വിപണിയില്‍ നിന്ന് അസ്ട്രാസെനക കോവിഡ് വാക്‌സിനുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ബിസിനസ് കാരണങ്ങളാണ് വാക്‌സിന്‍ പിന്‍വലിച്ചതിന് കാരണമായി പറയുന്നത്. കൊവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൊവിഷീല്‍ഡ് പര്യാപ്തമല്ലെന്നാണ് കാരണമായി കമ്പനി പറഞ്ഞിരിക്കുന്നത്. നിലവില്‍ വാക്‌സിന്‍ ആഗോള
വിപണിയില്‍ ലഭ്യമല്ല. അതേസമയം, വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് യുകെ കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെയാണ് ഈ ചുവട്മാറ്റമെന്നത് ശ്രദ്ധേയമാണ്. ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അപൂര്‍വ്വ രോഗം വരാനുള്ള സാധ്യതയാണ് യുകെ കോടതിയില്‍ കമ്പനി സമ്മതിച്ചത്. ത്രോംബോസിസ് അഥവാ രക്തം കട്ടപിടിക്കുക, ത്രോംബോസൈറ്റോപീനിയ അഥവാ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുക എന്നിവ സംഭവിക്കാം. കൂടാതെ ഹൃദയാഘാതത്തിനും മസ്തിഷ്‌കാഘാതത്തിനും സാധ്യതയുണ്ടെന്നും കമ്പനി സമര്‍പ്പിച്ച രേഖകള്‍ ചൂണ്ടികാണിക്കുന്നു. വ്യവസായിക കാരണങ്ങളല്ല, മറിച്ച് നിയമനടപടികളാണ് അസ്ട്രാസെനകയുടെ പിന്‍മാറ്റത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. യുകെയില്‍ ആണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. നിരവധി കേസുകള്‍ അസ്ട്രാസെനയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. നിലവില്‍ 100 മില്യന്‍ പൗണ്ടിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് 50ലധികം കേസുകളിലാണ് നിയമനടപടി നേരിടുന്നത്. വരും ദിവസങ്ങളില്‍ കേസ് നല്‍കുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് കമ്പനി വാക്‌സിന്‍ പിന്‍വലിച്ചതെന്നാണ് വിവരം.
യുകെയില്‍ അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ച ജയ്മി സ്‌കോട്ടാണ് നിയമനടപടിയുമായി ആദ്യം മുന്നോട്ട് വന്നത്. 2021 ഏപ്രിലിലാണ് ഇദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ തനിക്ക് മസ്തിഷ്‌കാഘാതം ഉണ്ടായെന്നാണ് അദ്ദേഹം പരാതിയില്‍ പറഞ്ഞിരുന്നത്. ഒപ്പം ജാമി സ്‌കോട്ടിന്റെ രക്തത്തിലെ പ്ലേറ്റ്ലറ്റുകള്‍ കുറയുകയും രക്തം കട്ടപിടിക്കുകയും ചെയ്തു. ഇതിന്റെ രേഖകളും പരാതിക്കൊപ്പം അദ്ദേഹം ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് പാര്‍ശ്വഫലങ്ങള്‍ കമ്പനിയ്ക്ക് സമ്മതിക്കേണ്ടി വന്നത്.
Content summary; Why AstraZeneca decided to withdraw Covid-19 vaccine globally