ്വഭാവികമായും റോബിനും ക്രിക്കറ്റിനെ ജീവിത ലക്ഷ്യമാക്കി മാറ്റി. കുടുംബം അതിനുള്ള പിന്തുണയും നല്‍കി.

റോബിന് കിട്ടിയൊരു മഹാഭാഗ്യമുണ്ട്. ചഞ്ചല്‍ ഭട്ടാചാര്യ എന്ന കോച്ചിന്റെ ശിക്ഷണം. ധോണിയുടെ കുട്ടിക്കാല പരിശീലകനാണ് ചഞ്ചല്‍. ധോണി ടീം ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെടുന്ന സമയത്ത് റാഞ്ചിയില്‍ ആകെയുണ്ടായിരുന്നത് ഒരേയൊരു ക്രിക്കറ്റ് അക്കാദമായാണ്. ഇന്നതിന്റെ എണ്ണം 15 ആണെന്നാണ് ചഞ്ചല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. റാഞ്ചിയില്‍ ഇന്നും ഏറ്റവും ഡിമാന്‍ഡ് ഉള്ള വസ്തു, വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകളാണ്, ഇവിടെയുള്ള യുവ ക്രിക്കറ്റര്‍മാരെല്ലാവരും പിന്നിലോട്ട് മുടി നീട്ടി വളര്‍ത്തിയവരുമാണെന്ന് പറഞ്ഞാല്‍ അതിശയോക്തി തോന്നേണ്ടതില്ലെന്നും ചഞ്ചല്‍ പറയുന്നു. റോബിനും വിക്കറ്റിന് പിന്നിലും മുന്നിലും കളിക്കുന്നൊരാളാണ്.

റാഞ്ചിയിലെ സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിലാണ് റോബിന്‍ പരിശീലനം തേടിക്കൊണ്ടിരുന്നത്. അവിടുത്തെ ബാറ്റിംഗ് കോച്ച് ആസിഫ് ഹഖ് റോബിനെ താരതമ്യം ചെയ്യുന്നത് സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനോടാണ്.

ഇടങ്കയ്യന്‍ ബാറ്ററായ റോബിനെ റാഞ്ചിയുടെ ഗെയ്ല്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. സിക്‌സുകള്‍ പായിക്കുന്നതിലാണ് റോബിന് കൂടുതല്‍ താത്പര്യം.

റോബിന്‍ മഹിയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ചഞ്ചല്‍ പറയുന്നത്. മൂന്നു മുതല്‍ ഏഴ് വരെയുള്ള ഏത് പൊസിഷനിലും അവനെ ബാറ്റ് ചെയ്യിപ്പിക്കാമെന്നാണ് ചഞ്ചലിന്റെ ആത്മവിശ്വാസം.

ആകാശം വഴി പന്തുകള്‍ ബൗണ്ടറികള്‍ക്ക് അപ്പുറത്തേക്ക് പായിക്കുന്ന, നീളന്‍ മുടിക്കാരനായ ആ പഴയ മഹിയെ ഇവിടെയുള്ള ഓരോ യുവ ക്രിക്കറ്ററിലും കാണാമെന്നാണ് ചഞ്ചല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.

റോബിനെ പോലെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാരാണ് റാഞ്ചിയിലെ യുവതാരങ്ങളില്‍ അധികവും. ഡല്‍ഹി ക്യാപ്പിറ്റല്‍സ് 7.20 കോടി മുടക്കിയ കുമാര്‍ കുശാഗ്ര ജാര്‍ഖണ്ഡില്‍ നിന്നുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. ടീം ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ഇഷാന്‍ കിഷനും റാഞ്ചിയില്‍ നിന്നു തന്നെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. രണ്ടു വര്‍ഷം മുമ്പ് 15.25 കോടിക്കായിരുന്നു ഇഷാനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

ധോണിക്ക് പിന്നാലെ ഇഷാന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നത് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു, ഇത്തവണത്തെ ഐപിഎല്‍ റോബിനും കുശാഗ്രയ്ക്കും വലിയ അവസരം നല്‍കും. ഇവരെല്ലാവരും തന്നെ വിക്കറ്റ് കീപ്പര്‍മാരാണ്, അതുപോലെ അപകടകാരികളായ ബാറ്റര്‍മാരുമാണ്.

