UPDATES

ക്രിക്കറ്റ് കളിച്ചു ജീവിതം കളഞ്ഞവനെന്നു പഴിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ട ‘ മാമു’ വും സമീര്‍ റിസ്വിയെന്ന അത്ഭുത താരവും

ഒരു അണ്‍-ക്യാപ്ഡ് താരത്തിന് കിട്ടാവുന്നതില്‍ വച്ച് വലിയൊരു തുകയാണ് മീററ്റുകാരന്‍ നേടിയത്.

                       

‘ഇനിയെന്റെ വീട്ടില്‍ നീ കയറിപ്പോകരുത്’

സഹോദരി ഭര്‍ത്താവിന്റെ ആക്രോശം കേട്ട് തല താഴ്ത്തി തിരിഞ്ഞു നടക്കുമ്പോള്‍ തങ്കീബ് അക്തറിന്റെ മനസ് തകര്‍ന്നിരുന്നു, എന്നാല്‍ തന്റെ അനന്തരവന്‍ സമീറിനെ കുറിച്ചുള്ള അയാളുടെ സ്വപ്‌നത്തെ അത് പോറലേല്‍പ്പിച്ചില്ല. ആ സ്വപ്‌നം ഇനി ഒരു ചുവട് മാത്രം അകലെയാണെന്ന് ഇപ്പോള്‍ തങ്കീബ് തിരിച്ചറിയുകയാണ്.

2024 ഐപിഎല്ലിന്റെ താര ലേലത്തില്‍ കോടികള്‍ സ്വന്തമാക്കിയ അണ്‍-ക്യാപ്ഡ് ഇന്ത്യന്‍ താരമാണ് സമീര്‍ റിസ്വി. 8.40 കോടി എന്ന അത്ഭുത തുകയ്ക്കാണ് സാക്ഷാല്‍ ധോണിയുടെ ടീമായ ചെന്നെ സൂപ്പര്‍ കിംഗ്‌സ് ഈ 20 കാരനെ തങ്ങളുടെ ക്യാമ്പില്‍ എത്തിച്ചിരിക്കുന്നത്. ഒരു അണ്‍-ക്യാപ്ഡ് താരത്തിന് കിട്ടാവുന്നതില്‍ വച്ച് വലിയൊരു തുകയാണ് മീററ്റുകാരന്‍ നേടിയത്.

സമീറിന്റെ മാതൃസഹോദരനാണ് തങ്കീബ് അക്തര്‍. സമീറിന്റെ നേട്ടത്തില്‍ ഏറ്റവുമധികം സന്തോഷിക്കുകയും, തനിക്ക് കിട്ടിയ അവസരത്തിന് സമീര്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതും തങ്കീബിനോടാണ്. ഇന്ത്യന്‍ ടീമില്‍ സമീര്‍ കളിക്കുന്നതാണ് തങ്കീബിന്റെ സ്വപ്‌നം. സിഎസ്‌കെയില്‍ എത്തിയിരിക്കുന്നു, ഇനിയൊരു ചുവട് ദൂരം മാത്രമാണ് ടീം ഇന്ത്യയിലേക്കുള്ളതെന്ന് തങ്കീബ് വിശ്വസിക്കുന്നു.

ക്രിക്കറ്റിന്റെ പേരിലാണ് സമീറിന്റെ പിതാവ് ഹസീന്‍ റിസ്വി തന്റെ ഭാര്യ സഹോദരനെ വീട്ടില്‍ വരുന്നതില്‍ നിന്നും വിലക്കുന്നത്. കാരണം,

തങ്കീബ് അക്തര്‍ പരാജയപ്പെട്ടു പോയൊരു ക്രിക്കറായിരുന്നു.

അയാളുടെ അതേ ഗതി തന്റെ മകനും വരരുതെന്നായിരുന്നു ഹസീന്‍ വിചാരിച്ചത്. അത് തടയാന്‍ വേണ്ടിയാണ് തങ്കീബിനെ അകറ്റിയത്.

ഇന്ന് അതേ മനുഷ്യന്‍ തന്നെയാണ് ഹസീന്റെ മകന് വലിയൊരു ജീവിതത്തിലേക്കുള്ള വഴി തെളിച്ചു കൊടുത്തിരിക്കുന്നത്.

