UPDATES

ജനങ്ങളെ പറ്റിച്ച് കോടികളുണ്ടാക്കി, ‘ബക്കിംഗ്ഹാം കൊട്ടാര’വും പണിത്, ലണ്ടനില്‍ സ്ഥിര താമസക്കാരനായി ജീവിതം ആഘോഷിക്കുന്ന മറ്റൊരു ഇന്ത്യന്‍ ബിസിനസുകാരന്റെ കഥ

മാര്‍ക്കറ്റിംഗിലും റിയല്‍ എസ്റ്റേറ്റിലും കോടികള്‍ സമ്പാദിച്ച ഗുര്‍സമര്‍ജിത് സിംഗ് ഡൊമിനിക്കയില്‍, നിന്ന് കരസ്ഥമാക്കിയ പാസ്സ്‌പോര്‍ട്ടുമായി യുകെയില്‍ സ്ഥിര താമസക്കരനായി ജീവിതം ആഘോഷിക്കുകയാണ്

                       

ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നു വാഗ്ദാനം നല്‍കിയാണ് സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ ‘ഇന്ത്യ ഹോംസ്’ ബിസിനസ് രംഗത്ത് വേരുറപ്പിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഓണ്‍ലൈനില്‍ വസ്തു വില്‍പ്പന സാധ്യമാകുമെന്ന് ഉറപ്പ് നല്‍കി സ്റ്റാര്‍ട്ട്-അപ്പ് ആരംഭിച്ചത് ബിസിനസുകാരനായ ഗുര്‍സമര്‍ജിത് സിംഗ് ആയിരുന്നു. 2010-കളുടെ തുടക്കത്തില്‍ ഇന്ത്യ ഹോംസിന്റെ തണലില്‍ ഗുര്‍സമര്‍ജിത് സിംഗ് ബിസിനസിലൂടെ തഴച്ചു വളര്‍ന്നു. വ്യവസായ രംഗത്തെ ഉന്നതിയിലൂടെ, സിംഗ് ഇന്ത്യയിലും യുകെയിലും ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു പ്രോപ്പര്‍ട്ടി പോര്‍ട്ട്‌ഫോളിയോ സ്വരൂപിച്ചു(ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ കമ്പനിയുടെയോ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളുടെ ഒരു ശേഖരമാണ് പ്രോപ്പര്‍ട്ടി പോര്‍ട്ട്ഫോളിയോ). എന്നാല്‍ 2015 ഏപ്രിലില്‍, കാര്യങ്ങള്‍ മാറി മറഞ്ഞു. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തകര്‍ച്ചയെത്തുടര്‍ന്ന് സിംഗ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു. അതിനടുത്ത വര്‍ഷം, ഇന്ത്യ ഹോംസ് വ്യാപാര രംഗത്തു നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനവും സിംഗ് രാജിവച്ചു. അപ്പോഴേക്കും സിംഗ് തന്റെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ലോകമെമ്പാടും പൗരത്വം വില്‍ക്കുന്ന കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കയില്‍ നിന്ന് പാസ്പോര്‍ട്ട് കൈക്കലാക്കിയിരുന്നു. അതുപയോഗിച്ച് യുകെയിലേക്ക് കുടിയേറ്റം നടത്തി. അവിടെ സിംഗ് ‘സാം’ എന്ന പേരിലാണ് അവിടെ ജീവിതം നയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു പ്രധാന ദാതാവായി മാറിയ സിംഗ് ഏകദേശം 10 ദശലക്ഷം ഡോളറിന്റെ വസതിയാണ് യുകെയില്‍ സ്വന്തമാക്കിയത്. സിംഗിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, കമ്പനി ഡോക്യുമെന്റുകള്‍, ഇന്‍വോയ്സുകള്‍ എന്നീ രേഖകള്‍ സഹിതമാണ് ഒസിസിആര്‍പി ഒരു ഇന്ത്യന്‍ ബിസിനസുകാരന്റെ കള്ളത്തരങ്ങളും സുഖമമായ രക്ഷപ്പെടലും വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. പുതുതായി ലഭ്യമായ നിയമ-കോര്‍പ്പറേറ്റ് രേഖകള്‍ വെളിപ്പെടുത്തുന്നത്, വിദേശത്ത് പണമിടപാടുകള്‍ നടത്താനും, യാത്ര ചെയ്യാനും വിദേശത്ത് പുതിയ ജീവിതം കെട്ടിപ്പടുക്കാനും ‘ഗോള്‍ഡന്‍ പാസ്പോര്‍ട്ടുകള്‍’ (ഡൊമിനിക്കന്‍ പാസ്പോര്‍ട്ട് കച്ചവടത്തിന് പിന്നിലെ കഥകള്‍/ ഒസിസിആര്‍പി അന്വേഷണ റിപ്പോര്‍ട്ട്) എന്ന് വിളിക്കപ്പെടുന്ന, ഓഫ്ഷോര്‍ ട്രസ്റ്റുകള്‍ പോലെയുള്ള സാമ്പത്തിക ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നാണ്.