ഒരിക്കല്‍ റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തില്‍ റോബിന്റെ കളി കാണാന്‍ ധോണിയുമുണ്ടായിരുന്നു. ‘ നീ നല്ലൊരു കളിക്കാരനാണ്. പക്ഷേ, കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കണം. വിക്കറ്റ് വലിച്ചെറിയരുത്, ഒരു സിക്‌സ് അടിച്ചു കഴിഞ്ഞാല്‍ അടുത്ത ബോളില്‍ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കണം, അല്ലാതെ ഒരോവറിലെ ആറ് പന്തും സിക്‌സ് അടിക്കാനല്ല നോക്കേണ്ടത്’ റോബിന് ധോണി അന്ന് നല്‍കിയ ഉപദേശം ഓര്‍ത്തു പറഞ്ഞത്, പരിശീലകരായ ആസിഫും ചഞ്ചലുമാണ്.

‘ അവന്‍ മഹിയെ പോലെയാണ്, ഭയമില്ല, ബൗളര്‍മാരെ ആക്രമിക്കാനാണ് അവന് ഇഷ്ടം. എത്ര സമയം ക്രീസില്‍ നിന്നു എന്നതോര്‍ത്തല്ല, താന്‍ അടിച്ച സിക്‌സ് എത്രദൂരം പോയി എന്നോര്‍ത്താണ് അവന്‍ ആകുലപ്പെടാറുള്ളത്.’ റോബിനെക്കുറിച്ച് ചഞ്ചലിന്റെ നിരീക്ഷണം.

റോബിന്റെ കളി ഇഷ്ടപ്പെട്ടുവെന്ന് ധോണി പറഞ്ഞത് വെറുതായിരുന്നില്ല. ഇത്തവണത്തെ താര ലേലത്തിന് മുമ്പായി എയര്‍പോര്‍ട്ടില്‍ വച്ച് ധോണിയോട് സംസാരിക്കാനുള്ള അവസരം റോബിന്റെ പിതാവിന് കിട്ടിയിരുന്നു. അന്ന് ധോണി ഫ്രാന്‍സിസ് സേവ്യറിന് കൊടുത്തൊരു ഉറപ്പുണ്ടായിരുന്നു; ‘ വേറെയാരും അവനെയെടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ എടുക്കും’.

സൈന്യത്തില്‍ നിന്നും വിരമിച്ചശേഷം ഫ്രാന്‍സിസ് സേവ്യര്‍ റാഞ്ചി എയര്‍പോര്‍ട്ടിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി നോക്കുകയാണ്. റോബിനെ ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിയതിനു പിന്നാലെ ഫ്രാന്‍സിസും ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. ഫ്രാന്‍സിസും ഒരു കോടിപതിയായിരിക്കുന്നുവെന്നാണ് എല്ലാവരും അയാളെ അഭിനന്ദിക്കുന്നത്. എന്നാല്‍ മുന്‍പാട്ടളക്കാരനായ ഈ 48കാരന് കോടികളില്‍ യാതൊരു ആവേശം തോന്നുന്നില്ല എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്ന വാചകങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. റോബിന്‍ ഐപിഎല്ലില്‍ കളിച്ചാലും ഞാന്‍ ഇവിടെ ഈ ജോലി തന്നെ തുടരും. എനിക്ക് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. അവരുടെ കാര്യങ്ങള്‍ നോക്കണം, റോബിന്റെ ബിരുദം പൂര്‍ത്തിയാക്കണം’ ഫ്രാന്‍സിസിലെ പിതാവിന്റെ ഉത്തരവാദിത്തങ്ങള്‍ പലതാണ്.

‘ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമായിരുന്നപ്പോള്‍ ഞാന്‍ പഠിച്ച രണ്ടു കാര്യങ്ങളുണ്ട്; സത്യസന്ധതയും വിശ്വാസ്യതയും. അവ പിന്തുടരണമെന്നാണ് ഞാനെന്റെ മകനോട് പറഞ്ഞിട്ടുള്ളത്. മണ്ണില്‍ കാലുറപ്പിച്ചു നിന്നുവേണം സ്വപ്‌നങ്ങളെ പിന്തുടരാന്‍. കഠിനാദ്ധ്വാനം ചെയ്യുക, നൂറും ശതമാനം അര്‍പ്പണബോധം കാണിക്കുക. ഒമ്പതാം ബിഹാര്‍ റെജിമെന്റിന്റെ യുദ്ധവാക്യം ജോലി തന്നെ ആരാധന എന്നതായിരുന്നു. ഇതെപ്പേഴും മനസില്‍ വയ്ക്കാനാണ് റോബിനോടും ഞാന്‍ പറഞ്ഞിട്ടുള്ളത്’- മകന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്ന ആ സൈനികന്‍ വാക്കുകള്‍.

Share on

മറ്റുവാര്‍ത്തകള്‍