സമീര്‍, തന്റെ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും ‘ മാമു’വിന് കൊടുക്കുകയാണ്. കഴിഞ്ഞ 14 വര്‍ഷത്തില്‍ കൂടിപ്പോയാല്‍ വെറും 14 ദിവസം മാത്രമായിരിക്കണം മാമൂ(അമ്മാവന്‍) എന്റെ കൂടെ ഗ്രൗണ്ടില്‍ ഇല്ലാതെതെയുള്ളത് എന്നാണ് സമീര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്.

സമീറിനെക്കൊണ്ട് ഐപിഎല്‍ താരലേലം നിര്‍ബന്ധിച്ച് കാണാപ്പിക്കുന്നതും തങ്കീബ് ആയിരുന്നു. തനിക്കൊട്ടും താത്പര്യമില്ലായിരുന്നുവെന്നാണ് സമീര്‍ പറയുന്നത്.

എന്റെ കാര്യത്തില്‍ എന്നെക്കാള്‍ വിശ്വാസം മാമുവിനുണ്ടായിരുന്നു എന്ന് സമീര്‍ പറയുന്നു.

‘അവനെക്കൂടി നശിപ്പിക്കരുത്. നിന്നെപ്പോലെയാക്കരുത്, ക്രിക്കറ്റ് കളിച്ചിട്ട് നീയെന്താണ് നേടിയത്?

എന്നെക്കാണുമ്പോഴൊക്കെ സഹോദരി ഭര്‍ത്താവിന് ഇതേ പറയാനുണ്ടായിരുന്നുള്ളൂ’, ചിരിയോടെ തങ്കീബ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

‘അന്നൊക്കെ ആ വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്, ഇപ്പോള്‍ അതൊക്കെ പറഞ്ഞു ഞങ്ങള്‍ ചിരിക്കും’

ഹസീന്റെ ശകാരം ഭയന്ന് വര്‍ഷങ്ങളോളം തങ്കീബ് ആ വീട്ടിലേക്ക് പോകാറില്ലായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീര്‍ ഉത്തര്‍പ്രദേശിന്റെ രഞ്ജി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് തങ്കീബ് ആ വീട്ടില്‍ കാലു കുത്തുന്നത്.

‘കഴിഞ്ഞ മൂന്നുവര്‍ഷമായി സമീറിന്റെ പിതാവ് രോഗാവസ്ഥയിലാണ്. അവന്‍ രഞ്ജി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നത്’-തങ്കീബിന്റെ വാക്കുകള്‍.

ഇപ്പോള്‍ എന്നെ കാണുമ്പോള്‍ അദ്ദേഹം എന്റെ കൈപിടിച്ച് കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരയും, ഞങ്ങടെ കുടുംബത്തെ സംബന്ധിച്ച് വളരെ വൈകാരികമാണത്’

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോലൊരു ടീമില്‍ ഇടം കിട്ടിയതിന്റെ ആഹ്ലാദത്തിനൊപ്പം തങ്കീബിനെ ആശങ്കപ്പെടുത്തുന്നൊരു കാര്യം, സമീറിന്റെ വിലയാണ്. ‘ ഇത്ര ചെറിയ പ്രായത്തില്‍ ഇത്രയും വലിയ തുക, അതവന്റെ മേല്‍ വലിയ ഉത്തരവാദിത്തങ്ങളാണ് തൂക്കിയിരിക്കുന്നതെന്നാണ് അനന്തരവനെക്കുറിച്ച് അമ്മാവന്‍ പറയുന്നത്.

ഒരു കോച്ച് എന്ന നിലയില്‍ എന്റെ റോള്‍ ഇവിടെ തീരുകയാണ്. ഇനിയവന് ഉത്തര്‍പ്രദേശ് ടീമിലും, ദേശീയ ക്രിക്കറ്റ് അക്കാദമിയിലും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും എല്ലാം വലിയ വലിയ ആളുകളുടെ പരിശീലനം കിട്ടും. ഇനി എനിക്കുള്ള ഉത്തരവാദിത്തം എന്തെന്നാല്‍, അവനെ മണ്ണില്‍ കാലുറപ്പിച്ച് നിര്‍ത്തുകയെന്നതാണ്. അതൊരു വലിയ ഉത്തരവാദിത്തം തന്നനെയാണ്: ചിരിയോടെയാണ് ഇക്കാര്യം തങ്കീബ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്.