ഇന്ത്യയില്‍ സിംഗിനെതിരേ ഭാര്യാസഹോദരി നല്‍കിയ വഞ്ചന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം, ഇന്ത്യന്‍ പോലീസ് ഈ ബിസിനസുകാരനെതിരേ ‘ലുക്ക് ഔട്ട് സര്‍ക്കുലര്‍’ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തി കടക്കുന്നത് നിരീക്ഷിക്കണമെന്നും, രാജ്യത്തിനകത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്തു തടവിലാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അതേസമയം സിംഗിനെതിരായ പരാതിയില്‍ പൊലീസ് ഇതുവരെ ഔപചാരികമായി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ പരാതി ഇപ്പോഴും സജീവമാണെന്നാണ് ഓണ്‍ലൈന്‍ രേഖകള്‍ കാണിക്കുന്നത്. ഇന്ത്യ ഹോംസിന്റെ നിരവധി ഉപഭോക്താക്കളും സിംഗിനെതിരേ പരാതിയുമായി രംഗത്തു വന്നിരുന്നു. ഇക്കാലയാളവില്‍ യുകെയിലെ തന്റെ പുതിയ ദേശീയത ഉപയോഗിച്ച് സിംഗ് കമ്പനികള്‍ സ്ഥാപിക്കുകയും സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.

സിംഗിന്റെ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ ഇന്ത്യ ഹോംസ്, രാജ്യത്തെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ സാങ്കേതികമായ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നു നടത്തയിരുന്നത്. ഇന്ത്യ ഹോംസ് ‘നിങ്ങളുടെ പക്ഷത്താണ്’ എന്ന പരസ്യവാചകവുമായാണ് വ്യപാര രംഗത്തെത്തിയത്. കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ ഒന്ന് മുതല്‍ 2.5 ശതമാനം വരെ കിഴിവ് നേടിക്കൊണ്ടായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ സമ്പാദ്യം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. ഏകദേശം 2,50,000 ഡോളര്‍ പ്രോപ്പര്‍ട്ടി വില്‍പ്പനയുടെ മൂല്യത്തിന്റെ ഒരു ശതമാനം,-ഏകദേശം 2,500 ഡോളര്‍- കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. ഉപഭോക്താക്കള്‍ വസതികള്‍ വാങ്ങുന്ന സമയത്ത്, അവര്‍ക്ക് ‘ക്രെഡിറ്റ് നോട്ടുകള്‍’ നല്‍കും, പിന്നീടിത് റീഡിം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ, ഈ കിഴിവുകള്‍ ക്ലെയിം ചെയ്യുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ മുഴുവന്‍ വിലയും മുന്‍കൂട്ടി നല്‍കേണ്ടതുണ്ട്. എന്നാല്‍ പണം അടച്ചുകഴിഞ്ഞാലും ഇന്ത്യ ഹോംസ് ക്രെഡിറ്റ് നോട്ടുകള്‍ റിഡീം ചെയ്യുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി. കമ്പനിക്കെതിരെ നിരവധി പരാതികള്‍ ഇന്ത്യയുടെ ദേശീയ ഉപഭോക്തൃ പരാതി ഫോറത്തില്‍ എത്തി. ഒസിസിആര്‍പിയുടെ കണ്ടെത്തലുകള്‍ പ്രകാരം, 2014 ആയപ്പോഴേക്കും കമ്പനിയുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തകര്‍ന്നിരുന്നു. എന്നാല്‍ 160,000 ഡോളറോളം മൂല്യത്തിലുള്ള അനാവശ്യ ചെലവുകളാണ് വിനോദ സഞ്ചാരത്തിനുള്‍പ്പെടെ സിംഗ് നടത്തിയിരുന്നത്. കമ്പനിയുടെ മറ്റു ഷെയര്‍ ഹോള്‍ഡര്‍മാര്‍ നിയമിച്ച ഒരു ‘ഡ്യൂ ഡിലിജന്‍സ്’ റിപ്പോര്‍ട്ടിനോടുള്ള കമ്പനിയുടെ പ്രതികരണത്തിലാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്തക്കള്‍ക്ക് ഫണ്ടുകള്‍ നല്‍കാനുള്ള ചുമതല മാര്‍ക്കറ്റിംഗ് ഏജന്‍സികളെയാണ് ഉപയോഗിച്ചിരുന്നത്. 2014 അവസാനത്തോടെ ഏകദേശം 700,000 ഡോളര്‍ വിലമതിക്കുന്ന ഡിസ്‌കൗണ്ടുകള്‍ ‘ഡിസ്‌ബേഴ്‌സല്‍ പോസ്റ്റ് കളക്ഷന്‍ തീര്‍പ്പാക്കാന്‍ ഉണ്ടായിരുന്നു. ഇത് ഇന്ത്യ ഹോംസിന്റെ കൈവശം അടയ്ക്കേണ്ട ഫണ്ടുകളുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ എത്ര പണം നല്‍കിയെന്ന് വ്യക്തമല്ല. ഇതിനെ കുറിച്ചുള്ള വിവരണങ്ങളും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. 2015 ഏപ്രിലില്‍, സിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും തന്റെ ഷെയര്‍ ഹോള്‍ഡിംഗ് നിലനിര്‍ത്തി. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി 2016 ഏപ്രിലില്‍ ഇന്ത്യ ഹോംസ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, കമ്പനി അടച്ചുപൂട്ടിയില്ല, പകരം മൗറീഷ്യസിലെയും യുണൈറ്റഡ് അറബ് എമിറേറ്റുകളിലെയും തുടര്‍ച്ചയായ ഓഫ്ഷോര്‍ കമ്പനികളുടെ ഉടമസ്ഥതയിലേക്ക് അതിനെ മാറ്റി. ഈ കമ്പനികള്‍ ആരുടേതാണെന്ന് കോര്‍പ്പറേറ്റ് രജിസ്ട്രികള്‍ പറയുന്നില്ല. ഇന്ത്യന്‍ കമ്പനി ഫയലിംഗുകള്‍ പ്രകാരം 2019 വരെ ഇന്ത്യ ഹോംസില്‍ സിംഗ് തന്റെ ഓഹരികള്‍ കൈവശം വച്ചിരുന്നു.

ഇന്ത്യ ഹോംസിന്റെ ചുമതല വഹിക്കുമ്പോള്‍ തന്നെ, സിംഗ് ഇന്ത്യക്കപ്പുറമുള്ള ഒരു ജീവിതത്തിന് അടിത്തറ പാകുകയായിരുന്നു. 2013 മാര്‍ച്ച് 27-ന്, ഒരു ഡൊമിനിക്കന്‍ പാസ്പോര്‍ട്ട് നിയമപരമായി ലഭിക്കാന്‍ സിംഗ് 104,765 ഡോളര്‍ നല്‍കിയിരുന്നു. ഇരട്ട പൗരത്വം ഇന്ത്യന്‍ നിയമപ്രകാരം അംഗീകൃതമല്ലാത്തതിനാല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായി. ഈ ഡൊമിനിക്ക പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെയോ വിസ ഓണ്‍ അറൈവല്‍ ആയോ 130 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ 10 വര്‍ഷത്തെ യുഎസ് വിസ നേടാനുള്ള സാധ്യതയുമുണ്ട്. 2015-ല്‍, തന്റെ ഡൊമിനിക്കന്‍ പൗരത്വം ഉപയോഗിച്ചാണ്, യഥാര്‍ത്ഥ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മാതൃകയില്‍ സിംഗ് 18 കിടപ്പുമുറികളുള്ള ഹിന്‍വിക്ക് ഹൗസ് നിര്‍മ്മിച്ചത്.

മാര്‍ക്കറ്റിംഗിലും റിയല്‍ എസ്റ്റേറ്റിലും കോടികള്‍ സമ്പാദിച്ച ഗുര്‍സമര്‍ജിത് സിംഗ് ഡൊമിനിക്കയില്‍, നിന്ന് കരസ്ഥമാക്കിയ പാസ്സ്‌പോര്‍ട്ടുമായി യുകെയില്‍ സ്ഥിര താമസക്കരനായി ജീവിതം ആഘോഷിക്കുകയാണ്. ഇന്ത്യയില്‍ അപ്പോഴും സിംഗ്  റിയല്‍ എസ്റ്റേറ്റ് ഉപഭോക്താക്കളില്‍ നിന്നുള്ള പരാതിയിന്മേല്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുയാണ്.

Share on

മറ്റുവാര്‍ത്തകള്‍