ഉത്തര്‍പ്രദേശ് രഞ്ജി ടീമിന്റെ നിലവിലെ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ സുനില്‍ ജോഷിയാണ് 16 ആം വയസില്‍ സമീറിന് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാന്‍ അവസരമൊരുക്കുന്നത്. 2019-20 കാലമായിരുന്നുവത്. സമീറിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ജോഷിക്കുള്ളത്. സമീറിനെ നാലാം നമ്പര്‍ മുതല്‍ ഏഴാം നമ്പര്‍ വരെ ഏതു പൊസീഷനിലും ബാറ്റ് ചെയ്യിക്കാമെന്നാണ് ജോഷി പറയുന്നത്. മത്സരം ഫിനിഷ് ചെയ്യുന്നതില്‍ റിങ്കു സിംഗിനോടാണ് സമീറിനെ ജോഷി താരതമ്യം ചെയ്യുന്നത്. സമീറിന്റെ കഴിവ് മനസിലാക്കിയൊരാള്‍ എന്ന നിലയില്‍ ഇപ്പോഴത്തെ നേട്ടത്തില്‍ തനിക്ക് വലുതായി അത്ഭുതമൊന്നും തോന്നുന്നില്ലെന്നും സുനില്‍ ജോഷി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

വമ്പന്‍ അടികളുടെ പേരിലാണ് സമീര്‍ ആഭ്യന്തര ക്രിക്കറ്റില്‍ പ്രശസ്തി നേടിയിരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ 18 സിക്‌സുകളാണ് പായിച്ചത്. സ്‌ട്രൈക്ക് റേറ്റ് 139.89. ഓരോ 11 ബോളിലും ഒരു സിക്‌സ് എന്നതാണ് സമീറിന്റെ കണക്ക്. ഉത്തര്‍പ്രദേശ് ട്വന്റി-20 ലീഗില്‍(യുപി ടി20) 47 പന്തില്‍ 122 അടിച്ച് വേഗതയേറിയ സെഞ്ച്വറിക്ക് ഉടമയായിരുന്നു. ടൂര്‍ണമെന്റില്‍ സമീറിന്റെ സ്‌ട്രൈക്ക് റേറ്റ് 188.80 ആയിരുന്നു. ടൂര്‍ണമെന്റില്‍ 455 റണ്‍സാണ് സമീര്‍ ആകെ നേടിയത്. 35 സിക്‌സുകളും അടിച്ചുകൂട്ടി. മെന്‍സ് യു-23 സ്റ്റേറ്റ് എ ടൂര്‍ണമെന്റില്‍ നേടിയത് 454 റണ്‍സും 37 സിക്‌സുകളും.

സ്വഭാവികമായി ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ തന്നെയാണ് സമീറിന്റെ റോള്‍ മോഡല്‍.

‘ എന്റെ പുള്‍ ഷോട്ടുകള്‍ രോഹിതിന്റെതു പോലെയാണോ എന്നവന്‍ ചോദിക്കാറുണ്ട്. ഒരു സാമ്യവുമില്ല. പക്ഷേ അവന്‍ വിചാരിക്കുന്നത് രോഹിതിനെ പോലെയാണ് കളിക്കുന്നതെന്നാണ്’-തങ്കീബിന്റെ വാക്കുകള്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെ സമീറിനെ സ്വന്തമാക്കിയതിലാണ് തങ്കീബിന് ഏറെ സന്തോഷം. കാരണം വേറൊന്നുമല്ല, മൂന്നു മാസത്തോളം അവന് എം സ് ധോണിക്കൊപ്പം നില്‍ക്കാനാകും, അതവനെ കുറെ കാര്യങ്ങള്‍ പഠിപ്പിക്കും, ഒരു നല്ല ക്രിക്കറ്ററാകാനുള്ള കാര്യങ്ങള്‍…

Share on

മറ്റുവാര്‍ത്തകള്‍